Image

ഒ എന്‍ സി പി കുവൈറ്റിന്റെ റജിസ്‌ട്രേഷന്‍ പുനഃസ്ഥാപിച്ചു

Published on 22 May, 2022
 ഒ എന്‍ സി പി കുവൈറ്റിന്റെ റജിസ്‌ട്രേഷന്‍ പുനഃസ്ഥാപിച്ചു

 

കുവൈറ്റ് സിറ്റി: ഒഎന്‍സിപി കുവൈറ്റിന് ഇന്ത്യന്‍ എംബസി റജിസ്‌ട്രേഷന്‍ പുനസ്ഥാപിച്ച് നല്‍കിയ നടപടി സ്വാഗതം ചെയ്യുന്നതായി ഒഎന്‍സിപി കുവൈറ്റ് ഭാരവാഹികള്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.


കുവൈറ്റില്‍ പ്രവര്‍ത്തിക്കുന്ന വിവിധ സംഘടനകളുടെ രജിസ്‌ട്രേഷന്‍ 2018 ല്‍ റദ്ദാക്കപ്പെട്ട വിഷയത്തില്‍ ഒ എന്‍ സി പി ഉള്‍പ്പടെയുള്ള സംഘടനകളുടെ പൊതു കൂട്ടായ്മയായ ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ രജിസ്‌ട്രേഡ് അസോസിയേഷന്‍സ് (ഫിറ) കുവൈറ്റ് , ഇന്ത്യന്‍ പ്രസിഡന്റ്, പ്രധാന മന്ത്രി ,വിദേശകാര്യ മന്ത്രി, എംപിമാര്‍ , എന്നിവര്‍ക്ക് നിവേദനങ്ങള്‍ നല്‍കുകയും,വിദേശകാര്യ മന്ത്രാലയവുമായി ചര്‍ച്ചകള്‍ നടത്തുകയും ചെയ്തിട്ടും നടപടി വൈകിയ ഘട്ടത്തില്‍ ഒ എന്‍ സിപി കുവൈറ്റ് ഡല്‍ഹി ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ച് കേസുമായി മുന്നോട്ടു പോകുകയായിരുന്നു.

സിബി ജോര്‍ജ് സ്ഥാന പതിയായി ചുമതലയേറ്റ ശേഷം ഫിറ കണ്‍വീനര്‍ ബാബു ഫ്രാന്‍സീസിന്റെ നേതൃത്വത്തിലുള്ള നാല്‍പതോളം വരുന്ന വിവിധ സംഘടനയുടെ പ്രതിനിധികള്‍ 2020 ഒക്ടോബറില്‍ അംബാസഡറുമായി കൂടിക്കാഴ്ച നടത്തിയതിനെതുടര്‍ന്നു സംഘടനകളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് എംബസിയുടെ എല്ലാവിധ സഹകരണവും ഉണ്ടാകുമെന്നും അദ്ദേഹം ഭാരവാഹികള്‍ക്ക് ഉറപ്പു നല്‍കിയിരുന്നു.


കോവിഡ് സാഹചര്യങ്ങള്‍ മാറിയതിനെ തുടര്‍ന്നു വീണ്ടും ഡല്‍ഹി ഹൈകോടതി നടപടികള്‍ ആരംഭിച്ചപ്പോള്‍, ബന്ധപ്പെട്ട വിഷയത്തിലെ നിലപാട് വ്യക്തമാക്കാന്‍ ആവശ്യപ്പെട്ട് സുപ്രീം കോടതി അഭിഭാഷകന്‍ അഡ്വ: ജോസ് അബ്രഹാം വിവരാവകാശ നിയമപ്രകാരം എംബസിക്ക് അയച്ച കത്തിന് മറുപടിയായിട്ടാണ് ഒ എന്‍ സി പി കുവൈറ്റിന് ഇന്ത്യന്‍ എംബസി രജിസ്‌ട്രേഷന്‍ പുനസ്ഥാപിച്ചു നല്‍കിയതായി ഔദ്യോഗികമായി അറിയച്ചത്.

ഈ വിഷയവുമായി ബന്ധപ്പെട്ട എല്ലാ നടപടികളും അവസാനിപ്പിക്കുന്നതായും എംബസിയുമായി പൂര്‍ണമായി സഹകരിച്ചു മുന്നോട്ടു പോകുമെന്നും പ്രവാസി ക്ഷേമം മുന്‍നിറുത്തി ഇന്ത്യന്‍ എംബസി നടപ്പിലാക്കുന്ന എല്ലാ നടപടികളെയും ഒ എന്‍ സി പി കുവൈറ്റ് ഭാരവാഹികള്‍ അഭിനന്ദിച്ചു.

സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക