Image

മേരി ആവാസ്‌ സുനോ' ആത്മവിശ്വാസത്തിന്റെ പുതിയ പ്രതീക്ഷ

ആശാ പണിക്കർ Published on 19 May, 2022
മേരി ആവാസ്‌ സുനോ' ആത്മവിശ്വാസത്തിന്റെ പുതിയ പ്രതീക്ഷ


പ്രജേഷ്‌ സെന്‍-ജയസൂര്യ ടീമിന്റെ മൂന്നാമത്തെ സിനിമയാണ്‌ മേരി ആവാസ്‌ സുനോ'. ആദ്യത്തെ രണ്ടു
ചിത്രങ്ങളില്‍ നിന്നും തികച്ചും വ്യത്യസ്‌തമായ പ്രമേയവുമായാണ്‌ ഈ ചിത്രം എത്തിയിട്ടുള്ളത്‌. ഒരു
ഫീല്‍ ഗുഡ്‌ മുവീയുടെ സന്തോഷം നല്‍കുന്ന സിനിമ. അടിയും വെടിവയ്‌പ്പും പുകയുമില്ലാത്ത ലളിതമായ
ഒരു ചിത്രം എന്നു വേണമെങ്കില്‍മേരി ആവാസ്‌ സുനോ'യെ വിശേഷിപ്പിക്കാം.


ഇന്ന്‌ നമ്മുടെ നിത്യജീവിതത്തില്‍ വളരെയേറെ സ്വാധീനമുണ്ട്‌ എഫ്‌.എം റേഡിയോയ്‌ക്ക്‌. ശ്രോതാക്കളെ
ആകര്‍ഷിക്കുന്ന വൈവിധ്യമാര്‍ന്ന പരിപാടികള്‍ അവതരിപ്പിക്കുന്ന റേഡിയോ ജോക്കിമാരെ പലരെയും നമുക്ക്‌
തിരിച്ചറിയാന്‍ കഴിയുന്നത്‌ അവരുടെ ശബ്‌ദത്തിലൂടെയാണ്‌. അവരുടെ സ്വത്വം പോലും അവരുടെ ശബ്‌ദമായി അംഗീകരിക്കപ്പെടുന്നു. തിരക്ക്‌ പിടിച്ച ജീവിതത്തില്‍, ബോറടിക്കുന്ന സമയങ്ങളില്‍, നിരാശയിലേക്ക്‌ വീഴുന്ന അവസരങ്ങളില്‍ അങ്ങനെ പലപ്പോഴും എഫ്‌.എം റേഡിയോയിലൂടെ റേഡിയോ ജോക്കികള്‍ അവതരിപ്പിക്കുന്ന പരിപാടികള്‍ നമുക്ക്‌ ഏറെ ഹൃദ്യമാണ്‌. ചിലരുടെ ശബ്‌ദവും അവരുടെ അവതരണ രീതിയും ശബ്‌ദത്തിലൂടെ പ്രസരിക്കുന്ന ഊര്‍ജ്ജവും പ്രസരിപ്പും നമ്മളിലേക്കും പകരും. നമ്മുടെ മനസില്‍ വല്ലാതെപതിഞ്ഞുപോയിട്ടുമുണ്ടാകും അവരുടെ ശബ്‌ദം. എന്നാല്‍ അവരും നമ്മളെ പോലെ നിരവധി പ്രശ്‌നങ്ങള്‍
വ്യക്തിജീവിതത്തില്‍ നേരിടുന്നവരും അനുഭവിക്കുന്നവരുമാണെന്ന്‌ മേരി ആവാസ്‌ സുനോ'.


അറിയപ്പെടുന്ന ഏറെ ആരാധകരുള്ള ഒരു റേഡിയോജോക്കിയാണ്‌ ശങ്കര്‍. ഭാര്യയും മകനുമടങ്ങുന്നതാണ്‌ അയാളുടെ കുടുംബം. ഒരു പക്കാ ഫാമിലിമാന്‍. സ്വന്തം കുടുംബത്തിലുള്ളവര്‍ക്കു പോലും പരസ്‌പരം സംസാരിക്കാനും കേള്‍ക്കാനും സമയമില്ലാതെ വരുന്നതിന്റെ പരിണിത ഫലങ്ങള്‍ എന്തെല്ലാമായിരിക്കുമെന്ന്‌ ശങ്കര്‍
എന്ന റേഡിയോ ജോക്കിയുടെ ഒരു ദിനത്തിലൂടെ പ്രേക്ഷകര്‍ കാണുന്നുണ്ട്‌. എന്നാല്‍ തന്റെ സ്വതസിദ്ധമായ
അവതരണ ശൈലിയിലൂടെ മറ്റൊരു കുടുംബത്തില്‍ സംഭവിക്കുമായിരുന്ന ആ വലിയ ദുരന്തം ഒഴിവാക്കാന്‍
ശങ്കറിന്‌ സാധിക്കുന്നു. സാമൂഹ്യ ഉത്തരവാദിത്വം നിറവേറ്റുന്ന തരത്തിലേക്ക്‌ കൂടി തന്റെ പ്രഫഷന്‍പ്രയോജനപ്പെടുത്തിയതിന്‌ ശങ്കറിന്‌ അവാര്‍ഡും ലഭിക്കുന്നുണ്ട്‌.
എന്നാല്‍ തന്റെ ഐഡന്റിറ്റി എന്നു ശങ്കര്‍ ആത്മാഭിമാനത്തോടെ പറയുന്ന അയാള്‍ പറയുന്ന ശബ്‌ദം ഒരു ദിവസം
പൊടുന്നനവേ നഷ്‌ടമാകുന്നു. അയാളുടെ കരിയറിലും ജീവിതത്തിലും ഇത്‌ നിരവധി പ്രശ്‌നങ്ങള്‍
സൃഷ്‌ടിക്കുന്നു. സ്വന്തം കുടുംബത്തിലും നിരവധി പ്രശ്‌നങ്ങളെയാണ്‌ അയാള്‍ക്ക്‌ നേരിടേണ്ടി വരുന്നത്‌.


ജയസൂര്യ എന്ന നടന്റെ മികച്ച അഭിനയം തന്നെയാണ്‌ ഈ സിനിമയുടെ ഹൈലൈറ്റ്‌. രഞ്‌ജിത്‌ശങ്കര്‍ സംവിധാനം
ചെയ്‌ത സു സു സുധി വാക്‌മീകം എന്ന ചിത്രത്തില്‍ വിക്കുള്ള കഥാപാത്രത്തെ അവതരിപ്പിക്കുകയും ആത്മവിശ്വാസം
കൊണ്ട്‌ ആ പോരായ്‌മയെ മറികടക്കാനും കഴിയുന്ന ചെറുപ്പാക്കാരാനായാണ്‌ ജയസൂര്യ എത്തുന്നത്‌. സമാന
മാതൃകയില്‍ ഈ ചിത്രത്തിലും ശബ്‌ദമാണ്‌ അയാളുടെ ജീവിതത്തില്‍ പ്രതിസന്ധി സൃഷ്‌ടിക്കുന്നത്‌.


അപ്രതീക്ഷിത തിരിച്ചടിയില്‍ തളരുമ്പോഴും വീഴുമ്പോഴും അയാള്‍ തോറ്റു പിന്‍മാറുന്നില്ല. വീട്ടിലെമുറിക്കുള്ളിലേക്ക്‌ സ്വയം ഒതുങ്ങുമ്പോഴും തനിക്ക്‌ വേണ്ടി തെളിയുന്ന പുലരികളിലേക്ക്‌ അയാള്‍ തന്റെ ജാലകങ്ങള്‍തുറക്കുന്നുണ്ട്‌. കഥാപാത്രത്തിന്റെ പൂര്‍ണ്ണത യ്‌ക്കു വേണ്ടി വളരെയധികം അര്‍പ്പണബോധവും ജയസൂര്യ കാഴ്‌ചവച്ചിടുണ്ട്‌.
മഞ്‌ജു വാര്യരും ജയസൂര്യയും ഒരുമിച്ചഭിനയിക്കുന്ന ആദ്യ ചിത്രമെന്ന പ്രത്യേകതയും ഇതിനുണ്ട്‌. ശബ്‌ദം നഷ്‌ടമായ ശങ്കറിനെ പരിശീലിപ്പിക്കാന്‍ വരുന്ന രശ്‌മി എന്ന ട്രെയിനറായാണ്‌ മഞ്‌ജു വാര്യര്‍ ഈ ചിത്രത്തില്‍ എത്തുന്നത്‌. സ്വതസിദ്ധമായ അഭിനയശൈലി കൊണ്ട്‌ മഞ്‌ജു കഥാപാത്രത്തെ മികച്ചതാക്കിയിട്ടുണ്ട്‌.

എടുത്തു പറയേണ്ട മറ്റൊരു കഥാപാത്രം ശിവദ അവതരിപ്പിക്കുന്ന ശങ്കറിന്റെ ഭാര്യയാണ്‌. റേഡിയോ ജോക്കിയായ അയാള്‍ക്ക്‌
ശബ്‌ദം തന്നെ നഷ്‌ടപ്പെടുമ്പോള്‍ അത്‌ വീണ്ടെടുക്കാന്‍ കഴിയുമെന്ന പ്രതീക്ഷ വളരെ കുറവാണെന്ന്‌

ഡോക്‌ടര്‍മാര്‍ പോലും പറയുന്ന അവസരത്തിലും ഭര്‍ത്താവിന്‌ താങ്ങും തണലുമായി സ്വന്തം ദുഖം ഉള്ളിലൊളിപ്പിച്ചു കഴിയുന്ന ഭാര്യയായി ശിവദ മികച്ച അഭിനയം കാഴ്‌ച വച്ചിട്ടുണ്ട്‌.
ആത്മവിശ്വാസം കൈമുതലായുണ്ടെങ്കില്‌ ജീവിത്തില്‍ പ്രതിസന്ധികളെ തരണം ചെയ്യാന്‍ എളുപ്പമാകുമെന്ന്‌ ഈ
ചിത്രം നമുക്ക്‌ കാട്ടിത്തരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക