Image

യുദ്ധത്തിനിടെ പുടിനുനേരെ വധശ്രമം നടന്നിരുന്നതായി വെളിപ്പെടുത്തല്‍

Published on 24 May, 2022
  യുദ്ധത്തിനിടെ പുടിനുനേരെ വധശ്രമം നടന്നിരുന്നതായി വെളിപ്പെടുത്തല്‍

 

മോസ്‌കോ: റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിനുനേരെ രണ്ടു മാസം മുന്‍പ് വധശ്രമം നടന്നതായി വെളിപ്പെടുത്തല്‍.

തലനാരിഴയ്ക്കാണ് പുടിന്‍ വധശ്രമത്തില്‍നിന്ന് രക്ഷപ്പെട്ടത്. ഉയര്‍ന്ന യുക്രൈന്‍ സൈനിക വൃത്തമാണ് ഇക്കാര്യം പുറത്തുവിട്ടത്.

പുടിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച്‌ ആശങ്കകള്‍ ഉയരുന്നതിനിടെയാണ് വെളിപ്പെടുത്തല്‍.

യുക്രൈന്‍ പ്രതിരോധ ഇന്റലിജന്‍സ് വിഭാഗം മേധാവി മേജര്‍ ജനറല്‍ കിറിലോ ബുധാനോവ് ആണ് പുടിനുനേരെ വധശ്രമം നടന്ന വിവരം പുറത്തുവിട്ടത്. കരിങ്കടലിനും കാസ്പിയന്‍ കടലിനും ഇടയിലുള്ള കൊക്കേഷ്യന്‍ പര്‍വത പ്രദേശങ്ങളില്‍ വച്ചായിരുന്നു സംഭവം. കഴിഞ്ഞ ഫെബ്രുവരി 24ന് റഷ്യ യുക്രൈന്‍ അധിനിവേശം ആരംഭിച്ചതിനു പിന്നാലെയായിരുന്നു ഇതെന്ന് ബുധാനോവ് യുക്രൈന്‍ മാധ്യമമായ 'യുക്രൈന്‍സ്‌ക പ്രാവ്ദ'യോട് വെളിപ്പെടുത്തി.

പുടിനെ വകവരുത്താനുള്ള ശ്രമമുണ്ടായി. കൊക്കേഷ്യയില്‍നിന്നുള്ള ഒരു സംഘമാണ് പുടിനെ ആക്രമിച്ചത്. ശ്രമം വിജയിച്ചില്ലെങ്കിലും സംഭവം രണ്ടു മാസം മുന്‍പ് നടന്നതാണെന്നും കിറിലോ ബുധാനോവ് വ്യക്തമാക്കി.

വെളിപ്പെടുത്തലിനെക്കുറിച്ച്‌ റഷ്യ പ്രതികരിച്ചിട്ടില്ല.

എന്നാല്‍, ആഴ്ചകള്‍ക്കുമുന്‍പ് പുടിന്റെ ആരോഗ്യസ്ഥിതി മോശമാണെന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നു. അദ്ദേഹം വയറില്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായതായും റിപ്പോര്‍ട്ടുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക