Image

ഭ്രമം 2 (നോവല്‍ അദ്ധ്യായം 10: മുരളി നെല്ലനാട്‌)

Published on 20 May, 2022
ഭ്രമം 2 (നോവല്‍ അദ്ധ്യായം 10: മുരളി നെല്ലനാട്‌)

കഥ ഇതുവരെ 

പ്രസവിച്ച് പതിനാലാം ദിവസം രവികുമാർ പൂർണിമ ദമ്പതികൾ അവരുടെ കുഞ്ഞിനെ ജയദേവനും നിരുപമയ്ക്കും വളർത്താൻ കൊടുക്കുകയായിരുന്നു. അതിന് കാരണം ജീവിതത്തിൻ്റെ മധ്യാഹ്നത്തിലാണ് അവർക്ക് ആ കുഞ്ഞ് ജനിച്ചത്. മൂത്ത മകൻ അഖിൽ വിവാഹിതനും മകൾ നിഖില ഡിഗ്രി സ്റ്റുഡൻ്റും. നിഖിലയുടെ പിടിവാശി കാരണമാണ് കുട്ടികൾ ഇല്ലാതിരുന്ന ജയദേവൻ നിരുപമ ദമ്പതികൾക്ക് ആ പെൺകുഞ്ഞിനെ നൽകിയത്. ജയദേവനും പൂർണമായും കോളേജ് പഠനകാലത്ത് പ്രണയത്തിലായിരുന്നു. പൂർണിമയുടെ സഹോദരൻ ചന്ദ്രസേനൻ പൂർണിമയെ, രവികുമാറിനു വിവാഹം ചെയ്തു കൊടുക്കുകയായിരുന്നു. കുറെ കാലം നിരാശനായി നടന്ന ജയദേവൻ ട്രാൻസ്ജെൻഡർ വുമൺ എന്ന് അറിഞ്ഞു വച്ച് നിരുപമയെ വിവാഹംചെയ്തു. കന്യാകുമാരിയിൽ വച്ച് നടന്ന പഴയ സഹപാഠികളുടെ ഗെറ്റുഗദറിൽ ജയദേവനും പൂർണമായും പങ്കെടുക്കുന്നു. അവിടെവച്ച് ജയദേവനിൽ ജനിച്ചതാണ് കുഞ്ഞ് എന്ന വാദവുമായി നിരുപമ രംഗത്ത് വരുന്നു. അത് വിജയിക്കുന്നില്ല. എങ്കിലും രവികുമാർ കുഞ്ഞിനെ ജയദേവനും നിരുപമക്കും വളർത്താൻ കൊടുത്തു.  നിരുപമ അറിയപെ ടുന്ന സിനിമ താരമായി. അനുട്ടി എന്ന പേരിട്ട് വളർത്തിയ കുഞ്ഞിന് നാലു വയസ്സുള്ളപ്പോൾ ജയദേവൻ മരണപ്പെട്ടു. കുട്ടിയുമായി  നിരുപമ മുംബൈയിലേക്ക് പോയി.പിന്നെ അനൂട്ടിയെ പറ്റി ആർക്കും ഒരു വിവരവും ഇല്ലാതായി. ബോളിവുഡിലെ മിന്നും താരമായി നിരുപമ. 14 വർഷങ്ങൾക്ക് ശേഷം നിരുപമ മകളുമായി കൊച്ചിയിൽ താമസിക്കാൻ എത്തുന്നു. നിരുപമയുടെ തിരക്കുപിടിച്ച ജീവിതത്തിനിടയിൽ മയക്കുമരുന്നിന് അടിമപ്പെട്ട  മകളെ  വീണ്ടെടുക്കാനുള്ള വരവായിരുന്നു അത്. ഈ വിവരം പൂർണിമയും രവികുമാറും അറിയുന്നു. അനൂട്ടിയെ ഡിഗ്രി ചേർത്ത കോളേജിലെ അധ്യാപികയായിരുന്നു നിഖില. ഭർത്താവ് സന്ദീപും അവിടെ ലെക്ചർ ആണ്. നിഖിലക്ക് അനൂട്ടിയെ മനസ്സിലാകുന്നു. ഡൽഹിയിൽ നിന്ന് കൊച്ചിയിലേക്ക് സ്ഥലം മാറി അഖിലും മാളവികയും എത്തുന്നു .പൂർണിമയുടെ മനസ്സറിഞ്ഞ് അഖിൽ നിരുപമയുടെ ഹൗസിംഗ് കോളനിയിൽ ഒരു വാടക വീട് എടുക്കുന്നു. ഒപ്പം പൂർണിമയെ കൂട്ടുന്നു. ആ ദിവസം തന്നെ അനൂട്ടിയെ കാണാൻ കഴിയുന്നു. ഒരു ദിവസം ബ്രേക്ക് ഫാസ്റ്റ് സമയം പൂർണിമയെ അത്ഭുതപ്പെടുത്തി അനൂട്ടി കയറിവരുന്നു.



തുടർന്ന് വായിക്കാം.
 
മകൾ അടുത്തിരിക്കുമ്പോൾ അവളെ ഒന്നു സ്പർശിക്കാൻ രവികുമാർ തീവ്രമായി അഭിലാഷിച്ചു പോയി.നെറുകയിൽ ഒന്നു കൈ വയ്ക്കാൻ പോലും തനിക്ക് കഴിയില്ല. അവൾക്ക് താൻ അങ്കിളാണ്... ജെയിംസ്  അങ്കിൾ !
"ഹായ് ഇഡലി..."
അനൂട്ടി സന്തോഷത്തോടെ പറഞ്ഞു. പൂർണിമ ഒരു പ്ലേറ്റ് വച്ച് അതിൽ രണ്ട് ഇഡ്ഡലി വച്ചു, പിന്നെ കുറച്ച് ചട്നിയും സാമ്പാറും ഒഴിച്ചു. പൂർണിമയുടെ കൈ വിറയ്ക്കുന്നത് അനുട്ടി കണ്ടു.
"സോഫി ആൻ്റിടെ വിരൽ വിറക്കുന്നല്ലോ. എന്തുപറ്റി?"
"ഒന്നും ഇല്ല മോളെ... മോളു കഴിക്ക്."
അനൂട്ടി സാമ്പാറും ചട്ണിയും തൊട്ടു നാവിൽ വച്ചു.
" സൂപ്പർ...സോഫി ആൻ്റി ഉണ്ടാക്കിയതാണോ?"
"അതെ മോളെ.."
ഇഡലി  മുറിച്ച് ചട്നിയിൽ തൊട്ട്അനൂട്ടി കഴിച്ചു. ആ സന്തോഷത്തിൽ രവികുമാറും കഴിച്ചു തുടങ്ങി.
"മായ ചേച്ചിയേം കുഞ്ഞാറ്റയേo കണ്ടില്ലല്ലോ."
"മോളെയും കൂട്ടി അവർ കുറച്ചു മുമ്പേ പോയി. മോൾക്ക് ഇഡലി ഇഷ്ടായോ?"
"എനിക്ക് നാടൻ ഫുഡ് വലിയ ഇഷ്ടാ ആൻ്റി. മുംബൈയിൽ വച്ച് ഞാൻ ഒരു കൂട്ടുകാരിയുടെ കൂടെ അവളുടെ വീട്ടിൽ പോകുമായിരുന്നു. അവർ പാലക്കാട്ടുകാരാ. ഇൻകം ടാക്സിലാ അവളുടെ അച്ഛന് ജോലി. ആ അമ്മ , ആൻ്റിയെ പോലെയാ. നല്ല ചോറും കറിയും അവളുടെ അമ്മ വച്ചുതരും. ഞങ്ങളുടെ വീട്ടിൽ അധികവും നോൺവെജ് ആണ്. എനിക്ക് ഇഷ്ടമല്ല.."
ചായ പകർന്നു വച്ചിട്ട് പൂർണിമ അവളുടെ അടുത്തിരുന്നു.
"മോൾക്ക് അമ്മ ഉണ്ടാക്കി തരാം.."
 കഴിച്ചുകൊണ്ടിരുന്ന അനൂട്ടി പെട്ടെന്ന് പൂർണിമയെ നോക്കി.
"ആൻ്റിയെ അമ്മ എന്ന് വിളിക്കുന്നതാണോ ഇഷ്ടം?"
പൂർണിമ അരുമയോടെ അവളുടെ തലമുടി ഒതുക്കി വച്ചു.
"എനിക്ക് അതാ ഇഷ്ടം. മോള് അമ്മ എന്ന് വിളിച്ചാൽ മതി."
"എനിക്കും അതാ സന്തോഷം."
അവൾ ഇഡ്ഡലി കഴിച്ചതും പൂർണിമ ഒന്നുകൂടി വച്ചു. അവൾ ചിരിച്ചു:
" ഞാൻ കഴിക്കുമേ..."
"മോൾക്ക് കഴിക്കാനാ വച്ചത്."
"അന്നത്തെ സംഭവം മോളു മമ്മിയോട് പറഞ്ഞോ?"
ചായ കപ്പ് എടുത്ത് രവികുമാർ ചോദിച്ചു.
"ഞാൻ പറഞ്ഞില്ല . ശ്രീനി അങ്കിൾ പറയും എന്നൊക്കെ പറഞ്ഞതാ. ഞാൻ വിരട്ടി നിർത്തിയിരിക്കുകയാണ്."
 അവൾ ചിരിച്ചു.
"മോളു അച്ഛൻ്റെ നാട്ടിൽ പോകാറില്ലേ?"  
പൂർണിമ ചോദിച്ചു.
"മമ്മി ഡാഡിയുടെ  ബന്ധുക്കളെ പറ്റി ഒന്നും പറഞ്ഞിട്ടില്ലേ?"
 "നാട്ടിൽവന്നപ്പോൾ ഡാഡിയുടെ വീട്ടിൽ പോകാം എന്നു ഞാൻ കുറെ വാശി പിടിച്ചു നോക്കിയതാ. മമ്മിയും ഡാഡിയും തമ്മിൽ ലവ് മാര്യേജ് ആയിരുന്നത്രേ. വലിയ പ്രശ്നങ്ങൾ ഒക്കെ ഉണ്ടായി എന്നാ പറഞ്ഞത്. "
"ഡാഡിയുടെ സ്ഥലം എവിടെയാന്ന് അറിയില്ലേ?"
"അതൊന്നും എനിക്കറിയില്ല. എൻ്റെ മമ്മി ആരാണെന്ന്  നിങ്ങൾക്കറിയാമോ? അറിഞ്ഞാൽ നിങ്ങൾ ഒന്നു ഞെട്ടും." കള്ളച്ചിരിയോടെ അവർ രണ്ടുപേരെയും നോക്കി.
പൂർണിമ മനസ്സിലോർത്തു.
 -അതേ മോളേ യഥാർത്ഥ അമ്മ ആരെന്ന് അറിഞ്ഞാൽ ഞെട്ടാൻ പോകുന്നത് നീയാ...
രവികുമാർ ചിരിച്ചു:
" അതൊക്കെ ഞങ്ങൾ അന്വേഷിച്ചറിഞ്ഞു.  നിരുപമയുടെ മോൾ ആണെന്ന് ഞങ്ങൾക്കറിയാം."
 "റിയലി...?"
അയാൾ തലയാട്ടിക്കൊണ്ട് ചോദിച്ചു:
"മമ്മി ഫിലിം സ്റ്റാർ ആണെന്ന് ആദ്യം പറയാതിരുന്നത് എന്താ. പരിചയപ്പെടുത്തുമ്പോൾ ആദ്യം പറയേണ്ട പേര് അതല്ലേ.."
" മമ്മിയുടെ പ്രൊഫഷൻ എനിക്കിഷ്ടമില്ല അങ്കിൾ. കൊച്ചു കുട്ടിയായിരിക്കുമ്പോൾ മമ്മി എന്നേം കൊണ്ട് മുംബൈയ്ക്ക് പോയതാ. എന്നെ വളർത്തിയത് ഒക്കെ ആയമാരാ. അങ്ങനെയൊക്കെ അങ്ങ് വളർന്നു ഞാൻ. ഞാൻ കൈ കഴുകട്ടെ."
"കഴുകിയിട്ട് വാ..."
അയാൾ പറഞ്ഞു.
പൂർണിമയോട് കണ്ണ് ഒപ്പാൻ രവികുമാർ ആംഗ്യംകാണിച്ചു.  പൂർണിമ വേഗം കണ്ണുകൾ തുടച്ചുകൊണ്ട് എഴുന്നേറ്റു.  കാറിൻ്റെ ഹോൺ കേട്ടു.
" ശ്രീനി അങ്കിൾ നിന്ന്  വിറക്കാ."
 അവൾ ചിരിയോടെ തിരിഞ്ഞു. പൂർണിമ സാരി തുമ്പ് നീട്ടിക്കൊടുത്തു.
 "കൈതുടയ്ക്ക് മോളേ."
അനൂട്ടി അത്ഭുതപ്പെട്ടു.
"അമ്മയുടെ സാരീലോ?"
"മക്കൾ  അമ്മയുടെ സാരിയിൽ അല്ലേ കൈ തുടയ്ക്കാറ്."
"അമ്മ എന്നെ ഞെട്ടിക്കാ."
 അവൾ കൈതുടച്ചു. ചുണ്ട് ഒപ്പി.. "അമ്മയ്ക്ക് എന്താ എന്നോട് ഇത്രയും ഇഷ്ടം തോന്നാൻ. കണ്ണു നിറയുന്നതൊക്കെ ഞാൻ കാണുന്നുണ്ട്. എനിക്ക് അത്ഭുതമാ തോന്നുന്നത്."
രവികുമാർ ഇരുന്ന് പരുങ്ങി. കൈവിട്ടുപോയാൽ എല്ലാം തീർന്നു.  "അതിനു കാരണം ഉണ്ട് മോളേ..."
പൂർണിമ ശബ്ദിച്ചു തുടങ്ങി. രവികുമാറിന്റെ ഹൃദയ സ്പന്ദനം ഉച്ചസ്ഥായിയിലായി. തൻ്റെ മുഖത്തുപോലും പൂർണിമ നോക്കുന്നില്ല.
"എനിക്കൊരു മോൾ ഉണ്ടായിരുന്നു. നാലു വയസ്സിൽ എനിക്ക് അവളെ നഷ്ടമായി. മോളെ കണ്ടപ്പോൾ അത് ആ മകൾ ആണെന്ന് എനിക്ക് തോന്നിപ്പോയി."
ആശ്വാസത്തോടെ രവികുമാർ ചെന്ന് കൈകഴുകി.
" അമ്മയ്ക്ക് എത്ര കുട്ടികൾ ഉണ്ട്? അന്നൊരു ചേട്ടനെ കണ്ടിരുന്നു. മായ ചേച്ചിയുടെ ഹസ്ബൻഡ് വിവേക്. "
" ഒരു മകൾ കൂടി എനിക്കുണ്ട് മോളെ. മൂന്നാമത്തെ മകളെയാ എനിക്കിഷ്ടമായത്."
" കോളേജ് ഇഷ്ടമായോ?"
 രവികുമാർ വിഷയം മാറ്റി.
"കുഴപ്പമില്ല അങ്കിൾ. ഭയങ്കര സ്ട്രിക്ടാ. വൈകി ചെന്നാൽ പ്രിൻസിപ്പലിനെ കണ്ടു റീസൺ പറയണം."
" അത് നല്ലതാ മോളെ...ടീച്ചേഴ്സ് എങ്ങനെ?"
 "നന്നായി പഠിപ്പിക്കുന്നവരാ... എൻ്റെ കുസൃതിയാ അവർക്ക് പ്രശ്നം."
 അവൾ ചിരിച്ചു.
"അതെന്താ? മോളോട് ഉരസാൻ ആരെങ്കിലും വന്നോ?"
 "ഒരു ടീച്ചർ ഉണ്ട് .അവർ പഠിപ്പിക്കുന്നത് പോയട്രീയാ. എന്നെ കണ്ണെടുത്താ അവർക്ക് കണ്ടൂടാ.  പരാതിയുമായി മമ്മിയുടെ അടുത്ത് വരെ പോയി..."
പൂർണിമയും രവികുമാറും മുഖാമുഖം നോക്കി.
"ആരാ ആ ടീച്ചർ..."
രവികുമാർ ചോദിച്ചു.
"നിഖില എന്നാ  അവരുടെ പേര്. കുട്ടികൾക്ക് ഭയങ്കര പേടിയാ ആ ടീച്ചറെ. ഞാൻ വകവെച്ചു കൊടുക്കില്ല. അങ്ങനെയാ പരാതി പറയാൻ മമ്മിയെ കാണാൻ വന്നത്."
അനൂട്ടി ചിരിച്ചു.
" കൊള്ളാലോ എന്നിട്ട് അവർ സംസാരിക്കുന്നത് മോള് കേട്ടില്ലേ?"
 "അതല്ലേ രസം, ടീച്ചർ വീട്ടിൽ വരാതെ ഗേറ്റിനടുത്തേക്ക് മമ്മിയെ വിളിച്ചു."
 ഉണ്ടായ കാര്യങ്ങൾ അനൂട്ടി രസം പിടിച്ചു പറഞ്ഞു.
"മമ്മി അതെപറ്റി മോളോട് ഒന്നും പറഞ്ഞില്ലേ?"
"ടീച്ചർ വന്നതായി പോലും ഭാവിച്ചില്ല. അതെന്താണെന്ന്  എനിക്കിപ്പോഴും മനസ്സിലായില്ല."
 കാറിൻ്റെ ഹോൺ കേട്ടു.
"16 ന് മമ്മി ഷൂട്ടിങ്ങിന് ഹൈദരാബാദിലേക്ക് പോകും. പിന്നെ ഒന്നരമാസം ഞാനും ആച്ചി അമ്മയും മാത്രമേ വീട്ടിലുണ്ടാവു. എനിക്ക് അപ്പൊ  സ്വാതന്ത്ര്യം കിട്ടും. പിന്നെ ധൈര്യമായി  ഇങ്ങോട്ട് വരാം."
നിറഞ്ഞ മനസ്സോടെ പൂർണിമ തലയാട്ടി.
" ജെയിംസ് അങ്കിൾ നാട്ടിലേക്ക് ആണോ?"
"അതേ മോളേ. അവിടെ ഒരു സൂപ്പർമാർക്കറ്റ് ഉണ്ട്"
"നമുക്ക് ഒരു സെൽഫി എടുത്താലോ. "
പൂർണ്ണിമ ചെന്ന് ഫോൺ എടുത്തു. അനൂട്ടിയെ നടുക്ക് നിർത്തി പൂർണിമ ഏതാനും ചിത്രങ്ങൾ എടുത്തു. വീണ്ടും ഹോൺ മുഴങ്ങി.
"എന്നാ ഞാൻ ചെല്ലട്ടെ. ശ്രീനി അങ്കിൾ പേടിച്ചു വിറച്ച് നിൽക്കാ."
" മോളുടെ ഫോൺ നമ്പർ ഒന്ന് തരാമോ?"
"അതിനെന്താ."
അവൾ നമ്പർ പറഞ്ഞു. പൂർണിമ അത് ഫോണിൽ ടൈപ്പ് ചെയ്തു.  
" അമ്മ എനിക്ക് ഒരു മിസ്കോൾ തരൂ..." അവൾ പറഞ്ഞു.
പൂർണിമ അനൂട്ടിയുടെ ഫോണിൽ വിളിച്ചു. അവൾ ഫോണെടുത്ത് സോഫി ആൻ്റി എന്ന നമ്പർ സേവ് ചെയ്യുന്നത് പൂർണിമ കണ്ടു.  
"ഇനി ഞാനൊരു കാര്യം ചോദിക്കട്ടെ. എനിക്ക് അമ്മയും അങ്കിളും എന്തിനാ ഇത്രയും സ്നേഹം തരുന്നത്? ഫിലിം സ്റ്റാറിൻ്റെ മോള് എന്ന് അറിയുന്നതിനു മുമ്പേ  നിങ്ങൾ എന്നോട് സ്നേഹം കാണിച്ചതാ. എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല."
" അതിന് കാരണമുണ്ട് മോളേ."
പൂർണിമ വീണ്ടും പറഞ്ഞതും രവികുമാറിൻ്റെ നെഞ്ചു പിടച്ചു.
" ഞങ്ങൾക്ക്  മൂന്നാമത് ഒരു മകൾ കൂടി ഉണ്ടെന്നു പറഞ്ഞില്ലേ. ആ മകളെ നാല് വയസ്സിലാ ഞങ്ങൾക്ക് നഷ്ടപ്പെടുന്നത്."
" മരിച്ചു പോയോ?"
"എങ്കിൽ ഇത്രയും വേദന ഇല്ലായിരുന്നു മോളെ  , ദൈവം തന്നത് തിരികെ എടുത്തു എന്നു ആശ്വസിക്കുക എങ്കിലും ചെയ്യാമായിരുന്നു. നാലു വയസ്സിൽ അവളെ ഞങ്ങൾക്ക് കൈവിട്ടു പോയി. അവൾ ഇപ്പോഴും ജീവിച്ചിരിക്കുന്നുണ്ടായിരിക്കും."
"എന്താ പറയുന്നത് ...അമ്മയുടെ മകൾ ജീവിച്ചിരിപ്പുണ്ടോ? എങ്കിൽ എവിടെ?"
അനുട്ടി ആകാംക്ഷ കാട്ടി. നിറഞ്ഞൊഴുകുന്ന കണ്ണുകളോടെ പൂർണിമ അവളെ നോക്കി.
"അറിയില്ല മോളെ."
 രവികുമാർ ശബ്ദിച്ചു. അനൂട്ടി അങ്ങോട്ട് തിരിഞ്ഞു.
"വീടിൻ്റെ മുറ്റത്ത് കളിക്കുകയായിരുന്നു അവൾ. പിന്നെ ആരും അവളെ കണ്ടിട്ടില്ല. പോലീസ് അന്വേഷണം ഒക്കെ ഉണ്ടായി. വർഷങ്ങൾ ഒരുപാട് കഴിഞ്ഞു. ആരുടെ എങ്കിലും മകളായി അവൾ ജീവിക്കുന്നുണ്ടാവും. അവൾക്ക് അറിയില്ലല്ലോ.. ഞങ്ങളെ പറ്റിയുള്ള ഓർമ്മ പോലും അവൾക്ക് കാണില്ല."


രവികുമാർ ഒരുവിധം പറഞ്ഞൊപ്പിച്ചു.
"ഇപ്പോ എത്ര വർഷമായിട്ടുണ്ടാവും?" അങ്ങനെ ഒരു ചോദ്യം രവികുമാർ പ്രതീക്ഷിച്ചില്ല.
" അവൾക്കിപ്പോൾ മുപ്പത്താറോ മറ്റോ  വയസ്സുകാണും. ങാ ...
സമയത്തിന് ക്ലാസ്സിൽ കയറേണ്ടതല്ലേ. മോള് ചെല്ല്."
 രവികുമാർ ആ സംസാരം അവസാനിപ്പിക്കാൻ ശ്രമിച്ചു.
"എന്നാ ഞാൻ പോട്ടെ.."
യാത്ര ചോദിക്കുമ്പോൾ അനുട്ടിയുടെ മുഖത്ത് വലിയ സന്തോഷം ഒന്നും പ്രകടമായില്ല. പൂർണിമ പിന്നാലെ ചെന്നു. സിറ്റൗട്ടിൽ നിന്നിറങ്ങുമ്പോൾ അനുട്ടി പറഞ്ഞു.
" അമ്മ ഇപ്പോഴും കരുതുന്നുണ്ടോ ആ മോളെ എന്നെങ്കിലും കാണാൻ പറ്റുമെന്ന്."
"മോളെ കണ്ടപ്പോൾ എനിക്ക് എങ്ങനെയോ ആ മോളെ ഓർമ്മ വന്നു. "
അനൂട്ടി ചിരിച്ചു:
" ആ മോളുടെ പാതി പ്രായമല്ലേ എനിക്കുള്ളൂ. "
"പ്രായത്തിൻ്റെ കാര്യം മറന്നാ  പോരേ."
പൂർണിമയുടെ സ്വരം ഇടറി.
"എന്നാൽ അമ്മ എന്നെ മോളായി കണ്ടൊ. എനിക്ക് സന്തോഷമേ ഉള്ളു സ്നേഹമുള്ള ഒരു അമ്മയെ കിട്ടിയില്ലേ !"
 പൂർണ്ണിമയുടെ മുഖം പിടിച്ച് അനുട്ടി കവിളിൽ ഉമ്മ വച്ചു.
പൂർണിമ അത്  പ്രതീക്ഷിച്ചതല്ല. രവികുമാർ സിറ്റൗട്ടിൽ വന്നു നിൽപ്പുണ്ടായിരുന്നു.
" രാത്രി വിളിക്കാം ട്ടോ..."
 കാറിൻ്റെ ഡോർ തുറന്ന് അവൾ പറഞ്ഞു. പൂർണിമ യാന്ത്രികമായി തലയാട്ടി. കാർ ഗേറ്റിൽ നിന്ന് റോഡിലേക്കിറങ്ങി കടന്നുപോയി. പൂർണിമ കണ്ണുകൾ ഒപ്പി വീട്ടിലേക്ക് കയറിവന്നു.
"ദൈവം അവളെ പിന്നെയും നമ്മുടെ അടുത്തേക്ക് കൊണ്ടുവരുന്നത് രവിയേട്ടൻ കണ്ടില്ലേ. രവിയേട്ടൻ കരുതിയതാണോ പോകുന്നതിനു മുമ്പ് മോൾക്കോപ്പം ഇരുന്നു ബ്രേക്ഫാസ്റ്റ് കഴിക്കാമെന്ന്?"
"എല്ലാം ശരി തന്നെ. പക്ഷേ ഒരു വിളിപ്പാടകലെ നിരുപമ ഉണ്ടെന്ന കാര്യം താൻ മറന്നുപോകരുത്. അനൂട്ടി ബുദ്ധിയുള്ള കുട്ടിയാണെന്ന് മനസ്സിലായില്ലേ. പരിധി വിട്ടുള്ള വികാരപ്രകടനങ്ങൾ അവൾ ശ്രദ്ധിച്ചു കഴിഞ്ഞു. മനസ്സിൽ നിൽക്കാതെ പൂർണിമ പറഞ്ഞു പോയാൽ പിന്നെ ഒന്നും നമ്മുടെ നിയന്ത്രണത്തിൽ നിൽക്കില്ല. അനൂട്ടിയുടെ മുന്നിൽ നിരത്താൻ നമ്മുടെ കയ്യിൽ തെളിവുകളില്ല. നാല്പത്തി അഞ്ചാം വയസ്സിൽ താൻ ഗർഭിണിയായ കഥകൾ പറയാൻ പറ്റുമോ? പ്രസവിച്ച് ഉപേക്ഷിച്ചതാണ് എന്ന് പറയാൻ പറ്റുമോ?"
"പിന്നെ എൻ്റെ മോൾ അറിയേണ്ടേ രവിയേട്ടാ..?"
 പൂർണിമയുടെ ഒച്ച ഉയർന്നു.
" അതിനൊരു സാഹചര്യം മാളു ഉണ്ടാക്കും. അതുവരെ പൂർണിമ കാത്തിരുന്നേ പറ്റൂ."
പൂർണിമ മിഴി ഒപ്പി.
" താൻ എൻ്റെ കൂടെ വരുന്നോ?നിരുപമ പതിനാറിന് പോകും എന്നല്ലേ പറഞ്ഞത്, അതിനുശേഷം നമുക്ക് വരാം."
 പൂർണിമ ഒന്നും മിണ്ടാതെ സെറ്റിയിൽ ചെന്നിരുന്നു.

* * *

 ജാസ്മിൻ ഡിയോ സ്കൂട്ടറിൽ മുറ്റത്ത് വന്നിറങ്ങുമ്പോൾ ആച്ചിയമ്മ വാതിൽ തുറന്നു. പുറം പണിയും ഡ്രസ്സ് അലക്കലും ജാസ്മിൻ്റ ഡ്യൂട്ടിയാണ്.ഇരുപത്തിയാറു വയസ്സ് വരും ജാസ്മിന്. ദിവസവും പത്തോളം വീടുകളിൽ അവൾ പാർട്ട് ടൈം ജോലി ചെയ്യുന്നുണ്ട്. നിരുപമ താമസിക്കാൻ എത്തിയ വിവരം അറിഞ്ഞു ആരാധന മൂത്ത് ജാസ്മിൻ ജോലി ചോദിച്ച് അങ്ങോട്ട് വന്നതായിരുന്നു. രാവിലെ പത്തു മണി മുതൽ പന്ത്രണ്ട് വരെയാണ് ജാസ്മിൻ്റെ ഡ്യൂട്ടി ടൈം.
ആച്ചിയമ്മ സന്തോഷത്തോടെ സ്കൂട്ടറിൽ അടുത്തുവന്നു. ആച്ചിയമ്മയ്ക്ക് മുറുക്കാൻ വാങ്ങി കൊടുത്തു ജാസ്മിൻ സേവ പിടിച്ചിട്ടുണ്ട്.
"നിരുപമ മാഡം സ്ഥലത്തില്ലേ ആച്ചിയമ്മേ."
ആച്ചിയമ്മയ്ക്ക് മുറുക്കാൻ കൊടുത്തുകൊണ്ട് ജാസ്മിൻ ചോദിച്ചു.
"ഇവിടെ ഉണ്ടല്ലോടീ. നീ വന്നാൽ റൂം ഒന്നു തുടക്കാൻ പറഞ്ഞിട്ടുണ്ട്. അത് ചെയ്തിട്ട് തുണി അലക്കിയാ മതി."
 "ഇവിടെ ഉണ്ടോ?ഞാൻ കുറച്ചു മുമ്പ് ത്രിബിൾ സിക്സ് കാർ ആ ലൈനിൽ ഒരു വീടിൻ്റെ മുറ്റത്ത് കണ്ടായിരുന്നു."
"നീ ഒന്ന് പോയേ.ആ കാറിലാ അനൂട്ടി കോളേജിൽ പോയത്."
"അവിടെ ഞാൻ കണ്ടതാ...നിങ്ങൾ കണ്ട കണ്ണിൽ കോലിട്ട് കുത്തല്ലേ."
"അയ്യോ അനൂട്ടിമോള് ആ വണ്ടിയിലാണ് പോയത്.ഒരു വീടിൻ്റെ മുമ്പിൽ നിർത്തിയിടെണ്ട കാര്യം എന്താ?"
"ഞാനെങ്ങനെ അറിയാനാ?"
 ജാസ്മിൻ പണി തിരക്കിലേക്ക് പോയി. മുകളിൽ തുടയ്ക്കാൻ ചെന്നപ്പോൾ ആച്ചിയമ്മയ്ക്കൊപ്പം നിരുപമയും ഹാളിൽ വന്നു നിന്നു.
"എവിടെയാ നീ എൻ്റെ കാർ കണ്ടത്?"
" അത് ഈ ഹൗസിംഗ് കോളനിയുടെ ഗേറ്റ് കടന്നു വരുമ്പോൾ ഒരു ട്രാൻസ്ഫോമർ ഇല്ലേ മാഡം, അതിൻ്റെ എതിർവശത്തെ സുകൃതം എന്ന് പേരുള്ള വീടിനുമുന്നിലാ കണ്ടത്. മാത്രമല്ല ഡ്രൈവർ ശ്രീനി ചേട്ടൻ പുറത്തിറങ്ങി നിൽക്കുന്നതും കണ്ടതാ."
നിരുപമയുടെ ഉള്ള് കാളി.
"അത് ആരുടെ വീടാണ് നിനക്കറിയോ?"
 "അവിടെ എസ് ബി ഐ യിലെ ഒരു സാറാ താമസിച്ചത്. കുറച്ചുനാളായി ഗേറ്റ് പൂട്ടി ഇരിക്കുകയായിരുന്നു. അവർ വീടൊഴിഞ്ഞു പോയെന്നാ തോന്നുന്നത്. അത് പുതിയ താമസക്കാർ ആവും."
"നീ കാർ കണ്ടിട്ട് എത്ര നേരം ആവും?"
 "കൗൺസിലർ ബീന ചേച്ചിയുടെ വീട്ടിൽ മീൻ കൊടുത്തിട്ട് ഇങ്ങോട്ട് വന്ന സമയം ആയിട്ടുള്ളൂ."
സ്റ്റെയർകെയ്സ് ഇറങ്ങി നിരുപമ മുറ്റത്തിറങ്ങി ,ഗേറ്റിനടുത്ത് എത്തി. സെക്യൂരിറ്റി ഓടിവന്നു.
"എന്താ മാഡം?"
" ഒന്ന് നടക്കാൻ ഇറങ്ങിയതാ."
മുഖത്ത് മാസ്ക് വച്ച് നിരുപമ റോഡിലേക്കിറങ്ങി. ധൃതിയിൽ വളവ് തിരിഞ്ഞതും സുകൃതം എന്ന വീട് കണ്ടു.
 അനൂട്ടി എന്തിന് ആ വീട്ടിൽ കയറി എന്ന ചോദ്യം നിരുപമയുടെ മനസ്സിൽ പുകഞ്ഞു കൊണ്ടിരുന്നു. മുറ്റത്ത് തൻ്റെ കാർ കണ്ടില്ല. എന്നാൽ പോർച്ചിൽ ഒരു ഹോണ്ട സിറ്റി കാർ കണ്ടു. പിന്നെ ഒരു ചെറിയ സൈക്കിൾ. നിരുപമ സിറ്റൗട്ടിൽ കയറി ബെല്ലിൽ വിരലമർത്തി. വാതിൽ തുറക്കുന്നതും കാത്ത് നിന്നു. അകാരണമായൊരു ഭയം നിരുപമയെ വരിഞ്ഞു ചുറ്റി...                            
                                    (തുടരും)

 

Read more: https://emalayalee.com/writer/217

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക