വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ - വെള്ളിയാഴ്ച (ജോബിന്‍സ്)

ജോബിന്‍സ്‌ Published on 20 May, 2022
വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ - വെള്ളിയാഴ്ച (ജോബിന്‍സ്)

റോഡിലെ അടിപിടിയില്‍ ഒരാള്‍ കൊല്ലപ്പെട്ട കേസില്‍ കോണ്‍ഗ്രസ് നേതാവും മുന്‍ക്രിക്കറ്റ് താരവുമായ നവജ്യോത് സിംഗ് സിദ്ദു ജയിലേക്ക്. പട്യാല സെഷന്‍സ് കോടതിയില്‍ സിദ്ദു കീഴടങ്ങി. നാലരയോടെ പട്യാല സെഷന്‍സ് കോടതിയില്‍ കീഴടങ്ങിയ സിദ്ദുവിനെ വൈദ്യപരിശോധനയടക്കം പൂര്‍ത്തിയാക്കി ജയിലിലേക്ക് മാറ്റി. 
*********************************
പി സി ജോര്‍ജ്ജിനെതിരെ  മതവിദ്വേഷത്തിന് കേസെടുക്കാന്‍ കാരണമായ പ്രസംഗം കോടതി നേരിട്ട് കാണും. പ്രസംഗം തിങ്കളാഴ്ച 12 മണിക്ക് കോടതി മുറിയില്‍ പ്രദര്‍ശിപ്പിക്കാനുള്ള സൗകര്യമൊരുക്കാന്‍ സൈബര്‍ പൊലീസിന് കോടതി നിര്‍ദ്ദേശം നല്‍കി. പി സി ജോര്‍ജ്ജിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവേയാണ് കോടതിയുടെ നിര്‍ദ്ദേശം. 
*******************************
ബലാത്സംഗക്കേസില്‍ പ്രതിയായ നടനും നിര്‍മാതാവുമായ വിജയ് ബാബുവിനെ നാട്ടിലെത്തിക്കാനുള്ള നീക്കം നീളുന്നു. വിജയ് ബാബു ദുബായില്‍ നിന്ന് ജോര്‍ജിയയിലേക്ക് കടന്നതായാണ് വിവരം. വിജയ് ബാബുവിന്റെ പാസ്‌പോര്‍ട്ട് റദ്ദാക്കിയ പൊലീസ് വിസയും റദ്ദാക്കാനുള്ള നടപടികള്‍ തുടങ്ങിയിട്ടുണ്ട്.
***********************************
കേരളം ഭരിക്കുന്ന ഇടത്മുന്നണി സര്‍ക്കാരിന് ജനപിന്തുണ കൂടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തദ്ദേശ ഭരണ ഉപതെരഞ്ഞെടുപ്പുകളിലെ വിജയം ആത്മവിശ്വാസം വര്‍ദ്ധിപ്പിച്ചെന്നും പ്രകടന പത്രികയിലെ വാഗ്ദാനങ്ങള്‍ ഓരോന്നായി നിറവേറ്റുകയാണെന്നും ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞു. ഭരണനേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞായിരുന്നു മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനം.   
*******************************
കൊച്ചിയില്‍ വന്‍ ലഹരിമരുന്ന് വേട്ട. 1500 കോടി രൂപ വിലമതിക്കുന്ന ഹെറോയിന്‍ പിടികൂടി. 220 കിലോ ഹെറോയിനാണ് പിടിച്ചെടുത്തത്. കോസ്റ്റ്ഗാര്‍ഡും ഡയറക്ടറേറ്റ് റവന്യൂ ഇന്റലിജന്‍സും സംയുക്തമായാണ് പരിശോധന നടത്തിയത്.
രണ്ട് തമിഴ് മത്സ്യബന്ധന ബോട്ടുകളില്‍ നിന്നാണ് ഹെറോയിന്‍ കണ്ടെത്തിയത്.
**************************************
ഗ്യാന്‍വാപി മസ്ജിദ് കേസ് വാരണാസി ജില്ലാ കോടതിയിലേക്ക് മാറ്റിക്കൊണ്ട് സുപ്രീംകോടതിയുടെ ഉത്തരവ്. സിവില്‍ കോടതി നടപടികള്‍ നിര്‍ത്തിവെക്കാന്‍ സുപ്രീംകോടതി നിര്‍ദ്ദേശിച്ചു. മെയ് 17ലെ ഇടക്കാല ഉത്തരവ് നിലനില്‍ക്കുമെന്നും കോടതി വ്യക്തമാക്കി.
**************************************
മണിച്ചന്‍ കേസില്‍ കേരളത്തില്‍ മടങ്ങിയെത്തിയ ശേഷം തീരുമാനമെടുക്കുമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ . ഫയല്‍ ഇതുവരെ കണ്ടിട്ടില്ല. പരിശോധനയ്ക്ക് ശേഷം തീരുമാനിക്കും. സുപ്രീംകോടതി നിര്‍ദ്ദേശം എന്തെന്നറിയില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു. കല്ലുവാതുക്കല്‍ മദ്യദുരന്തക്കേസിലെ മുഖ്യപ്രതി മണിച്ചന്റെ മോചനം സംബന്ധിച്ച് നാല് ആഴ്ച്ചയ്ക്കകം സര്‍ക്കാര്‍ തീരുമാനം എടുക്കണമെന്നാണ് സുപ്രീംകോടതി ഇന്ന് നിര്‍ദ്ദേശിച്ചത്. 
**********************************
ഹൈദരാബാദില്‍ മൃഗഡോക്ടറെ കൂട്ട ബലാത്സംഗം ചെയ്തു കൊന്ന കേസ് പ്രതികളെ വധിച്ച ഏറ്റുമുട്ടല്‍ വ്യാജമെന്ന് സുപ്രീംകോടതി നിയോഗിച്ച സമിതി. 2019 ഡിസംബര്‍ 6നാണ് പ്രതികളെ പൊലീസ് വെടിവച്ചു കൊന്നത്. എന്നാല്‍ ഇത് വ്യാജ ഏറ്റുമുട്ടലായിരുന്നുവെന്നാണ് പുതിയ കണ്ടെത്തല്‍, അന്നത്തെ അന്വേഷണ ഉദ്യോഗസ്ഥരായ 10 പൊലീസുകാര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കാനും സമിതിശുപാര്‍ശ ചെയ്തു.
***********************************
മലയാള അധിക്ഷേപതാരാവലിയുടെ ഉപജ്ഞാതാവാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ബാക്കി മഷിത്തണ്ടുകളും അദ്ദേഹത്തിന്റെ പാര്‍ട്ടിയില്‍ തന്നെയാണുള്ളതെന്നും കൊച്ചിയില്‍ അദ്ദേഹം പറഞ്ഞു. ബിഷപ്പിനെ മുതല്‍ സെല്‍ഫി എടുക്കാന്‍ വന്ന എസ്എഫ്ഐ പയ്യനെയും, പത്രക്കാരെയും വരെ അടച്ചധിക്ഷേപിക്കുന്ന പിണറായിയെ കെപിസിസി അധ്യക്ഷന്റെ ചെലവില്‍ ആരും വെള്ള പൂശണ്ടെന്നും അദ്ദേഹം പറഞ്ഞു.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക