നടിയെ ആക്രമിച്ച കേസില്‍ അന്വേഷണം അവസാനിക്കുന്നു; അഭിഭാഷകരെ ചോദ്യം ചെയ്യില്ല ; കാവ്യ പ്രതിയാകില്ല

ജോബിന്‍സ്‌ Published on 22 May, 2022
നടിയെ ആക്രമിച്ച കേസില്‍ അന്വേഷണം അവസാനിക്കുന്നു; അഭിഭാഷകരെ ചോദ്യം ചെയ്യില്ല ; കാവ്യ പ്രതിയാകില്ല

നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണം അവസാനിപ്പിക്കാന്‍ തീരുമാനിച്ച് അന്വേഷണ സംഘം. ഇനി കോടതിയില്‍ അന്വേഷണത്തിനായി സമയം നീട്ടി ചോദിക്കില്ല. ഈ മാസം 30 ന് തന്നെ കുറ്റപത്രം സമര്‍പ്പിക്കും. വധഗൂഢാലോചനാക്കേസില്‍ കാവ്യ മാധവന്‍ പ്രതിയാകില്ല. കാവ്യക്കെതിരെ തെളിവുകള്‍ ഇല്ലെന്ന് അന്വേഷണ സംഘം സ്ഥിരീകരിച്ചു. 

വധഗൂഢാലോചനാ കേസിലോ തെളിവു നശിപ്പിക്കലിലോ ദിലീപിന്റെ അഭിഭാഷകരാരും പ്രതികളാകില്ല. അഭിഭാഷകരെ ചോദ്യം ചെയ്താല്‍ മാത്രമെ കേസില്‍ മുന്നോട്ട് പോകാനാവൂ എന്ന് നേരത്തെ കോടതിയില്‍ പറഞ്ഞ അന്വേഷണ സംഘം യു ടേണ്‍ എടുക്കുകയാണ്. അഭിഭാകരുടെ മൊഴിപോലും എടുക്കാതെയാണ് കേസന്വേഷണം അവസാനിപ്പിക്കുന്നത്. 

അധിക കുറ്റപത്രത്തില്‍ ദിലീപിന്റെ സുഹൃത്ത് ശരത് മാത്രമാകും പ്രതിയാവുക. അന്വേഷണത്തിന്റെ മേല്‍നോട്ട ചുമതല ഉണ്ടായിരുന്ന എഡിജിപി എസ്. ശ്രീജിത്തിനെ കഴിഞ്ഞ ദിവസം സര്‍ക്കാര്‍ ക്രൈം ബ്രാഞ്ച് മേധാവി സ്ഥാനത്ത് നിന്നും മാറ്റിയിരുന്നു.

കാവ്യയെയും ദിലീപിന്റെ അഭിഭാഷകരേയും ചോദ്യം ചെയ്യാനുള്ള തയ്യാറെടുപ്പുകള്‍ നടക്കുന്നതിനിടെ കേസ് അന്വേഷണം തീര്‍ക്കാന്‍ കോടതി സമയപരിധി നല്‍കിയ സമയത്തായിരുന്നു തിരക്കിട്ട് എസ്. ശ്രീജിത്തിനെ സ്ഥാനത്ത് നിന്നും നീക്കിയത്. 

ഇവിടെ മുതലാണ് അന്വേഷണം ഇഴയാന്‍ തുടങ്ങിയതും പുതുതായി മറ്റൊരു കണ്ടെത്തലുകളും നടത്താതെ കോടതിയില്‍ പോലും തിരിച്ചടി ലഭിക്കുന്ന രീതിയില്‍ പോലീസ് കേസ് അന്വേഷണം അവസാനിപ്പിക്കുന്നത്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക