മഞ്ഞക്കല്ലിന്റെ പണം ഉദ്യോഗസ്ഥര്‍ അടക്കണോ ? ; നാട്ടിലെ ഫ്രഷ് ന്യൂസ് (കെ.എ ഫ്രാന്‍സിസ്)

കെ.എ ഫ്രാന്‍സിസ് Published on 19 May, 2022
 മഞ്ഞക്കല്ലിന്റെ പണം ഉദ്യോഗസ്ഥര്‍ അടക്കണോ ? ; നാട്ടിലെ ഫ്രഷ് ന്യൂസ് (കെ.എ ഫ്രാന്‍സിസ്)

സില്‍വര്‍ കല്ലിടാതെ ജിയോ ടാഗിംഗ് വഴിയും മറ്റും സര്‍വ്വേ നടത്താമെന്നിരിക്കെ മഞ്ഞക്കല്ലിന്‍ കുറ്റികള്‍ക്കും  (20,000 എണ്ണം) മറ്റുമായി കോടിക്കണക്കിന് രൂപ സര്‍ക്കാരിന് നഷ്ടം വരുത്തിയ ബന്ധപ്പെട്ട ഉദ്യോഗസ്ഥരില്‍ നിന്നും ഇന്നലത്തെ മന്ത്രിസഭായോഗ തീരുമാന പ്രകാരം ആ തുക പിടിച്ചെടുക്കുമോ? തൃക്കാക്കര ചര്‍ച്ചയിലെ അജണ്ട അങ്ങനെ മറ്റൊരു തലത്തിലേക്ക് ! 

ദേശീയ പാതക്ക് നടത്തിയത് പോലെ സില്‍വര്‍ലൈന്‍ സാമൂഹികാഘാത പഠനം നടത്തിയിരുന്നെങ്കില്‍ ലാഭിക്കാമായിരുന്ന കോടിക്കണക്കിന് രൂപയല്ലേ ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥത മൂലം ഇപ്പോള്‍ നഷ്ടമായത് വി.എസ് അച്യുതാനന്ദന്‍ അധ്യക്ഷനായുള്ള ബഹരണപരിഷ്‌കാര കമ്മീഷന്‍ സര്‍ക്കാരിന് സമര്‍പ്പിച്ച 51 ശുപാര്‍ശകളില്‍ ഇന്നലെ മന്ത്രിസഭ അംഗീകരിച്ച ശുപാര്‍ശകളിലൊന്ന് ഇപ്രകാരം : സര്‍ക്കാരിന് നഷ്ടം വരുത്തുന്ന  ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി നഷ്ടം അവരില്‍ നിന്നും ഈടാക്കും .

ആരെങ്കിലും ഒരു കേസിന് പോയാല്‍ കെ-റെയിലിന്റെ കല്ലിടല്‍ പരിപാടിയുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍  മറുപടി പറയേണ്ടി വരില്ലേ ? കല്ലിടണമെന്നത് രാഷ്ട്രീയ തീരുമാനമായിരുന്നെങ്കിലും തങ്ങള്‍ കുടുങ്ങുമോ എന്നാണ് ഉദ്യോഗസ്ടരുടെ പേടി .

സുരേഷ്‌കുമാറിനെ പോലുള്ള ട്രേഡ് യൂണിയന്‍ ചൊല്‍പ്പടിക്ക് നിര്‍ത്താന്‍ വൈദ്യുത മന്ത്രി കൃഷ്ണന്‍കുട്ടിയുടെ  നിര്‍ബന്ധപ്രകാരമാകാം അങ്ങനെയൊരു ശുപാര്‍ശ തിരക്കിട്ടു തീരുമാനമാക്കിയത് പക്ഷെ ചക്കിന് വച്ചത് കൊക്കിനാകുമോ കൊള്ളുക ? ഇന്ത്യയില്‍ ഏത് പൗരനും ആര്‍ക്കെതിരെയും കേസ് കൊടുക്കാം . ചങ്ങല പൊട്ടിച്ച നായ  എന്ന മുഖ്യന്ത്രിയെ ഉല്‍പ്രേക്ഷാലങ്കാരത്തില്‍ കണ്ണൂര്‍ ഭാഷാ പണ്ഡിതരില്‍ ഇരട്ടകളില്‍ ഒരാളായ കെ. സുധാകരന്‍ ഉപമിച്ചത് വരെ ഇപ്പോള്‍ കേസ്സായി . ഇരട്ടകളില്‍ അപരന്‍ താമരശ്ശേരി ബിഷപ്പിനെ നികൃഷ്ടജീവി എന്നും പ്രേമചന്ദ്രനെ പരനാറിയെന്നും ഒരു ഉല്‍പ്രേക്ഷയും ഉപമയുമില്ലാതെ നേരിട്ട്  വിളിച്ചതോ ? എന്നായി സതീശന്റെ മറുചോദ്യം കാലപ്പഴക്കം കൊണ്ട് തന്നെ ആ ചോദ്യം ഫ്യുസായി എന്ന്  മുന്‍ വൈദ്യത മന്ത്രി മണിയുടെ വണ്‍ ടു ത്രീ . മുഖ്യമന്ത്രിയെ പറ്റി അങ്ങനെ ഉപമിക്കാന്‍ സുധാകരന് എങ്ങനെ ധൈര്യം വന്നു എന്നാണ് രാജീവ് മന്ത്രിക്ക് മനസിലാവാത്തത് . 'പിണറായി പേടിയൊക്കെ സിപിഎമ്മിലുള്ളവര്‍ക്ക് മതിയെന്നും ഓനെ ഒറ്റ ചവിട്ട് മാത്രമേ ചവിട്ടിയിട്ടുള്ളൂ, കോണി പടിയിലൂടെ ഉരുണ്ടുരുണ്ടു വീണു കിടക്കണു ഓരുടെ ഇരട്ടചങ്കന്‍' തലശ്ശേരി ബ്രണ്ണന്‍ കോളേജ് പഠനകാലത്തെ പറ്റിയുള്ള സുധാകരന്റെ വീമ്പ് . സുധാകരന്‍ അതിപ്പോഴും ആസ്വദിച്ചു പറയുമെങ്കിലും പത്രക്കാരോട് ഓര്‍മിപ്പിക്കും 
'പഹയന്മാരെ , ഓഫ് ഡി റിക്കാര്‍ഡാ, എഴുതിക്കളയല്ലേ ...' 
'ഓനോ അന്ന്   ഞാന്‍ കളരി പഠിക്കുന്ന കാലം രണ്ടു കൈയ്യും ഒന്ന് കൂട്ടി തിരുമ്മി  ഒന്നങ്ങു കൊടുത്ത് . ഒന്നാം നിലയില്‍ നിന്ന് ഓനുണ്ട് തെറിച്ചു ഗ്രൗണ്ട് ഫ്‌ലോറിന്റെ നടുമുറ്റത്ത് ' നല്ലൊരു ചിരിയോടെ അന്നത്തെ പ്രയോഗം ഓര്‍ക്കുന്നത് തന്നെ പിണറായിക്ക് ഒരു രസം ചുറ്റും പത്രക്കാരുണ്ടെങ്കില്‍ പറയും :'ഓഫ് ദി റിക്കാര്‍ഡ് എഴുതണ്ട , പഴയ തല്ലുകാരന്‍ ആണെന്ന് മോദിജി എങ്ങാനും അറിഞ്ഞാല്‍ മോശമല്ലേ? ' 

ഈ കണ്ണൂര്‍ നേതാക്കന്മാരുടെ ബഡായി കേട്ട് സിപിഎമ്മിലെയും കോണ്‍ഗ്രസ്സിലെയും നേതാക്കള്‍ വരെ ചെവി പൊത്താന്‍ തുടങ്ങി . കോളേജില്‍ കുട്ടികള്‍ തമ്മില്‍ സാധാരണ നടക്കാറുള്ള ഒരു 'ഉന്തും തള്ളും' പതിറ്റാണ്ടുകള്‍ക്ക് ശേഷം വീരകഥയോ ? വെറുതെയാണോ തൃശൂര്‍ പൂരത്തിന് അന്ന് പൊട്ടിക്കാന്‍ വച്ച പടക്കവും അമിട്ടും ഇന്നും പൊട്ടിക്കാന്‍ കഴിയാത്തത് !

കേരളത്തിലാണെങ്കില്‍ ഇടയ്ക്ക് മാഹിയുള്ളത് കൊണ്ട് കണ്ണൂരിന്റെ വാക്കും പ്രവൃത്തിയും തനി കേരളീയമാണെന്ന് പറയുക വയ്യ ശ്രീലങ്കയില്‍ നിന്നുള്ള കുടിയേറ്റക്കാരോ ചേകവന്മാരോ മറ്റോ എവിടെ നിന്നൊക്കെ കുടിയേറി വന്നതാകാം ഇപ്പോള്‍ സിപിഎമ്മിന്റെയും കോണ്‍ഗ്രസിന്റെയും പടനായകന്മാര്‍  കണ്ണൂര്‍ക്കാരായി പോയി . സുധാകരനാകട്ടെ പിണറായി ചവിട്ടി താഴെയിട്ടെന്ന ഖ്യാതി മാത്രമല്ല ജയരാജന്മാരില്‍ ഇ.പി എന്ന വിളിപ്പേരുള്ള ഒരു സഖാവിനെ വെടിവച്ച ഖ്യാതിയുമുണ്ട് . ആ വെടിയുണ്ട ഇപിയുടെ ശരീര ധമനികളിലൂടെ ഒഴുകി ഓടി നടക്കുകയാണ് അത് കൊണ്ട് തന്നെ അത് പുറത്തെടുത്തു കളയാനും പറ്റില്ല ! 3 ജയരാജന്മാര്‍ കണ്ണൂര്‍ രാഷ്ട്രീയത്തില്‍ സജീവമായുള്ളത് കൊണ്ട് വെട്ടു കൊണ്ട ജയരാജന്‍ , വെടികൊണ്ട ജയരാജന്‍ , വെട്ടും വെടിയും കൊള്ളാത്ത ജയരാജന്‍ എന്നാണ് മുന്‍പൊക്കെ എതിരാളികള്‍ തരാം തിരിച്ചു പറഞ്ഞിരുന്നത് . സില്‍വര്‍ലൈന്‍ വന്നതോടെ പല്ലുപറിക്കുന്ന ജയരാജന്‍ എന്നാക്കി എതിരാളികള്‍ മൂന്നാമന്റെ വിശേഷണം മാറ്റി . വെള്ളിക്കല്ല് പറിച്ചാല്‍ അത് ചെയ്തവരുടെ പല്ല് പറിക്കുമെന്ന് ആലങ്കാരികമായി കണ്ണൂര്‍ ശൈലിയില്‍ സുധാകരന്‍ പറഞ്ഞത് പോലൊരു കേസ് . എന്തായാലും നായ്ക്കള്‍ ചങ്ങല പൊട്ടിക്കുന്നതും മനുഷ്യന്‍ ചങ്ങല പൊട്ടിക്കുന്നതും വ്യത്യസ്തമാണ് - മാറ്റുവിന്‍ ചട്ടങ്ങളെ എന്ന പറഞ്ഞും മനുഷ്യര്‍ക്ക് ചങ്ങല പൊട്ടിക്കാം .

ജിയോടാഗിങ് തുടങ്ങിയ സാങ്കേതികതയിലേക്ക് കെ-റെയില്‍വേ പാലം തെറ്റി പായുമ്പോള്‍ മൊത്തം ഏല്‍പ്പിച്ച 20,000 കല്ലുകളില്‍ 6300 കഴിച്ചു ബാക്കി എന്ത് ചെയ്യും ? ഒരു കല്ല് കെ-റെയില്‍വേ സീല്‍ അടിച്ചു മഞ്ഞകുറ്റി ആക്കുന്നതിന് 500 രൂപ ഉണ്ടാക്കുന്നവര്‍ക്ക്കൊ ടുക്കണമെങ്കില്‍ ആ വകയില്‍ മാത്രം മുടക്കേണ്ടി 
വന്നത് എത്ര ? സ്ത്രീകളെയും കുട്ടികളെയും അടക്കം സമരക്കാരെ ഒഴിപ്പിക്കുന്നതിന് വേണ്ടി വന്ന പണം എത്ര ? എല്ലാം കൂടി കൂടുമ്പോള്‍ നല്ലൊരു തുക ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥത മൂലം നഷ്ടമായി എന്നല്ലേ പറയേണ്ടൂ 

വാല്‍ക്കഷ്ണം : 'സമദൂരം' എന്ന് എപ്പോഴും പറയുന്ന  സുകുമാരന്‍ നായരെ നുള്ളി നോവിക്കേണ്ട വല്ല കാര്യവും  കര്‍ദ്ദിനാള്‍ ആലഞ്ചേരിക്ക് ഉണ്ടോ ? സഭയ്ക്ക് സ്ഥാനാര്‍ഥി ഇല്ലെങ്കിലും സഭാംഗങ്ങള്‍ അവര്‍ ഓരോരുത്തരുടെ  ഹിതമനുസരിച്ചു വോട്ട് ചെയ്യും എന്ന്  മാത്രം പറയേണ്ടതിന് പകരം സമദൂരം ഞങ്ങള്‍ക്ക് ഇല്ലെന്നും അത് എന്തോ കാര്യം നേടേണ്ടവര്‍ പറയുന്നതാണെന്നും വിശദീകരിച്ചത് എന്തിനാണെന്നാണ് സുകുമാരന്‍ നായരുടെ ചോദ്യം - ആരായാലും ചൂടാവില്ലേ ? 

കെ.എ ഫ്രാന്‍സിസ്

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക