Image

വിസ്മയ കേസ് വിധി ;  പ്രതികരണങ്ങള്‍

ജോബിന്‍സ്‌ Published on 23 May, 2022
വിസ്മയ കേസ് വിധി ;  പ്രതികരണങ്ങള്‍

വിസ്മയ ആത്മഹത്യ ചെയ്ത കേസില്‍ കിരണ്‍കുമാര്‍ കുറ്റക്കാരനാണെന്ന വിധി വിസ്മയയുടെ അമ്മ വീട്ടിലിരുന്ന് വിതുമ്പലോടെയാണ് കേട്ടത്. വിധിയില്‍ സന്തോഷമുണ്ട്. മറ്റാര്‍ക്കും ഈ ഗതി വരരുത്. ഈ വിധി അതിന് ഉപകരിക്കട്ടെ. കിരണ്‍ കുമാറിന് പരമാവധി ശിക്ഷ ലഭിക്കുമെന്ന് തന്നെയാണ് പ്രതീക്ഷയെന്നും ഒപ്പം നിന്നവര്‍ക്ക് നന്ദിയുണ്ടെന്നും വിസ്മയയുടെ അമ്മ പറഞ്ഞു. 

വിസ്മയയുടെ അച്ഛന്‍ ത്രിവിക്രമന്‍ നായര്‍ വിധി കേള്‍ക്കാന്‍ കോടതിയില്‍ എത്തിയിരുന്നു. നീതി കിട്ടിയെന്നും തക്ക ശിക്ഷ കിട്ടുമെന്നാണ് പ്രതീക്ഷയെന്നും വിധിയില്‍ തൃപ്തിയുണ്ടെന്നും മറ്റാര്‍ക്കും ഈ അവസ്ഥ വരരുതെന്നും അന്വേഷണ ഉദ്യോഗസ്ഥരോടും പ്രോസിക്യൂഷനോടും നന്ദിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

സ്തീധനം ആവശ്യപ്പെട്ട് ആരെങ്കിലും വന്നാല്‍ പെണ്‍കുട്ടിയെ കൊടുക്കാതിരിക്കുക. വിദ്യാഭ്യാസവും ജോലിയും ലഭിച്ചിട്ട് മാത്രം വിവാഹം കഴിപ്പിക്കുകയെന്നും വിസ്മയയുടെ അച്ഛന്‍ പറഞ്ഞു. വിവാഹം രണ്ടാമത്തെ ഘടകം മാത്രമാണ്. ആദ്യം വിദ്യാഭ്യാസം, പിന്നെ ജോലി, അതുകഴിഞ്ഞുമാത്രം കല്ല്യാണം. അനുഭവം കൊണ്ടാണ് പറയുന്നത്. കോടതിക്കകത്ത് ഇരുന്ന് നീറിയത് പോലെ ഒരു അച്ഛനും വരുത്തരുതെന്നാണ് പ്രാര്‍ത്ഥനയെന്നും വിസ്മയയുടെ അച്ഛന്‍ പറഞ്ഞു.

നിരവധി പേരുടെ പ്രാര്‍ത്ഥനയുടെ ഫലമാണ് വിധിയെന്ന് വിസ്മയയുടെ സഹോദരന്‍ വിജിത്ത് പറഞ്ഞു. വിധിയില്‍ പൂര്‍ണ്ണ സന്തോഷമാണ് അന്വേഷണ ഉദ്യോഗസ്ഥരും പ്രോസിക്യൂഷനും പ്രതികരിച്ചു. ഒരു വ്യക്തിക്കെതിരെയുള്ള വിധിയല്ല ഒരു സാമഹ്യവിപത്തിനെതിരെയുള്ള വിധിയായാണ് ഇതിനെ കാണുന്നതെന്ന് പ്രോസിക്യൂട്ടര്‍ മാധ്യമങ്ങളോട് പറഞ്ഞു.

വിധി കേട്ടതിന് ശേഷം പുറത്തിറങ്ങിയ കിരണ്‍ കുമാര്‍ മാധ്യമങ്ങളോട് പ്രതികരിച്ചില്ല. ജാമ്യം റദ്ദാക്കിയതിനാല്‍ കിരണിനെ ജില്ലാ ജയിലിലേയ്ക്കാണ് കൊണ്ടുപോയത്. 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക