Image

വിദേശ ഫലങ്ങളുടെ പറുദീസ (വിജയ് സി. എച്ച്)

Published on 22 May, 2022
വിദേശ ഫലങ്ങളുടെ പറുദീസ (വിജയ് സി. എച്ച്)

ഭക്കുപരി, ഖുനിപേ, പിറോംബെറ, ഓലോസപ്പോ, അച്ചാച്ചറു, മാറ്റസെരാനോ, കേസിമിറോ, കുറിയൊള്ള, കുപ്പാസ്സു, കേമു കേമു...  
പരിചയമില്ലാത്ത കുറെ പദങ്ങളെന്ന് തോന്നിയേക്കാം. പക്ഷെ, തിന്നാ൯ തുടങ്ങിയാൽ തീറ്റ നിർത്തുവാൻ കഴിയാത്തത്രയും രുചിയുള്ള പഴങ്ങളുടെ പേരുകളാണ് ഇവയെല്ലാം! വെളിയത്തു വീട്ടിൽ ശ്രീകുമാർ മേനോൻ്റെ കായ്‌കനിത്തോട്ടത്തിൽ ഇത്തരത്തിലുള്ള നിരവധി ഇനം പഴങ്ങൾ വിളയുന്നുണ്ട്.  
അബിയുവും, എവോകേഡോയും, ജബോട്ടിക്കബയും കഴിഞ്ഞ് ഡ്രേഗൺ ഫ്രൂട്ടിൻറെയും സ്വാദറിഞ്ഞ ശരാശരി മലയാളി, ശ്രീയുടെ ഫലവൃക്ഷ വളപ്പിലെത്തിയാൽ തീർച്ചയായും ആശ്ചര്യപ്പെടും! പെരുമ്പാവൂരിൽ, പെരിയാറിൻ്റെ തീരത്ത്, ഒരേക്കർ ഭൂമിയിൽ ശ്രീയും പത്നി സിന്ധുവും ചേർന്ന് നട്ടു വളർത്തിയിരിക്കുന്നത്, തീർച്ചയായും, അപൂർവ്വമായൊരു ഫലോദ്യാനമാണ്. 
കേരളത്തിൽ ഇതുപോലെ മറ്റൊരു തോട്ടമില്ലെന്നുള്ള കൗതുകമാണ് 'വെളിയത്തു ഗാർഡൻസി'നെ പഴവർഗ്ഗച്ചെടി പ്രേമികളുടെ ഒരു സംസ്ഥാനതല സന്ദർശന കേന്ദ്രമാക്കിമാറ്റുന്നത്. ആലുവ-പെരുമ്പാവൂർ റൂട്ടിലെ മഞ്ഞപ്പെട്ടി ഗ്രാമത്തിൽ നിന്ന് കാഞ്ഞൂരിലേക്കുള്ള ജങ്കാർ സർവീസ്, പ്രശസ്തമായ ഈ ഉപവനത്തോട് ചേർന്നു കിടക്കുന്നു. 
ഉദ്യാനക്കൃഷി നിപുണനായ ശ്രീയോട് സംസാരിച്ചാൽ, നമ്മളും നട്ടുവർത്തും ഇതുപോലെയൊരു അസാധാരണ പഴത്തോട്ടം: 


🟥 പഴ നാമങ്ങൾ അപരിചിതമോ? 
പ്ലാവും മാവും നമ്മളെപ്പോലെ ഈ മണ്ണിലാണ് ജനിച്ചത്. അതിനാൽ ചക്ക, മാങ്ങ എന്നൊക്കെ കേൾക്കുമ്പോൾ നമുക്ക് ഇണക്കമില്ലായ്മയൊന്നും അനുഭവപ്പെടില്ല. കാരണം ഈ പേരുകൾക്ക് നമ്മുടെ ഭാഷയുടെ ഭാവവും ചുവയുമാണ്. മഹാരാഷ്ട്രയിൽ ധാരാളം വിളയുന്ന കരോംണ്ടായൊ, ബീഹാറിലെ ലിച്ചിയൊ നമുക്ക് അപരിചിതമാണെങ്കിൽ, വിദേശ രാജ്യങ്ങളിലെ ഫലങ്ങൾ നമുക്ക് അജ്ഞാതമാകുന്നത് സ്വാഭാവികമല്ലേ? അവയുടെ പേരുകൾ അതതു രാജ്യത്തെ സംസ്കൃതിയിൽ നിന്ന് ഉടലെടുത്തതാണ്. നമുക്ക് നന്നായറിയാവുന്ന ഞാലിപ്പൂവൻ എന്നോ, വെണ്ണീർ കുന്നൻ എന്നോ അമേരിക്കക്കാരോടോ അർജൻ്റീനക്കാരോടോ പറഞ്ഞാൽ അവർ നെറ്റി ചുളിക്കില്ലേ! 


🟥 അമ്പതോളം രാജ്യങ്ങളിലെ വൃക്ഷങ്ങൾ 
ഞങ്ങളുടെ തോട്ടത്തിലെ ചില പഴവൃക്ഷങ്ങളുടെ ഉത്ഭവ രാജ്യങ്ങളെക്കുറിച്ച് പറയാം. സന്ദർശകരിൽ ഏറെ കൗതുകം ഉളവാക്കുന്നവയാണിതെല്ലാം. ഭക്കുപരിയുടെ ജന്മസ്ഥലം (Provenance) സ്പെയിനും, ഖുനിപേയുടെ കരീബിയൻ ദ്വീപുകളും, പിറോംബെറയുടെയും കുപ്പാസ്സുവിൻ്റെയും ബ്രസീലും, ഓലോസപ്പോയുടെ മെക്സിക്കോയും, അച്ചാച്ചറുവിൻ്റെ ബൊളീവിയയും, മാറ്റസെരാനോയുടെയും കുറിയൊള്ളയുടെയും ലാറ്റിൻ അമേരിക്കയും, കേസിമിറോവിൻ്റെ സെൻട്രൽ അമേരിക്കയും, കേമു കേമുവിൻ്റെ പെറുവുമാണ്. അറുനൂറിലേറെ പഴവൃക്ഷങ്ങളും, ചെടികളും, വള്ളിച്ചെടികളും ഞങ്ങൾ ഇവിടെ വളർത്തുന്നുണ്ട്. അവയിൽ പകുതിയോളം വരുന്നവയുടെ ഉല്പത്തിസ്ഥലങ്ങൾ ഭൂമിയിലെ അമ്പതോളം രാജ്യങ്ങളിലായി വ്യാപിച്ചു കിടക്കുന്നു. ലോകത്തെ ഏറ്റവും ജൈവവൈവിധ്യമേറിയ ആമസോൺ മഴക്കാടുകളിലും (South America), ബോർണിയോ ഉഷ്ണമേഖലാ മഴക്കാടുകളിലും (Southeast Asia) മാത്രം കാണപ്പെടുന്ന ഫലവൃക്ഷങ്ങൾ പോലും ഇവിടെയുണ്ട്. ഇത്രയും വിദേശ ഫലങ്ങൾ കേരളത്തിലെ ചെറിയൊരിടത്ത് വിളയിയ്ക്കുമ്പോൾ ലഭിക്കുന്ന ആഹ്ളാദം അതിരില്ലാത്തതാണ്. പതിനഞ്ചു കൊല്ലത്തെ വിദേശ വാസത്തിനൊടുവിലെത്തിയ ഒരു നേട്ടം. ഇതുവരെ മറ്റൊരാൾക്കു കഴിയാത്തൊരു ദൗത്യം ഏറ്റെടുത്ത് വിജയിപ്പിക്കുന്നത് ഒരു ജന്മസാഫല്യമായി അനുഭവപ്പെടുന്നു! 


🟥 മുമ്പെത്തിയവ പ്രചോദനം 
വൃക്ഷത്തൈകൾ നട്ടു വളർത്തുന്നതിൽ ചെറുപ്പം മുതൽ തൽപരനായിരുന്നു.  മാങ്കോസ്റ്റീൻ, റമ്പൂട്ടാൻ, ലോങ്ങൻ മുതലായ നാടനല്ലാത്ത പഴങ്ങൾ കേരളത്തിൽ ധാരാളമായി വിളയുന്നുവെന്ന യാഥാർത്ഥ്യം പ്രത്യേകം ശ്രദ്ധിക്കുകയും ചെയ്തിരുന്നു. നൂറ്റാണ്ടുകൾക്കു മുന്നെ വിദേശങ്ങളിൽ നിന്നെത്തി നമ്മുടെ മണ്ണിൽ പച്ചപിടിച്ചവയുമാണ് തേയില, കാപ്പി, കശുമാവ്, സീതപ്പഴം, മരച്ചീനി, പപ്പായ മുതലായവയെല്ലാം. എന്തുകൊണ്ടു നമ്മുടെ മണ്ണിൽ കൂടുതൽ രാജ്യാന്തര വൃക്ഷങ്ങളും ചെടികളും പരീക്ഷിച്ചുകൂടെന്ന ചിന്ത അങ്ങനെയാണ് മനസ്സിലെത്തുന്നത്.   


🟥 നിരീക്ഷണം അഞ്ചു വർഷം  
പരിചയമില്ലാത്ത ഒരു ഫലം തിന്നു തുടങ്ങണമെങ്കിൽ പക്ഷിമൃഗാദികൾക്ക് നാലഞ്ചു കൊല്ലമെങ്കിലും അത് തുടർച്ചയായി ദൃഷ്ടിഗോചരമാകണം. പുതിയ ഇനം ഭക്ഷ്യയോഗ്യമാണെന്ന തിരിച്ചറിവിന് ആവശ്യമായ കാലമാണിത്. അജ്ഞാതമായ ഒരു കായ്കനി ആഹാരത്തിനു പറ്റിയതാണെന്ന തീരുമാനത്തിൽ മനുഷ്യൻ എത്തിച്ചേരുന്നതും ഏകദേശം ഇത്രയും കാലത്തെ നിരീക്ഷണത്തിനൊടുവിലാണ്. അറിയപ്പെടാത്ത വിളവ്‌ പക്ഷിയ്ക്കും മൃഗത്തിനും  തകരാറൊന്നും വരുത്തിയില്ലെങ്കിൽ, തനിയ്ക്കുമത് ഭോജ്യമായതെന്ന് മനുഷ്യൻ തീരുമാനമെടുക്കുന്നു. വന്നുകാണുന്നവർക്ക് പരിചയപ്പെടുത്തുകയെന്ന ഉദ്ദേശ്യത്തോടെ, ഇവിടെ ഓരോ മരത്തിലും അതിൻ്റെ സാധാരണ വിളിപ്പേരും (Common Name), ശാസ്ത്രീയ നാമവും (Scientific Name) രേഖപ്പെടുത്തിയ ബോർഡ് വെച്ചിട്ടുണ്ട്. ഉദാഹരണത്തിന്, ഫിലിപ്പീൻ സ്വദേശിയായ അലുപേഗിൻ്റെ ടേഗിൽ ഡിമോകേർപ്പസ് ഡിഡൈമ എന്നുകൂടി കാണും. തോട്ടം സന്ദർശിക്കുമ്പോഴൊക്കെ ഈ ബോർഡുകൾ വായിയ്ക്കുന്ന സന്ദർശകർക്ക് സ്വാഭാവികമായും വിദേശ മരങ്ങളോടും അവയിൽ വിളയുന്ന പഴങ്ങളോടും അടുപ്പം തോന്നിത്തുടങ്ങുന്നു. മെല്ലെ, മെല്ലെ പഴങ്ങൾ രുചിച്ചു നോക്കാനും തൈകൾ വാങ്ങിക്കൊണ്ടു പോയി സ്വന്തം തൊടിയിൽ നടുവാനും ആരംഭിക്കുന്നു.  


🟥 ഫോറസ്റ്റ് ഗാർഡനിങ് മാർഗ്ഗശാസ്ത്രം 
 ലോകത്തിൻ്റെ പല ഭാഗങ്ങളിലും, പ്രത്യേകിച്ച് പാശ്ചാത്യ രാജ്യങ്ങളിൽ, പണ്ടുകാലം മുതലെ പ്രയോഗത്തിലുള്ളൊരു കൃഷിശാസ്ത്രമാണ് ഫോറസ്റ്റ് ഗാർഡനിങ്. ഫുഡ് ഫോറസ്റ്റ്, വുഡ് ലാൻഡ് ഗാർഡനിങ്, അല്ലെങ്കിൽ ഫോറസ്റ്റ് ഫാർമിങ് മുതലായ നാമങ്ങളിലും ഈ പകൃതി സൗഹൃദ ഉദ്യാനക്കൃഷി അറിയപ്പെടുന്നു. ഞങ്ങളുടെ ഫലോദ്യാന നിർമ്മിതിക്ക് മാർഗ്ഗശാസ്ത്രമായി (Methodology) സ്വീകരിച്ചിരിക്കുന്നത് ഫോറസ്റ്റ് ഗാർഡനിങ് പദ്ധതിയാണ്. ആയിരത്തിത്തൊള്ളായിരത്തി എൺപതുകളിൽ ബ്രിട്ടീഷുകാരൻ റോബർട്ട് ഹാർട്ടാണ് ഫോറസ്റ്റ് ഗാർഡ൯ എന്ന ആശയം പ്രചാരത്തിൽ കൊണ്ടുവന്നത്. ജനിച്ചു വളർന്ന നിബിഡ നഗരമായ ലണ്ടനിൽ 12 സെൻ്റ് കൃഷിയിടത്തിൽ ഒരു മാതൃകാ വനത്തോട്ടം അദ്ദേഹം സൃഷ്ടിച്ചു. നേരിട്ടോ അല്ലാതെയോ മനുഷ്യന് പ്രയോജനപ്പെടുന്നൊരു സസ്യലോകം ആവാസ വ്യവസ്ഥയ്ക്ക് ഹാനികരമല്ലാതെയും, പരിസ്ഥിതിയോടു പൊരുത്തപ്പെട്ടും, വനത്തിലെന്നപോലെ നാട്ടിൽ രൂപപ്പെടുത്തിയെടുക്കുന്ന സമ്പ്രദായമാണിത്. ഭക്ഷ്യയോഗ്യമായ കായ്കനികളും, ധാന്യവിളകളും, പണിത്തരമരങ്ങളും, ഔഷധഗുണമുള്ള സസ്യജാലങ്ങളും നമ്മുടെ തൊടിയിൽ നട്ടുവളർത്തുക എന്നതാണ് ദൗത്യം. 
🟥 വളമില്ല, കീടനാശിനിയില്ല 
കാട്ടിൽ മരങ്ങൾ വളരുന്നത് വളം ചേർക്കാതെയും, കീടനാശിനി ഉപയോഗിക്കാതെയും ആയതിനാൽ, ഞങ്ങളുടെ ഫോറസ്റ്റ് ഗാർഡനിൽ ഇവയ്ക്കു രണ്ടിനും പ്രസക്തിയില്ല. ഒരു മരത്തിൻ്റെ ഇലകൾ ഉണങ്ങി വീണാൽ അവ മറ്റൊന്നിന് വളമായിത്തീരുന്നുവെന്ന പ്രകൃതി നിയമമാണ് വനമരങ്ങളുടെ വളർച്ചക്ക് ഉപകാരപ്പെടുന്ന സഹജമായ വളംചേർക്കൽ. തുടർച്ചയായ രാസവള പ്രയോഗങ്ങളാൽ മലീമസമായ മണ്ണിലല്ലല്ലൊ കാട്ടിലെ വൃക്ഷങ്ങൾ വളരുന്നത്. സസ്യജാലങ്ങൾക്ക് തഴച്ചുവളരാൻ ഗുണങ്ങൾ നഷ്ടപ്പെടാത്ത പ്രകൃതിയുടെ ഉപരിതലം മാത്രം മതി. പ്രകൃതിയോടിണങ്ങി വളരുന്ന സസ്യങ്ങൾക്ക് പ്രതിരോധശേഷി പ്രകൃത്യാ ഉണ്ട്. കീടങ്ങളെ അകറ്റാൻ വിഷപ്രയോഗം വേണ്ട. വിസ്‌തൃതമായ ഒരു പ്രദേശമൊട്ടാകെ ഇടതൂർന്നു വൃക്ഷങ്ങൾ വളരുന്നതിനാൽ, ആ മേഖല പെട്ടെന്ന് വരണ്ടുപോകുന്നില്ല. മണ്ണിൽ ഈർപ്പം നിലനിൽക്കുന്നു. എന്നാൽ, വേനൽക്കാലം നീണ്ടുനിൽക്കുകയാണെങ്കിൽ നമ്മുടെ നാട്ടിലെ ഫോറസ്റ്റ് ഗാർഡനിൽ ജലസേചനം അനിവാര്യമായി വരുന്നു. 


🟥 ഇടയകലം 
മറ്റൊരു കാര്യം വൃക്ഷങ്ങൾ തമ്മിലുള്ള ഇടയകലമാണ്. അടുത്തടുത്തു നട്ടാൽ, വൃക്ഷങ്ങൾ തഴച്ചു വളരില്ലെന്നും, അവ വേണ്ടത്ര കായ്‌കനികൾ തരില്ലെന്നും ഒരു പൊതു ധാരണയുണ്ട്. ഈ ഉൽകണ്ഠ സന്ദർശകരിൽ പലരും എന്നോട് പങ്കുവച്ചിട്ടുമുണ്ട്. ഏഴു തട്ടുകളിലായാണ് ഫോറസ്റ്റ് ഗാർഡനിൽ വളരുന്നവയെ ഹാർട്ട് തരം തിരിച്ചിരിക്കുന്നത്. ഉയരത്തിൽ വളരുന്നവ (Canopy Layer), ചെറുമരങ്ങൾ (Understory Layer), കുറ്റിച്ചെടികൾ (Shrub Layer), പുല്ലുവർഗ്ഗങ്ങൾ (Herbaceous Layer), കിഴങ്ങുവർഗ്ഗങ്ങൾ (Rhizosphere Layer), നിലം പുതപ്പു ഇനങ്ങൾ (Ground Layer), വളളിച്ചെടികൾ (Vertical Layer) മുതലായ തട്ടുകളിലായാണ് ഫോറസ്റ്റ് ഗാർഡനെ  വിഭജിച്ചിരിക്കുന്നത്. വൻ മരങ്ങൾ മേലോട്ട് വളർന്നുപോകുന്നു. അതിനാൽ ചെറുമരങ്ങൾക്ക് താഴെ ഇടം ലഭിയ്ക്കുന്നു. അവയ്ക്കു കീഴിലായി ചെറുചെടികളും, കിഴങ്ങു ചെടികളും, പുല്ലുകളും വളരുന്നു. പടരുന്ന കൊടികൾ നിവർന്നു നിൽക്കുന്നവയുടെ സഹായം സ്വീകരിക്കുന്നു. ഒന്ന് മറ്റൊന്നിന് കൂട്ടായും തണലേകിയുമുള്ളതാണ് അവയുടെ സ്വാഭാവികമായ ആവാസവ്യവസ്ഥ. വ്യക്തം, സസ്യവൃക്ഷാദികളുടെ പ്രകൃതം പൂർണ്ണമായും പരിസ്ഥിതിയെ അനുസരിച്ചുകൊണ്ടുള്ളതാണ്. പരസ്പരം കൃത്യമായ അകലം പാലിച്ചുകൊണ്ടല്ലല്ലൊ കാട്ടിൽ ചെടികൾ മുളയ്ക്കുന്നതും, നാട്ടിലേക്കാളേറെ ശ്യാമളമായി വളരുന്നതും, കായ്ക്കുന്നതും! ഞങ്ങളുടെ തോട്ടത്തിൽ വളരുന്ന പല ഫലവൃക്ഷങ്ങൾക്കും ഘോരവനങ്ങളിൽ വേരോടിയ പരമ്പര്യമാണുള്ളത്. 
🟥 ശേഖരണവും ഉൽപാദനവും 
ഞങ്ങളുടെ ഉദ്യാനത്തിലുള്ള വിദേശ സസ്യവൃക്ഷാദികളുടെ വിത്തുകൾ അതത് രാജ്യങ്ങളിൽ നിന്ന് വരുത്തിയതാണ്. ബൊട്ടാണിക്കൽ  ബുക്കുകളിലൂടെയും, വെബ് സൈറ്റുകളിൽ തിരഞ്ഞും പുതിയൊരിനം പഴച്ചെടിയോ മരമോ ഏതെങ്കിലുമൊരു വിദേശ രാജ്യത്തുണ്ടെന്ന് കണ്ടെത്തിയാൽ, അടുത്ത ശ്രമം അതിൻ്റെ വിത്തുകൾ ശേഖരിക്കുവാനാണ്. ഉഷ്ണമേഖലാ പ്രദേശങ്ങളിൽ (Tropical Regions) നിന്നുള്ള വൃക്ഷങ്ങളും, ചെറുവൃക്ഷങ്ങളും, ചെടികളും, പടർപ്പുകളും നമ്മുടെ മണ്ണിൽ സമൃദ്ധമായി വളരുകയും പുഷ്‌ടിയുള്ള ഫലങ്ങൾ തരുകയും ചെയ്യുന്നുവെന്നത് എൻ്റെയൊരു നിരീക്ഷണമാണ്. ഇക്കാരണത്താൽ, ഭൂമദ്ധ്യരേഖയോടടുത്തു കിടക്കുന്ന ദേശങ്ങളിലെ പഴമരങ്ങളാണ് സാധാരണ തിരഞ്ഞെടുക്കുന്നത്. തൈകളും, വിത്തുകളും ഇറക്കുമതി ചെയ്യുന്നതിന് നിയമക്കുരുക്കുകളുണ്ട്. എന്നിരുന്നാലും കൂടുതൽ വിദേശ ഫലങ്ങളാൽ തോട്ടം ഇനിയും സമ്പുഷ്ടമാക്കാനുള്ള ശ്രമങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നു. 
തുടക്കത്തിൽ സംശയദൃഷ്ടിയിൽ നോക്കുമെങ്കിലും, വിദേശ പഴങ്ങളെ മലയാളികൾ സ്വീകരിക്കുന്നത് ഏറെ പുരോഗമനമായൊരു മനഃസ്ഥിതിയിലാണ്. അതിനാൽ, ഇവ കായ്ക്കുന്ന ചെടികൾക്കും മരങ്ങൾക്കും നാട്ടിൽ ആവശ്യക്കാർ ദ്രുതഗതിയിൽ വർദ്ധിച്ചുവരുന്നു. ഇതു നിമിത്തം അവയുടെ തൈകൾ ഉല്പാദിപ്പിക്കുവാനും, വിതരണം ചെയ്യുവാനും പദ്ധതിയിട്ടു. ബഡ്ഡിങ്, ഗ്രാഫ്റ്റിങ്, ലെയറിങ് മുതലായ രീതികളിലാണ് പുതിയ തൈകൾ ഉല്പാദിപ്പിക്കുന്നത്. ഫലോദ്യാന നിർമ്മാണ മേഖലയിലും, സസ്യോദ്യാന മേഖലയിലുമുള്ള ഗവേഷക വിദ്യാർത്ഥികളും ആശയ വിനിമയങ്ങൾ നടത്താൻ ഈയ്യിടെയായി വന്നുകൊണ്ടിരിക്കുന്നു. 
🟥 ലാഭനഷ്ടങ്ങൾക്കപ്പുറത്ത് 
എൻ്റെ എല്ലാ സമയവും, പത്നിയുടെയും, മക്കളായ പൂജയുടെയും, ശരണിൻ്റെയും, ശ്രേയയുടെയും വിശ്രമ സമയങ്ങളും ഫലോദ്യാനം ആകർഷിച്ചെടുക്കുന്നു. തൈകൾക്കും, പഴങ്ങൾക്കും പതിവുകാർ ധാരാളമുണ്ടെങ്കിലും, ഞങ്ങളുടെ ആത്യന്തിക സംതൃപ്തി ലാഭനഷ്ടങ്ങൾക്കപ്പുറത്താണ്. അതുവരെ കണ്ടിട്ടില്ലാത്ത പഴങ്ങൾ കാണുമ്പോഴും, അവയൊന്ന് കടിച്ച് രുചിക്കുമ്പോഴും സന്ദർശകർ പ്രകടിപ്പിക്കുന്ന സരളമായ ഉത്കണ്ഠയും, കൗതുകവും, ആവേശവും ദർശിക്കാനാകുന്നതാണ് ഈ പഴത്തോട്ടം ഞങ്ങൾക്കു തരുന്ന ഏറ്റവും വലിയ പ്രതിഫലം. ഇത്തരത്തിലുള്ളൊരു ഉദ്യാനക്കൃഷിയുമായി മുന്നോട്ടു പോകാനുള്ള ഞങ്ങളുടെ പ്രേരകശക്തി ഇതൊന്നു മാത്രം! 

read more: https://emalayalee.com/writer/162

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക