ബാബു സ്റ്റീഫന്റെ വാഗ്ദാനങ്ങളിൽ സമൂഹ നന്മക്കുള്ള സംരംഭങ്ങൾ 

Published on 28 May, 2022
ബാബു സ്റ്റീഫന്റെ വാഗ്ദാനങ്ങളിൽ സമൂഹ നന്മക്കുള്ള സംരംഭങ്ങൾ 

1992-ലാണ് ഫെഡറേഷൻ ഓഫ് കേരള അസോസിയേഷൻസ് ഇൻ നോർത്ത് അമേരിക്കയുടെ (ഫൊക്കാന)  ദ്വൈവാർഷിക ദേശീയ കൺവെൻഷൻ വാഷിംഗ്ടൺ ഡിസിയിൽ അന്നത്തെ പ്രസിഡന്റ് ഡോ. പാർത്ഥസാരഥി പിള്ളയുടെ നേതൃത്വത്തിൽ നടന്നത്. മേരിലാൻഡ്/വിർജീനിയ/വാഷിംഗ്ടൺ ഡിസി എന്നിവിടങ്ങളിൽ താമസിക്കുന്ന മലയാളികളെ ഒരുകുടക്കീഴിൽ കൊണ്ടുവന്ന ആദ്യ കൺവെൻഷൻ എന്ന നിലയിൽ ഇതൊരു നാഴികക്കല്ലായിരുന്നു. എന്നാൽ ദൗർഭാഗ്യവശാൽ, അതിനുശേഷം
രാജ്യതലസ്ഥാനത്തെ മലയാളി സമൂഹം ഗണ്യമായി വളർന്നിട്ടുണ്ടെങ്കിലും, പിന്നീടൊരിക്കലും അത്തരത്തിലൊരു ഏകോപനമോ ബൃഹത്തായ കൺവെൻഷനോ  പരിപാടിയോ നടത്താൻ സാധിച്ചിട്ടില്ലെന്നത് സംഘടനയുടെ വലിയൊരു ദുഃഖമാണ്.

2022-24 കാലയളവിലേക്ക് ഫൊക്കാനയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന ഡോ. ബാബു സ്റ്റീഫൻ, ഇതിനൊരു പരിഹാരം സാധ്യമാക്കാനുള്ള തീവ്ര പരിശ്രമത്തിലാണ്. പ്രമുഖ ഹെൽത്ത് കെയർ കമ്പനിയുടെ സിഇഒ എന്ന നിലയിൽ കഴിവുതെളിയിച്ച അദ്ദേഹം, മലയാളി സമൂഹത്തിന് പ്രയോജനകരമായ നിരവധി സംരംഭങ്ങൾക്ക് തിരിതെളിയിച്ചിട്ടുള്ള നേതാവാണ്.

2024-ൽ വാഷിംഗ്ടൺ ഡി.സി.യിൽ   ഫൊക്കാന ദേശീയ കൺവെൻഷൻ പ്രൗഢഗംഭീരമായി അണിയിച്ചൊരുക്കാൻ  ഡോ. സ്റ്റീഫൻ പ്രതിജ്ഞാബദ്ധനാണ്. ഈ പ്രദേശത്തെ കേരള അസോസിയേഷനുകൾ പൂർണമായും പിന്തുണയ്ക്കുന്ന ഒരു പരിപാടിയാണ് വിഭാവനം ചെയ്തിരിക്കുന്നത്.  ദേശീയ കൺവെൻഷന് ആതിഥേയത്വം വഹിക്കുന്നതിൽ മാത്രം ഒതുങ്ങുന്നതല്ല അദ്ദേഹത്തിന്റെ ചുവടുകൾ. ഫൊക്കാനയുടെ കുടക്കീഴിൽ നിരവധി  സംരംഭങ്ങൾ നടപ്പിലാക്കുന്ന പദ്ധതിയും ഡോ.സ്റ്റീഫൻ ആവിഷ്കരിച്ചിട്ടുണ്ട്. ലോകമെമ്പാടും  ജീവിതത്തിന്റെ എല്ലാ മേഖലകളിൽ നിന്നുമുള്ള കേരളീയരെ പിന്തുണയ്‌ക്കാൻ ലക്ഷ്യമിട്ടുകൊണ് ഈ സംരംഭങ്ങൾ രൂപകൽപ്പന ചെയ്‌തിരിക്കുന്നത്. ഇവയെ ജീവസുറ്റതാക്കുന്നതിനും, ഈ ലക്ഷ്യങ്ങൾ സാക്ഷാത്കരിക്കുന്നതിനും അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കാൻ പ്രതിഭാധനരായ വ്യക്തികളുടെ ഒരു ടീമും  രംഗത്തുണ്ട് .

പ്രധാന ലക്ഷ്യങ്ങൾ  

കേരള കരിയർ അസിസ്റ്റൻസ് ഏജൻസി:

പുതിയതായി അമേരിക്കയിലേക്ക് കുടിയേറുന്ന മലയാളികളെ സഹായിക്കുക എന്നതാണ് ഇത്തരമൊരു ഏജൻസി സൃഷ്ടിക്കുന്നതിന്റെ ഉദ്ദേശ്യം; പ്രത്യേകിച്ച് തൊഴിൽ മേഖലയിൽ.
ഡെന്റൽ, എഞ്ചിനീയറിംഗ്, നഴ്‌സിംഗ് തുടങ്ങി വിവിധ മേഖലകളിലെ ബിരുദധാരികൾക്ക് കരിയർ ഗൈഡൻസ് നൽകും. എൻട്രി ലെവൽ ജോലി പ്ലെയ്‌സ്‌മെന്റ് ആവശ്യമുള്ള വ്യക്തികൾക്ക് പ്രത്യേക സഹായവും ഉണ്ടായിരിക്കും. സാമ്പത്തിക സാക്ഷരത, ആരോഗ്യ ഇൻഷുറൻസിനെക്കുറിച്ചുള്ള അവബോധം,  ലഭ്യമായ കമ്മ്യൂണിറ്റി സപ്പോർട്ട് മെക്കാനിസങ്ങൾ എന്നിവ ഉൾപ്പെടെ അമേരിക്കയിലെ ജീവിതം സുഗമമാക്കുന്നതിന് ആവശ്യമായ ഉപദേശങ്ങൾ നൽകും. ഈ സൗജന്യ സേവനങ്ങൾ നൽകാൻ വൈദഗ്ധ്യമുള്ള പ്രൊഫഷണലുകളുടെ പിന്തുണയോടെ ഡോ. ബാബു സ്റ്റീഫനും സംഘവും വാഷിംഗ്ടൺ ഡിസിയിൽ പൂർണ്ണമായും പ്രവർത്തനക്ഷമമായ ഒരു ഓഫീസ് തുറക്കാനും ആലോചിക്കുന്നു.

അമേരിക്കയിൽ ജനിച്ചുവളരുന്ന മലയാളികളുടെ പുതിയ തലമുറയ്ക്ക്, പ്രത്യേകിച്ച് യുവാക്കൾക്ക് മുൻഗണനയും ശ്രദ്ധയും നൽകാനാണ്  ഉദ്ദേശിക്കുന്നത്. വരും വർഷങ്ങളിൽ  ഫൊക്കാന തഴച്ചുവളരുന്നതിന് യുവനേതാക്കൾക്ക് അർഹിക്കുന്ന പിന്തുണ നൽകേണ്ടത് അത്യന്താപേക്ഷിതമാണെന്ന് സംഘടന തിരിച്ചറിയുന്നു. ഞങ്ങളുടെ നേതൃത്വത്തിൽ, കരിയർ വികസനം, രാഷ്ട്രീയ അഭിലാഷങ്ങൾ, പ്രൊഫഷണൽ നെറ്റ്‌വർക്കിംഗ് തുടങ്ങിയ മേഖലകളിൽ യുവാക്കളെ വാർത്തെടുക്കുകയും പ്രചോദിപ്പിക്കുകയും ചെയ്യുന്ന ഒരു സപ്പോർട്ട് സിസ്റ്റം പ്രവർത്തിക്കും.

ദേശീയ സംഘടന എന്ന നിലയിൽ, വടക്കേ അമേരിക്കയിലെ  മലയാളി സമൂഹത്തിനു സഹായത്തിനായി ഇന്ത്യയിൽ സ്വാധീനം ചെലുത്താൻ ഫൊക്കാനയ്ക്ക് കഴിവുണ്ട്. ഇത് മുൻകാലങ്ങളിൽ വികസിച്ചിട്ടില്ലാത്ത ഒരു മേഖലയാണ്. ഇന്ത്യയിലെ എല്ലാ ഗവൺമെന്റുകളിലും (പ്രാദേശിക, സംസ്ഥാന, കേന്ദ്ര സർക്കാർ ഏജൻസികൾ) യഥാർത്ഥ ബന്ധങ്ങൾ  സൃഷ്ടിക്കാൻ ഡോ. ബാബു സ്റ്റീഫനും ടീമും പ്രതിജ്ഞാബദ്ധരാണ്. ഇന്റർമീഡിയറ്റ് സേവനങ്ങളിൽ സഹായം തേടാനും സാധിക്കും.

ഭൂമി വാങ്ങുകയോ വിൽക്കുകയോ ചെയ്യുക, ബാങ്ക് ഇടപാടുകൾ ആരംഭിക്കുക, വിസ ആവശ്യകതകൾ തുടങ്ങി  നിരവധി സേവനങ്ങളും അംഗങ്ങളുടെ അടിസ്ഥാന ആവശ്യങ്ങളായി പരിഗണിക്കും. കേരളത്തിലും ഇന്ത്യയിലും ഇത്തരം ഇടപാടുകൾ നടത്തുമ്പോൾ വ്യക്തികൾ നേരിടുന്ന സമ്മർദ്ദം ലഘൂകരിക്കാൻ സഹായിക്കുന്ന സംവിധാനവും ബന്ധവും  സ്ഥാപിക്കാൻ ഡോ. സ്റ്റീഫൻ മുന്നിട്ടിറങ്ങും.  

തിരുവനന്തപുരം, കൊച്ചി (നെടുമ്പാശ്ശേരി) അന്താരാഷ്‌ട്ര വിമാനത്താവളങ്ങളിൽ അധിക ഒസിഐ കൗണ്ടറുകൾ ആവശ്യമാണെന്നും അദ്ദേഹത്തിന് ബോധ്യമുണ്ട്. മറ്റ് ഇന്ത്യൻ അന്താരാഷ്ട്ര വിമാനത്താവളങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ,  കേരളത്തിലെ വിമാനത്താവളങ്ങളിൽ ഈ സേവനം കുറവാണ്. ഡോ. സ്റ്റീഫനും സംഘവും ഇത് സാധ്യമാക്കാൻ കേന്ദ്രസർക്കാരുമായി ചർച്ച ചെയ്യാനും ശ്രമിക്കുന്നു.  ജനങ്ങളുടെ ആവശ്യങ്ങൾക്കായി ഫൊക്കാന   എങ്ങനെ പ്രവർത്തിക്കും എന്നതിന്റെ ഒരു ഉദാഹരണം മാത്രമായി ഇതിനെക്കാണാം.

സംഘടനാ ഘടന:
ഫൊക്കാനയുടെ ശക്തി  ദേശീയ സംഘടനയുടെ ഘടനയിൽ നിന്നാണ്. പ്രാദേശിക തലത്തിൽ നിന്നുള്ള എല്ലാ സംഭാവനകളും ഏകോപിപ്പിച്ച് പൂർണമായും പ്രയോജനം ചെയ്യുന്ന വിധത്തിലാണ് ഘടന. സംഘടനാ ശക്തി ഉറപ്പാക്കാൻ ഡോ. ബാബു സ്റ്റീഫനും സംഘവും പ്രാദേശിക തലത്തിലുള്ള പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കും. ഓരോ പ്രാദേശിക അംഗ സംഘടനകളോടും വ്യക്തികളോടും നേരിട്ട് ആശയവിനിമയം നടത്തുകയും പിന്തുണ തേടുകയും ചെയ്യുന്നത് ഫലം കാണുമെന്ന്  ഡോ. ബാബു സ്റ്റീഫൻ വിശ്വസിക്കുന്നു. ഓർഗനൈസേഷന്റെ ഓരോ വശവും, എല്ലാ പ്രദേശങ്ങളിലും, വിശകലനം ചെയ്യുകയും മെച്ചപ്പെടുത്തുന്നതിനുള്ള ശുപാർശകൾ നടപ്പിലാക്കുകയും ചെയ്യും. ഉദാഹരണമായി, ഓരോ പ്രദേശത്തെയും റീജിയണൽ വൈസ് പ്രസിഡൻറുമാർക്ക് അവരുടെ അംഗ അസോസിയേഷനുകളുടെ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും പ്രചോദിപ്പിക്കുന്നതിനും പ്രാദേശിക അസോസിയേഷൻ പ്രസിഡന്റുമാരുമായി ചേർന്ന് പ്രവർത്തിക്കാൻ അധികാരം നൽകും.

ദേശീയ തലത്തിൽ നേടിയ വിജയങ്ങൾ വിപുലീകരിക്കുന്നതിന് പ്രാദേശിക തലത്തിലുള്ള ശ്രമങ്ങളും ഊർജ്ജിതമാക്കും. ഡോ. ബാബു സ്റ്റീഫനും സംഘവും അദ്ദേഹത്തിന്റെ ഭരണകാലം മുഴുവൻ  പ്രാദേശിക നേതാക്കളുടെ യഥാർത്ഥ പങ്കാളികളായിരിക്കുമെന്നും വാഗ്ദാനം ചെയ്യുന്നു.

ഫൊക്കാന ഗ്ലോബൽ ഇനിഷ്യേറ്റീവ്:
എല്ലാ ഓർഗനൈസേഷനുകളുടെയും വളർച്ച ലക്ഷ്യമിട്ട്  ഫൊക്കാന ഗ്ലോബൽ ഇനിഷ്യേറ്റീവ് ആരംഭിക്കും. ഫൊക്കാന വടക്കേ അമേരിക്ക ആസ്ഥാനമായുള്ള ഒരു സംഘടനയാണെങ്കിലും, ലോകമെമ്പാടുമുള്ള കമ്മ്യൂണിറ്റികളും നേതാക്കളും ഇതിനെ അംഗീകരിച്ചിട്ടുണ്ട്.  ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മലയാളികൾക്ക് ഫൊക്കാന നടത്തുന്ന ഇവന്റുകൾ, പ്രവർത്തനങ്ങൾ, നെറ്റ്‌വർക്കിംഗ് എന്നിവയിൽ പങ്കുചേരാനുള്ള അവസരങ്ങൾ നൽകാൻ ഫൊക്കാന ഗ്ലോബൽ ഇനിഷ്യേറ്റീവിനെ ചുമതലപ്പെടുത്തും. ഫൊക്കാനയുടെ നേതൃത്വം ഏറ്റെടുക്കുമ്പോൾ,   ജനറൽ കൗൺസിലിൽ ഇറങ്ങു സംബന്ധിച്ച  വിശദമായ ഒരു പദ്ധതി അവതരിപ്പിക്കുകയും  ആഗോള മലയാളി കുടുംബത്തെ ഉൾപ്പെടുത്തുന്നതിന് അനുയോജ്യമായ ബൈലോ ഭേദഗതികൾ ആവശ്യപ്പെടുകയും ചെയ്യും.
ഈ സംരംഭങ്ങൾ ഒരു തുടക്കം മാത്രമാണെന്നും ഡോ. ബാബു സ്റ്റീഫൻ വ്യക്തമാക്കുന്നു.

പ്രൊഫഷണലുകളുടെ പുതിയ ആശയങ്ങൾ നടപ്പാക്കാനും ഫൊക്കാന മുൻകൈ എടുക്കും. ഫൊക്കാനയെ നവീകരിക്കാനും പുനരുജ്ജീവിപ്പിക്കാനും പ്രതിജ്ഞാബദ്ധരാണെന്ന കാര്യത്തിൽ സംശയം വേണ്ട. അംഗങ്ങൾക്ക് വേണ്ടി  പ്രവർത്തിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്ന ഒരു ലോകോത്തര സംഘടനയായി ഫൊക്കാന നിലകൊള്ളുന്നുവെന്ന് ഉറപ്പാക്കുന്ന പ്രവർത്തനങ്ങളാണ് വരും കാലങ്ങളിൽ കാത്തിരിക്കുന്നത്. 2022-ൽ ഫൊക്കാനയുടെ നേതൃത്വത്തെ വാഷിംഗ്ടൺ ഡിസിയിലേക്ക് തിരികെ കൊണ്ടുവരാൻ ഡോ. ബാബു സ്റ്റീഫൻ ലക്ഷ്യമിടുന്നതിനാൽ അദ്ദേഹത്തെ പിന്തുണയ്ക്കാനും ഒരുമിച്ച് പ്രവർത്തിക്കാനും എല്ലാവരോടും വിനീതമായി അഭ്യർത്ഥിക്കുന്നു!

JV Brigit 2022-05-29 00:45:58
Excellent! Good luck to you!
Observer 2022-05-29 14:20:43
No hot air balloon like the other one. You should get the job
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക