ഉത്തർ പ്രദേശിലെ മഥുരയിൽ ശ്രീകൃഷ്ണ ജന്മഭൂമിക്കു സമീപമുള്ള ഷാഹി ഈദ്ഗാഹ് നീക്കം ചെയ്യണം എന്നാവശ്യപെടുന്ന ഹർജി മഥുര കോടതി വ്യാഴാഴ്ച ഫയലിൽ സ്വീകരിച്ചു. കൃഷ്ണ ജന്മ സ്ഥലത്തിനു തൊട്ടു 17ആം നൂറ്റാണ്ടു മുതൽ നിലനിൽക്കുന്ന മുസ്ലിം ദേവാലയം നീക്കം ചെയ്യണമെന്ന അപേക്ഷ 2020 സെപ്റ്റംബറിൽ കോടതി തള്ളിയതായിരുന്നു.
കൃഷ്ണജന്മ ഭൂമി സമുച്ചയം 13.37 ഏക്കർ സ്ഥലത്താണ് നിൽക്കുന്നത്. ഈ ഭൂമിയിൽ ഹൈന്ദവ ആരാധനാ കേന്ദ്രങ്ങൾ മാത്രമേ പാടുള്ളൂ എന്നാണ് നിരവധിയായ ഹർജികളിൽ പറയുന്നത്. മസ്ജിദ് നീക്കം ചെയ്തു ഭൂമി മൊത്തം ഉടമയായ ശ്രീകൃഷ്ണ വിരാജ്മനെ ഏൽപ്പിക്കണം.
ഭൂമി നോക്കുന്ന കൃഷ്ണ ജന്മസ്ഥാൻ സേവാ സംഘ് 1968 ൽ നിയമവിരുദ്ധമായി മസ്ജിദിനു സ്ഥലം നൽകി എന്ന് ഹർജികളിൽ വാദിക്കുന്നു; എന്നാൽ ശ്രീകൃഷ്ണൻ ജനിച്ചു വീണ മണ്ണും പള്ളിക്കു കൊടുത്തതിൽ ഉൾപ്പെടുന്നു. അവിടെ കോടതി മേൽനോട്ടത്തിൽ കുഴിച്ചു നോക്കണം.
ഗ്യാൻവാപി
വരാണസിയിലെ ഗ്യാൻവാപി മസ്ജിദിൽ ശിവലിംഗം കണ്ടെത്തിയെന്ന അവകാശവാദം അന്വേഷിച്ച അജയ് കുമാർ കമ്മീഷൻ ബുധനാഴ്ച സമർപ്പിച്ച റിപ്പോർട്ടിൽ കാശി വിശ്വനാഥ് ക്ഷേത്ര- ഗ്യാൻവാപി സമുച്ചയത്തിൽ ഹൈന്ദവ ദൈവങ്ങളുടെ നിരവധി ശിൽപങ്ങൾ കണ്ടുവെന്നു പറയുന്നു. കോടതി നിയമിച്ച കമ്മീഷൻ ബുധനാഴ്ചയാണു റിപ്പോർട്ട് നൽകിയത്.
ഹിന്ദു ഗ്രൂപ്പുകളുടെ അഭിഭാഷകന് ഹാജരാവാൻ അസൗകര്യമുള്ളതിനാൽ വ്യാഴാഴ്ച്ച വാദം കേൾക്കേണ്ടതില്ല എന്ന് സുപ്രീം കോടതി വരാണസി സിവിൽ കോടതിയോട് നിർദേശിച്ചിരുന്നു.
ഗ്യാൻവാപി മസ്ജിദിന്റെ വേലിക്കെട്ടിനു പുറത്തു ശിൽപങ്ങൾ കണ്ടുവെന്നാണ് റിപ്പോർട്ട്. വലിയൊരു ക്ഷേത്രം അവിടെ ഉണ്ടായിരുന്നു എന്ന സൂചനയാണ് ഇവ നൽകുന്നത്. ശ്രിങ്കാർ ഗൗരി പൂജകൾ നടന്നുവെന്നും സൂചനയുണ്ട്.
മസ്ജിദിൽ മുസ്ലിങ്ങൾക്ക് ആരാധന തുടരാൻ അനുമതി നൽകിയ കോടതി, ശിവലിംഗം കണ്ടുവെന്നു പറയുന്ന ഭാഗം സംരക്ഷിക്കാനും ഉത്തരവിട്ടിരുന്നു.