Image

ഇന്ധന നികുതി ഇളവ് വോട്ടുകളിൽ കണ്ണു നട്ട് 

രശ്മി സുരേഷ്  Published on 22 May, 2022
ഇന്ധന നികുതി ഇളവ് വോട്ടുകളിൽ കണ്ണു നട്ട് 



 

ആസന്നമായ നിയമസഭാ തിരഞ്ഞെടുപ്പുകൾ മുന്നിൽ കണ്ടു വിലക്കയറ്റം ഒന്നു  പിടിച്ചു നിർത്താമോ എന്നു നോക്കാൻ നരേന്ദ്ര മോദി സർക്കാർ ശനിയാഴ്ച്ച ഇന്ധനങ്ങളുടെ എക്സൈസ് തീരുവ കുറച്ചതിനു പിന്നാലെ, തൃക്കാക്കര പിടിച്ചു നൂറിലെത്താൻ പായുന്ന കേരള സർക്കാരും പെട്രോൾ-ഡീസൽ നികുതികൾ കുറയ്ക്കുമെന്നു പ്രഖ്യാപിച്ചു. 


കേന്ദ്രം പെട്രോളിനു ലിറ്ററിനു 8 രൂപയും ഡീസലിന് 6 രൂപയുമാണു കുറച്ചത്. അപ്പോൾ പെട്രോൾ വില ലിറ്ററിനു 9.50 രൂപയും ഡീസലിന് 7 രൂപയും കുറയും എന്നാണ് ധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞത്. ഈ ഇളവ് നൽകുമ്പോൾ കേന്ദത്തിനു ഒരു ലക്ഷം കോടി രൂപ നഷ്ടമുണ്ടാവുമെന്നും അവർ പറഞ്ഞു.
 
കേന്ദ്ര നടപടിയെ ധനമന്ത്രി കെ എൻ ബാലഗോപാൽ സ്വാഗതം ചെയ്തു. ധനമന്ത്രിയുടെ സന്ദേശം ഫെയ്സ്‌ബുക്കിൽ ഇങ്ങിനെ: "കേന്ദ്രസര്‍ക്കാര്‍ ഭീമമായ തോതില്‍ വര്‍ധിപ്പിച്ച പെട്രോള്‍/ഡീസല്‍ നികുതിയില്‍ ഭാഗികമായ കുറവ് വരുത്തിയിരിക്കുകയാണ്. ഇതിനെ സംസ്ഥാസര്‍ക്കാര്‍ സ്വാഗതം ചെയ്യുന്നു. ഇതിന്റെ ഭാഗമായി പെട്രോള്‍ നികുതി 2.41 രൂപയും ഡീസല്‍ നികുതി 1.36 രൂപയും സംസ്ഥാന സര്‍ക്കാര്‍ കുറയ്ക്കുന്നതാണ്." 

സംസ്ഥാനം നൽകിയ ഇളവുകൾ കൂടി ചേർന്നപ്പോൾ കേരളത്തിൽ പെട്രോളിന് 10.41 രൂപയും ഡീസലിന് 7.36 രൂപയും കുറഞ്ഞു. കൊച്ചിയില്‍ പെട്രോളിന് 106.74 രൂപയും ഡീസലിന് 92.63 രൂപയുമാണ് ഞായറാഴ്ച്ച രാവിലത്തെ വില. 

എട്ടു വർഷത്തെ ഏറ്റവും വലിയ വിലക്കയറ്റത്തിനിടെയാണ് ഈ ഇളവുകൾ. എന്നാൽ വിപണികളിൽ കൂടിയ വിലകൾ അത്രയ്ക്കൊന്നും കുറയാൻ പോകുന്നില്ലെന്ന കാര്യം മുൻകാല അനുഭവങ്ങൾ മറക്കാത്ത ജനത്തിനും അറിയാം. പച്ചക്കറി വിലകൾ കുറയാം, കാരണം ഉത്പന്നം ചീഞ്ഞുപോകും മുൻപ് വിറ്റഴിക്കണം. പക്ഷെ അരി മുതൽ പയറും പരിപ്പും വരെയുള്ള അവശ്യവസ്തുക്കൾക്കു അങ്ങിനെ കുറഞ്ഞ സംഭവങ്ങൾ ഏറെ വിരളമാണ്. മേലോട്ടു പോകുന്നതൊന്നും താഴോട്ടു വരില്ല എന്ന നിയമമാണു  കച്ചവടക്കാർ എക്കാലത്തും നടപ്പാക്കി വരുന്നത്. 

അതിനു കാരണം, വിലകൾ കുറയ്ക്കുന്നു എന്ന് പെട്രോൾ പമ്പുകളിൽ ഉറപ്പു വരുത്തുന്ന പോലെ കടകളിൽ ഉറപ്പു വരുത്തുന്ന സംവിധാനമൊന്നും ഈ നാട്ടിൽ ഇല്ല എന്നതാണ്. ചരക്കു നീക്കം ചെലവു കുറഞ്ഞതാക്കുക എന്നതാണല്ലോ ഇന്ധനവില ഇളവിന്റെ ലക്‌ഷ്യം. പക്ഷെ കുറയ്‌ക്കേണ്ടവർ കുറയ്ക്കുന്നു എന്ന് ഉറപ്പു വരുത്താൻ ഒരിക്കലൂം ഒരു നടപടിയും ഉണ്ടാവാറില്ല. 

ഡിസംബറിനു മുൻപ് മോദിയുടെ നാടായ ഗുജറാത്തിലും പിന്നെ ഹിമാചൽ പ്രദേശ്, ജമ്മു-കശ്മീർ എന്നീ സംസ്ഥാനങ്ങളിലും തിരഞ്ഞെടുപ്പുണ്ടാവും. ബി ജെ പി കഴിഞ്ഞ തവണ കഷ്ടിച്ചാണ് ഗുജറാത്തിൽ ഭൂരിപക്ഷം ഒപ്പിച്ചത്. വിലക്കയറ്റം പിടിച്ചു നിർത്തിയില്ലെങ്കിൽ അടി കിട്ടുമെന്നു ബുദ്ധിയുള്ള നേതാക്കന്മാർക്കറിയാം. 

പാചകവാതകത്തിന്, പ്രധാനമന്ത്രിയുടെ ഉജ്വല പദ്ധതിയിൽ പെട്ട ഗുണഭോക്താക്കൾക്ക് 200 രൂപ വീതം സബ്‌സിഡി നൽകും. ഇപ്പോൾ ഗാർഹിക ആവശ്യത്തിനുള്ള സിലിണ്ടറിനു വില 1,000 രൂപ കടന്നിട്ടുണ്ട്. 

ഈ ഇളവുകളിൽ സന്തോഷിക്കാമെങ്കിലും രണ്ടു മാസം മുൻപ് പെട്രോളിന് ലിറ്ററിന് 18.42 രൂപ കൂട്ടിയ കാര്യം നമ്മൾ മറക്കേണ്ട. ഇപ്പോൾ കുറച്ചത് 8 രൂപ. ഡീസലിന് അന്ന് അതേ 18.42 രൂപ കൂട്ടിയതിൽ നിന്നാണ് ഇപ്പോൾ 6 രൂപ കുറച്ചത്. 

ഇളവുകളെ കുറിച്ച് മോദി വാചാലനായി. "ഞങ്ങൾക്ക്  എപ്പോഴും ജനങ്ങളാണ് പ്രധാനം. ഇന്നത്തെ തീരുമാനങ്ങൾ --  പ്രത്യേകിച്ച് പെട്രോൾ-ഡീസൽ വിലകളിലുള്ള വമ്പിച്ച ഇളവ് -- വിവിധ മേഖലകളിൽ ചലനമുണ്ടാക്കുകയും പൗരന്മാർക്ക് ആശ്വാസം പകരുകയും ചെയ്യും. ജീവിതം കൂടുതൽ ആയാസം കുറഞ്ഞതാവും."  

നിർമല സീതാരാമൻ ശനിയാഴ്ച പറഞ്ഞു: "ലോകം വലിയ കഷ്ടപ്പാടിലൂടെ കടന്നു പോകുന്ന നേരമാണ്. കോവിഡ് മഹാമാരിയിൽ നിന്നു കര കയറുമ്പോൾ യുക്രൈൻ യുദ്ധം മൂലം ചരക്കു നീക്കത്തിൽ തടസമുണ്ടാവുകയും അത് ക്ഷാമത്തിലേക്കു നയിക്കുകയും ചെയ്തു. ഒട്ടേറെ രാജ്യങ്ങളിൽ അത് വിലക്കയറ്റവും സാമ്പത്തിക ദുരിതവും സൃഷ്ടിച്ചു.

"എങ്കിൽ കൂടി, നമ്മുടെ രാജ്യത്തു അവശ്യ സാധനങ്ങൾക്ക് ക്ഷാമം ഉണ്ടാവരുതെന്ന ശ്രദ്ധയോടെ സർക്കാർ പ്രവർത്തിച്ചു. ഏതാനും വികസിത രാജ്യങ്ങൾക്കു പോലും ക്ഷാമവും മറ്റും ഉണ്ടായി."

മോദി സർക്കാർ പാവങ്ങളുടെ ക്ഷേമത്തിൽ ഊന്നിയാണ് പ്രവർത്തിക്കുന്നതെന്ന് അവർ പറഞ്ഞു. സംസ്ഥാന സർക്കാരുകളും ഈ മാതൃക കണ്ടു ഇളവുകൾ പ്രഖ്യാപിച്ചു സാധാരണക്കാർക്ക് ആശ്വാസം നൽകണം. 

കേരളം, മഹാരാഷ്ട്ര, രാജസ്ഥാൻ, ബംഗാൾ, തമിഴ് നാട്, ആന്ധ്ര പ്രദേശ്, ജാർഖണ്ഡ് എന്നീ സംസ്ഥാനങ്ങളിൽ ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങളേക്കാൾ 10-15 രൂപ ലിറ്ററിനു കൂടുതലാണെന്നു കേന്ദ്ര മന്ത്രി ഹർദീപ് സിങ് പുരി ചൂണ്ടിക്കാട്ടി. 

"ഈ നാട്യങ്ങളൊക്കെ കൈയിൽ വച്ചാൽ മതി"  എന്നാണ് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് ധാക്കറെ പ്രതികരിച്ചത്. രണ്ടു മാസം മുൻപ് കുത്തനെ കയറ്റിയ എക്സൈസ് തീരുവയിൽ നിന്നാണ് ഈ ചെറിയ ഇളവ്. "ആദ്യം അടിച്ചു കയറ്റുക. പിന്നെ നാമമാത്രമായി കുറച്ചു വലിയ ത്യാഗം നടിക്കുക, അതാണ് നയം." 

എട്ടു വർഷത്തിനിടയിൽ 27 ലക്ഷം കോടി രൂപ ഇന്ധനകളിൽ നിന്ന് കൊള്ളയടിച്ചുണ്ടാക്കിയവരാണ് ഈ നിസാര ഇളവിന്റെ പേരിൽ വലിയ അവകാശവാദങ്ങൾ പറയുന്നതെന്ന് കോൺഗ്രസ് ചൂണ്ടിക്കാട്ടി. 2014 ലെ നിലയിലേക്ക് എല്ലാ നികുതികളും കുറയ്ക്കാമോ എന്ന് പാർട്ടിയുടെ മുഖ്യ വക്താവ് അതുൽ ലോണ്ടെ ചോദിച്ചു. 

 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക