Image

കള്ളപ്പണം വെളുപ്പിക്കല്‍ കേസ്: ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജിയില്‍ ബിനീഷ് കോടിയേരിക്ക് സുപ്രീംകോടതി നോട്ടീസ്

Published on 20 May, 2022
കള്ളപ്പണം വെളുപ്പിക്കല്‍ കേസ്: ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജിയില്‍ ബിനീഷ് കോടിയേരിക്ക് സുപ്രീംകോടതി നോട്ടീസ്

 

ന്യൂഡല്‍ഹി: ലഹരി ഇടപാടിലെ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ബിനീഷ് കോടിയേരിക്ക് സുപ്രീം കോടതി നോട്ടീസ് അയച്ചു. ബിനീഷിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) നല്‍കിയ ഹര്‍ജിയിലാണ് നോട്ടീസ്. ജസ്റ്റിസുമാരായ ബി.ആര്‍. ഗവായ്, എ.എസ്. ബൊപ്പണ്ണ എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് നോട്ടീസ് അയച്ചത്. കള്ളപ്പണ ഇടപാടില്‍ ബിനീഷിനെതിരെ വ്യക്തമായ തെളിവുകള്‍ ഉണ്ടെന്ന് ഇ.ഡിക്കുവേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ കെ.എം 
നടരാജ് വാദിച്ചു. വരവില്‍ കവിഞ്ഞ സ്വത്തുക്കളുടെ സ്രോതസ് വ്യക്തമാക്കാന്‍ ബിനീഷിന് കഴിഞ്ഞിട്ടില്ലെന്നാണ് ഇ.ഡിയുടെ വാദം. ഐ.ഡി.ബി.ഐ., എച്ച്.ഡി.എഫ്.സി., എസ്.ബി.ഐ., ഫെഡറല്‍ ബാങ്ക് എന്നിവയിലെ നിക്ഷേപങ്ങളുടെ സ്രോതസ് വ്യക്തമാക്കിയിട്ടില്ല. അക്കൗണ്ടിലേക്ക് പണം നിക്ഷേപിച്ച ചിലര്‍ ചോദ്യംചെയ്യലിന് ഇതുവരെയും ഹാജരായിട്ടില്ലെന്നും ഇ.ഡി. ആരോപിക്കുന്നു.

കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് ബിനീഷ് കോടിയേരിക്ക് കര്‍ണാടക ഹൈക്കോടതി ജാമ്യം അനുവദിച്ചത്. ഈ ഉത്തരവിനെതിരെ ബംഗളുരുവിലെ ഇ.ഡി. ഡെപ്യൂട്ടി ഡയറക്ടറാണ് സുപ്രീം കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തത്.

ലഹരിക്കടത്ത് കേസില്‍ പിടിയിലായ അനൂപ് മുഹമ്മദുമായി ചേര്‍ന്ന് ബിനീഷ് കള്ളപ്പണം വെളുപ്പിച്ചെന്നായിരുന്നു ഇ.ഡി.യുടെ കണ്ടെത്തല്‍. അനധികൃതമായി പണം സമ്പാദിച്ചെന്നും ഇ.ഡി. പറഞ്ഞിരുന്നു. 2020 ഒക്ടോബര്‍ 29-നാണ് ബിനീഷിനെ ഇ.ഡി. അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് 2021 ഒക്ടോബര്‍ 28-ന് ഉപാധികളോടെ ജാമ്യം ലഭിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക