Image

വിശ്വാസത്തിനായി ജീവനേകിയ വിശുദ്ധ രക്തസാക്ഷി ദേവസഹായം

Published on 22 May, 2022
വിശ്വാസത്തിനായി ജീവനേകിയ വിശുദ്ധ രക്തസാക്ഷി ദേവസഹായം

ആദ്യകാലജീവിതം

1712 ഏപ്രിൽ മാസം ഇരുപത്തിമൂന്നാം തീയതി, തിരുവതാംകൂർ രാജ്യത്തിനു കീഴിലുണ്ടായിരുന്ന ഇന്നത്തെ തമിഴ്‌നാട് സംസ്ഥാനത്തെ, കന്യാകുമാരി ജില്ലയിൽ, നട്ടാലം എന്ന സ്ഥലത്ത്, വാസുദേവൻ നമ്പൂതിരിയുടെയും ദേവകിയമ്മയുടെയും മകനായാണ് ദൈവസഹായം എന്ന പേരിൽ പിന്നീട് അറിയപ്പെട്ട നീലകണ്ഠൻ ജനിച്ചത്. ചെറുപ്പത്തിൽത്തന്നെ കൊട്ടാരത്തിൽ കാര്യദർശിയായി അദ്ദേഹം ജോലി ആരംഭിച്ചു. സംസ്‌കൃതം, തമിഴ്, മലയാളം എന്നീ ഭാഷകളിൽ പണ്ഡിതനായി വളർന്ന അദ്ദേഹം, തർക്കം, വേദാന്തം, ആയുധാഭ്യാസം തുടങ്ങിയവയിലും മികച്ച പ്രാവീണ്യം നേടി. ആയുധാഭ്യാസത്തിൽ നേടിയ മികവിലൂടെ 1740-ൽ തന്റെ ഇരുപത്തിയെട്ടാമത്തെ വയസ്സിൽ ദേവസഹായം സൈന്യത്തിൽ ഉദ്യോഗസ്ഥനായി.

തിരുവതാംകൂർ - ഡച്ച് യുദ്ധം

കുളച്ചൽ യുദ്ധത്തിൽ തിരുവിതാംകൂർ സൈന്യം ഡച്ച് സൈന്യത്തെ പരാജയപ്പെടുത്തിയതിനെത്തുടർന്ന്, യുദ്ധത്തിൽ തോൽപ്പിക്കപ്പെട്ടവരുടെ കൂടെയുണ്ടായിരുന്ന ഡച്ച് സൈന്യാധിപൻ ഡിലനോയിയും പിടിക്കപ്പെട്ടിരുന്നു. അദ്ദേഹത്തിന്റെ സൈനികപാടവം മനസ്സിലാക്കിയ മാർത്താണ്ഡവർമ മഹാരാജാവ്,  തിരുവിതാംകൂർ സൈന്യത്തിന്റെ നവീകരണച്ചുമതല ക്യാപ്റ്റൻ ഡിലനോയിയെ ഏൽപ്പിച്ചു. സൈനികസേവനം നടത്തുന്ന ഡിലനോയിയുടെ സഹായിയായി മഹാരാജാവ് തന്റെ കാര്യദർശിയായിരുന്ന നീലകണ്ഠൻ പിള്ളയെ നിയമിച്ചു.

ക്രൈസ്തവവിശ്വാസത്തിലേക്ക്

ക്രൈസ്തവനായിരുന്ന ഡിലനോയിയിൽ നിന്നാണ് നീലകണ്ഠൻ പിള്ള യേശു ക്രിസ്തുവിനെക്കുറിച്ച് അറിഞ്ഞത്. പിന്നീട്,  തെക്കൻ തിരുവിതാംകൂറിലെ നേമം എന്ന സ്ഥലത്ത് മിഷനറിയായിരുന്ന ജോൺ ബാപ്റ്റിസ്റ്റ് ബുട്ടാരി എന്ന ഈശോസഭാവൈദികനിൽ നിന്ന് 1745 മെയ്‌മാസം പതിനാലാം തീയതി അദ്ദേഹം മാമ്മോദീസ സ്വീകരിക്കുകയും ക്രൈസ്തവവിശ്വാസത്തിലേക്ക് കടന്നു വരികയും ചെയ്തു.  നിലകണ്ഠപിള്ള എന്ന പേരിൽ നിന്ന് മാറി വിശുദ്ധഗ്രന്ഥത്തിൽ കാണുന്ന ലാസർ എന്ന പേരാണ് അദ്ദേഹം മാമ്മോദീസാപ്പേരായി സ്വീകരിച്ചത്. ലാസർ എന്ന പേരിന്, ദൈവം സഹായിക്കുന്നു, ദൈവത്തിന്റെ സഹായം എന്നൊക്കെ അർത്ഥം വരുന്നതിനാൽ, ദൈവസഹായം എന്ന പേരാണ് അദ്ദേഹത്തിന്‌ നൽകപ്പെട്ടത്. ക്രൈസ്തവവിശ്വാസം സ്വീകരിക്കുമ്പോൾ അദ്ദേഹത്തിന് 33 വയസു പ്രായമായിരുന്നു.

വിശ്വാസമുണർത്തിയ അസ്വാരസ്യങ്ങൾ

നീലകണ്ഠൻ പിള്ളയുടെ മതംമാറ്റം തിരുവതാംകൂർ രാജ്യത്തെ സംബന്ധിച്ചിടത്തോളം ഏറെ സന്തോഷദായകമല്ലായിരുന്നു. മാത്രവുമല്ല, രാജ്യത്തിന്റെ ഭദ്രമായ നിലനില്പിനുതന്നെ അപകടം വരുത്തിവയ്ക്കുന്ന ഒന്നായി അത് മാറിയേക്കാമെന്ന് അധികാരികൾ ഭയപ്പെട്ടിരുന്നു. ഇതിനു കാരണം ഹൈന്ദവ കുടുംബത്തിൽ ജനിച്ച അദ്ദേഹം, പതിവായി ക്രൈസ്തവ കൂദാശകളിൽ പങ്കെടുക്കുകയും, കീഴ്‌ജാതിയിൽപ്പെട്ടതും, സമൂഹത്തിൽ തന്നെക്കാൾ താഴ്ന്ന നിലയിൽ ആയിരുന്നതുമായ ആളുകളുമൊത്ത് ഭക്ഷണം കഴിക്കുകയും ചെയ്തു എന്നതുകൂടിയാണ്. അതുപോലെതന്നെ, തിരുവതാംകൂർ രാജ്യത്തിന്റെ വിവിധയിടങ്ങളിൽ അദ്ദേഹം സുവിശേഷം പ്രസംഗിക്കുകയും, അനീതിപരമായ പ്രവർത്തനങ്ങൾക്കും അന്ധവിശ്വാസങ്ങൾക്കും എതിരെ സംസാരിച്ചതും അദ്ദേഹത്തെ പലരുടെയും അപ്രീതിക്ക് പാത്രീഭൂതനാക്കി. ജാതിവ്യവസ്ഥ ഏറെ ശക്തമായി നിലനിന്നിരുന്ന ഒരു കാലത്ത് ഉയർന്ന ജാതിയിൽപ്പെട്ട ഒരാൾ മതപരിവർത്തനം നടത്തുകയും, മറ്റുള്ളവരോട് തന്റെ പുതിയ കാഴ്ചപ്പാടുകളും, വിശ്വാസവും പ്രഘോഷിക്കുകയും ചെയ്യമ്പോൾ ഉണ്ടാകുന്ന സാമൂഹിക പ്രത്യാഘാതങ്ങൾ ചിന്തിക്കാവുന്നതേയുള്ളൂ.

ദേവസഹായം പിള്ളയുടെ സുവിശേഷപ്രഘോഷണം മറ്റുള്ളവരെ ക്രൈസ്തവവിശ്വാസത്തിലേക്ക് ആകർഷിച്ചു. അദ്ദേഹത്തിന്റെ ഭാര്യ ഭാർഗ്ഗവിയമ്മാൾ ആയിരുന്നു ക്രൈസ്തവവിശ്വാസം സ്വീകരിച്ചവരിൽ ഒരാൾ. ജ്ഞാനപ്പൂ എന്ന പേരാണ് ഭാർഗ്ഗവിയമ്മാൾ സ്വീകരിച്ചത്. തെരേസ എന്ന പേരിന്റെ തമിഴ് പരിഭാഷയാണ് ജ്ഞാനപ്പൂ.

1949 ഫെബ്രുവരി ഇരുപത്തിമൂന്നിന്, അന്യായമായ കുറ്റങ്ങൾ ആരോപിച്ച് അദ്ദേഹത്തെ അറസ്റ്റ് ചെയ്യുവാൻ രാജാവ് കൽപ്പന പുറപ്പെടുവിച്ചു. തുടർന്ന് അദ്ദേഹം തുറുങ്കിലടയ്ക്കപ്പെടുകയും മരണശിക്ഷയ്ക്ക് വിധിക്കപ്പെടുകയും ചെയ്തു.

കഠിനമായ പീഡനങ്ങൾ

മരണത്തിന് വിധിക്കപ്പെട്ട ദേവസഹായം അതികഠിനമായ പീഡനങ്ങളാണ് ഏറ്റുവാങ്ങിയത്. അദ്ദേഹത്തിന്റെ കൈകൾ ബന്ധിച്ച്, എരിക്കിൻപൂമാല കഴുത്തിൽ അണിയിച്ച് എരുമപ്പുറത്തിരുത്തി നഗരത്തിലൂടെ നടത്തി. പൊതുനിരത്തിൽവച്ച് നിർദ്ദയം മർദ്ദിക്കപ്പെട്ടു. മുറിവുകളിൽ മുളകുപൊടി വിതറി. എന്നാൽ ഈ മർദ്ദനങ്ങളെല്ലാം ദേവസഹായം തന്റെ വിശ്വാസത്തെപ്രതി സന്തോഷപൂർവ്വം സഹിച്ചു. വിവിധ ഗ്രാമങ്ങളിലേക്ക് അദ്ദേഹത്തെ കൊണ്ടുപോയി. ഏതാണ്ട് ഏഴു മാസത്തോളം ചങ്ങലകളിൽ ബന്ധിച്ച് അദ്ദേഹത്തെ ഒരു മരത്തിൽ കെട്ടിയിട്ടു. കിടക്കുവാനോ, ഇരിക്കുവാൻ പോലുമോ സാധിക്കാത്ത വിധത്തിൽ മുറുകെയാണ് അദ്ദേഹത്തെ ബന്ധിച്ചിരുന്നത്. ഈ പീഡനങ്ങളെല്ലാം മറ്റു പ്രജകൾക്കുള്ള ഒരു മുന്നറിയിപ്പും ശാസനയുമായിരുന്നു. പിന്നീട്  അദ്ദേഹത്തെ ആരൽവായ്‌മൊഴി എന്നയിടത്തേക്ക് കൊണ്ടുപോയി. 1752 ജനുവരി മാസം പതിനാലാം തീയതി രാത്രി പട്ടാളക്കാർ അദ്ദേഹത്തെ വിളിച്ചുണർത്തി, സമീപത്തുള്ള കാറ്റാടി മല എന്നയിടത്തേക്ക് കൊണ്ടുപോയി. അതിനു മുൻപായി, അദ്ദേഹത്തെ വധിക്കുവാനുള്ള തീരുമാനം എടുക്കപ്പെട്ടിരുന്നു. മരിക്കുന്നതിന് മുൻപായി അദ്ദേഹം പ്രാർത്ഥിക്കാൻ അവസരം ചോദിച്ചതനുസരിച്ച് പട്ടാളക്കാർ അതിന് സമ്മതിച്ചു. പിന്നീട് പട്ടാളക്കാർ  അദ്ദേഹത്തെ വെടിവച്ചു കൊന്നു. അഞ്ചുവട്ടം അദ്ദേഹത്തിനുനേരെ തിരയുതിർത്തു എന്നാണ് പറയപ്പെടുന്നത്. യേശുവിന്റെയും മാതാവിന്റെയും മധുരനാമങ്ങൾ ഉരുവിട്ടുകൊണ്ടാണ് തന്റെ മുപ്പത്തിയൊൻപതാം വയസ്സിൽ അദ്ദേഹം ജീവൻ വെടിഞ്ഞത്.

ദേവസഹായത്തെ വധിച്ചതിന് ശേഷം പട്ടാളക്കാർ അദ്ദേഹത്തിന്റെ ശരീരം അടക്കം ചെയ്യാതെ, വന്യമൃഗങ്ങൾ തിന്നുന്നതിനായി ഉപേക്ഷിച്ചു. എന്നാൽ അഞ്ചു ദിവസങ്ങൾക്ക് ശേഷം, ക്രിസ്ത്യാനികൾ അവിടെയെത്തി അദ്ദേഹത്തിന്റെ ഭൗതികാവശിഷ്ടങ്ങൾ ശേഖരിച്ച്, ഇന്നത്തെ കോട്ടറിൽ വിശുദ്ധ ഫ്രാൻസിസ് സേവ്യറിന്റെ നാമധേയത്തിലുള്ള കത്തീഡ്രലിൽ ദേവാലയത്തിൽ ഒരു കല്ലറയിൽ അടക്കം ചെയ്തു. അൽമായനായിരുന്ന ഒരാളെ ദേവാലയത്തിനുള്ളിൽ സംസ്കരിച്ചതുതന്നെ, അദ്ദേഹത്തോട് അന്നത്തെ ക്രൈസ്തവർക്കുണ്ടായിരുന്ന മതിപ്പിന്റെ വ്യക്തമായ അടയാളമാണ്. വിവാഹിതനായ അല്മയനും, പുതുക്രിസ്ത്യാനിയുമായിരുന്ന ദേവസഹായത്തെ ആദ്യകാലം മുതൽ ഒരു വിശുദ്ധനായി ആളുകൾ കരുതിപ്പോന്നിരുന്നു.

നാമകരണം

ദേവസഹായത്തെ വിശുദ്ധനായി നാമകരണം ചെയ്യണമെന്നുള്ള അപേക്ഷകൾ നേരത്തെ തന്നെ റോമിലേക്ക് എത്തിയിരുന്നു. 1785-ൽ എഴുതപ്പെട്ട വർത്തമാനപുസ്തകം എന്ന യാത്രാവിവരണഗ്രന്ഥത്തിൽ, പാറേമ്മാക്കൽ തോമ്മാക്കത്തനാർ ഇത് സംബന്ധിച്ച് എഴുതിയിട്ടുണ്ട്. രണ്ടായിരത്തിനാലിൽ, തമിഴ്‌നാട്ടിലെ കത്തോലിക്കാ മെത്രാൻസംഘം, ദേവസഹായത്തെ വിശുദ്ധപദവിയിലേക്ക് ഉയർത്തുന്നതുമായി ബന്ധപ്പെട്ട അപേക്ഷ വത്തിക്കാനിൽ സമർപ്പിച്ചിരുന്നു.

രണ്ടായിരത്തിപന്ത്രണ്ട് ഡിസംബർ രണ്ടാംതീയതി, ബെനഡിക്ട് പതിനാറാമൻ എമെരിറ്റസ് പാപ്പായുടെ തീരുമാനപ്രകാരം, തമിഴ്‌നാട്ടിലെ സെന്റ് ഫ്രാൻസിസ് സേവ്യർ കത്തീഡ്രൽ ദേവാലയത്തിൽ വച്ച് കർദ്ദിനാൾ ആഞ്ചെലോ അമാത്തോ ദേവസഹായത്തെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചു. 2022 മെയ് പതിനഞ്ചിന് പരിശുദ്ധ പിതാവ് ഫ്രാൻസിസ് പാപ്പാ ദേവസഹായത്തെ വിശുദ്ധനായി പ്രഖ്യാപിച്ചു.

കത്തോലിക്കാസഭ ദേവസഹായത്തിന് രക്തസാക്ഷിപദവി നൽകി ആദരിക്കുന്നതിനെ ചിലരെങ്കിലും എതിർത്തിരുന്നു. പതിനെട്ടാം നൂറ്റാണ്ടിലെ തിരുവിതാംകൂറിൽ മതപരിവർത്തനവുമായി ബന്ധപ്പെട്ട് പീഡനങ്ങൾ ഒന്നും നടന്നിരുന്നില്ലെന്നും, രാജദ്രോഹക്കുറ്റത്തിന്റെ പേരിലായിരുന്നു അദ്ദേഹം വധിക്കപ്പെട്ടത് എന്നുമാണ് ഇതുമായി ബന്ധപ്പെട്ട വാദങ്ങൾ. ഈ വാദങ്ങളിൽ എന്തുമാത്രം കഴമ്പുണ്ടായിരിക്കാം എന്ന ചോദ്യത്തിന്, ജാതി, വർഗ്ഗ, വർണ്ണ ചിന്തകൾ ഇന്നും നിലനിൽക്കുന്ന നമ്മുടെ നാടിന്റെ ചരിത്രം തന്നെ ഉത്തരം നൽകുന്നുണ്ട്.

ശക്തമായ വിശ്വാസം

ക്രിസ്തുവിന്റെ പീഡാനുഭവങ്ങൾ പോലെ, അപമാനത്തിന്റെയും, വേദനയുടെയും അനുഭവങ്ങളുടേതായിരുന്നു ദേവസഹായത്തിന്റെയും അവസാനദിനങ്ങൾ. മറ്റുള്ളവരുടെ മുന്നിൽ അപമാനിക്കപ്പെടുമ്പോൾ, ചാട്ടവാറിനടിയേൽക്കുമ്പോൾ, കൈകൾ ബന്ധിച്ച് എരുമപ്പുറത്ത് നാടുമുഴുവൻ ചുറ്റിനടത്തുമ്പോൾ, ചങ്ങലകളാൽ മരത്തിൽ ബന്ധിച്ചിടുമ്പോൾ, ഒരുപക്ഷെ ദേവസഹായം തന്റെ വിശ്വാസം ഉപേക്ഷിച്ചേക്കാമെന്ന ചിന്തയായിരുന്നിരിക്കണം ഈ പീഡനങ്ങളുടെ പിന്നിൽ. എന്നാൽ, ലോകത്തിന്റെ പീഡനങ്ങളെ ഭയപ്പെടാതെ, അധികാരികളുടെ ഭീഷണിക്കുമുന്നിൽ പതറാതെ, ദൈവസ്നേഹത്തിന്റെ മാധുര്യം നൽകുന്ന ശക്തിയിൽ, ആഴമേറിയ വിശ്വാസത്തിൽ തുടരുന്ന ഒരു മനോഹരമായ സാക്ഷ്യത്തിന്റെ ജീവിതമാണ് ഒരു അല്മയനായിരുന്ന ദേവസഹായത്തിന്റേത്.

വിശുദ്ധ ദേവസഹായം ഒരു സാക്ഷ്യം

കഷ്ടിച്ച് ഏഴുവർഷങ്ങൾ മാത്രം ക്രൈസ്തവനായി ജീവിച്ച ഒരു മനുഷ്യൻ യേശുക്രിസ്തുവിലുള്ള വിശ്വാസത്തിനുവേണ്ടി, ഒരുപക്ഷെ തനിക്ക് നേടാൻ കഴിയുമായിരുന്ന ഉന്നതസ്ഥാനങ്ങളും, പദവികളും ഉപേക്ഷിക്കുക മാത്രമല്ല, സ്വന്തം ജീവൻ ത്യാഗം ചെയ്യാൻകൂടി തയ്യാറാകുന്നു. ഡിലനോയിയിലൂടെയും, മറ്റു ക്രൈസ്തവമിഷനറിമാരിലൂടെയും, താൻ അറിഞ്ഞ സ്നേഹത്തിന്റെ സുവിശേഷം, താൻ ആയിരുന്ന ഇടങ്ങളിൽ, പ്രഘോഷിക്കുവാൻ മടി കാണിക്കാത്ത ദേവസഹായം ഓരോ ക്രൈസ്തവനും, പ്രത്യേകിച്ച്, ഇന്നത്തെ ഭാരത കത്തോലിക്കാസഭയിൽ മാതൃകയാണ്. എന്തിനും ഏതിനും മതവിശ്വാസത്തിൽ കുറ്റം കണ്ടുപിടിക്കാൻ നെട്ടോട്ടമോടുന്ന അവിശ്വാസികളുടെ മുന്നിൽ, ഉറച്ച സ്വരത്തോടെ ദൈവത്തിലുള്ള വിശ്വാസം ഏറ്റുപറയാൻ ദേവസഹായത്തിന്റെ ജീവിതം നമ്മെ വെല്ലുവിളിക്കുന്നുണ്ട്. സഭാമേലധ്യക്ഷന്മാരുടെയും, സമർപ്പിതരുടെയും, ക്രൈസ്തവവിശ്വാസികളുടെയും ജീവിതത്തിലെ വീഴ്ചകളെ സമൂഹത്തിന് മുന്നിൽ വിളിച്ചുപറഞ്ഞ്, സഭയെ ദുർബലമാക്കാൻ,വിശ്വാസത്തെത്തന്നെ ഇല്ലാതാക്കാൻ പരിശ്രമിക്കുന്ന നിരീശ്വരവാദികളുടെയും, അല്പവിശ്വാസികളുടെയും ജീവിതത്തോട്, മറ്റുള്ളവരെ കുറ്റപ്പെടുത്തുന്നതിനേക്കാൾ, അവനവന്റെ ജീവിതത്തെ നന്മയിലും വിശുദ്ധിയിലും നിറഞ്ഞതാക്കാൻ, മറ്റുള്ളവർക്ക് മാതൃകാപരമാക്കാൻ ഈ രക്തസാക്ഷിയുടെ ജീവിതം ആഹ്വാനം ചെയ്യുന്നു. വിശ്വാസത്തിനെതിരായ പഠിപ്പീരുകളുടെയും, ലോകമോഹങ്ങളുടെ വിളികളുടെയും മുന്നിൽപ്പോലും, യേശുവിലുള്ള വിശ്വാസത്തിന്റെ ജീവിതസാക്ഷ്യമാകാനുള്ള വിളി എല്ലാ ക്രൈസ്തവരുടേതുമാണെന്ന് വിശുദ്ധ ദേവസഹായത്തിന്റെ ജീവിതം ഓർമ്മിപ്പിക്കുന്നുണ്ട്. വിശുദ്ധി എന്നത്, കുറച്ചു വൈദികർക്കോ, സമർപ്പിതർക്കോ, നൂറ്റാണ്ടുകൾക്ക് മുൻപ് ജീവിച്ചിരുന്ന മനുഷ്യർക്കോ മാത്രമുള്ളതല്ല എന്നും ഇന്നത്തെ തലമുറയ്ക്കും ഓരോ ക്രൈസ്തവവിശ്വാസിക്കും ഈ ലോകത്തിന് മുന്നിൽ യേശുവിന്റെ സാക്ഷ്യമേകാനുള്ള ഒരു വിളിയുണ്ട് എന്നും ഭാരതത്തിന്റെ തെക്കേ കോണിൽനിന്നു വരുന്ന ഒരു വിശുദ്ധൻ, രക്തസാക്ഷിയായ ദേവസഹായം ഇന്ന് ലോകത്തോട് വിളിച്ചുപറയുകയാണ്.

സഭയിലും സമൂഹത്തിലും രാഷ്ട്രത്തിലും അധികാരത്തിനും സ്ഥാനമാനങ്ങൾക്കും വേണ്ടി നെട്ടോട്ടമോടുന്ന ഓരോ വിശ്വാസിയുടെയും, പ്രത്യേകിച്ച് ക്രൈസ്തവവിശ്വാസിയുടെയും മുന്നിൽ ദേവസഹായത്തിന്റെ ജീവിതം ഒരു ചൂണ്ടുപലകയായി നിൽപ്പുണ്ട്. ഈ ഭൂമിയിലെ ജീവിതം ദൈവത്തെ പിഞ്ചെന്നുള്ളതാകണമെന്ന്, സ്വർഗ്ഗോന്മുഖമായ ഒരു തീർത്ഥാടനമാകണമെന്ന് ഈ വിശുദ്ധന്റെ ജീവിതം നമ്മോട് വിളിച്ചുപറയുന്നുണ്ട്.

ക്രൈസ്തവൻ ജീവിക്കുന്നതും സാക്ഷ്യം നൽകുന്നതും, ലോകത്തിന്റെ അധികാരങ്ങൾക്കോ രാജ്യങ്ങൾക്കോ എതിരെയല്ല. ക്രൈസ്തവൻ സാക്ഷ്യം നൽകുന്നത്, എല്ലാവരെയും സഹോദരങ്ങളായി കണക്കാക്കാൻ മനുഷ്യരെ പഠിപ്പിച്ച ഒരു ദൈവത്തിനാണ്. പാപത്തിന്റെ മാർഗ്ഗത്തിൽനിന്ന് പിന്തിരിഞ്ഞ് ജീവന്റെ വഴി പിന്തുടരാൻ പഠിപ്പിച്ച ഒരു ദൈവത്തിനാണ്. മാനവരാശിയെ മുഴുവൻ സ്വന്തം മക്കളായി സ്നേഹിക്കുന്ന ഒരു പിതാവായ ദൈവത്തെക്കുറിച്ച് പഠിപ്പിക്കുന്ന, ആ പിതാവിനായി മാനവകുലത്തെ വീണ്ടെടുക്കുവാൻ സ്വജീവൻ കുരിശിലർപ്പിച്ച ദൈവപുത്രനായ ക്രിസ്തുവിനാണ്. ആ ക്രിസ്തുവിലുള്ള വിശ്വാസത്തിൽ ആഴപ്പെടുവാനും, യേശുവിനുവേണ്ടി നമ്മുടെയും ജീവിതങ്ങളെ സമർപ്പിക്കാനും, ലോകത്തിന് മുഴുവൻ ക്രൈസ്തവസാക്ഷ്യത്തിന്റെ ജീവിക്കുന്ന അടയാളങ്ങളാകാനും വിശുദ്ധ ദേവസഹായം നമുക്ക് മാതൃകയാകട്ടെ, ശക്തിയേകട്ടെ.

***************************************************

മോൺസിഞ്ഞോർ ജോജി വടകര,

വത്തിക്കാന്‍ സിറ്റി

Join WhatsApp News
'പിള്ളയുടെ' ശുക്രദശ 2022-05-22 02:09:57
സത്യം ഒരു വഴിയേ, ചരിത്രം മറ്റൊരു വഴിയേ. ഇ ലേഖനവും അതുപോലെയാണ്. മാർത്താണ്ഡവർമ്മക്കെതിരെ ഇയാൾ ഗൂഢാലോചന നടത്തി എന്നതാണ് കേരള ചരിത്രത്തിൽ കാണുന്നത്. ഇ ലേഖനം കാത്തലിക് സഭ ഉണ്ടാക്കിയ കൃത്രിമം എന്ന് പറയാം. ഏതായാലും ഇത് 'പിള്ളയുടെ' ശുക്രദശ കാലം. അരകല്ല് പിള്ള, ആട്ടുകല്ലു പിള്ള ഇനി ശിവലിംഗം ആണെന്ന് പറയുമോ?. ബ്രമ്മാവിനും വിഷ്‌ണുവിനും ലിംഗം ഇല്ലേ? ദൈവ സഹായം പിള്ളയുടെ പ്രതിമ ഓരോ NSS കരയോഗ ഓഫിസിനു മുൻപിൽ സ്ഥാപിച്ചാൽ നല്ല വരുമാനം ലഭിക്കും. ഇന്ത്യ ദരിദ്ര രാജ്യമായി അധഃപതിക്കുമ്പോൾ ജനശ്രദ്ധ തിരിക്കാൻ മോസ്‌ക്കിനടിയിൽ ശിവലിംഗം കണ്ടെത്തുന്നു. അർത്തുങ്കൽ പള്ളി ഇരിക്കുന്നത് തകർത്ത ഹിന്ദു ക്ഷേത്രത്തിനു മുകളിലാണ് എന്ന് ടി ജി മോഹൻദാസ് പറഞ്ഞത് മറക്കരുത്. ദൈവദാസൻ പിള്ളയും NSS പിള്ളമാരും തമ്മിൽ അടിപിടി ഉണ്ടാകുമോ അതോ ക്രിസങ്കി ഐക്യം ഉണ്ടാകുമോ. തിരിസൂർ രൂപതയിൽ നിന്നും 50000 കത്തോലിക്കർ നിരീശരക്കാർ ആയി എന്ന് ബിഷപ്പ് പ്രസ്ഥാവിച്ചതും മറക്കരുത്.
കാസയിൽ വിഷം 2022-05-22 07:16:32
കാസയിൽ വിഷം കലക്കുന്ന തീവ്ര വർഗീയവാദികളും അത് വിശ്വാസികൾക്ക് നാവിൽ തൊട്ട് നൽകുന്ന സഭാ മേലധ്യക്ഷൻമാരും, പുരോഹിതരും ചേർന്ന് ക്രിസ്തുവിന്റെ സഭയെ നയിക്കുന്നത് സർവ്വനാശത്തിലേക്ക് ആണെന്ന് പറഞ്ഞാൽ ഒട്ടും അതിശയോക്തിയില്ല, ഇരുകൂട്ടരുടെയും ലക്ഷ്യം ഒന്ന് തന്നെ... സർവ്വനാശം... JSL ക്ലബ്‌ഹൗസ് ചർച്ച ചെയുന്നു... *മെത്രാന്റെ രോദനവും കാസയുടെ നുണകളും* മെയ്‌ 22 ഞായറാഴ്ച വൈകുന്നേരം 4 മണിക്ക് JSL ക്ലബ്‌ ഹൗസിൽ... ചർച്ചയിൽ പങ്കെടുക്കാനും അഭിപ്രായങ്ങൾ രേഖപ്പെടുത്താനും ഏവരെയും JSL ഹൃദയപൂർവ്വം സ്വാഗതം ചെയ്യുന്നു, ചർച്ചയുടെ ലിങ്ക് 👇 https://www.clubhouse.com/join/jsl/x0Wm1ipU/xoyGqRJ8...
കോമാളികുപ്പായം 2022-05-22 07:28:09
ഓട്ടോറിക്ഷ ഓടിക്കുന്ന ഈഴവ ചെറുപ്പക്കാര് കൈ കാണിച്ചാൽ ഓട്ടോയിൽ അവന്റെ കൂടെ കയറി പോകും. മുസ്ലിം ചെറുപ്പക്കാർ ഐസ് ക്രീം വാങ്ങി കൊടുത്താൽ അവന്റെ കൂടെ ഓടി സിറിയായ്ക്കു പോകും. പള്ളിയിൽ പോകുന്ന വഴി നിരീശ്വരവാദികളായ ചെറുപ്പക്കാർ കണ്ണിറുക്കി കാണിച്ചാൽ അവന്റെ കൂടെ പോകും. പറയുന്നത്, കുഞ്ഞിന് ഒരു നേരത്തെ ആഹാരം വാങ്ങാൻ മുടിയിൽ മുല്ലപ്പൂ ചൂടി ബസ്സ്റ്റാൻഡിൽ നിൽക്കുന്ന സ്ത്രീകളെ കുറിച്ചല്ല; സ്വന്തം സഭയിലെ-തങ്ങളെ കാണുമ്പോൾ ഭയഭക്തി ബഹുമാനത്തോടെ കൈമുത്തുന്ന, തങ്ങളെ പിതാവേ എന്ന് വിളിക്കുന്ന ചെറുപ്പക്കാരികളായ സ്ത്രീകളെ കുറിച്ച് അരപ്പട്ട കെട്ടിയ മെത്രാന്മാർ പറയുന്നതാണ് ✍🏿ജിം തോമസ് കണ്ടാരപ്പള്ളി എന്താണ് പരിഹാരം ആദ്യം അരപ്പട്ടക്കാരുടെ ആഡംബരകാറുകൾ കിട്ടുന്ന വിലക്ക് വിറ്റ് ഒരു സാധാരണ വാഹനം വാങ്ങികൊടുക്കുക... റൂമിലെയും, ഓഫീസിലെയും A/C അഴിച്ചു മാറ്റി ഒരു ഫാൻ ഇട്ട് കൊടുക്കുക... എല്ലാ അരപ്പട്ട ഹൗസിലും ഒരേക്കർ സ്ഥലം കൃഷി ചെയ്യാൻ ആയി വിട്ട് കൊടുക്കുക... പള്ളിപരിപാടി കഴിഞ്ഞുള്ള സമയം സ്വന്തം ഭക്ഷണം വച്ചു കഴിച്ചും, കൃഷി ചെയ്‌തും ജീവിക്കട്ടെ... അപ്പോൾ തിരിച്ചറിവ് വരും സാധാരണക്കാർ എങ്ങനെ ആണ് ജീവിക്കുന്നത് എന്ന്... അപ്പോൾ തലക്ക് വെളിവ് വരും, ഉപദേശം നിർത്തും.. പിന്നെ കോമാളികുപ്പായം ഇട്ട് നടക്കുമ്പോൾ അവജ്ഞ ഉണ്ടാകും... ഒന്നും പറ്റിയില്ലെങ്കിൽ ഏദൻ തോട്ടത്തിലെ ഹവ്വാ തിന്ന പഴം ഇവർക്ക് സംഘടിപ്പിച്ചു കൊടുക്കുക... അപ്പോൾ ബുദ്ധിഉണരും , നാണവും വരും.. അപ്പോൾ ഈ കോമാളി കുപ്പായവും ഉപേക്ഷിച്ചു വല്ല തൊഴിലും ചെയ്ത് ജീവിച്ചോളും... സഭ രക്ഷപെടും ഒപ്പം സമൂഹവും ✍️✍️✍️ജോൺ ജോസഫ്
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക