Image

തമിഴ് നാടിൻറെ സഹായം ശ്രീലങ്കൻ തീരത്തു എത്തി 

നിർമല ജോസഫ്  Published on 22 May, 2022
തമിഴ് നാടിൻറെ സഹായം ശ്രീലങ്കൻ തീരത്തു എത്തി 



 

ശ്രീലങ്കയിലേക്കു തമിഴ് നാട് അയച്ച അവശ്യ സാധനങ്ങൾ ഞായറാഴ്ച്ച വൈകുന്നേരത്തോടെ അവിടെ ഇറക്കുമെന്നു തമിഴ് നാട് സർക്കാർ വൃത്തങ്ങൾ ചെന്നൈയിൽ അറിയിച്ചു. രണ്ടു ബില്യൺ (200 കോടി) രൂപയുടെ സഹായവുമായി കപ്പൽ ബുധനാഴ്ച്ച പുറപ്പെട്ടതാണ്. 

നാൽപതു ലക്ഷം കുടുംബങ്ങൾക്ക് സഹായം എത്തുമെന്ന് ഭരണ നേതാക്കൾ പറഞ്ഞു. 9,000 മെട്രിക് ടൺ അരി, 50 മെട്രിക് ടൺ പാൽപ്പൊടി, 25 ടൺ അവശ്യമരുന്നുകളും മെഡിക്കൽ ഉപകരണങ്ങളും ഇക്കൂട്ടത്തിലുണ്ട്. 
 
ഇവ ശ്രീലങ്കയുടെ എല്ലാ മേഖലകളിലും വിതരണം ചെയ്യും. ഗ്രാമ സമിതികളെയാണ് അതിനു ചുമതലപ്പെടുത്തുകയെന്നു കൊളംബോയിൽ ആഭ്യന്തര വകുപ്പ് അധികൃതർ അറിയിച്ചു. 
പ്രധാനമന്ത്രിയുടെ ഓഫീസിന്റെ മേൽനോട്ടവും ഉണ്ടാവും. 

കാൻഡി, നൂറോ എലിയ, ബദുല്ല ജില്ലകളിലാണ് ആദ്യം വിതരണം. പിന്നീട് വടക്കും കിഴക്കും, കാളുതര, ഗോൾ, മത്താറ എന്നിവിടങ്ങളിലും. ഇതിൽ സിംഹള മേഖലകളും തമിഴ് മേഖലകളും ഉൾപ്പെടുന്നു. തമിഴ് മേഖലകളിലേക്കു മാത്രമായി സഹായം അയക്കാൻ തമിഴ് നാട് ഉദ്ദേശിച്ചിരുന്നെങ്കിലും അങ്ങിനെ അത് സ്വീകരിക്കാൻ കഴിയില്ലെന്നു ശ്രീലങ്ക ഡൽഹിയെ അറിയിച്ചു. അക്കാര്യം കേന്ദ്രം തമിഴ് നാടിനെ ബോധ്യപ്പെടുത്തി. 

ഇന്ധന വേട്ട 

ശ്രീലങ്കൻ പൊലിസ് ഞായറാഴ്ച്ച പെട്രോളും ഡീസലും പൂഴ്ത്തി വയ്ക്കുന്നവർക്കായി വേട്ട തുടങ്ങി. രാജ്യവ്യാപകമായി തെരച്ചിൽ നടക്കുന്നുണ്ടെന്നു സർക്കാർ അറിയിച്ചു. മണിക്കൂറുകൾ ക്യൂ നിന്ന് ഇന്ധനം വാങ്ങി കൊണ്ടുപോകുന്ന ഒട്ടേറെപ്പേർ അത് പൂഴ്ത്തി വച്ചു കൂടിയ വിലയ്ക്ക് വാങ്ങുന്നതായി വിവരം ലഭിച്ചതിനെ തുടർന്നാണ് റെയ്‌ഡ്‌ ആരംഭിച്ചത്. 

പത്തു ദിവസം ഉപയോഗിക്കാനുള്ള ഇന്ധനം 6 ദിവസം കൊണ്ട് തീർന്നുവെന്നു ഊർജമന്ത്രി കാഞ്ചന വിജശേഖര പറഞ്ഞു. 40,000 മെട്രിക്ക് ടൺ ഇന്ധനംസാധാരണ 10 ദിവസത്തേക്കു തികയേണ്ടതാണ്. 

രണ്ടു കപ്പലുകൾ കൂടി വരുന്നുണ്ട്. അപ്പോൾ ക്ഷാമം ഉണ്ടാവേണ്ട കാര്യമില്ല. ആംബുലൻസുകൾക്കു മുൻഗണനാ ക്രമത്തിൽ ഇന്ധനം നൽകും. 

രണ്ടു കപ്പൽ നിറയെ ഗ്യാസ് വരുന്നുണ്ടെന്നു ലിട്റോ ഗ്യാസ് കമ്പനി അറിയിച്ചു. ഞായാറാഴ്ച 80,000 സിലിണ്ടറുകൾ വിതരണം ചെയ്തു.

കൊളംബോയിൽ ചില പെട്രോൾ സ്റ്റേഷനുകൾക്കു മുന്നിൽ പ്രകടനങ്ങളുണ്ടായി. അവിടെയെങ്ങും ഇന്ധനം ഇറക്കില്ലെന്നു സിലോൺ പെട്രോളിയം കോർപറേഷൻ പറഞ്ഞു. 

 

 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക