Image

സര്‍ക്കാര്‍ അതിജീവിതയ്ക്കൊപ്പം, അന്വേഷണം ഉന്നതനിലേക്കെത്തുമ്പോള്‍ അരുതെന്ന് പറയില്ല- പിണറായി

Published on 24 May, 2022
 സര്‍ക്കാര്‍ അതിജീവിതയ്ക്കൊപ്പം, അന്വേഷണം ഉന്നതനിലേക്കെത്തുമ്പോള്‍ അരുതെന്ന് പറയില്ല- പിണറായി

 


കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ അതിജീവിതയ്ക്കൊപ്പം നില്‍ക്കാനാണ് സര്‍ക്കാര്‍ ശ്രദ്ധിച്ചിട്ടുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഉത്രയ്ക്കും വിസ്മയയ്ക്കും ജിഷയ്ക്കും ലഭിച്ച നീതി, അതിജീവിതയ്ക്കും ലഭിക്കും. എല്‍.ഡി.എഫ്. ആയിരുന്നില്ലെങ്കില്‍ കുറ്റാരോപിതര്‍ കയ്യുംവീശി നെഞ്ചുംവിരിച്ച് നടന്നുപോകും.


ക്വട്ടേഷന്‍ കൊടുത്ത കാര്യം, അത് ഇവരുടെ എല്ലാം മൊഴികളിലൂടെ പോലീസിന് ലഭിച്ചു. അങ്ങനെയാണ് ആ കേസിലെ പ്രധാനപ്രതിയും ജയിലിലേക്ക് എത്തുന്നത്. അതിലൊന്നും ഒരു കൈവിറയലും കേരളാ പോലീസിനുണ്ടായില്ല. ശക്തമായ നടപടിയുമായിത്തന്നെ പോലീസ് മുന്നോട്ടുപോയി. കേരളത്തിലെ കേസ് അന്വേഷണങ്ങളുടെ ഒരു പ്രത്യേകത, കേസ് അന്വേഷണത്തിന് എല്ലാ സ്വാതന്ത്ര്യങ്ങളും പോലീസിനുണ്ട് എന്നതാണ്. അവരുടെ കൈയ്ക്ക് തടസ്സമില്ല. ഒരുതരത്തിലുള്ള തടസ്സവും അവര്‍ക്ക് ഉണ്ടാവില്ല, മുഖ്യമന്ത്രി പറഞ്ഞു.


കേസ് അന്വേഷണത്തിന്റെ ഭാഗമായി ഏതെങ്കിലും ഉന്നതനിലേക്ക് എത്തുമ്പോള്‍, അയ്യോ അങ്ങോട്ട് പോകല്ലേ എന്നു പറയാന്‍ ഇവിടെ ഒരു സര്‍ക്കാരില്ല. പൊയ്ക്കോ ആരുടെ അടുത്തു വേണമെങ്കിലും പൊയ്ക്കോ എന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. അതിന്റെ ഭാഗമായാണ് ആ കേസ് അന്വേഷണം കൃത്യമായി മുന്നോട്ടു പോയത്. കേസ് കൃത്യമായി അതിന്റെ വഴിക്കു പോകണം എന്ന ധാരണയോടെയാണ് അത്.


പണ്ടുകാലത്ത് സര്‍ക്കാരില്‍ ഇരുന്നവര്‍ ഇത്തരം കേസുകളില്‍ വെള്ളം ചേര്‍ത്ത അനുഭവമുള്ളതുകൊണ്ട് അതു തന്നെയാകും ഇപ്പോഴും നടക്കുക എന്ന ധാരണയോടെ പറഞ്ഞാല്‍ അത് ഇങ്ങോട്ട് ഏശില്ല. അത് എല്ലാം അവിടെ തന്നെ കിടന്നോളണം എന്നാണ് അവരോടെല്ലാം പറയാനുള്ളത്. എല്‍.ഡി.എഫ്. സര്‍ക്കാര്‍ അതിജീവിതയ്ക്ക് ഒപ്പമാണെന്നാണ് വ്യക്തമാക്കാനുള്ളത്. ജിഷയ്ക്കും ഉത്രയ്ക്കും വിസ്മയയ്ക്കും ലഭിച്ച നീതി അതിജീവിതയ്ക്കും സര്‍ക്കാര്‍ ഉറപ്പുകൊടുക്കും എന്നാണ് ഈ ഘട്ടത്തില്‍ പറയാനുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക