യുക്രെയിൻറെ ദുഃഖം ... മറിയ സെലെൻസ്കിക്ക് പറയാനുള്ളത് - 2(സിനി പണിക്കർ)

Published on 29 May, 2022
യുക്രെയിൻറെ ദുഃഖം ... മറിയ സെലെൻസ്കിക്ക് പറയാനുള്ളത് - 2(സിനി പണിക്കർ)

 യുക്രെയ്നും റഷ്യയ്ക്കും വളരെ സങ്കീർണമായ ഒരു ചരിത്ര പശ്ചാത്തലമാണുള്ളത്. അതൊന്നു വിശദീകരിക്കാമോ?

അതിന് ഒരുപാട് കാലം നമുക്ക് പുറകിലേക്ക് സഞ്ചരിക്കേണ്ടിവരും. അന്ന് എല്ലാവരും സ്ലാവ് (Slav) ആയിരുന്നു. അവരുടെ ജീവിതം കാർഷികവൃത്തിയെ ചുറ്റിപ്പറ്റി ആയിരുന്നു. അവർ ദേശാടനക്കാർ ആയിരുന്നില്ല. റോമിലെയോ ഗ്രീക്കിലെയോ സാമ്രാജ്യശക്തികൾക്ക് അവർ അധീനപ്പെട്ടുമില്ല. മണ്ണിനെ സ്നേഹിച്ച്, കൃഷിയിൽ മുഴുകിയ ഗോത്രങ്ങൾ. അവർക്ക് സൈനികശേഷി ഇല്ലായിരുന്നു. അതുകൊണ്ട് ആക്രമണങ്ങൾ നേരിടേണ്ടി വന്നു. അവയെ നേരിടാനും സുരക്ഷ ഉറപ്പാക്കാനും വൈക്കിങ്ങുകളുമായി അവർ സഖ്യത്തിലായി. അങ്ങനെയാണ് കിവിയൻ റൂസ് എന്ന പ്രദേശം രൂപപ്പെടുന്നത്. അതാണ് പിന്നീട് യുക്രെയ്ൻ ആയത്. പത്തു മുതൽ പതിമൂന്നാം നൂറ്റാണ്ടു വരെ കീവ്‌ വളരെ സമ്പന്നവും പേരു കേട്ട രാഷ്ട്രീയ, സാംസ്കാരികകേന്ദ്രവുമായിരുന്നു. അന്ന് യൂണിവേഴ്സിറ്റി ഓഫ് കീവ്‌ പ്രഖ്യാതമായിരുന്നു. കീവിലെ രാജകുമാരിമാരെ ഫ്രാൻസിലേക്കും മറ്റും വിവാഹം ചെയ്തുകൊടുത്തിരുന്നു.

കീവിലെ റൂസ് രാജാക്കന്മാർ വടക്കൻ കിഴക്കൻ ഭാഗങ്ങളിൽ പ്രവിശ്യകളും കൊട്ടാരങ്ങളും സ്ഥാപിച്ചു. അതിലൊന്നാണ് മോസ്കോ. അതു വളർന്ന് പിന്നീട് ഗ്രാൻഡ് ഡച്ചി ഓഫ് മോസ്‌കോ എന്ന് അറിയപ്പെടാൻ തുടങ്ങി. അതിന്റെ തലസ്ഥാനമായി മോസ്കോ. പതിമൂന്നാം നൂറ്റാണ്ടിലെ മംഗോളിയൻ ആക്രമണത്തിൽ കീവ്‌ നശിച്ചു. മോസ്‌കോയും അന്ന് ആക്രമിക്കപ്പെട്ടു. പക്ഷേ അവർ മംഗോളിയൻ അധീനതയിൽ സഖ്യമുണ്ടാക്കി രക്ഷ നേടി. കീവ്‌ പോലെ തകർന്നില്ല. വ്ളാഡിമിർ പുട്ടിൻ പറയുന്നത് റഷ്യക്കാരും യുക്രെയ്ൻ ജനതയും ഒന്നാണെന്നാണ്. അതിൽ കുറെ വാസ്തവമുണ്ട്. എന്നാലും രണ്ടും രണ്ട് രാജ്യവും രാജ്യക്കാരും ആണുതാനും. റൂസ് എന്നത് യഥാർഥത്തിൽ യുക്രെയ്ന്റെ തുടക്കം ആയിരുന്നു. പക്ഷേ, റഷ്യയിൽ നിന്നും മറ്റും വേറിട്ടു നിൽക്കാൻ യുക്രെയ്ൻ എന്ന പേര് പിന്നീട് സ്വീകരിക്കുകയാണ് ഉണ്ടായത്. യുക്രെയ്നിലും റഷ്യയിലും കാണുന്നത് വളരെ വേറിട്ട ചിന്താഗതിയാണ്, ജീവിത ശൈലിയാണ്. ഒരു ഉദാഹരണം പറയാം. ഒരു കർഷകരാജ്യമായ യുക്രെയ്നിന്റെ ദേശീയവസ്ത്രം എംബ്രോയിഡറി ചെയ്ത, ലളിതമായ ഒരു ലിനൻ കുപ്പായമാണ്. റഷ്യയുടേത് അവരുടെ സാമ്രാജ്യശക്തിയും ആധിപത്യവും നിറഞ്ഞ ഭൂതകാലത്തിന്റെ പ്രൗഢിയും പകിട്ടും നിറഞ്ഞതും.

(മറിയ വൈഷിവങ്കയെക്കുറിച്ച് (ദേശീയവസ്ത്രം) പറഞ്ഞപ്പോൾ, ഞാൻ നേരത്തെ കേട്ടിരുന്നത് ഓർമിച്ചു. ഈ കുപ്പായം യുക്രെയ്നിലെ പല ദേശങ്ങളിലും ഉണ്ടാക്കുന്നുണ്ട്. അവയെല്ലാം അൽപം വ്യത്യാസപ്പെട്ടും ഇരിക്കും. കാരണം അതാതു നാട്ടിലെ പ്രകൃതിദത്തമായ ചായക്കൂട്ടുകൾ ആണത്രേ നിറങ്ങൾക്ക് ഉപയോഗിക്കുന്നത്. അതുകൊണ്ട് യുക്രെയ്നിലുള്ളവർക്ക് എവിടെയാണ് ഈ ഷർട്ട് ഉണ്ടാക്കിയത് എന്നു പറയാനും പറ്റും. നമ്മുടെ കൈത്തറി തരങ്ങളുടെ വ്യത്യാസം പോലെ ആയിരിക്കാം അത്).

∙ യുക്രെയ്ൻ എത്രയോ കാലം റഷ്യയുടെ അല്ലെങ്കിൽ സോവിയറ്റ് യൂണിയന്റെ അധീനതയിൽ ആയിരുന്നു. യുക്രെയ്ൻ ജനതയുടെ ഇക്കാലത്തെ ദൈനംദിന ജീവിതത്തിൽ എത്രമാത്രം സ്വാധീനം റഷ്യയിൽനിന്നുമുണ്ട്?

1991 മുതലാണ് യുക്രെയ്ൻ ശരിക്കും ഒരു സ്വതന്ത്ര രാഷ്ട്രമാകുന്നത്. ഇന്ന് യുക്രെയ്നിൽ ഇരുപതുകളിലൊ മുപ്പതുകളിലൊ പ്രായമുള്ളവർക്ക് യുക്രെയ്ൻ ഒരു കോളനി ആയിരുന്നു എന്ന ഓർമയില്ല. ഈ ചെറുപ്പക്കാർ ഒന്നുകിൽ അന്ന് ജനിച്ചിട്ടില്ല, അല്ലെങ്കിൽ കുട്ടികളായിരുന്നു. അവർക്കെല്ലാം സ്വതന്ത്ര യുക്രെയ്ൻ ആണ് ജന്മനാട്. യുക്രെയ്ൻ അവരുടെയും അവരുടെ വീട്ടുകാരുടെയും കൂട്ടുകാരുടെയും നാടാണ്. അത് റഷ്യയുടേതാകണം എന്നിപ്പോൾ പറയുന്നത് അവർക്കെങ്ങനെ ദഹിക്കും? പിന്നെ, യുക്രെയ്നിലെ ആൾക്കാർ യുക്രെയ്നിയൻ ഭാഷയും റഷ്യനും സംസാരിക്കുന്നുണ്ട് എന്നത് വാസ്തവം തന്നെ. ആ സ്വാധീനമുണ്ട്. സോവിയറ്റ് കാലത്തിൽ റഷ്യൻ ആയിരുന്നു യുക്രെയ്നിലെ ഔദ്യോഗിക ഭാഷ. യൂണിവേഴ്സിറ്റികളിൽ പഠിപ്പിച്ചിരുന്നതും റഷ്യനിൽ ആയിരുന്നു. അതിനാൽ ആളുകൾ ഇന്നും നന്നായി റഷ്യൻ സംസാരിക്കും. പക്ഷേ അതുകൊണ്ട് യുക്രെയ്ൻ റഷ്യയുടേതാകണം എന്നു പറയുന്നതിൽ എന്തർഥമാണുള്ളത്? ഇംഗ്ലിഷ് സംസാരിക്കുന്നവർ എല്ലാം ഇന്ന് ഇംഗ്ലണ്ടിന്റെ അധീനതയിൽ ആകണം എന്ന് പറഞ്ഞാൽ അത് മൂഢത്വമല്ലേ?

പഴയ സോവിയറ്റു യൂണിയൻ വീണ്ടും കെട്ടിപ്പടുക്കാനാണ് വ്ളാഡിമിർ പുട്ടിന്റെ ആഗ്രഹവും പദ്ധതിയും എന്നു കേൾക്കുന്നു. അത് നടക്കാത്ത കാര്യമാണ്. പിന്നെ, ഞാൻ പഠിച്ചത് സാമ്പത്തിക ശാസ്ത്രമാണ്. അതുകൊണ്ട് ഇനി പറയുന്നത് എനിക്ക് കൂടുതൽ ബോധ്യപ്പെടുന്നു. പുട്ടിന്റെ കണ്ണുകൾ യുക്രെയ്ന്റെ എണ്ണയിലും പ്രകൃതിവാതക നിക്ഷേപങ്ങളിലും ആണ്. യൂറോപ്പിന്റെ ഗ്യാസ് സ്റ്റേഷൻ ആണല്ലോ റഷ്യ. പടിഞ്ഞാറുള്ള കാർപാത്തിയൻ പ്രവിശ്യയിലും കിഴക്കുള്ള ഡിനിപ്പേർ ഡോൺട്സ്ക് പ്രദേശത്തും തെക്ക് അസോവ് കരിങ്കടൽ പ്രദേശത്തും എത്ര നിക്ഷേപങ്ങൾ. അവ റഷ്യയ്ക്ക് അധീനമായാൽ സാമ്പത്തിക ലാഭം എത്രയാണ്! പഴയ സോവിയറ്റു യൂണിയൻ സ്വപ്നം ഒരു മറയാണ്, ഒരു കവർ സ്റ്റോറി ആണ്.

∙ യുക്രെയ്നിലും പോളണ്ടിലും മറ്റുമുള്ള ആൾക്കാർ എത്രയോ ഭാഷകൾ സംസാരിക്കും. ഇന്ത്യയിലും ഇത് പതിവാണ്. മറിയ എത്ര ഭാഷകൾ സംസാരിക്കും?

എനിക്ക് ഇംഗ്ലിഷും യുക്രെയ്നിയനും റഷ്യൻ ഭാഷയും അറിയാം. എന്റെ അച്ഛനമ്മമാർ യുക്രെയ്നിയനും പോളിഷും റഷ്യനും ജർമനും സംസാരിച്ചിരുന്നു. പിന്നെ ഇംഗ്ലിഷും. ഞാൻ യുഎസ് ഗവൺമെന്റിന്റെ അക്കൗണ്ടബിലിറ്റി ഓഫിസിൽ ജോലി ചെയ്തപ്പോൾ യുക്രെയ്നിലേക്കും ചെക്ക് റിപ്പബ്ലിക്കിലേക്കും എല്ലാം ധാരാളം ഔദ്യോഗിക യാത്രകൾ നടത്തിയിട്ടുണ്ട്; പ്രോജക്ടുകൾ പരിശോധിക്കാനും വിലയിരുത്താനും. യുക്രെയ്നിയനും റഷ്യനും എനിക്ക് അറിയാം എന്നതുകൊണ്ടാണ് അത്തരം യാത്രകൾ തരമായത്.

∙ മറിയയുടെയും യുക്രെയ്ൻ പ്രസിഡന്റിന്റെയും സർനെയിം സെലെൻസ്കി എന്നാണല്ലോ. പ്രസിഡന്റുമായി എന്തെങ്കിലും ബന്ധമുണ്ടോ? യുക്രെയ്നിലുള്ള ബന്ധുക്കളുടെ സ്ഥിതി ഇപ്പോൾ എന്താണ്?

പ്രസിഡന്റ് സെലെൻസ്കി അകന്ന ബന്ധുവാണെന്നു തോന്നുന്നു. വ്യക്തമായി അറിയില്ല. യുക്രെയ്നിലുള്ള ബന്ധുക്കൾ - അവർ കൂടുതലും ലെവിവിലാണ്. നേരത്തേ പറഞ്ഞ, സൈബീരിയയിലേക്ക് നാടു കടത്തപ്പെട്ട അമ്മായിയുടെ പിൻതലമുറകൾ. (അമ്മായി അവിടേക്കു തിരികെ വന്നിരുന്നു). അവരുമായി ബന്ധപ്പെടുന്നുണ്ട്. എന്റെ സഹോദരി സ്ലാവ ഇപ്പോൾ പോളണ്ടിൽ ഉണ്ട്. അഭയാർഥികൾക്കു വേണ്ടി പ്രവർത്തിക്കുന്നു. ചേച്ചി ഇവിടെ വക്കീലായിരുന്നു, റിട്ടയർ ആയി.

∙ അമേരിക്കയിലുള്ള യുക്രെയ്ൻവംശജർ റഷ്യയുടെ ആക്രമണം ഇത്തവണ യുക്രെയ്നിൽ ഉണ്ടാകുമെന്നോ അതുണ്ടായാൽ അതിത്ര ഭീകരവും നിർദ്ദയവും ആകുമെന്നോ കരുതിയിരുന്നോ?

റഷ്യൻ വൻപടയുടെ നീക്കം കണ്ടപ്പോൾ അങ്ങനെ ഭയന്നു. അതേസമയം വ്ളാഡിമിർ പുട്ടിന്റെ ഒരു പേടിപ്പെടുത്തൽ മാത്രം ആയിരിക്കും ഇത് എന്ന പ്രതീക്ഷയും ഉണ്ടായിരുന്നു. 2014- ൽ റഷ്യ ക്രൈമിയ പിടിച്ചെടുത്തപ്പോൾ റഷ്യയോട് അനുഭാവമുള്ള ആളായിരുന്നു യുക്രെയ്നിയൻ പ്രസിഡന്റ്. അതിനാൽ യുദ്ധം ഉണ്ടായില്ല. അന്ന് യുക്രെയ്ന് സൈനിക ശേഷി ഒട്ടുമില്ലായിരുന്നു. അങ്ങനെ രക്തച്ചൊരിച്ചിൽ ഇല്ലാതെ ക്രൈമിയ റഷ്യയ്ക്ക് ലഭിച്ചു. അതു കണ്ടപ്പോഴാണ്, യുക്രെയ്ൻ ജനതയിൽ അന്നുവരെ ഇല്ലാതിരുന്ന ദേശീയബോധവും ഐക്യവും ഉണർന്നു വന്നത്. യുക്രെയ്ന് വേണ്ടി പൊരുതണം എന്ന തോന്നൽ ശക്തമാവുന്നത്.

∙ അമേരിക്കയിലുള്ള യുക്രെയ്ൻ വംശജർ യുക്രെയ്നെ എങ്ങിനെയാണ് ഇപ്പോൾ സഹായിച്ചുകൊണ്ടിരിക്കുന്നത്?

യുക്രെയ്നെ സഹായിക്കാൻ അമേരിക്ക കൂടുതൽ ഇടപെടണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് റാലികളും മറ്റും സംഘടിപ്പിക്കുന്നുണ്ട്. പിന്നെ സാമ്പത്തിക സഹായം. അതാണല്ലോ യുക്രെയ്ൻ ജനതക്ക് - യുക്രെയ്നിലും പിന്നെ അടുത്തുള്ള രാജ്യങ്ങളിലെ അഭയാർഥി ക്യാംപുകളിലും കുടുങ്ങിക്കിടക്കുന്നവർക്ക് - ഇപ്പോൾ അത്യാവശ്യം. ഭക്ഷണവും കുടിവെള്ളവും വസ്ത്രവും മുതൽ ആവശ്യമായത് എല്ലാമെത്തിക്കാനുള്ള പരിശ്രമമാണ്. ഇവിടത്തെ അടുത്ത തലമുറയും - എന്റെ മക്കൾ ഗ്രെഗ്ഗും ജേസണും ഉൾപ്പെടെ - എല്ലാവരും സാമ്പത്തിക സഹായങ്ങൾ ചെയ്തുകൊണ്ടിരിക്കുന്നു. ജേസൺ ക്രാഫ്റ്റ് ബീയർ ഉണ്ടാക്കുന്ന ബ്രൂവർ (brewer) ആണ്. ഇപ്പോൾ യുക്രെയ്ന് വേണ്ടി പ്രത്യേകതരം ബീയർ ഉണ്ടാക്കിക്കൊണ്ടിരിക്കുന്നു. അത് വിറ്റുകിട്ടുന്ന തുക യുക്രെയ്നിലേക്ക് അയച്ചുകൊടുക്കും.

∙ ഈ യുദ്ധത്തിന്റെ തുടക്കത്തിൽ എല്ലാവരും പറഞ്ഞത്, മൂന്നോ നാലോ ദിനങ്ങൾക്കുള്ളിൽ കീവ്‌ എന്ന തലസ്ഥാനം ഉൾപ്പെടെ യുക്രെയ്ൻ പൂർണമായും റഷ്യയുടെ കീഴിൽ ആകുമെന്നാണ്. പക്ഷേ യുക്രെയ്ൻ ജനതയുടെ, അവിടത്തെ സേനയുടെ ചെറുത്തുനിൽപ് ലോകത്തെ അമ്പരപ്പിച്ചു കളഞ്ഞു. അതിനെക്കുറിച്ചു സംസാരിക്കാമോ?

ഞാൻ നേരത്തെ പറഞ്ഞല്ലോ - ക്രൈമിയ റഷ്യ കൈക്കലാക്കിയപ്പോൾ മുതൽ യുക്രെയ്നിലെ ജനത ഒറ്റക്കെട്ടായി മറ്റൊരു റഷ്യൻ ആക്രമണത്തെ നേരിടാൻ തയാറായിരുന്നു. വാസ്തവമാണ്, യുക്രെയ്നിലെ ആളുകളുടെ വീട്ടുകാരും ബന്ധുക്കളും ധാരാളമായി റഷ്യയിലുണ്ട്. റഷ്യയിൽ ഉള്ളവരുടേത് യുക്രെയ്നിലും. പക്ഷേ റഷ്യ തന്റെ രാജ്യം പിടിച്ചെടുക്കാൻ വന്നാൽ പിന്നെ എന്താണ് ചെയ്യുക, പൊരുതുകയല്ലാതെ? മറ്റൊരു കാര്യം പറയാനുള്ളത് യുക്രെയ്നിലെ മാറ്റത്തെ കുറിച്ചാണ്. കഴിഞ്ഞ ഒരു ദശകം കൊണ്ട് അവിടം മറ്റു വെസ്റ്റേൺ നാടുകൾ പോലെ മാറിയിട്ടുണ്ട്. ഇംഗ്ലിഷ് സംസാരിക്കുന്നവർ ഇപ്പോൾ ഏറെയുണ്ട്. ധാരാളം ചെറുപ്പക്കാർ പാർലമെന്റിലുണ്ട്. ധാരാളം വനിതകളും ഉണ്ട്. എല്ലാവരും നല്ല കഴിവുള്ള, ഊർജമുള്ള ചെറുപ്പക്കാർ. ഇവരെല്ലാം യുക്രെയ്നിലെ ദുരന്തങ്ങൾ, വിവരങ്ങൾ എല്ലാം പുറം ലോകവുമായി പങ്കുവയ്ക്കുന്നു. യുക്രെയ്ൻ പാവപ്പെട്ട രാജ്യമാണ്. ഞാൻ അവിടെ വിലയിരുത്താൻ പോയ പ്രോജക്ടുകളിൽ എനിക്കേറെയിഷ്ടം വിദ്യാഭ്യാസവുമായി ബന്ധപ്പെട്ടതായിരുന്നു. ഒരു ജനതയ്ക്ക് വിദ്യാഭ്യാസം കൊടുത്താൽ, അവരെ അറിവുള്ളവർ ആക്കിയാൽ, അതാർക്കും പിന്നെ തിരിച്ചെടുക്കാൻ ആവില്ലല്ലോ. വ്ളാഡിമിർ പുട്ടിനു പോലും അത് നശിപ്പിക്കാനോ തിരിച്ചെടുക്കാനോ സാധിക്കില്ല.

∙ ഇനിയെന്തെങ്കിലും മറിയക്ക് പറയാനുണ്ടോ? ഈ യുദ്ധത്തെപ്പറ്റി? യുക്രെയ്നെപ്പറ്റി?

എന്തൊരു കഷ്ടമാണ്, ദുരിതമാണ്, ഈ യുദ്ധം. മനുഷ്യരുടെ ജീവിതം നന്നാക്കാൻ ശ്രമിക്കുന്നതിനു പകരം യുദ്ധക്കോപ്പുകൾക്കും ആയുധങ്ങൾക്കും പണമിറക്കേണ്ടി വരുന്നു. യൂറോപ്പിലെ മറ്റു രാജ്യങ്ങൾക്ക് ഡിഫൻസ് ഫണ്ട് കൂട്ടേണ്ടി വരുന്നു. ഇതെല്ലാം എന്തിനു വേണ്ടി? പിന്നെ, എനിക്ക് ഒരു കാര്യം കൂടി പറയാനുണ്ട്. അത് ഇന്ത്യയുടെ ഈ യുദ്ധത്തെപ്പറ്റിയുള്ള നിഷ്‌പക്ഷ നിലപാടിനെക്കുറിച്ചാണ്. ഇന്ത്യയാണ് ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രം. ഏവർക്കും മാതൃക. അപ്പോൾ ജനാധിപത്യത്തിനു വേണ്ടി പൊരുതുന്ന യുക്രെയ്നെ ഇന്ത്യ പിന്തുണക്കേണ്ടതല്ലേ? അതുപോലെ, ഇന്ത്യ എത്രയോ കാലം ബ്രിട്ടന്റെ കോളനി ആയി എന്തെല്ലാം കഷ്ടതകൾ അനുഭവിച്ചു. അപ്പോൾ റഷ്യ യുക്രെയ്നെ കോളനി ആക്കുന്നതിൽ നിഷ്‌പക്ഷമായി നിൽക്കാൻ ഇന്ത്യയ്ക്ക് എങ്ങനെ കഴിയുന്നു? ഇന്ത്യ ഈ യുദ്ധത്തെ ഇനിയെങ്കിലും അപലപിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുകയാണ്.

മറിയ പറഞ്ഞു നിർത്തി. എന്റെ യുക്രെയ്ൻ സംഭാഷണം അങ്ങനെ ഇന്ത്യയിൽ ആണ് അവസാനിച്ചത്. അത് മറ്റൊരു കാര്യം എന്നെ ഓർമിപ്പിച്ചു. ഇന്ത്യൻ-അമേരിക്കൻ എന്നോ അല്ലെങ്കിൽ യുക്രെയ്ൻ-അമേരിക്കൻ എന്നോ ചൈനീസ്-അമേരിക്കൻ എന്നോ ഇവിടെ ഞങ്ങളെ വിശേഷിപ്പിക്കുന്നതിൽ രണ്ടു പദങ്ങൾക്കുമുള്ള പ്രാധാന്യം! (Sita: Now You Know Me എന്ന നോവൽ പ്രസിദ്ധീകരിച്ചപ്പോൾ ലേഖനങ്ങൾ എന്നെ വിശേഷിപ്പിച്ചത് ‘ഇന്ത്യൻ-അമേരിക്കൻ നോവലിസ്റ്റ്’ എന്നായിരുന്നു). ഞങ്ങൾ കുടിയേറ്റക്കാരിൽ രണ്ടു രാജ്യങ്ങളിൽ നിന്നുമുള്ള ഉയർച്ചകളും വിജയങ്ങളും വ്യഥകളും ദുരന്തങ്ങളും മാത്രമല്ല വന്നു നിറയുന്നത്, ഓരോ പ്രശ്നത്തിലും രണ്ടിടത്തെയും സർക്കാരുകൾ എടുക്കുന്ന തീരുമാനങ്ങളുടെ ഭാരവും ഞങ്ങൾ ചുമക്കാറുണ്ട്. ഇപ്പോൾ യുക്രെയ്ന്റെ ആക്രമണത്തിൽ ഇന്ത്യയുടെ നിഷ്പക്ഷത എന്ന ഭാരം ചുമന്നുകൊണ്ടു തന്നെ, മറിയയുടെ നിരീക്ഷണങ്ങൾക്ക് എന്നാൽ കഴിയും വിധം - ഇന്ത്യയുടെ റഷ്യാ ബന്ധം മുതൽ ചൈന എന്ന ഭീഷണി വരെ – മറുപടി പറഞ്ഞുകൊണ്ട് ഞാൻ സംഭാഷണം അവസാനിപ്പിച്ചു.

ബൂച്ച എന്ന നഗരത്തിലെ ശവക്കൂമ്പാരം വാർത്തയിൽ കണ്ടപ്പോഴും മരിയൊപോളിന്റെ കത്തിക്കരിഞ്ഞ അവസ്ഥ കണ്ടപ്പോഴും മനസ്സ് ശാന്തി കിട്ടാനെന്നോണം സൂര്യകാന്തികളെ തേടി പോയി. ചെടികൾ വളരാൻ സമ്മതിക്കാത്ത പശമണ്ണിൽ ആണെങ്കിൽ കൂടിയും ഒരു വിത്തു വീണാൽ, വാശിയോടെ കിളിർത്ത്, വേരുകൾ പടർത്തി നിന്ന്, അകലത്തുള്ള സൂര്യനിൽ ലക്ഷ്യം കണ്ട്, തലയെടുപ്പോടെ, ഉള്ളുറപ്പോടെ, എല്ലാം സഹിച്ചും നേരിട്ടും കരുത്തോടെ സൂര്യകാന്തി വളരും. She is tough എന്നു പറയാവുന്ന ഒരു ചെടി. റഷ്യയോട് പൊരുതാൻ തുനിഞ്ഞിറങ്ങിയ യുക്രെയ്നിയൻ ജനതയ്ക്ക് സൂര്യകാന്തികൾ ശക്തിയും ധൈര്യവും ഊർജവും പകരുന്നുണ്ടാകണം. യുക്രെയ്ൻ ആ സൂര്യകാന്തികളുടെയും കൂടി മണ്ണാണല്ലോ.

(യുഎസ് സർക്കാരിൽ ശാസ്ത്രജ്ഞയായി ജോലി ചെയ്യുന്ന സിനി പണിക്കർ “Sita: Now You Know Me”, “യാനം സീതായനം” എന്നീ നോവലുകളുടെ രചയിതാവാണ്‌).

അവസാനിച്ചു

 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക