Image

കലാകാരന്‍ (കവിത:  ദീപ ബിബീഷ് നായര്‍)

ദീപ ബിബീഷ് നായര്‍ Published on 19 May, 2022
കലാകാരന്‍ (കവിത:  ദീപ ബിബീഷ് നായര്‍)

ഒരുവേള നോക്കി ഞാനമ്പരപ്പോടെയാ
ചുമരില്‍ വരച്ചൊരാ ചിത്രത്തെയും
ജീവന്‍ തുടിക്കുമാ വരകള്‍ കുറിച്ചതോ
മദ്ധ്യവയസ്‌കനാമൊരു ഭ്രാന്തനും

ദൈന്യതയേറുമാ വദനവുമക്ഷിയും
എണ്ണ തീണ്ടാത്തൊരാ കുന്തളവും
പശിയടക്കുന്നൊരാ പാവത്തിന്‍ 
ചുമലിലായ് 
തൂങ്ങിയാടുന്നൊരാ തുണി സഞ്ചിയും

സംസാരജീവിതയാത്രയ്ക്കിടയിലായ്
കാണാം കഴിവിന്നപാര ജന്മങ്ങളെ കാപട്യമൊട്ടുമേതീണ്ടിയിട്ടില്ലാത്ത പ്രാകൃത മാനുഷ രൂപങ്ങളെ

കനിവില്ലാതുള്ളൊരീ ജനനി തന്‍ വീഥിയില്‍ 
അലയുന്നനാഥരായ് പഥികരായി ചുറ്റുമില്ലാരവഘോഷങ്ങളെവിടെയും
ചരടുമുറിഞ്ഞൊരു പട്ടമല്ലോ

സാന്ത്വനമേകുവാനാരുമില്ലെങ്കിലു-
മവരുമീ മണ്ണില്‍ കലാകാരന്മാര്‍ 
പകലതാ മായുന്നവന്‍ നടന്നകലന്നു 
വീണ്ടുമൊരു ചുമര്‍ തേടിയല്ലോ.......

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക