Image

അതിജീവിതയുടെ പരാതി തൃക്കാക്കര തെരഞ്ഞെടുപ്പിനു മുന്‍പു വന്നത് സംശയകരം: കൊടിയേരി

Published on 24 May, 2022
അതിജീവിതയുടെ പരാതി തൃക്കാക്കര തെരഞ്ഞെടുപ്പിനു മുന്‍പു വന്നത് സംശയകരം: കൊടിയേരി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അതിജീവിതയുടെ പരാതി തൃക്കാക്കര ഉപതിരഞ്ഞെടുപ്പിനു മുന്‍പു വന്നത് സംശയകരമാണെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. അതിജീവിതയ്‌ക്കൊപ്പം അന്നു മുതല്‍ ഇന്നു വരെ നില്‍ക്കുന്നതാണ് ഇടതു സര്‍ക്കാര്‍. പ്രോസിക്യൂഷന്‍ അതിന് അനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നത്.

ഭരണപക്ഷത്തിന് എതിരായ ആക്ഷേപക്ഷങ്ങള്‍ക്ക് അടിസ്ഥാനമില്ല. അങ്ങനെ ഉണ്ടെങ്കില്‍ കോടതിയില്‍ സമര്‍പ്പിക്കട്ടെ, കോടതി തന്നെ പരിശോധിക്കുന്നതായിരിക്കും നല്ലതെന്നും അദ്ദേഹം പറഞ്ഞു. രാവിലെ എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി.ജയരാജന്‍ പറഞ്ഞതിനെ പിന്തുണച്ചാണ് വാര്‍ത്താ സമ്മേളനത്തില്‍ കോടിയേരി നിലപാടു വ്യക്തമാക്കിയത്.

നടിയെ ആക്രമിച്ച കേസ് ഉണ്ടായപ്പോള്‍തന്നെ കാര്‍ക്കശ്യത്തോടെയാണ് പ്രശ്‌നം കൈകാര്യം ചെയ്തത്. അതിജീവിതയ്ക്കു നീതി കിട്ടുന്നതിനായി നിശ്ചയദാര്‍ഢ്യത്തോടെ ഇടപെട്ട സര്‍ക്കാരാണ് ഇത്. അതില്‍ വളരെ പ്രമുഖനായ വ്യക്തി ഉള്‍പ്പെടെ അറസ്റ്റിലായി. യുഡിഎഫ് ഭരണമായിരുന്നെങ്കില്‍ അങ്ങനെ ഒരാളെ അറസ്റ്റു ചെയ്യുമായിരുന്നോ എന്നു ചോദിച്ച അദ്ദേഹം, എല്‍ഡിഎഫ് സര്‍ക്കാരായതിനാലാണ് അറസ്റ്റു നടന്നതെന്നും പറഞ്ഞു.

യുഡിഎഫ് എല്ലാക്കാലത്തും ഇത്തരം പ്രതികളെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിച്ചട്ടുള്ളത്. എറണാകുളത്ത് പ്രതിയുമായി ബന്ധമുള്ളത് ആര്‍ക്കാണെന്ന് എല്ലാവര്‍ക്കും അറിയാവുന്നതാണ്. സംസ്ഥാന ചലച്ചിത്രോത്സവത്തില്‍ അതിജീവിതയെ പങ്കെടുപ്പിച്ച് മുഖ്യാതിഥിയാക്കിയ സര്‍ക്കാരാണ് ഇത്. അവര്‍ക്കൊപ്പമാണ് സര്‍ക്കാരെന്നു വ്യക്തമാക്കിയിട്ടുള്ളതാണ്. അഭിഭാഷകരെ ചോദ്യം ചെയ്യണോ വേണ്ടയോ എന്നെല്ലാം അന്വേഷണ സംഘമാണ് തീരുമാനിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക