Image

വിസ്മയ കേസ് : കിരണിന് പത്ത് വര്‍ഷം തടവും പന്ത്രണ്ടര ലക്ഷം രൂപ പിഴയും ശിക്ഷ

ജോബിന്‍സ്‌ Published on 24 May, 2022
വിസ്മയ കേസ് : കിരണിന് പത്ത് വര്‍ഷം തടവും പന്ത്രണ്ടര ലക്ഷം രൂപ പിഴയും ശിക്ഷ

ഏറെ വിവാദമായ വിസ്മയ കേസില്‍ കോടതി ശിക്ഷ വിധിച്ചു. കേസിലെ ഏകപ്രതിയും വിസ്മയയുടെ ഭര്‍ത്താവുമായ കിരണ്‍ കുമാറിന് പത്ത് വര്‍ഷം തടവും പന്ത്രണ്ടര ലക്ഷം രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്. ഐപിസി 304 പ്രകാരം 10 വര്‍ഷവും, 306 അനുസരിച്ച് ആറുവര്‍ഷവും, 498 അനുസരിച്ച് രണ്ടുവര്‍ഷവുമാണ് കോടതി ശിക്ഷ വിധിച്ചത്. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍ മതി.

പിഴത്തുകയില്‍ രണ്ടര ലക്ഷം രൂപ വിസ്മയയുടെ കുടുംബത്തിന് നല്‍കണം. കൊല്ലം ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതിയാണ് വിധി പുറപ്പെടുവിച്ചത്. വിധി പുറപ്പെടുവിക്കുന്നതിന് മുമ്പ് എന്തെങ്കിലും പറയാനുണ്ടോയെന്ന് കിരണിനോട് കോടതി ചോദിച്ചിരുന്നു. വിസ്മയുടേത് ആത്മഹത്യയെന്നും ശിക്ഷയില്‍ ഇളവ് വേണമെന്നും കിരണ്‍ ആവശ്യപ്പെട്ടു. താന്‍ കുറ്റം ചെയ്തിട്ടില്ല, നിരപരാധിയാണ്, അച്ഛന് സുഖമില്ല, കുടുംബത്തിന്റെ ചുമതല തനിക്കെന്നും 31 വയസ്സ് മാത്രമാണ് ഇത് പരിഗണിക്കണമെന്നും കിരണ്‍ കോടതിയെ അറിയിച്ചു. എന്നാല്‍ പ്രതിയോട് അനുകമ്പ പാടില്ലെന്നായിരുന്നു പ്രോസിക്യൂഷന്‍ വാദം. 

സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ സ്ത്രീധനം വാങ്ങാന്‍ പാടില്ലെന്ന് ചട്ടമുണ്ട്. വിസ്മയയെ സ്ത്രീധനത്തിനായി പ്രതി നിലത്തിട്ട് ചവിട്ടി. ഇത് സമൂഹം സഹിക്കില്ലെന്നും ചില ആത്മഹത്യകള്‍ കൊലപാതകമാണെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. പ്രതി വിസ്മയയെ ആദ്യം മാനസീകമായി കൊന്നെന്നും തുടര്‍ന്നാണ് ആപെണ്‍കുട്ടി ആത്മഹത്യ ചെയ്തതെന്നുമുള്ള വാദങ്ങളും പ്രോസിക്യൂഷന്‍ ഉന്നയിച്ചു. 

എന്നാല്‍ ഇത് രാജ്യത്താദ്യമായി ഉണ്ടാകുന്ന സ്ത്രീധന പീഢന കേസല്ലെന്നും സുപ്രീം കോടതി മുമ്പ് ഭാര്യയെ കഴുത്തു ഞെരിച്ചു കൊന്ന പോലീസുകാരന് പോലും പത്ത് വര്‍ഷം തടവാണ് വിധിച്ചതെന്നും പ്രതിഭാഗം വാദിച്ചു. പ്രതിക്ക് ജീവപര്യന്തം നല്‍കരുതെന്നും പ്രതിഭാഗം ആവശ്യപ്പെട്ടു. 

പ്രതി കുറ്റക്കാരനാണെന്ന് ഇന്നലെ കോടതി കണ്ടെത്തിയിരുന്നു. 2021 ജൂണ്‍ 21നാണ് വിസ്മയ ആത്മഹത്യ ചെയ്തത്. കിരണിന്റെ വീട്ടില്‍ വിസ്മയയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. 2020 മെയ് 30നാണ് വിസ്മയയും കിരണ്‍ കുമാറും തമ്മിലുള്ള വിവാഹം നടന്നത്. സ്ത്രീധനമായി കൂടുതല്‍ സ്വര്‍ണം ആവശ്യപ്പെട്ടും വിസ്മയയുടെ വീട്ടുകാര്‍ നല്‍കിയ കാറില്‍ തൃപ്തനല്ലാത്തിനാലും വിസ്മയയെ നിരന്തരം മാനസികമായും ശാരീരികമായി കിരണ്‍ കുമാര്‍ പീഡിപ്പിച്ചിരുന്നെന്നാണ് കുറ്റപത്രത്തില്‍ പറഞ്ഞിട്ടുള്ളത്.

ഈ വര്‍ഷം ജനുവരി പത്തിനാണ് കേസിന്റെ വിചാരണ ആരംഭിച്ചത്. ഇതിനിടെ വകുപ്പ് തല അന്വേഷണത്തില്‍ കിരണ്‍ കുമാറിനെ മോട്ടോര്‍ വാഹന വകുപ്പിലെ ജോലിയില്‍ നിന്നും പിരിച്ചു വിട്ടിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക