Image

അധികാരമേറ്റ ഉടൻ ഓസ്ട്രേലിയൻ പ്രധാനമന്ത്രി ഉച്ചകോടിക്കു പറന്നു  

Published on 23 May, 2022
അധികാരമേറ്റ ഉടൻ ഓസ്ട്രേലിയൻ പ്രധാനമന്ത്രി ഉച്ചകോടിക്കു പറന്നു  

 

 

ഓസ്‌ട്രേലിയൻ പ്രധാനമന്ത്രിയായി ലേബർ പാർട്ടി നേതാവ് ആന്തണി അൽബനിസ് അധികാരമേറ്റു. ഉടൻ തന്നെ അദ്ദേഹം ടോക്യോയിൽ ക്വാദ് ഉച്ചകോടിയിൽ പങ്കെടുക്കാൻ പറന്നു.

ലേബർ പാർട്ടിക്കു ഭൂരിപക്ഷം ഉറപ്പായിട്ടില്ല. എന്നാൽ രണ്ടു കാരണങ്ങൾ കൊണ്ടു  സത്യപ്രതിജ്ഞ ഉടൻ നടത്താൻ തീരുമാനിക്കയായിരുന്നു. ഒന്ന്,  ഭരണത്തിലിരുന്ന കൺസർവേറ്റിവ് പാർട്ടി തോൽവി സമ്മതിച്ചു. രണ്ട്,  ടോക്യോയിൽ ചൊവാഴ്ച്ച ആരംഭിക്കുന്ന ക്വാദ് ഉച്ചകോടിയിൽ ഓസ്‌ട്രേലിയൻ പ്രധാനമന്ത്രിയുടെ സാന്നിധ്യം അത്യാവശ്യമാണ്. 

യു എസ് പ്രസിഡന്റ് ജോ ബൈഡൻ, ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി, ജാപ്പനീസ് പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദ    എന്നിവർ ഉച്ചകോടിക്കുണ്ടാവും. ഈ നാലു രാജ്യങ്ങളുടെ തന്ത്രപ്രധാനമായ സംഘടനയായ ക്വാദിൽ  പ്രധാനപ്പെട്ട ഒരു വിഷയം ചൈന പസിഫിസിൽ ഉയർത്തുന്ന ഭീഷണിയാണ്. സോളമൻ ഐലൻഡ്സ് കഴിഞ്ഞ മാസം ചൈനയുമായി ഒപ്പു വച്ച സുരക്ഷാ കരാറിൽ ക്വാദ് ഗ്രൂപ്പിന് ആശങ്കയുണ്ട്.

മറ്റൊന്ന് റഷ്യയുടെ യുക്രൈൻ  അധിനിവേശം. പാശ്ചാത്യ സമ്മർദവും ഉപരോധവും അവഗണിച്ചു റഷ്യ യുക്രൈനിൽ പിടിവിടാതെ നിൽപ്പാണ്. 

ഓസ്‌ട്രേലിയൻ ഗവർണർ ജനറൽ ഡേവിഡ് ഹാർലിയുടെ മുന്നിലാണ് അൽബനിസ് സത്യപ്രതിജ്ഞ ചെയ്തത്. നാല് മന്ത്രിമാരും കൂടെ സ്ഥാനമേറ്റു. 

ഒൻപതു വർഷത്തിന് ശേഷം ലേബർ പാർട്ടി ഓസ്‌ട്രേലിയയിൽ അധികാരത്തിലേറുമ്പോൾ അൽബനിസ് ഉയർത്തിപ്പിടിക്കുന്ന വാഗ്ദാനം രാജ്യത്തിൻറെ ഐക്യമാണ്. ആദിവാസികൾക്ക് അവകാശ സംരക്ഷണം, 
പരിസ്ഥിതിയുടെ സുരക്ഷ ഇതൊക്കെ അദ്ദേഹം ഉറപ്പു നൽകുന്നു. 

 

 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക