Image

ഇന്ന് ഒടുവിൽ ഉണ്ണികൃഷ്ണൻ്റെ ചരമ വാർഷിക ദിനം; ഒടുവില്‍ ആയിരുന്നില്ല ഉണ്ണിയേട്ടന്‍!  (വിജയ് സി. എച്ച് )

വിജയ് സി. എച്ച്  Published on 27 May, 2022
ഇന്ന് ഒടുവിൽ ഉണ്ണികൃഷ്ണൻ്റെ ചരമ വാർഷിക ദിനം; ഒടുവില്‍ ആയിരുന്നില്ല ഉണ്ണിയേട്ടന്‍!  (വിജയ് സി. എച്ച് )

'ഉണ്ണിയേട്ടനെ അറിയില്ല്യേ?' ജയറാം എന്നോടു ചോദിച്ചു. 
ചേര്‍ത്തലയിലെ ഒരു ഹോട്ടലില്‍ നിന്നും 'മേലേപ്പറമ്പില്‍ ആണ്‍വീടി'ന്റെ ഷൂട്ട് നടക്കുന്നിടത്തേയ്ക്ക് ഞങ്ങള്‍ പോകുകയായിരുന്നു. കാറിന്റെ പിന്‍സീറ്റില്‍ ഒടുവില്‍ ഉണ്ണികൃഷ്ണന്റെ ഇടത്തും വലത്തുമായി ജയറാമും ഈ ലേഖകനും ഇരിക്കുന്നുണ്ട്. 


ഗിരീഷ് പുത്തഞ്ചേരി രചിച്ച കഥയില്‍ ജയറാമിനായിരുന്നു നായക വേഷം. 'ഉണ്ണിയേട്ടന്‍ വിജയുടെ നാട്ടുകാരനാണ്,' അല്‍പം മുന്നോട്ടു കുനിഞ്ഞ് ജയറാം പറഞ്ഞു. 
'വീട് എവിടെയാണ്?' ഞാന്‍ ഉണ്ണിയേട്ടനോടു ചോദിച്ചു. 
'വടക്കാഞ്ചേരിയിലെ എങ്കക്കാട്.' 
'ഭരതേട്ടന്റെ ആ പ്രദേശത്താണോ?' 
'ഭരതന്റെ വീടിനടുത്തു തന്നെ.' 
സിനിമാ സംവിധായകന്‍ ഭരതന്റെ ഭവനത്തില്‍ പല വട്ടം പോയിട്ടുള്ള എനിയ്ക്ക് അടുത്തുതന്നെയുള്ള ഉണ്ണിയേട്ടന്റെ വീട് അറിയാതെ പോയതില്‍ അല്‍പം സങ്കോചം തോന്നി. 
'എങ്കക്കാടില്‍, എവിടെയാണ്?' ഞാന്‍ ചോദിച്ചു. 
'റെയിവേ ക്രോസ്സു കഴിഞ്ഞയുടനെ ഇടത്ത്.' 
ഉണ്ണിയേട്ടന്‍ പലപ്പോഴും പാലക്കാടുള്ള (കേരളശ്ശേരി) ഭാര്യാഗൃഹത്തിലായിരുന്നു താമസം എന്നതുകൊണ്ടായിരിക്കാം എങ്കക്കാടുമായി ഉണ്ണിയേട്ടനെ ബന്ധപ്പെടുത്താന്‍ എനിയ്ക്കു  കഴിയാതിരുന്നത്. 


പത്രം വായിക്കുകയും ഇടക്ക് ഞങ്ങളുടെ വര്‍ത്തമാനം ശ്രദ്ധിച്ചുകൊണ്ടുമിരുന്ന ജയറാം കുസൃതി കലര്‍ത്തി പറഞ്ഞു: 'അപ്പോള്‍ നിങ്ങള്‍ നാട്ടുകാരും, സുഹൃത്തുക്കളുമൊക്കെയായി. പാവം ഞാന്‍ ഔട്ട്!'
മൂന്നുപേരും ചിരിച്ചു. 
അല്‍പ സമയത്തിനകം കാര്‍ കായല്‍ തീരത്തെ പുതിയ ഷൂട്ടിങ് ലോക്കേഷനിലെത്തി. കാറിറങ്ങി മേലേപറമ്പിലെ ഹരികൃഷ്ണനും, കുട്ടന്‍ നായരും ഛായാഗ്രാഹകന്‍ ആനന്ദക്കുട്ടന്‍ നില്‍ക്കുന്ന ഭാഗത്തേക്കു നീങ്ങി. എനിയ്ക്ക് അപ്പോയന്റ് മെന്റ്  ഉണ്ടായിരുന്ന സംവിധായകന്‍ രാജസേനനെ തിരക്കി ഞാന്‍ മുന്നോട്ടു നടന്നു. 
രാജസേനനോടു സംസാരിച്ചതിനുശേഷം ഞാന്‍ ലൊക്കേഷനില്‍ ഉണ്ണിയേട്ടനെ അന്വേഷിച്ചു കണ്ടുപിടിച്ചു. ചേര്‍ത്തലയില്‍നിന്ന് ഒരുമിച്ചു യാത്രചെയ്തപ്പോള്‍ കണ്ട കോലത്തിലായിരുന്നില്ല അപ്പോള്‍ അദ്ദേഹം. ആളാകെ മാറി, ശരിയ്ക്കുമൊരു 'കുട്ടന്‍ നായര്‍' ആയിരിക്കുന്നു! 


'പരമു നായരും, പാച്ചു നായരും, പങ്കുണ്ണി മേനോനും, നിഷ്‌ക്കളങ്കന്‍ പിള്ളയും, X പൊതുവാളും, Y പണിക്കരും... 'പട്ടണ പ്രവേശ'ത്തിലെ അഭ്യന്തര മന്ത്രിയ്ക്കും, 'ഒരു വടക്കന്‍ വീരഗാഥ'യിലെ നാടുവാഴിക്കും, 'പാഥേയ'ത്തിലെ നമ്പൂതിരിക്കുമാണെങ്കില്‍ ഉശിരും പോരാ... എന്താ ഉണ്ണിയേട്ടാ, തിരക്കഥ എഴുതുന്നവര്‍ ചില പ്രത്യേക തരത്തിലുള്ള കഥാപാത്രങ്ങളെ സൃഷ്ടിച്ച് അവയല്ലാം ഉണ്ണിയേട്ടനെക്കൊണ്ടു ചെയ്യിപ്പിക്കുകയാണോ?' ഞാന്‍ മേലേപറമ്പിലെ കുട്ടന്‍ നായരോട് ചോദിച്ചു. 


'സമൂഹത്തില്‍ നാനാതരത്തിലുള്ളവരുമുണ്ട്. സഹൃദയരും, സൗമ്യസ്വഭാവക്കാരും, ക്ഷമിയ്ക്കുന്നവരും, പൊറുക്കുന്നവരുമെല്ലാം. ഉദാഹരണം പറയാം. 'കിരീട'ത്തില്‍ ഞാനും തിലകനും പോലീസ് കോണ്‍സ്റ്റബിള്‍മാരാണ്. സ്വഭാവത്തില്‍ ഞങ്ങള്‍ വിഭിന്നരാണ്. പ്രശ്‌നങ്ങള്‍ വേണ്ടെന്നു കരുതി, ഞാന്‍ ക്ഷമിയ്ക്കാന്‍ തയ്യാറാവുന്നു. എന്നാല്‍, തിലകന്‍ അഭിനയിക്കുന്ന കോണ്‍സ്റ്റബിള്‍ അച്യുതന്‍ നായര്‍, സാഹസത്തിന് ഒരുമ്പെടേണ്ടിവന്നാലും ക്രിമിനലുകളെ നിലയ്ക്കു നിര്‍ത്തണമെന്നു കരുതുന്ന ഉദ്യോഗസ്ഥനാണ്,'' ഉണ്ണിയേട്ടന്‍ വിവരിച്ചു. 
'കിരീടത്തിലെ സീനുകളെല്ലാം ഓര്‍മ്മയിലെത്തുന്നു, ഉണ്ണിയേട്ടാ,' ഞാന്‍ പറഞ്ഞു. 

വിജയ് സി. എച്ച് 

ഒന്നാലോചിച്ചതിനു ശേഷം ഞാന്‍ കൂട്ടിച്ചേര്‍ത്തു: 'കൊഴപ്പക്കാരെ നേരിടുന്നതില്‍ ആ പോലീസുകാരന്‍ കുറച്ചുകൂടി ടോളറന്‍സ് കാണിച്ചിരുന്നുവെങ്കില്‍, മകന്‍ സേതുമാധവന് ഒരു ക്രിമിനലേ ആകേണ്ടിവരുമായിരുന്നില്ല. അദ്ദേഹം മോഹിച്ചതുപോലെ, മോഹന്‍ലാലിനെ ഒരു പോലീസ് സബ് ഇന്‍സ്‌പെക്ടറായി മാറ്റുവാന്‍ കഴിയുമായിരുന്നു.' 

'വിജയുടെ നിരീക്ഷണം വളരെ ശരി,' ഉണ്ണിയേട്ടന്‍ ഉറപ്പിച്ചു പറഞ്ഞു. 
അത് തിലകന്റെ കുഴപ്പമല്ലെന്നും, മറിച്ച്, തിലകനു നല്‍കിയ കഥാപാത്രത്തിന്റെ പ്രകൃതമാണെന്നും ഉണ്ണിയേട്ടന്‍ വ്യക്തമാക്കി. തിലകന്റെ സ്വഭാവം തനിയ്ക്കും, തന്റെ സ്വഭാവം തിലകനും വേണമെന്ന് നമുക്ക് നിര്‍ബ്ബന്ധം പിടിക്കാന്‍ കഴിയുമോ, അദ്ദേഹം ചോദിച്ചു. 
'പിന്നെ, ഒരു അഭിനേതാവിന്റെ രൂപത്തിനും ഭാവത്തിനുമൊക്കെ ഇണങ്ങുന്ന റോളാണ് അയാള്‍ക്ക് സംവിധായകന്‍ നല്‍കുന്നത്. ലഭിച്ച റോള്‍ ഏറ്റവും ഭംഗിയായി അവതരിപ്പിക്കുന്നത് ആ കലാകാരന്റെ  കഴിവുമാണ്,' ഉണ്ണിയേട്ടന്‍ ഊന്നിപ്പറഞ്ഞു. 
അങ്ങനെയെങ്കില്‍, കിരീടത്തിലെ തിലകന്റെ റോള്‍ ഉണ്ണിയേട്ടനും, ഉണ്ണിയേട്ടന്റെ റോള്‍ തിലകനും ചെയ്തിരുന്നുവെങ്കിലോ, ഞാന്‍ ചോദിച്ചു. 
'ഞാനും തിലകനും മുന്‍ സിനിമകളില്‍ ചെയ്തുവന്ന റോളുകള്‍ നിമിത്തം, പ്രേക്ഷകര്‍ കരുതുന്ന ഞങ്ങളുടെ ഇമേജുകള്‍ വിപരീത റോളുകള്‍ക്ക് വിലങ്ങുതടിയായി നിലകൊള്ളും. എന്നാല്‍, ഇതുപോലെയുള്ള കുറച്ചു റോളുകള്‍ തുടര്‍ച്ചയായി ചെയ്താല്‍ പുതിയ ഇമേജ് ലഭിയ്ക്കുകയും ചെയ്യുന്നു,' ഉണ്ണിയേട്ടന്‍ വാചാലനായി. 
'പക്ഷെ, ഇതില്‍ റിസ്‌കുണ്ട്. മമ്മുട്ടിയുടെ കോമഡി ജനം സ്വീകരിക്കാത്തത് നല്ലൊരു ഉദാഹരണമാണ്,' ഉണ്ണിയേട്ടന്‍ തുടര്‍ന്നു. 
ലഞ്ചിനു ശേഷം ഉണ്ണിയേട്ടന്‍ ഫ്രീയായിരുന്നു. കേരക്ടര്‍ അനാലിസിസ് എന്ന നിരൂപണ ശാഖയിലേക്ക് ഞങ്ങള്‍ ആഴത്തില്‍ ഇറങ്ങിച്ചെന്നു ചര്‍ച്ചകളില്‍ മുഴുകി. 
നര്‍മ്മരസം തുളുമ്പുന്ന കവിതകളെഴുതിയിരുന്ന മാതൃസഹോദരന്‍ ഒടുവില്‍ കുഞ്ഞികൃഷ്ണ മേനോനോടൊപ്പം കുട്ടിക്കാലം ചിലവിട്ട ഉണ്ണിയേട്ടന് തിലകനെപ്പോലെയാകുവാന്‍ കഴിയുമായിരുന്നോ? 
താന്‍ പോലീസുകാരനാണെങ്കിലും നല്ലവനായ ഒരു കള്ളനെയും സ്‌നേഹിക്കുവാന്‍ കഴിയുമെന്നു ഉണ്ണിയേട്ടന്‍ പിന്നീട് തെളിയിച്ചു. 'മീശ മാധവ'നില്‍ സബ് ഇന്‍സ്‌പെക്ടറായിരുന്ന ഈപ്പന്‍ പാപ്പച്ചിയേക്കാള്‍ എത്രയോ നല്ലവനായിരുന്നില്ലേ ആ പടത്തിലെ ഹെഡ് കോണ്‍സ്റ്റബിള്‍ അച്യുതന്‍ നമ്പൂതിരി? 
അഭിനയ മികവിന് മൂന്നു തവണ സംസ്ഥാന പുരസ്‌കാരം നേടിയ ഉണ്ണിയേട്ടന്‍, ഒത്തിരി ഗാനങ്ങള്‍ ആലപിക്കുകയും, അതിലേറെ ഗാനങ്ങള്‍ക്ക് സംഗീതം നല്‍കുകയും ചെയ്തിട്ടുണ്ട്. 
ആദ്യം തന്നെ പറയേണ്ടിയിരുന്ന ഒരു കാര്യം, ഉണ്ണിയേട്ടന്‍ ഒന്നിലും ഒടുവില്‍ ആയിരുന്നില്ലയെന്നതാണ്! ചരമദിനമെത്ര കടന്നു പോയാലും, അദ്ദേഹത്തിനു മരണവുമില്ല!

https://emalayalee.com/writer/162

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക