Image

വിസ്മയ കേസില്‍ കിരണ്‍ കുമാര്‍ കുറ്റക്കാരന്‍ ; ശിക്ഷ നാളെ 

ജോബിന്‍സ്‌ Published on 23 May, 2022
വിസ്മയ കേസില്‍ കിരണ്‍ കുമാര്‍ കുറ്റക്കാരന്‍ ; ശിക്ഷ നാളെ 

കൊല്ലം നിലമേല്‍ സ്വദേശിനിയും മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയുമായിരുന്ന വിസ്മയ സ്ത്രീധന പീഡനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത കേസില്‍ ഭര്‍ത്താവ് കിരണ്‍ കുമാര്‍ കുറ്റക്കാരനെന്ന് കോടതി. ആത്മഹത്യാ പ്രേരണയും സ്ത്രീധന പീഡനവും തെളിഞ്ഞെന്ന് കോടതി വ്യക്തമാക്കി. കിരണ്‍ കുമാറിന് സുപ്രീം കോടതി അനുവദിച്ച ജാമ്യവും കോടതി റദ്ദാക്കി. 

കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി കെ എന്‍ സുജിത്താണ് വിധി പുറപ്പെടുവിച്ചത്. കുറ്റക്കാരനാണെങ്കിലും ശിക്ഷ വിധിച്ചിട്ടില്ല. ശിക്ഷ സംബന്ധിച്ച വാദം  നാളെ നടക്കും. വാദം പൂര്‍ത്തിയായാല്‍ നാളെത്തന്നെ ശിക്ഷ വിധിച്ചേക്കും. ഐപിസി 306 (ആത്മഹത്യാ പ്രേരണാ), ഐപിസി 498 എ (ഗാര്‍ഹിക പീഡനം), ഐപിസി -304 ബി (സ്ത്രീധന മരണം )എന്നീ വകുപ്പകളുനസരിച്ചാണ് പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്.  

പ്രതി കിരണ്‍ കുമാറും വിസ്മയയുടെ അച്ഛന്‍ ത്രിവിക്രമന്‍ നായരും വിധി കേള്‍ക്കാന്‍ കോടതിയിലെത്തിയിരുന്നു. വിസ്മയ മരിച്ച് ഒരു വര്‍ഷം പൂര്‍ത്തിയാകും മുമ്പാണ് കേസില്‍ വിധി വന്നിരിക്കുന്നത്. സമൂഹ മനസാക്ഷിയെ തൊട്ടുണര്‍ത്തിയ കേസില്‍ അതിവേഗത്തിലായിരുന്നു കോടതി നടപടികള്‍. 

മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായിരുന്ന  ഭര്‍ത്താവ് കിരണ്‍ സ്ത്രീധനത്തിനു വേണ്ടി നടത്തിയ പീഡനങ്ങള്‍ സഹിക്കാനാവാതെ വിസ്മയ ആത്മഹത്യ ചെയ്തു എന്നാണ് പ്രോസിക്യൂഷന്‍ കേസ്.

2021 ജൂണ്‍ 21 നാണ് ബിഎഎംഎസ് വിദ്യാര്‍ത്ഥിനി വിസ്മയയെ ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. 42 സാക്ഷികളെയാണ് കേസില്‍ വിസ്തരിച്ചത്. 120 രേഖകളും 12 തൊണ്ടിമുതലുകളും കൂടി പരിശോധിച്ച ശേഷമാണ് കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി കെ എന്‍ സുജിത് കേസില്‍ വിധി പറഞ്ഞത്.
 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക