ബിജെപി എംപി അര്‍ജുന്‍ സിങ് തൃണമൂല്‍ കോണ്‍ഗ്രസില്‍ തിരിച്ചെത്തി

Published on 22 May, 2022
 ബിജെപി എംപി അര്‍ജുന്‍ സിങ് തൃണമൂല്‍ കോണ്‍ഗ്രസില്‍ തിരിച്ചെത്തി

 


ന്യൂഡല്‍ഹി: പശ്ചിമബംഗാളില്‍ ബിജെപി എംപി തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. ബരാക്പുര്‍ എംപി അര്‍ജുന്‍ സിങ് ആണ് തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത്. തൃണമൂല്‍ നേതാവായിരുന്ന അദ്ദേഹം 2019ല്‍ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്‍പാണ് പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേര്‍ന്നത്. ബിജെപി നേതൃത്വവുമായുള്ള അഭിപ്രായ ഭിന്നതകളെ തുടര്‍ന്നാണ് അദ്ദേഹം ഇപ്പോള്‍ തൃണമൂല്‍ കോണ്‍ഗ്രസിലേക്ക് തിരിച്ചുപോയത്. തൃണമൂല്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി അഭിഷേക് ബാനര്‍ജിയുടെ സാന്നിധ്യത്തിലാണ് അര്‍ജുന്‍ സിങ് പാര്‍ട്ടിയിലേക്ക് തിരികെ വന്നത്. രാജ്യത്തെ ജനങ്ങള്‍ ദുരിതം അനുഭവിക്കുകയാണെന്നും മുമ്പത്തേതിനേക്കാള്‍ അധികമായി ജനങ്ങള്‍ക്ക് 
ഇപ്പോള്‍ തൃണമൂല്‍ കോണ്‍ഗ്രസിനെ ആവശ്യമുള്ള സമയമാണിതെന്നും ഇതിനു പിന്നാലെ അഭിഷേക് ബാനര്‍ജി ട്വീറ്റ് ചെയ്തു.


എ.സി മുറികളില്‍ ഇരുന്നുകൊണ്ടല്ല രാഷ്ട്രീയ പ്രവര്‍ത്തനം നടത്തേണ്ടതെന്ന് പാര്‍ട്ടി വിട്ടതിനു ശേഷം അര്‍ജുന്‍ സിങ് പ്രതികരിച്ചു. ബിജെപി നേതൃത്വം നിലത്തേക്ക് ഇറങ്ങിവരണമെന്നും പാര്‍ട്ടിയുടെ നില താഴേക്കു പോയ്ക്കൊണ്ടിരിക്കുകയാണെന്നും ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ കൂടിയായിരുന്ന അര്‍ജുന്‍ സിങ് പറഞ്ഞു.


ബിജെപിയുടെ പ്രവര്‍ത്തനങ്ങളിലുള്ള അതൃപ്തിയും അര്‍ജുന്‍ സിങ് പ്രകടിപ്പിച്ചു. പശ്ചിമബംഗാളും കേരളവും അടക്കമുള്ള സംസ്ഥാനങ്ങളില്‍ ബിജെപിയുടെ പ്രവര്‍ത്തനങ്ങളില്‍ കടുത്ത വീഴ്ചകള്‍ സംഭവിക്കുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി. പാര്‍ട്ടിയേക്കുറിച്ചുള്ള തന്റെ അഭിപ്രായം ദേശീയ അധ്യക്ഷന്‍ ജെ.പി. നഡ്ഡയെ അറിയിച്ചിട്ടുണ്ട്. 

 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക