Image

ചിൽഡ്രൻസ് ആക്ടിനു വേണ്ടി വർധിച്ച സമമർദം 

Published on 21 May, 2022
ചിൽഡ്രൻസ് ആക്ടിനു വേണ്ടി വർധിച്ച സമമർദം 

നിയമാനുസൃതമായി മാതാ പിതാക്കളോടൊപ്പം അമേരിക്കയിൽ പ്രവേശിച്ച രണ്ടു ലക്ഷത്തോളം കുട്ടികളുടെ പ്രതിനിധികൾ പൗരത്വം ഉറപ്പാക്കി കിട്ടാനുള്ള നിയമത്തിനു വേണ്ടി സമ്മർദം ചെലുത്താൻ ക്യാപിറ്റോൾ ഹില്ലിൽ എത്തി. ഏറിയ കൂറും ഇന്ത്യക്കാരായ 'ഡോക്യൂമെന്റഡ് ഡ്രീമേഴ്‌സ്' ഗ്രൂപ്പിന്റെ 40 പ്രതിനിധികൾക്കു കോൺഗ്രസ് അംഗങ്ങളും കൂട്ടായി. കുഞ്ഞുങ്ങളായി വന്നു ഇവിടെ ജനിച്ചു വളർന്ന തങ്ങൾക്കു 21 വയസ് കടക്കുമ്പോൾ കിട്ടേണ്ട നിയമ പരിരക്ഷ കിട്ടണം എന്നതാണ് അവരുടെ ആവശ്യം.  

അമേരിക്കയുടെ ചിൽഡ്രൻസ് ആക്ടിന് വേണ്ടി സമ്മർദം ചെലുത്താൻ മെയ് 18നു ഈ 40 പേർ വന്നതു കലിഫോണിയ, നോർത്ത് കരോലിന, ടെക്സസ്, അരിസോണ, ഫ്ലോറിഡ, ഇലനോയ് എന്നിവിടങ്ങളിൽ നിന്നാണ്. ഇമിഗ്രേഷൻ ഫോറത്തിന്റെ കണക്കുകൾ അനുസരിച്ചു രണ്ടു ലക്ഷത്തിലേറെ വരുന്ന 'ഡോക്യൂമെന്റഡ് ഡ്രീമേഴ്‌സ്' ദീർഘകാല എച്-1 ബി, എൽ-1, ഇ-1, അല്ലെങ്കിൽ ഇ-2 വിഭാഗങ്ങളിൽ വിസയുള്ളവരുടെ ആശ്രിതരായാണ് കഴിയുന്നത്. ചിൽഡ്രൻസ് ആക്ട് വന്നില്ലെങ്കിൽ 21 കഴിയുമ്പോൾ അവർക്ക് അമേരിക്ക വിടേണ്ടി വരും. 

നയപരിപാടികളുടെ സംരക്ഷണം ഇവർക്ക് ലഭിക്കുന്നില്ലെന്നു ഫോറം ചൂണ്ടിക്കാട്ടുന്നു. കാരണം, സാങ്കേതികമായി ഇവർ രേഖകളിൽ ഇല്ല. "യു എസ് ഇമിഗ്രേഷൻ സംവിധാനത്തിന്റെ നിലവിലുള്ള പിഴവ് കാരണം അവർ കഷ്ടത്തിലാവുന്നു."  

ക്യാപിറ്റോൾ ഹില്ലിൽ 'ഡോക്യൂമെന്റഡ് ഡ്രീമേഴ്‌സ്' നടത്തിയ  സമ്മേളനത്തിൽ ചിൽഡ്രൻസ് ആക്ട് പാസാക്കുന്നതിനെ പിന്തുണച്ചു പ്രമുഖ ഡെമോക്രാറ്റിക് ജനപ്രതിനിധികൾ സംസാരിച്ചു: ആമി ബെറ (കലിഫോണിയ), ഡെബോറ റോസ് (നോർത്ത് കരോലിന) എന്നീ ഹൗസ് അംഗങ്ങൾക്കൊപ്പം സെനറ്റർമാരായ അലക്സ് പാഡില (കലിഫോണിയ), സെനറ്റ് ജുഡീഷ്യറി കമ്മിറ്റി ചെയർമാൻ ഡിക്ക് ഡർബിൻ (ഇലനോയ്) എന്നിവരും ചേർന്നു.    

രണ്ടു കക്ഷികളും ചേർന്ന് പാസാക്കി എടുക്കേണ്ട ചിൽഡ്രൻസ് ആക്ട് കൊണ്ട് വരുന്ന സംരക്ഷണമാണ് 'ഡോക്യൂമെന്റഡ് ഡ്രീമേഴ്‌സ്' തേടുന്നത്. ആമി ബെറ പറഞ്ഞു: "ഇമിഗ്രേഷൻ സംവിധാനത്തിലെ ഈ പിഴവ് തിരുത്തിയേ തീരൂ. നമ്മുടെ രാജ്യത്തിൻറെ മുന്നോട്ടുള്ള പ്രയാണത്തിൽ പങ്കു ചേരാൻ ഈ കുട്ടികളെയും നമ്മൾ ക്ഷണിക്കണം."

ഈ പ്രശ്‌നത്തിൽ നിരവധി ദക്ഷിണേഷ്യൻ-ഇന്ത്യൻ അമേരിക്കൻ കുട്ടികൾ പെട്ടിട്ടുണ്ടെന്നു ബെറ  പറഞ്ഞു. അതു കൊണ്ട് ചിൽഡ്രൻസ് ആക്ട് പ്രധാനമാണ്. 

ഈ കുട്ടികളുടെ മാതാപിതാക്കൾ അമേരിക്കയിലേക്ക് നിയമപരമായി തന്നെ വന്നവരാണ്, ബെറ ചൂണ്ടിക്കാട്ടി. "അവർ ഈ കുട്ടികളെ ഇവിടെ നിയമം പാലിച്ചു കൊണ്ടുവന്നു. അവർ അറിയുന്ന ഒരേയൊരു രാജ്യം അമേരിക്കയാണ്. 

"അവർ ഇവിടെ സ്കൂളിൽ പോയി, കോളജിൽ പോയി. പലരും ഗ്രേഡ് സ്കൂളിൽ പോയി. എന്നിട്ടും അവർക്കു ഇവിടെ താമസിക്കാൻ പാടില്ല. ഈ പഴുതു നമ്മൾ അടയ്ക്കണം. അവർ സ്വയം അമേരിക്കക്കാരായി കാണുന്നു. നമ്മൾ അവരെ അമേരിക്കക്കാരായി കാണുകയും വേണം."

റോസ് മാധ്യമങ്ങളോട് പറഞ്ഞു: "ഡോക്യൂമെന്റഡ് ഡ്രീമേഴ്‌സ് നമ്മുടെ സമൂഹങ്ങളിൽ വളർന്നവരാണ്. നമ്മുടെ സ്കൂളുകളിൽ നമ്മുടെ കുട്ടികൾക്കൊപ്പം പഠിച്ചവരാണ്. ഈ രാജ്യത്തെ സ്നേഹിക്കുന്നവരാണ്. അവരെ വളർത്തിയ ജനങ്ങൾക്കും നാടുകൾക്കും തിരിച്ചു സേവനം നൽകാൻ ആഗ്രഹിക്കുന്നവരാണ്." 

ഡർബിൻ പറഞ്ഞു: "ഈ ചെറുപ്പക്കാർ അമേരിക്കയിൽ പഠിച്ചതു വളർന്നവരാണ്. ഈ രാജ്യത്തു ഒരു ഭാവിക്കു വേണ്ടി ആഗ്രഹിക്കുന്നവരാണ്."

"നമ്മുടെ പൊളിഞ്ഞ ഇമിഗ്രേഷൻ സംവിധാനം അമേരിക്കയ്ക്ക് 21ആം നൂറ്റാണ്ടിന്റെ ആവശ്യങ്ങൾ നേരിടാൻ കരുത്തു നൽകുന്നില്ല." 

ഈ നിയമം പാസാക്കാൻ ഇരു കക്ഷികളിലും വേണ്ടത്ര പിന്തുണയുണ്ടോ എന്ന് ചോദിച്ചപ്പോൾ ബെറ പറഞ്ഞു: "ഞങ്ങൾ അതിനുള്ള ശ്രമത്തിലാണ്. നാലു റിപ്പബ്ലിക്കൻ സെനറ്റർമാരുണ്ട്. ആറു സെനറ്റർമാരെ കൂടി കിട്ടണം. ഈ കുട്ടികൾ അവരുടെ സ്റ്റേറ്റ് സെനറ്റർമാരോട് സ്വന്തം പ്രശ്നങ്ങൾ പറഞ്ഞാൽ പ്രയോജനം ഉണ്ടാവുമെന്ന് ഞാൻ കരുതുന്നു."

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക