Image

ഗവേഷണം - കഥ : ഗ്രേസി (ഗ്രേസിയുടെ കഥകൾ - 4 )

Published on 22 May, 2022
ഗവേഷണം - കഥ : ഗ്രേസി (ഗ്രേസിയുടെ കഥകൾ - 4 )
 
 
 
ലോകത്ത് നീ ഏറ്റവും കൂടുതൽ വെറുക്കുന്ന ആൾ ആരെന്ന് നിങ്ങൾ ചോദിച്ചാൽ ഉറക്കത്തിലായാൽപ്പോലും ഞാൻ പറയും, എന്റെ അപ്പനാണെന്ന്.
 
അപ്പനെ നിങ്ങൾ കണ്ടിട്ടില്ലല്ലോ? ദാ, ഞാനൊരു ചിത്രം വരയ്ക്കാം. ആറടി പൊക്കം, ഒത്ത തടി, കഴുകൻ കണ്ണുകൾ , വല്ലപ്പോഴും ഇര തേടി പതുങ്ങിയെത്തുന്ന നിശ്ശബ്ദമായ ചിരി. എന്റെ ഒരേയൊരു കൂടപ്പിറപ്പായ ചേട്ടായിക്ക് മൂന്നു വയസ്സുള്ളപ്പോൾ അപ്പന്റെ കൂടെയുള്ള പൊറുതി മതിയാക്കി അമ്മ ഓണാട്ടുകരയിലെ സ്വന്തം വീട്ടിലേയ്ക്ക് മടങ്ങിപ്പോയതാണ്. നസ്രാണികൾ കെട്ടിച്ചുവിട്ട പെണ്ണിന് ചെല്ലും ചെലവും കൊടുക്കാൻ കൂട്ടാക്കാത്തവരായതുകൊണ്ട് അമ്മയ്ക്ക് പോയവഴിയത്രയും തിരികെ താണ്ടേണ്ടിവന്നു. പിന്നെ ഓർക്കാപ്പുറത്ത് എന്നെ പെറ്റു എന്റെ ആറാം വയസ്സിലാണ് അമ്മ മരിച്ചത്. അതൊരു ആത്മഹത്യയായിരുന്നോ അപ്പൻ ചവിട്ടിക്കൊന്നു കെട്ടിത്തൂക്കിയതാണോ എന്ന ചർച്ച ഇപ്പോഴും പുകഞ്ഞു തീർന്നിട്ടില്ല.
പത്തുവരെ ചേട്ടായി സർക്കാർ സ്ക്കൂളിലാണ് പഠിച്ചത്. തുടർന്നു പഠിക്കാൻ കാൽക്കാശ് ചെലവാക്കില്ലെന്ന് അപ്പൻ പറഞ്ഞപ്പോൾ ചേട്ടായി പോയി തെമ്മാടിക്കൂട്ടത്തിൽ ചേർന്നു . ഒരു രാത്രിയിൽ അപ്പന്റെ കാൽപ്പെട്ടി തലയിലേറ്റി പുഴ കടന്ന ചേട്ടായി പിന്നെ തിരിച്ചു വന്നില്ല. ശേഷം രാത്രികളിൽ അപ്പൻ ഉറക്കത്തിന്റെ പായ് വഞ്ചിയിൽ ഏതോ അജ്ഞാത കേന്ദ്രത്തിലെത്തി. 'വെയ്യ് രാജാ ! വെയ്യ് ! ഒന്നു വെച്ചാൽ രണ്ടു കിട്ടും !' എന്ന് നോട്ടുകെട്ടുകൾ കശക്കുകയും വീശിയെറിയുകയും വാരിയെടുത്ത് നെഞ്ചോടു ചേർത്ത് എന്റെ അഞ്ചു ലക്ഷം എന്നു പൊട്ടിച്ചിരിക്കുകയും ചെയ്തു.
ഒടുവിൽ കൈ കഴയ്ക്കുകയും വായ് കയ്ക്കുകയും ചെയ്തപ്പോൾ വേറൊരു കാൽപ്പെട്ടി പണിയാൻ മൂത്താശാരിയെ വരുത്തി. പെട്ടി തുറക്കുമ്പോഴും അടയ്ക്കുമ്പോഴും പള്ളിമണിയുടെ ഒച്ച മുഴങ്ങുന്ന ഒറ്റത്താക്കോൽ പ്പൂട്ടിന് ഏർപ്പാടാക്കി. പക്ഷേ, എന്റെ കണ്ണീരിലുരുകി മൂത്താശാരി ഇരട്ടത്താക്കോൽ തീർപ്പിച്ചു. ഒറ്റത്താക്കോലേയുള്ളു എന്ന് അപ്പനെ ബോധ്യപ്പെടുത്തി രണ്ടാം താക്കോൽ എനിക്കു രഹസ്യമായി കൈമാറുകയും ചെയ്തു. ഇരട്ടയിലൊന്ന് അപ്പന്റെ അരങ്ങാച്ചരടിൽ തൂങ്ങി ഒന്നാന്തരം ഗൃഹസ്ഥനായി. മറ്റൊന്ന് എന്റെ അരങ്ങാച്ചരടിൽ തൂങ്ങി കള്ളക്കാമുകനായി.
പന്ത്രണ്ടാംക്ലാസുവരെ ഞാനും സർക്കാർസ്കൂളിൽത്തന്നെയാണു പഠിച്ചത്. തുടർന്ന് കോളേജിൽ ചേരാനൊരുങ്ങിയ എന്നോട് അപ്പൻ പറഞ്ഞു.
'മതി പഠിച്ചത്. ഇനി വീട്ടുകാര്യങ്ങള് നോക്കിക്കോ. കോളേജില് ചേർക്കാനൊന്നും എന്റേല് കാശില്ല.'
ഒരു ഗൂഢസ്മിതത്തിൽ ഞാൻ പൊട്ടിത്തെറിച്ചു.
'ഓ! എന്റെ അപ്പാ ! കാശൊണ്ടാക്കാനൊള്ള വഴി എന്റെ അരേലൊണ്ട്!'
അപ്പന്റെ നോട്ടം ഒരു നിമിഷം വന്യമായ നിശ്ചലതയിൽ വട്ടച്ചു നിൽക്കുകയും നിന്റെ ജീവിതം നിന്റെ കാര്യം എന്ന് മുഖംതിരിക്കുകയും ചെയ്തു. അപ്പോഴാണ് അപ്പനെ എങ്ങനെയൊക്കെ കലക്കിക്കളയാം എന്ന ഗവേഷണ വഴിയിലേക്ക് ഞാൻ വലതുകാലൂന്നിയത്.
കോളേജിൽ ചേർന്ന് അധികം വൈകാതെ ഞാൻ നിത്യം സഞ്ചരിക്കുന്ന ലൈൻബസ്സിലെ കിളിയെ പിടിച്ച് കൂട്ടിലാക്കി. എന്റെ വെളുപ്പും കോളേജ് പഠിപ്പും ആദ്യം അവനെ ഭയപ്പെടുത്തി. കുറെ പണിപ്പെട്ടിട്ടാണെങ്കിലും തത്തമ്മേ! പൂച്ച!   പൂച്ച ! എന്നു പറയാൻ പഠിപ്പിച്ചു. പിന്നെ ജീവപര്യന്തം നമ്മൾ ഒരേ കൂട്ടിലായിരിക്കുമെന്ന് ഉറപ്പുകൊടുക്കുകയും ചെയ്തു. അപ്പനെ വെറി പിടിപ്പിക്കാനായി ഞാൻ വിവരം നേരിട്ടു പറഞ്ഞു. മുറ്റത്തെ വെയിലിൽ വിരിച്ച പനമ്പിൽനിന്ന് കുരുമുളകുവാരി ചാക്കിൽ നിറയ്ക്കുന്നതിനിടെ അപ്പൻ എന്തെങ്കിലും കേട്ടതായി ഭാവിച്ചതുതന്നെയില്ല.
അപ്പോൾ ഞാൻ പറഞ്ഞു.
'അവനൊരു ദളിത കിളിയാണപ്പാ ! അപ്പോ ഒരഭിമാനക്കൊലയ്ക്ക് വകേണ്ടല്ലൊ ! എന്നാപ്പിന്നെ ഞങ്ങളങ്ങ് ഒളിച്ചോടിയാലോന്ന് ഒരാലോചന !'
അപ്പൻ കുരുമുളകിൽനിന്നു കണ്ണെടുക്കാതെ പറഞ്ഞു.
' ആയ്ക്കോട്ടെ !'
ചെറഞ്ഞു വരുന്ന പകയോടെ ഞാൻ പിന്തിരിഞ്ഞു.
പിറ്റേന്ന് അവൻ എന്നോട് ചോദിച്ചു.
' അതേയ്, എന്നാ നമ്മടെ കല്യാണം ?'
ഞാൻ പല്ലു ഞെരിച്ചു.
'അപ്പൻ സമ്മതിച്ചു ! അതുകൊണ്ട് നീയും ഞാനും തമ്മിലിനി ഒരു ബന്ധവുമില്ല , മനസ്സിലായോ?'
വായ് പൊളിച്ചുനിൽക്കുന്ന അവനെ അങ്ങനെത്തന്നെ ഉപേക്ഷിച്ച് ഞാൻ എന്റെ ഗവേഷണം കുറെക്കൂടി കടുപ്പത്തിലാക്കി എന്നു   പറഞ്ഞാൽ നിങ്ങൾക്കു കാര്യം പിടികിട്ടിക്കാണുമല്ലോ?
 
Join WhatsApp News
സെക്സ് എഡ്യൂക്കേഷൻ 2022-05-22 08:04:06
സെക്സ് എഡ്യൂക്കേഷൻ ആദ്യം കൊടുക്കേണ്ടത് അത് എന്താണെന്നു അറിവില്ലാത്ത മാതാപിതാക്കൾക്കു ആണ്. കുട്ടികളെ കാമ കേളികളിൽ ഏർപ്പെടാൻ പ്രേരിപ്പിക്കുന്ന ക്ലാസ് ആണ് സെക്സ് എഡ്യൂക്കേഷൻ എന്നാണ് അവരുടെ ധാരണ .
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക