Image

വേള്‍ഡ് കപ്പിനു മുമ്പേ ദോഹയില്‍ എംജി ഗോളടിക്കുന്നു(കുര്യന്‍ പാമ്പാടി)

കുര്യന്‍ പാമ്പാടി Published on 21 May, 2022
 വേള്‍ഡ് കപ്പിനു മുമ്പേ ദോഹയില്‍ എംജി ഗോളടിക്കുന്നു(കുര്യന്‍ പാമ്പാടി)

നവംബറില്‍  ആരംഭിക്കുന്ന ഫുട്‌ബോള്‍ വേള്‍ഡ് കപ്പിന് കേളികൊട്ടിക്കൊണ്ടു  സെപ് റ്റംബറില്‍   ദോഹയില്‍ സമ്പൂര്‍ണ ശാഖ തുറക്കാന്‍ കോട്ടയത്തെ മഹാത്മാ ഗാന്ധി സര്‍വകലാശാല ഒരുക്കങ്ങള്‍ തുടങ്ങി.  ദോഹയില്‍ പ്ലസ് 2  പരീക്ഷ എഴുതുന്ന  45,000  മലയാളി വിദ്യാര്‍ത്ഥികളാണ് സര്‍വകലാശാലയുടെ പ്രധാന ലക്ഷ്യം.

എംജി ടീം ദോഹയില്‍ --സുധാകരന്‍, ഇലിയാസ്, ഖാലിദ് അല്‍ അലി, അരവിന്ദ് കുമാര്‍, ഷാജില, റോബിനെറ്റ് 

 എംജി സര്‍വകലാശാലാ വൈസ് ചാന്‍സലറും വിശ്രുത ശാസ്ത്രജ്ഞനുമായ ഡോ. സാബു തോമസും കേരള വിദ്യാഭ്യാസ മന്ത്രി ഡോ. ആര്‍ ബിന്ദുവും ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുക്കുമെന്നു പ്രതീക്ഷിക്കപ്പെടുന്നു.

ദോഹയിലെ വേള്‍ഡ് കപ്പ് കളിക്കളങ്ങളില്‍ ഒന്ന്

അല്‍ ബായത്ത്   സ്റ്റേഡിയത്തില്‍ ഖത്തറും ഇക്വഡോറും തമ്മിലുള്ള മത്സരത്തോടെയാണ് നവംബര്‍ 21ന്   വേള്‍ഡ് കപ്പ്  മാമാങ്കം തുടങ്ങുക. അന്നു തന്നെ അല്‍തുമാമ സ്റ്റേഡിയത്തില്‍ സെനിഗളും നെതര്‍ലാന്‍ഡ്സും തമ്മിലും ഖലീഫ ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ ഇംഗ്ലണ്ടും ഇറാനും തമ്മിലും മാറ്റുരക്കും.  ഡിസംബര്‍ 22 നു ലുസൈല്‍ സ്റ്റേഡിയത്തിലാണ് ഫൈനല്‍സ്.

വിരുന്നിനിടെ-റോബിനെറ്റ്, അരവിന്ദകുമാര്‍, മോഹന്‍ തോമസ്, സെയ്യദ് ഇമാം 

ഓഫ് ക്യാമ്പസുകള്‍ ഇല്ലാതെയായി പതിറ്റാണ്ടു കഴിഞ്ഞാണ് ഖത്തര്‍  ഗവര്‍മെന്റിന്റെ ക്ഷണപ്രകാരം  സംപൂര്‍ണ   യൂണിവേഴ്സിറ്റി പദവിയോടെ എംജി സര്‍വകലാശാല ദോഹയില്‍ ക്യാമ്പസ്   തുറക്കുന്നത്. പിഎച്ച്ഡി വരെ അക്കാദമിക് യോഗ്യതയും അധ്യാപന പരിചയവുമുള്ള  മലയാളി/ഖത്തറി  അധ്യാപകരായിരിക്കും ഫാക്കല്‍റ്റി.

 എംജി സംഘം ഇന്ത്യന്‍ എംബസിയില്‍

തുടക്കത്തില്‍  ഇന്‍ഫര്‍മേഷന്‍ ടെക്നോളജി,  മാനേജ്മെന്റ്, ജിയോ സെകുരിറ്റി, സൈക്കോളജി, കോമേര്‍ഴ്‌സ്, എഡ്യൂക്കേഷന്‍  എന്നിങ്ങനെ ഗള്‍ഫിലും ലോകത്തെവിടെയും ജോലിസാധ്യതയുള്ള വിഷയങ്ങളില്‍ ബിരുദ, ബിരുദാനന്തര കോഴ്സുകളായിരിക്കും തുടങ്ങുക. പിന്നീട് വിപുലീകരിക്കും.

അരവിന്ദ് കുമാറിന്റെ ഇടത്ത്  അംബാസഡര്‍  ഡോ. ദീപക് മിത്തല്‍


ഖത്തര്‍ ഗവര്‍മെന്റിന്റെ ക്ഷണപ്രകാരം എംജി യൂണിവേഴ്സിറ്റിയുടെ അഞ്ചാംഗ  പ്രതിനിധി സംഘം   ദോഹയിലെത്തി വിശദമായ ചര്‍ച്ചകള്‍ നടത്തി. പ്രോ വൈസ് ന്‍സലര്‍ ഡോ. സി. T.അരവിന്ദ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘത്തില്‍  സിന്‍ഡിക്കറ്റ് അംഗങ്ങളായ ഡോക്ടര്‍മാര്‍  എം.എച്. ഇല്യാസ്, റോബിനെറ്റ്  ജേക്കബ്,  കെ.എം. സുധാകരന്‍,  ഷാജിലാ ബീവി എന്നിവര്‍ ഉള്‍പ്പെട്ടിരുന്നു.

 ബിര്‍ള  സ്‌കൂള്‍--സിവി റപ്പായി, മോഹന്‍ തോമസ്, ലൂക്കോസ് ചെറിയാന്‍,  മരിയ പകലോമറ്റം

'കൊച്ചിയില്‍ നിന്ന് നാലര മണിക്കൂര്‍--3016 കിമീ--അകലെയാണ് ദോഹ. ദുബായിക്കും ഫ്‌ലൈറ്റ് ടൈം അതു  തന്നെ പക്ഷെ ദൂരം 2779 കിമീ. നാട്ടുകാര്‍ രണ്ടേമുക്കാല്‍ ലക്ഷം ഉള്ള ഖത്തറില്‍ മലയാളികള്‍ നാലര ലക്ഷം  ഉണ്ട്. ഇന്ത്യക്കാര്‍ എട്ടുലക്ഷവും,' ഡോ. അരവിന്ദ് കുമാര്‍ ആമുഖമായി പറഞ്ഞു. 

ഖത്തര്‍ അമീര്‍ അല്‍ത്താനി  ഡോ, മോഹന്‍ തോസിനോടൊപ്പം.

 
പതിനായിരം വരെ കുട്ടികള്‍ പഠിക്കുന്ന 19 ഇന്ത്യന്‍  സ്‌കൂളുകള്‍ ദോഹയില്‍ ഉണ്ട്.  ബിര്‍ള സ്‌കൂള്‍,, ഡല്‍ഹി സ്‌ക്കൂള്‍, എംഇഎസ് സ്‌കൂള്‍, രാജഗിരി സ്‌കൂള്‍ എന്നിവ അവയില്‍ ഉള്‍പ്പെടുന്നു. അമേരിക്കന്‍, യൂറോപ്യന്‍  സര്‍വ്വകലാശാലകള്‍ കാമ്പസുകല്‍ തുറന്നിട്ടുണ്ടെങ്കിലും അവിടൊക്കെ ഭീമമായ ഫീസ് ആണ്.  അവിടെയാണ് ഇന്ത്യന്‍ സര്‍വകലാശാലകളുടെ സാംഗത്യമെന്നു ഡോ. കുമാര്‍  ചൂണ്ടിക്കാട്ടി.

 ഡേവിഡ് ബഖാമും വേള്‍ഡ് കപ്പ് സംഘാടകന്‍ അല്‍ത്താനിയും


ഇന്ത്യയില്‍ നിന്ന് മൂന്ന്  സര്‍വ കലാശാലകളെയാണ് ഖത്തര്‍ ക്ഷണിച്ചിട്ടുള്ളത്. പൂനാ യൂണിവേഴ്‌സിറ്റി, എംജി യൂണിവേഴ്സിറ്റി, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട് ഓഫ് ടെക്ലോളജി എന്നിവ. എംജിക്കു ടൈംസ് ലോക റാങ്കിങ്ങില്‍ 701ആം സ്ഥാനം ലഭിച്ചിട്ടുണ്ട്.  മഹാത്മാ ഗാന്ധിയുടെ പേരിലുള്ള സര്‍വകലാശാല എന്ന സവിശേഷതയുമുണ്ട്.

ദോഹ നാഷണല്‍ ലൈബ്രറി--പത്തുലക്ഷം പുസ്തകങ്ങള്‍

കനേഡിയന്‍ യൂണിവേഴ്സിറ്റി ഏജന്‍സിയായി പ്രവര്‍ത്തിക്കുന്ന ഖത്തറിലെ ഒരധികൃത സ്ഥാപനമാണ് എംജിക്കു വേണ്ട സ്ഥലസൗകര്യം ഏര്‍പ്പെടുത്തുന്നത്. ഭരണം കയ്യാളുന്ന  അല്‍ത്താനി കുടുംബം  അതിനു വഴിയൊരുക്കി. ഇന്ത്യന്‍ അംബാസഡര്‍ ദീപക് മിത്തലും ചര്‍ച്ചകളില്‍ പങ്കെടുത്തിരുന്നു.

വേള്‍ഡ് കപ്പ് മാനേജ്മെന്റ് ടീമിലെ രവികുമാറും ഫിഫ പ്രതിനിധി ആഴ്സിന്‍ വെങ്കറും

ദോഹയിലെ ബിര്‍ള പബ്ലിക് സ്‌കൂളിന്റെ ഡയറക്റ്റര്‍മാരായ സിവി  റപ്പായിയും ഡോ. മോഹന്‍ തോമസും  ചര്‍ച്ചകളില്‍ പങ്കെടുത്തു. ദോഹയില്‍ ഇലക്ട്രോണിക് വ്യാപാര സമുച്ചയത്തിന്റെ ഉടമയായ  റപ്പായി ഇരിങ്ങാലക്കുട  ക്രൈസ്ട് കോളജിലെ പൂര്‍വ വിദ്യാര്‍ത്ഥിയാണ്. നോര്‍ക്കയുടെയും ഇങ്കലിന്റെയും  ഡയറക്ടറും ലോക കേരള സഭയുടെ മൈഗ്രെഷന്‍ കമ്മിറ്റി അധ്യക്ഷനുമാണ്. ഡോ.. മോഹനും നോര്‍ക്ക ഡയറക്ടറും ലോക കേരള സഭാ ഭാരവാഹിയുമാണ്.

 എംജി  യുണിവേഴ്‌സിറ്റി  ഖത്തര്‍ ശാഖയില്‍ അന്നാട്ടില്‍ നിന്നുള്ളവരെ യാണ് അധ്യാപകരായി നിയമിക്കുക. ഖത്തറിലെ പല വിദ്യാഭ്യാസസ്ഥാപനങ്ങളിലും ഡോക്ട്രേറ്റുള്ള മലയാളികള്‍ ഗസ്‌റ് ഫാക്കല്‍റ്റിയായി ജോലി ചെയ്യുന്നുണ്ട്. അവര്‍ ഭര്‍ത്താക്കന്മാരോ ഭാര്യമാരോ ആയിരിക്കും. 'അവര്‍ക്കു സ്ഥിരമായി ജോലി നല്‍കാന്‍ നമുക്ക് കഴിയും,' ഡോ. കുമാര്‍ അറിയിച്ചു.

 ഓയിലും ഗ്യാസുമുള്ള ഖത്തര്‍ ഗള്‍ഫില്‍  ഏറ്റവും വേഗത്തി ല്‍ വളരുന്ന രാജ്യം ആണിന്ന്. വേള്‍ഡ് കപ്പിന് വേണ്ടി അവര്‍ പടുത്തുയത്തിയ സ്റ്റേഡിയങ്ങളും ഹോട്ടല്‍ സമുച്ചയങ്ങളും കണ്ടാല്‍ കണ്ണ് തള്ളിപ്പോകും. യൂറോപ്യന്‍ വാസ്തു ശില്‍പ്പികള്‍ മനോഹരമായി രൂപകല്‍പന ചെയ്ത ഖത്തര്‍ നാഷണല്‍ ലൈബ്രറിയില്‍ പത്തുലക്ഷം പുസ്തകങ്ങള്‍ ആണുള്ളത്.

നാലു പതിറ്റാണ്ടു മുമ്പ് ആരംഭിച്ച എംജി യൂണിവേഴ്സിറ്റിയില്‍ 60, 000 പുസ്തകങ്ങളുണ്ട്. ലോകത്തിലെ ഏറ്റവും വലിയ ഗ്രന്ഥശാലകളില്‍ നാലാമത്തേതായ ന്യൂയോര്‍ക് പബ്ലിക് ലൈബ്രറിയില്‍ പുസ്തകങ്ങളും മാസികകളും വീഡിയോകളുമായി 5.3 കോടി ഐറ്റങ്ങളാണുള്ളത്'. 1895ല്‍ തുറന്നു.  സ്റ്റാഫ് 3150. 1882ല്‍ ദിവാന്‍ ടി. രാമറാവു വിന്റെ കാലത്ത് തുറന്ന കോട്ടയം പബ്ലിക് ലൈബ്രറിയില്‍ ഒരു ലക്ഷം പുസ്തകങ്ങള്‍ ഉണ്ട്.

 ''വേള്‍ഡ് കപ്പിന്റെ ഉദ്ഘാടന മത്സരം നടക്കുന്ന സ്റ്റേഡിയം കാണാന്‍ പോയി. പുറത്തുനിന്നു ആ വിസ്മയം കണ്ടു നിന്നു. ഉള്ളില്‍ കയറാന്‍ കഴിഞ്ഞില്ല. ഉള്ളിലെ വിശേഷങ്ങള്‍ നെറ്റില്‍ ഇഷ്ട്ടം പോലെ ഉണ്ടല്ലോ,''ഡോ. അരവിന്ദകുമാര്‍  പറഞ്ഞു.  

 ഡെക്കാണ്‍ ഹെറാള്‍ഡ് സ്‌പോര്‍ട്‌സ് എഡിറ്റര്‍  ആയി  ബാര്‍സിലോണ ഒളിംപിക് സ് റിപ്പോര്‍ട്ട് ചെയ്ത രവികുമാര്‍ ആണ് വേള്‍ഡ് കപ്പ് പ്രൊമോഷന്‍ ടീമിലെ ഒരു പ്രമുഘാംഗം.

 രവികുമാര്‍ ഇരവിപേരൂര്‍ സ്വദേശിയാണ്.  തിരുവല്ല മാര്‍ത്തോമ്മാ കോളജില്‍ കൂടെപഠിച്ച ക്രിസ് തോമസും മനോരമയെ പ്രതിനിധീകരിച്ച് ബാഴ്‌സിലോണയില്‍ എത്തിയിരുന്നു. ക്രിസിന്റെ പുത്രന്‍ അജി ഇപ്പോള്‍  ദോഹയില്‍ വേള്‍ഡ് കപ് ഓഫീസില്‍ കൂടെയുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക