Image

മറിയാമ്മ പിള്ളയുടെ നിര്യാണം ഫൊക്കാനയ്ക്ക് കനത്ത നഷ്ടം: ജോര്‍ജി വര്‍ഗീസ്

Published on 28 May, 2022
 മറിയാമ്മ പിള്ളയുടെ നിര്യാണം ഫൊക്കാനയ്ക്ക് കനത്ത നഷ്ടം: ജോര്‍ജി വര്‍ഗീസ്

ന്യൂജേഴ്‌സി: ഫൊക്കാനയുടെ പ്രഥമ വനിതാ അധ്യക്ഷയായിരുന്ന മറിയാമ്മ പിള്ളയുടെ നിര്യാണത്തില്‍ ഫൊക്കാന പ്രസിഡന്റ് ജോര്‍ജി വര്‍ഗീസ് അനുശോചനം അറിയിച്ചു. രണ്ടാഴ്ചമുന്‍പ് നേരില്‍ കണ്ടവേളയില്‍ ഫൊക്കാന ഒര്‍ലാന്റോ കണ്‍വെന്‍ഷനില്‍ പങ്കൈടുക്കാനായി എത്തുമെന്ന് അറിയിച്ചിരുന്നു.

അതിനു ശേഷമാണ് രോഗം മൂര്‍ച്ഛിച്ചത്.  രോഗാവസ്ഥയിലാണെങ്കിലും ഫൊക്കാന കണ്‍വെന്‍ഷനില്‍ പങ്കെടുക്കണമെന്ന അതിയായ ആഗ്രഹം അവര്‍ പ്രകടിപ്പിച്ചിരുന്നതായും ഫൊക്കാന അധ്യക്ഷന്‍ അറിയിച്ചു. അമേരിക്കന്‍ മലയാളികളുടെയിടയില്‍ ഫൊക്കാനയെന്ന സംഘടനയെ ജനകീയമാക്കുന്നതിലും, മലയാളികളായ സ്ത്രീകളുടെയും അതോടൊപ്പം തന്നെ നിരവധി പുരുഷന്മാരുടെയും  ക്ഷേമത്തിനായി നിരവധി പ്രവര്‍ത്തനങ്ങള്‍ ആസുത്രണം ചെയ്യുന്നതിലും മറിയാമ്മ പിള്ള വഹിച്ച പങ്ക് വിലമതിക്കാനാവാത്തതാണെന്നും ജോര്‍ജി വര്‍ഗീസ് അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

ചിക്കാഗോ മലയാളികള്‍ക്കിടയില്‍ കാരുണ്യത്തിന്റെ സാന്ത്വന സ്പര്‍ശമായി പ്രവര്‍ത്തിച്ചിരുന്ന മറിയാമ്മ പിള്ള 2012-14 വര്‍ഷത്തിലാണ് ഫൊക്കാന പ്രസിഡന്റായി പ്രവര്‍ത്തിച്ചിരുന്നത്.  ജോലി തേടിയെത്തുന്ന അനവധി മലയാളി വനിതകള്‍ക്ക് ആശ്രയമായിരുന്ന അവര്‍ സ്വന്തം വീടുപോലും അവര്‍ക്കായി തുറന്നിട്ടു. ഒരേ സമയം പത്തു പേര്‍ വരെ അവരുടെ വീട്ടില്‍ താമസിച്ചുകൊണ്ട് നഴ്‌സിംഗ് പ്രവേശന പരീക്ഷയ്ക്ക് തയാറെടുപ്പ് നടത്തി വന്നിരുന്നു. അവരുടെ സ്‌നേഹ സാന്ത്വന സ്പര്ശമേല്‍ക്കാത്തവര്‍ ചിക്കാഗോയില്‍ വിരളമാണ്.- ജോര്‍ജി  കൂട്ടിച്ചേര്‍ത്തു.

പ്രസിഡണ്ട് സ്ഥാനമൊഴിഞ്ഞ ശേഷവും രോഗം കഠിനമായി മൂര്‍ച്ഛിക്കും വരെ ഫോക്കാനയുടെ ഏതു പ്രവര്‍ത്തനങ്ങള്‍ക്കും മറിയാമ്മ പിള്ള സജീവമായി രംഗത്തുണ്ടായിരുന്നു. ഫൊക്കാനയുടെ പ്രതിസന്ധി ഘട്ടത്തില്‍ സംഘടനയ്ക്കൊപ്പം ഉറച്ചു നിന്ന ആ ധീര വനിതയുടെ വിയോഗം ചിക്കാഗോ മലയാളികള്‍ക്കെന്നപോലെ മുഴുവന്‍ ഫൊക്കാന പ്രവര്‍ത്തകര്‍ക്കും തീരാ നഷ്ടമാണെന്ന് ജോര്‍ജി വര്‍ഗീസ്  കൂട്ടിച്ചേര്‍ത്തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക