Image

പിണറായിക്ക് 100 ഫാന്‍സി നമ്പര്‍ ! ; നാട്ടിലെ ഫ്രഷ് ന്യൂസ്  (കെ.എ ഫ്രാന്‍സിസ്)

കെ.എ ഫ്രാന്‍സിസ്  Published on 21 May, 2022
പിണറായിക്ക് 100 ഫാന്‍സി നമ്പര്‍ ! ; നാട്ടിലെ ഫ്രഷ് ന്യൂസ്  (കെ.എ ഫ്രാന്‍സിസ്)

എന്തൊക്കെ പറഞ്ഞാലും പൊതുവിതരണം കാര്യക്ഷമമാക്കി അരിയും അത്യാവശ്യ ഭക്ഷ്യ സാധനങ്ങളും മിതമായ വിലയ്ക്ക് നല്‍കാന്‍ കഴിഞ്ഞത് പിണറായി സര്‍ക്കാരിന്റെ നേട്ടം തന്നെ . കെ-റെയില്‍ പോലെ ചിലത് പാളം തെറ്റിയിട്ടുണ്ടെന്ന് ജനത്തിന് തോന്നിയിട്ടുണ്ടെങ്കില്‍ അത് തിരുത്താമല്ലോ എന്നാണ് സാന്ത്വനം . മാത്രമല്ല ,  തദ്ദേശ തിരഞ്ഞെടുപ്പുകളില്‍ തിളങ്ങും വിജയം നേടാനും സൗഭാഗ്യം കിട്ടി . തൃക്കാക്കരയില്‍ ആ 'സൗഭാഗ്യാ' വന്നില്ലെങ്കിലും  അതൊരു 'അബദ്ധ'മായി കാണരുതെന്നാണ് സഖാവ് പറയാതെ പറയുന്നത് - ഒരു ഫാന്‍സി നമ്പര്‍ കിട്ടിയാല്‍ അതും സന്തോഷം . ഇല്ലെങ്കില്‍ പോട്ടെ രാജീവേ ..

രണ്ടാം പിറന്നാളിന്റെ മധുരം പിണറായിയുടെ നാവിലുണ്ട് . പഞ്ചായത്തുകളില്‍ നടന്ന ഉപ തെരഞ്ഞെടുപ്പുകളില്‍ ഉജ്ജ്വല വിജയം (24 സീറ്റ്) യുഡിഎഫിന് (12 സീറ്റ്) കിട്ടിയതിന്റെ ഇരട്ടിയെന്നോ മുന്‍ തിരഞ്ഞെടുപ്പിനേക്കാള്‍  4 സീറ്റ് കൂടുതലോയെന്ന് പറയാം . ഇതിനിടെ വിനാശ വര്‍ഷാചരണം ആചരിച്ച കോണ്‍ഗ്രസുകാര്‍ സ്വയം പരിഹാസ്യരാകുന്നത് എന്തിനെന്ന് ചോദിക്കുന്നവരുമുണ്ടാകില്ലേ ? പഞ്ചായത്ത് ഉപതിരഞ്ഞെടുപ്പ് പിണറായി സര്‍ക്കാരിന്റെ ഒരു വര്‍ഷത്തെ ഭരണത്തിനുള്ള അംഗീകാരമായി തന്നെ പ്രതിപക്ഷം കാണുകയും തൃക്കാക്കര വിജയം ഏറ്റവും പുതിയ ജനവിധിയായി പിണറായി കാണുമോയെന്നു ചോദിക്കുകയുമല്ലേ സതീശാ താങ്കള്‍ ചെയ്യേണ്ടിയിരുന്നത് ? അപ്പോള്‍ ജനം പറയും: അത് ന്യായം ! 
 
ഇതാണ് രാഷ്ട്രീയക്കാരുടെ മുഴുവന്‍ പ്രശ്‌നം ജനം എങ്ങനെ ചിന്തിക്കുന്നുവെന്ന് അവര്‍ നോക്കാറില്ല , ഇന്ത്യയില്‍ വിശേഷിച്ചും കേരളത്തിലെ പ്രധാന പ്രതിപക്ഷം ഇപ്പോള്‍ മാധ്യമങ്ങള്‍ തന്നെ . അച്ചടി മാധ്യമങ്ങളില്‍ മനോരമ പത്രമാണ് മുന്നില്‍ ദൃശ്യമാധ്യമങ്ങളില്‍ ഏഷ്യാനെറ്റും . ഇടക്കാലത്ത് ഏഷ്യാനെറ്റ് നടത്തുന്ന ഇടപെടലുകള്‍ ചെറുതൊന്നുമല്ല . ഈ രണ്ടു മാധ്യമങ്ങളാണ് പ്രതിപക്ഷത്തിന്റെ യഥാര്‍ത്ഥ ദൗത്യം നിര്‍വഹിക്കുന്നതെന്ന് തന്നെ പറയാം . ഏഷ്യാനെറ്റ് വാര്‍ത്ത വിഭാഗം (പ്രത്യേകിച്ച് വിനുവിന്റെ എട്ടുമണി ചര്‍ച്ച) സര്‍ക്കാരിനെ അലോസരപ്പെടുത്തിയത് കൊണ്ടാണല്ലോ സി.പി.എം സൈബര്‍സെല്‍  വിനുവിനെ ഏറ്റവും ശ്രദ്ധേയനായ മാധ്യമപ്രവര്‍ത്തകനായി രൂപാന്തരപ്പെടുത്തിയത് . നേരത്തെ ജയശങ്കറും ഐ.ടി വിദഗ്ദന്‍ ജോസഫും മാത്രമായിരുന്നു സി.പി.എം ടാര്‍ഗറ്റ് . ഗോവിന്ദന്കുട്ടിയുടെ എ.ബി.സി യുട്യൂബ് ചാനല്‍ ജയശങ്കര്‍ മൊഴികള്‍ക്ക് വലിയ പ്രാധാന്യം നല്‍കുക കൂടി ചെയ്തതോടെ ജയശങ്കര്‍ എന്ന അഭിഭാഷകന്‍ കോടതി വ്യവഹാരങ്ങളിലല്ല ഇത്തരം ഇടപെടലുകളിലാണ് അതീവ തല്പരന്‍ മാത്രമല്ല , ഈ രംഗത്ത് മെഗാസ്റ്റാറാകാനും അവസരമുണ്ടായി . പിണറായി വിരുദ്ധ വികാരം ആളിക്കത്തിക്കുന്ന ചാലകശക്തിയായി മാറിക്കഴിഞ്ഞ ഈ പഴയ സി.പി.ഐക്കാരന്‍ കുലംകുത്തി തന്നെയാണ് , തൃക്കാക്കരയില്‍ ഇടത്പക്ഷത്തിനെതിരെ ആഞ്ഞടിക്കുന്ന ചക്രവാതച്ചുഴി .

പിണറായി ഇപ്പോഴും കൈവിടാത്തത് കൊണ്ട് മാത്രം ഒരു മാഷ് തിരുത  പോലെ ചീഞ്ഞു നാറാതെ കേരളരാഷ്ട്രീയ ഫ്രിഡ്ജില്‍ ഇപ്പോഴുമുണ്ടെന്നതും ആശ്വാസം . പഴയ കോണ്‍ഗ്രസുകാര്‍ പാവങ്ങളാണെന്നും ചിന്തന്‍ ശിബിരമല്ല അതിനപ്പുറമുള്ള ശിബിരം നടത്തിയാലും തലയില്‍ ആള്‍താമസമുണ്ടാവില്ലെന്നതിന്റെ ജീവിക്കുന്ന രക്തസാക്ഷിയായി മാഷിനെ കാണുന്നതില്‍ ഒരു തെറ്റുമില്ല . 

കോണ്‍ഗ്രസല്ല , പാര്‍ട്ടി കോണ്‍ഗ്രസാണ് തനിക്ക് വലുതെന്ന് പറഞ്ഞു കണ്ണൂരിലേക്ക് വണ്ടി കയറിയപ്പോള്‍ തന്നെ സി.പി.എം കോച്ചില്‍ കയറി സുരക്ഷിതമായി (ഒന്നാം ക്ലാസ് എ.സി കോച്ചില്‍ തന്നെ) ഇരിക്കുന്നതിന് പകരം ആ വണ്ടിയില്‍ ചുമ്മാ തൂങ്ങിക്കിടന്നു കാണിച്ച അഭ്യാസം കണ്ട് ജനം കയ്യടിക്കുമെന്നായിരുന്നു,  ആ കുമ്പളങ്ങി ബുദ്ധി .

അതിനിടെ ദൃശ്യമാധ്യമങ്ങളിലെ ന്യുജെന്‍ കക്ഷികള്‍ മാഷിനെയിട്ട് വട്ടം കളിപ്പിച്ചു ജോക്കറാക്കിയത് ഒന്നും  ആ പാവം അറിഞ്ഞതേയില്ല . നിത്യേനയെന്നോണം ക്യാമറയുമായി ചെന്ന് ഹാസ്യ  കഥാപാത്രമാക്കാന്‍ വരുന്ന കൊച്ചന്മാര്‍ , ഇപ്പോള്‍ ആ വഴിക്ക് വരുന്നുമില്ല . തൃക്കാക്കര തിരഞ്ഞെടുപ്പിന്റെ പ്രചാരണ യോഗങ്ങളില്‍  വികസന ശബ്ദം ഉയര്‍ത്തുവാന്‍ പോലും ശരിക്കും മൈക്ക് കിട്ടുന്നില്ല . മൈക്ക് കെട്ടിയ നല്ലൊരു തുറന്ന വാഹനവും മഴ കൊള്ളാതിരിക്കാന്‍ ഒരു ത്രിവര്‍ണ കുടയും ഘടിപ്പിച്ചു വിടാനെങ്കിലും രാജീവ് മന്ത്രി കരുണ  കാണിക്കാത്തത് ശരിയാണോ ? പുലിയാണെന്ന് കരുതിയവരൊക്കെ എലിയാണെന്ന് തിരിച്ചറിഞ്ഞുവെന്നത് ശരി തന്നെ . എന്നാലും ഉമയുടെ കാര്യത്തില്‍ ഒട്ടും വേണ്ടാത്ത സഹതാപതരംഗം മാഷിന് നല്‍കിയില്ലെങ്കില്‍   നരകത്തില്‍ താങ്കള്‍ പോകുമെന്ന് നവസഭാ വിശ്വാസിയായ രാജീവ്  തിരിച്ചറിയണം . ഇത് പോലെ (രാജീവിനെ പോലെ) പറഞ്ഞു പറ്റിക്കുന്ന കൊടും പാപം ചെയ്യുന്നവര്‍ക്ക് 2 തരം അറകളാണ് കത്തോലിക്ക സഭ ഓഫര്‍ ചെയ്തിരിക്കുന്നത് . (ഒന്ന്) വിറക് അടുപ്പിന്റെ ചൂടുള്ള ശുദ്ധീകരണ സ്ഥലം (രണ്ട്) ഗ്യാസടുപ്പിനേക്കാള്‍ ചൂടുള്ള നരകം . മാഷിന്റെയും,ജോയുടെയും,കര്‍ദിനാളിന്റെയും സഭ നരകത്തിലേക്ക് തള്ളേണ്ടതില്ലെങ്കില്‍ മാഷിന് മോഹഭംഗം വരുത്താതിരിക്കുക !

കോണ്‍ഗ്രസ് നേതാക്കളുടെ ചൊല്‍പ്പടിക്ക് ഒരിക്കലും നില്‍ക്കാത്ത പി.ടി തോമസിനോട് ചെയ്യാന്‍ പറ്റാത്തതെല്ലാം പാപപരിഹാര പ്രക്രിയ എന്ന നിലയില്‍ പഴയ കോണ്‍ഗ്രസ് നേതാക്കള്‍ ഉമയെക്കൊണ്ട് ചെയ്യിക്കുന്നില്ലേയെന്ന് പി.ടിയെ നെഞ്ചിലേറ്റുന്നവര്‍ ചോദിക്കുന്നു . എന്നും സഭയെയും സമുദായത്തെയും ജാതിയെയും വെല്ലുവിളിച്ച പോരാളിയായിരുന്നല്ലോ പി.ടി തോമസ് . അവരുടെയെല്ലാം മുന്നില്‍ രമയെക്കൊണ്ട് 'സ്തുതി' കൊടുപ്പിക്കുന്ന  കാര്യത്തില്‍ മാത്രമാണ് ഇലക്ഷന്‍ മാനേജര്‍മാരുടെ മുഴുവന്‍ ശ്രദ്ധയും . പുരുഷന്മാരേക്കാള്‍ ഒട്ടേറെ സ്ത്രീകള്‍ കൂടുതലുള്ള  തൃക്കാക്കരയിലെ ഏക വനിതാ സ്ഥാനാര്‍ഥി  എന്ന നിലയില്‍ സര്‍ക്കാരിന്റെ സ്ത്രീവിരുദ്ധ നിലപാടിനെതിരെയും സിപിഎമ്മിലെ ശശിമാര്‍ക്കെതിരെയും ആഞ്ഞടിക്കേണ്ട കോണ്‍ഗ്രസ് ഇലക്ഷന്‍ മാനേജര്‍മാര്‍ , സ്ത്രീവിരുദ്ധ നിലപാടുകള്‍ കാര്യമാക്കുന്നേയില്ലല്ലോ . പി.ടി തോമസിന്റെ തത്സമയ ഇടപെടലുകള്‍ ഇല്ലാതിരുന്നെങ്കില്‍ ഒന്നുമല്ലാതായി തീരുമായിരുന്ന സിനിമാ നടിക്കെതിരായി നടന്ന 'സ്പോണ്‍സേര്‍ഡ് ബലാല്‍സംഗത്തെ' പറ്റി  ഒരക്ഷരം ഉമയെക്കൊണ്ട് അവര്‍ പറയിപ്പിക്കുന്നുണ്ടോ ? ഹേമാറിപ്പാര്‍ട്ട് എവിടെയെന്ന് ഉമ ചോദിയ്ക്കാന്‍ തുടങ്ങിയാല്‍ 
ഇവര്‍ വാപൊത്തുന്നത് എന്തിന് ? എല്ലാവരുടെയും വോട്ടിന്റെ കൂട്ടത്തില്‍ പി.ടിയുടെ വിധവയ്ക്ക് അവരുടെ വോട്ട് കൂടി വേണമെന്ന് ഇവര്‍ക്ക് നിര്ബന്ധമുള്ളത് കൊണ്ടാണോ ? ഉമ തിരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങി വച്ചത് സിനിമാക്കാരന്‍ രവീന്ദ്രന്‍ അതിജീവിതക്ക് വേണ്ടി നടത്തിയ സമരവേദിയില്‍ വച്ചായിരുന്നല്ലോ ? അതിനേക്കാള്‍ ശക്തമായതും പി.ടിയുടെ ആത്മാവിനോട് നീതി പുലര്‍ത്തുന്നതുമായ എന്തെങ്കിലും ഒരു പ്രചാരണം (അജണ്ട) ഇത് വരെ ഈ കോണ്‍ഗ്രസുകാര്‍ക്ക് മുന്നോട്ട് വെക്കാന്‍ കഴിഞ്ഞിട്ടുണ്ടോ ? ഇതൊന്ന് വിലയിരുത്താതെ പട്ടിയുടേതെന്നല്ല , സിംഹത്തിന്റെ തന്നെ ചങ്ങല പൊട്ടിച്ച് കളിക്കുകയാണവര്‍ . പട്ടിയും ചങ്ങലയും പിണറായി പറഞ്ഞത് പോലെ ഇനിയുമുണ്ടാകും .

ഇതിനിടെ ഡോ.ജോ ജോസഫാകട്ടെ , നമുക്ക് നല്‍കുന്ന ചിത്രമോ ? ഹൃദയപ്പെട്ടിയുമായി തിരുവനന്തപുരത്ത് നിന്നോ കോഴിക്കോട്ട് നിന്നോ ഓടിവരുന്ന അതെ പാരവശ്യം വോട്ട് പിടിക്കാന്‍ ഓടി നടക്കുന്ന അദ്ദേഹത്തിന്റെ മുഖത്തും ദൃശ്യമാധ്യമങ്ങളില്‍ നാം കാണുന്നില്ലേ ? ഉമ്മന്‍ ചാണ്ടി ഷേക്ക്  ഹാന്‍ഡ് കൊടുക്കുന്നത് പോലെ തിരക്കിട്ട വോട്ടര്‍മാരെ തൊട്ട കൈവിരലുകള്‍ ധൃതിയില്‍ ജോ പിന്‍വലിക്കുന്നു  ഒരു തിരക്കുമില്ലെന്ന ഭാവത്തില്‍ കടന്ന പള്ളി രാമചന്ദ്രന്‍ ചെയ്യുന്നത് പോലെ സംസാരിക്കുന്നവരുടെ ഷര്‍ട്ടിന്റെ കുടുക്കുകള്‍ ഊരുകയും തിരിച്ചു പഴയപടി ഇടുകയും ചെയ്യണമെന്നല്ല , താന്‍ മാത്രമല്ല തനിക്ക് വേറെയും ഒട്ടേറെ പേരെ കാണാന്‍ ഉണ്ടന്ന മട്ട് ഒഴിവാക്കണമെന്ന് അദ്ദേഹത്തിന്റെ ഇലക്ഷന്‍ മാനേജര്‍മാര്‍ പറഞ്ഞു കൊടുക്കേണ്ടേ ? ഡോ. പെരിയപുറം ബോസ് കാത്തിരിക്കുന്നുണ്ടെന്ന ബേജാറില്‍ ഹൃദയപ്പെട്ടി കൊണ്ടോടുന്ന തിരക്കൊന്നും ഇതിന് പാടില്ലെന്ന് തന്നെ പറഞ്ഞു  കൊടുക്കണം . 

വാല്‍ക്കഷ്ണം : കായ്ക്കാത്ത പ്ലാവിന് ചുറ്റും നിന്ന് കുട്ടികളെ കൊണ്ട് കൂവി പേടിപ്പിച്ചാല്‍ പിറ്റേ വര്‍ഷം മരം  നിറയെ ചക്കയുണ്ടാകുമെന്ന് ഒരു ചൊല്ലുണ്ട് .   രാഹുല്‍ഗാന്ധിയെ പോലെ മടി പിടിച്ചു കിടക്കുന്നത് ഒഴിവാക്കാന്‍ 'അമ്മ സോണിയ ചിന്തന്‍ ശിബരം നടത്തുന്നത് പോലെ വീണാ ജോര്‍ജിനെ ആക്ടീവ് ആക്കാന്‍ പിണറായിക്ക് തൃക്കാക്കരയില്‍ ഇടത് ഭാഗത്തേക്ക് ഹൃദയം തുന്നി ചേര്‍ക്കുന്ന ഒരു ഡോക്ടറെ തന്നെ സ്ഥാനാര്‍ത്ഥിയായി കെട്ടിയിറക്കേണ്ടി വന്നു . അതോടെ വീണക്ക് ഒരു സംശയം തന്നെ  വന്നു ഡോ.ജോയെ മത്സരിപ്പിക്കുന്നത് അടുത്ത നാല്  വര്‍ഷം ആരോഗ്യ മന്ത്രിയാക്കാനാകുമോ ? ആരോഗ്യവകുപ്പ് പോരായെന്ന് ജോയ് സാറിനെ കൊണ്ട് പിണറായി പറയിപ്പിച്ചതാണോ ? അഭിഭാഷകനായ അരുണ്‍കുമാറിന്റെ പേര് പ്രഖ്യാപിക്കുകയും ചുമരെഴുത്ത് തുടങ്ങുകയും ചെയ്തു കഴിഞ്ഞ ശേഷം ഡോ.ജോയെ വച്ചത് അതിനല്ലേ ? മടിയന്‍  കാളയെ ഉഷാറാക്കാന്‍ കാളയുടെ ഉടമ കൂടുതല്‍ മടി പിടിച്ചു കിടന്നാല്‍ ആ കാളയെ കൊല്ലുമെന്ന് പറയുന്നത് കേള്‍പ്പിച്ചതും ആ കാള വീണ്ടും ഉഷാറായി പ്രവര്‍ത്തിക്കാന്‍  തുടങ്ങിയതും  ആ കാളയെ കൊല്ലാതിരുന്നതുമായ എല്ലാ എപ്പിസോഡും വീണ ശരിക്കും മനസിലാക്കി .'ഭക്ഷണം നമ്മുടെ അവകാശം' എന്ന മുദ്രാവാക്യവുമായി വീണ ഒരൊറ്റ ചാട്ടം ചീത്ത ഭക്ഷണവും ചീഞ്ഞ മത്സ്യവും നാറിയ മാംസവും പിടിച്ചെടുത്ത് വീണ മടിയന്‍ കാളയെക്കാള്‍ മിടുക്കിയായത് പിണറായി സഖാവ് കണ്ടല്ലോ . നൂറു സീറ്റ് തികച്ചാലും ഇല്ലെങ്കിലും വീണക്ക് കാര്യക്ഷമത ഇല്ലെന്ന് ചിറ്റയം ഗോപകുമാറിന് പോലും ഇനി പറയാന്‍ പറ്റുമോ ? 

കെ.എ ഫ്രാന്‍സിസ് 

Join WhatsApp News
രണ്ടാം പ്രകൃതം 2022-05-22 01:35:39
2nd Nature: [രണ്ടാം പ്രകൃതം] സൈക്കോളജിയിൽ 'Second Nature' എന്ന് പറയുന്ന ഒരു പ്രയോഗമുണ്ട്. അതായത് നമ്മൾ ഒരാളെ കാണുമ്പോൾ അദ്ദേഹം ഒരു സാമൂഹ്യജീവിയും, സാധുവും ആധുനികനുമൊക്കെയായി തോന്നാമെങ്കിലും അവന്റെ/അവളുടെ രണ്ടാം പ്രകൃതം കാണുന്ന രൂപത്തോട് ചേരുന്നതായിരിക്കണമെന്നില്ല. അവന്റെ ബാല്യം, അവന്റെ ഇടപെടൽ, അവന്റെ ജനിതക പാരമ്പര്യം, അവന്റെ താല്പര്യങ്ങൾ ഇതിൽ നിന്നെല്ലാം അവനിൽ ഉണ്ടായിവന്നിട്ടുള്ള ഒരു ഉറച്ച പ്രകൃതം ഉണ്ട്, subconsciously or unconsciously അതാണ് അവനെ നിയന്ത്രിക്കുക. ആത്മിയതയിൽ ആ രണ്ടാം പ്രകൃതത്തിനെ സാത്വികമായി രൂപപ്പെടുത്തിയെടുക്കാനാണ് സാധനകൾ ജപങ്ങൾ എല്ലാം ഉള്ളത്. അങ്ങനെ രൂപപ്പെട്ട രണ്ടാം പ്രകൃതം നിന്ദ്യമായി പ്രവർത്തിക്കില്ല, എന്നാണ് വേദാന്ത മതം. അതുകൊണ്ടാണ് സത്ചിന്തക്ക് സത്സംഗത്തിന് സാത്വികാന്നത്തിന് എല്ലാം ആത്മീയതയിൽ പ്രാധാന്യമുള്ളത്. ഇനി ഇതേ കാര്യം മറ്റൊരു രീതിയിൽ അമേരിക്കക്കാർ അവരുടെ ഡിഫൻസ് ഫോഴ്സിലൊക്കെ പ്രാവർത്തികമാക്കിയിട്ടുണ്ട് എന്ന് വായിച്ചിട്ടുണ്ട്. ഏഴോ എട്ടോ പേരുള്ള ഒരു കൂട്ടത്തെ കഠിനമായ പരിശീലനത്തിലൂടെ വാർത്തെടുക്കുന്നു, അവരുടെ അബോധതലത്തെ ഒന്നാക്കി തീർക്കുന്നു (പ്രാരംഭഘട്ടത്തിൽ അമ്മയുടേയും കുഞ്ഞിന്റെയും ബോധതലം അങ്ങനാണ് പ്രവർത്തിക്കുക. വളരുമ്പോൾ പതുക്കെ അകലും), പിന്നീട് ഇവർ ഒരു മിഷന് പോയാൽ, ഇവരെ അപായപ്പെടുത്താൻ എളുപ്പമല്ല. കാരണം അബോധതലം എട്ടുപേരിലും ഒരുപോലെയാണ് പ്രവർത്തിക്കുന്നത്. നിരന്തരമായ പ്രാക്ടീസ് ഒരു ബന്ധം അവർക്കിടയിൽ രൂപപ്പെടുത്തിയിട്ടുണ്ട്. അത് അവരുടെ രണ്ടാം പ്രകൃതമാണ്. (തീവ്രവാദികളും ഇതേ പ്രാക്ടീസ് ചെയ്യുന്നുണ്ട്. ബുദ്ധിയുടെ സ്വഭാവം അനുസരിച്ച് ഓരോരുത്തരും നല്ലതിനും ചീത്തക്കും അത് ഉപയോഗിക്കുന്നു.) ആയോധനകലകളിലൊക്കെ രണ്ടാം പ്രകൃതമാണ് ശരീരത്തിന്റെ ചടുലമായ ചലനങ്ങൾക്ക് കാരണമാകുന്നത്. മെയ് കണ്ണാവുക എന്നൊക്കെ പറയുന്ന ഒരു തലം. അടിമുടി പ്രാക്ടീസ് ചെയ്ത് അതങ്ങനെ ആക്കി വെച്ചിരിക്കാണ്. ബ്രൂസ് ലിയുടെ ഒരു ഉദ്ധരണിയുണ്ട് 'I fear not the man who has practiced 10,000 kicks once, but I fear the man who has practiced one kick 10,000 times.' അതെ, ഒറ്റ കിക്ക് 10000 തവണ പ്രാക്ടീസ് ചെയ്തവനെ ഭയക്കണം. ആ കിക്കിന് ആഘാതം കൂടുതലായിരിക്കും. ബോധപൂർവ്വം നമുക്ക് നമ്മുടെ രണ്ടാം പ്രകൃതത്തെ രൂപപ്പെടുത്താനാകും. അബോധപൂർവ്വവും അത് രൂപപ്പെടാറുണ്ട്. പക്ഷേ അബോധപൂർവ്വം രൂപപ്പെടുന്നത് അത്യന്തം അപകടകരമാണ്. ഉദാഹരണം, നമ്മൾ വെറുതേ ഒരു കൗതുകത്തിന് എന്നും കാണുന്ന വർഗ്ഗീയ പോസ്റ്റുകൾ, കേൾക്കുകയും കാണുകയും ചെയ്യുന്ന ഹിംസയുടെ കഥകൾ, ഇങ്ങനെ ഇങ്ങനെ നമ്മളിൽ ആ ഇടപ്പെട്ടത്, കയറികൂടുന്നു. കയറികൂടിയതിന് ശക്തിയാർജ്ജിക്കുമ്പോൾ ഒരു പ്രേതബാധപോലെ നമ്മുടെ അനുവാദമില്ലാതെയും നമ്മളെ അത് ഉപയോഗിക്കാൻ തുടങ്ങുന്നു. നമ്മൾ ചെയ്യരുതെന്ന് ആഗ്രഹിച്ചാലും രക്ഷയില്ല. രണ്ടാം പ്രകൃതം അതിനുചേരും വിധം ചുറ്റുപാടുകളെയും രൂപപ്പെടുത്തി കാണും. ഇനി അതേ കാണൂ, അതേ കേൾക്കൂ, അതേ ചെയ്യൂ. ബോധമനസ്സ് വെറും കാഴ്ചക്കാരൻ ആവും. Second Nature രൂപപ്പെടാൻ വർഷങ്ങൾ ആവശ്യമാണ്. രൂപപ്പെട്ടാൽ അതിനെ മാറ്റിയെടുക്കാനും പാടാണ്. അത് എങ്ങനെ രൂപപ്പെടണമെന്ന് തീരുമാനിക്കാനുള്ള സാഹചര്യം ഏതോ ഘട്ടത്തിൽ വ്യക്തിയിൽ ഉണ്ട്. പക്ഷേ ഓൾറെഡി രൂപപ്പെട്ടിട്ടുണ്ടെങ്കിൽ ഒന്നും ചെയ്യാനില്ല. അതെങ്ങനെയോ അങ്ങനെയിരിക്കും. എവിടെയെങ്കിലും ഒരല്പം പുണ്യം ശേഷിക്കുന്നുവെങ്കിൽ രക്ഷപ്പെടാമെന്ന് മാത്രം. രാഷ്ട്രീയം മതം എല്ലാം ഇങ്ങനെ Second Nature അവർക്കനുഗുണമായി രൂപപ്പെടുത്തിയാണ് മനുഷ്യരെ ഉപയോഗിക്കുന്നത്. അല്ലാതെ മനുഷ്യനെ ഉപയോഗിക്കാൻ പറ്റില്ല. വെറുതേ ഒന്ന് നോക്കിയാൽ കാണാം, രണ്ടാം പ്രകൃതം ഏതവസ്ഥയിലാണ് ഇരിക്കുന്നതെന്ന്. വാല് - എല്ലാ മനുഷ്യരുടെയും രണ്ടാം പ്രകൃതം സത്യമായിരിക്കാനും ശിവമായിരിക്കാനും സുന്ദരമായിരിക്കാനും ഈശ്വരൻ അനുഗ്രഹിക്കട്ടെ. 😌🙏
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക