Image

സിഎന്‍ജി ബസുകള്‍ വാങ്ങാനുള്ള തീരുമാനത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് മന്ത്രി ആന്റണി രാജു

Published on 24 May, 2022
സിഎന്‍ജി ബസുകള്‍ വാങ്ങാനുള്ള തീരുമാനത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് മന്ത്രി ആന്റണി രാജു

തിരുവനന്തപുരം: കെ സ്വിഫ്റ്റ് കമ്പനിക്കായി 700 സിഎന്‍ജി ബസുകള്‍ വാങ്ങാനുള്ള തീരുമാനവുമായി കെഎസ്ആര്‍ടിസി മുന്നോട്ട്. ജീവനക്കാരുടെ സംഘടനകള്‍ തീരുമാനത്തിനെതിരെ രംഗത്തുണ്ടെങ്കിലും ബസുകള്‍ എത്രയും വേഗം നിരത്തിലിറക്കാനാണു തീരുമാനമെന്ന് മന്ത്രി ആന്റണി രാജു വ്യക്തമാക്കി. സിഎന്‍ജിക്കെതിരായ വിമര്‍ശനങ്ങള്‍ കാര്യങ്ങള്‍ നല്ലവണ്ണം പഠിക്കാതെയാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു 

സിഎന്‍ജിയുടെ പണച്ചെലവും ലഭ്യതക്കുറവും കണക്കിലെടുക്കുമ്പോള്‍ ഡീസല്‍ ബസുകളാണ് അഭികാമ്യമെന്നാണു സംഘടനകള്‍ ചൂണ്ടിക്കാട്ടിയത്. ഇതര സംസ്ഥാനങ്ങള്‍ ഇലക്ട്രിക് ബസുകളിലേക്കു കടക്കുന്ന വേളയിലാണ് കേരളം ചെലവേറിയ സംരംഭത്തിനു മുതിരുന്നതെന്നും വിമര്‍ശനമുയര്‍ന്നു. ഡീസലിനെക്കാള്‍ സിഎന്‍ജിക്കു വില കൂടുതലാണെന്നും പെട്രോളിനും ഡീസലിനും വില കുറഞ്ഞപ്പോള്‍ സിഎന്‍ജിക്ക് രണ്ടു രൂപയോളം വര്‍ധിക്കുകയായിരുന്നുവെന്നും ട്രാന്‍സ്‌പോര്‍ട്ട് എംപ്ലോയീസ് യൂണിയന്‍ ജനറല്‍ സെക്രട്ടറി എം.ജി. രാഹുല്‍ ചൂണ്ടിക്കാട്ടി. മൈലേജിലും വ്യത്യാസമുണ്ട്. 

സിഎന്‍ജിയുടെ ലഭ്യതക്കുറവ് സര്‍വീസുകള്‍ക്കു തടസ്സമാകില്ലെന്നാണ് കെഎസ്ആര്‍ടിസി മാനേജ്‌മെന്റിന്റെ വിലയിരുത്തല്‍. ഡിപ്പോയും വര്‍ക്ഷോപ്പും ഉള്ള സ്ഥലങ്ങളില്‍ സിഎന്‍ജി സ്റ്റേഷനുകള്‍ സ്ഥാപിക്കാനാണ് ഉദ്ദേശിക്കുന്നത്. ഇലക്ട്രിക് ബസുകള്‍ പരിസ്ഥിതി സൗഹൃദപരമാണെങ്കിലും അതിനു സിഎന്‍ജിയേക്കാള്‍ ചെലവു കൂടുമെന്നും കെഎസ്ആര്‍ടിസി അറിയിച്ചു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക