Image

വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ - തിങ്കളാഴ്ച (ജോബിന്‍സ്)

ജോബിന്‍സ്‌ Published on 23 May, 2022
വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ - തിങ്കളാഴ്ച (ജോബിന്‍സ്)

കൊല്ലം നിലമേല്‍ സ്വദേശിനിയും മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയുമായിരുന്ന വിസ്മയ സ്ത്രീധന പീഡനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത കേസില്‍ ഭര്‍ത്താവ് കിരണ്‍ കുമാര്‍ കുറ്റക്കാരനെന്ന് കോടതി. ആത്മഹത്യാ പ്രേരണയും സ്ത്രീധന പീഡനവും തെളിഞ്ഞെന്ന് കോടതി വ്യക്തമാക്കി. കിരണ്‍ കുമാറിന് സുപ്രീം കോടതി അനുവദിച്ച ജാമ്യവും കോടതി റദ്ദാക്കി. ശിക്ഷ നാളെ കോടതി വിധിക്കും.
***************************************************
വെണ്ണല വിദ്വേഷ പ്രസംഗക്കേസില്‍ മുന്‍ എംഎല്‍എ പി.സി. ജോര്‍ജിന് ഇടക്കാല ജാമ്യം. വ്യാഴാഴ്ചവരെയാണ് ജാമ്യം . ഇതിനിടയില്‍ പി.സി. ജോര്‍ജിനെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി പോലീസിന് കര്‍ശന നിര്‍ദ്ദേശം നല്‍കി. കേസ് വ്യാഴാഴ്ച വീണ്ടും പരിഗണിക്കും.
***************************************************
നടിയെ പീഡിപ്പിച്ച കേസില്‍ ,സിനിമാ നിര്‍മ്മാതാവും നടനുമായ വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി മാറ്റിവച്ചു. വിദേശത്തുള്ള വിജയ് ബാബുവിനോട് ഇന്ത്യയിലേയ്ക്ക് മടങ്ങാനുള്ള ടിക്കറ്റ് ഹാജരാക്കാന്‍ കോടതി ആവശ്യപ്പെട്ടു.ഇതിന് ശേഷം കേസ് പരിഗണിക്കാമെന്നും കോടതി പറഞ്ഞു. 
************************************************
നടിയെ ആക്രമിച്ച കേസ് അട്ടിമറിക്കാന്‍ നീക്കം നടക്കുന്നുവെന്നാരോപിച്ച് അതിജീവിത ഹൈക്കോടതിയില്‍. സര്‍ക്കാരിനെ വെട്ടിലാക്കി കൊണ്ടാണ് സംസ്ഥാന പോലീസില്‍ നിന്നും നീതി കിട്ടുന്നില്ലെന്ന കാട്ടി അതിജീവിത ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. ഭരണകക്ഷിയിലെ അംഗങ്ങളും ദിലീപും തമ്മിലുള്ള അവിശുദ്ധ ബന്ധമാണ് ഇതിന് പിന്നിലെന്നും അതിജീവിത ഹര്‍ജിയില്‍ ആരോപിക്കുന്നു നീതി ഉറപ്പാക്കാന്‍ കോടതി ഇടപെടണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.
**************************************************
ആലപ്പുഴയിലെ പോപ്പുലര്‍ഫ്രണ്ട് റാലിയില്‍ ഹിന്ദുക്കള്‍ക്കും ക്രിസ്ത്യാനികള്‍ക്കുമെതിരെ കൊലവിളി മുദ്രാവാക്യം നടത്തിയ സംഭവത്തില്‍ പോലീസ് കേസെടുത്തു. വിവിധ കോണുകളില്‍ നിന്നുള്ള ശക്തമായ പ്രതിഷേധത്തെ തുടര്‍ന്നാണ് പോലീസ് കേസെടുത്തത്. 
************************************************
ആഗോള വെല്ലുവിളികളെ ഇന്ത്യ ധൈര്യപൂര്‍വം നേരിടുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ജനാധിപത്യം ഇന്ത്യയില്‍ കൂടുതല്‍ ശക്തമാകുന്നു. പുരുഷന്മാരേക്കാള്‍ കൂടുതല്‍ സ്ത്രീ വോട്ടര്‍മാര്‍ നിലവിലുണ്ട്. ഓരോ തെരഞ്ഞെടുപ്പിലും രേഖപ്പെടുത്തുന്നത് റെക്കോര്‍ഡ് പോളിംഗ് ശതമാനമാണ്. ഇന്ത്യന്‍ ജനാധിപത്യം മാറ്റങ്ങളെ സ്വാഗതം ചെയ്യുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. ജപ്പാനിലെ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
*********************************************
നടിയെ ആക്രമിച്ച കേസും പി.സി. ജോര്‍ജിന്‍െ കേസും അട്ടിമറിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ആരോപിച്ചു. ഇതിനാലാണ് അതിജീവിതയ്ക്ക് ഹൈക്കോടതിയില്‍ പോകേണ്ടി വന്നതെന്നും പി.സി. ജോര്‍ജും സര്‍ക്കാരും നാടകം കളിക്കുകയാണെന്നും സതീശന്‍ ആരോപിച്ചു. 
*************************************
മദ്രസകള്‍ നിരോധിക്കുകയും ഖുര്‍ ആന്‍ വീട്ടില്‍ മാത്രം പഠിപ്പിക്കുകയും വേണമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ. ഡല്‍ഹിയില്‍ ആര്‍ എസ് എസ് സംഘടിപ്പിച്ച സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മദ്രസ എന്ന വാക്ക് നിലനില്‍ക്കുന്നതുവരെ കുട്ടികള്‍ക്ക് ഡോക്ടറോ എഞ്ചിനീയറോ ആകുന്നതിനെ പറ്റി ചിന്തിക്കാന്‍ പോലും കഴിയില്ല. ഇന്ത്യയില്‍ ജനിച്ചവരെല്ലാം ഹിന്ദുക്കള്‍ തന്നെയായിരുന്നു. അതുകൊണ്ടുതന്നെ മുസ്ലീം കുട്ടികള്‍ മിടുക്കരാണെങ്കില്‍ അതിന് കാരണം അവരുടെ ഹിന്ദു സ്വാധീനമുള്ള ഭൂതകാലമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
************************************
കോടതിയിലേക്ക് കൊണ്ടുവരുന്നതിനിടെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ പ്രതി രക്ഷപ്പെട്ടു. നിരവധി കേസുകളില്‍ പ്രതിയായ അമീര്‍ അലി ആണ് രക്ഷപ്പെട്ടത്. തിങ്കളാഴ്ച രാവിലെ കാസര്‍കോട് കോടതിയിലേക്ക് കൊണ്ടുവരുന്നതിനിടെയാണ് അമീര്‍ അലി രക്ഷപ്പെട്ടത്. മയക്കുമരുന്ന് കടത്ത്, അക്രമം, തട്ടിക്കൊണ്ടുപോകല്‍ തുടങ്ങി ഇരുപതോളം കേസുകളിലെ പ്രതിയാണ് അമീര്‍ അലി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക