Image

പ്രകൃതിക്കൊരു പര്യായം  (വിജയ് സി. എച്ച്)

Published on 02 June, 2022
പ്രകൃതിക്കൊരു പര്യായം  (വിജയ് സി. എച്ച്)

ലോക പരിസ്ഥിതിദിനം അമ്പതാം വാർഷികം! 
സന്ദേശം: ഒരേയൊരു ഭൂമി! 

"പരിസ്ഥിതിയുടെ നേർക്കുള്ള ഓരോ കടന്നുകയറ്റത്തിൻ്റെയും അനന്തരഫലം നാം അനുഭവിച്ചേ മതിയാകൂ! ഓരോ മരവും വെട്ടിവീഴ്ത്തുമ്പോൾ എത്രയെത്ര പക്ഷിക്കുഞ്ഞുങ്ങളെയും, മറ്റു ജീവികളെയുമാണ് അനാഥരാക്കുന്നതും, പട്ടിണിയാക്കുന്നതും, മരണത്തിലേക്ക് തള്ളിവിടുന്നതുമെന്നും നാം എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ഇവയെല്ലാം ഉൾക്കൊള്ളുന്ന പരിസ്ഥിതിയാണ് മനുഷ്യൻ്റെ സ്വാഭാവികമായ ആവാസ വ്യവസ്ഥ," പ്രകൃതി സ്നേഹിയും, പരിസ്ഥിതി പ്രവർത്തകയും, എഴുത്തുകാരിയും, അദ്ധ്യാപികയുമായ ഡോ. പ്രമീള നന്ദകുമാർ ഓർമ്മപ്പെടുത്തുന്നു. 
ഭൂമിയെന്നത് അല്പം മണ്ണുമാത്രമല്ല, മനുഷ്യജീവൻ സാധ്യമാക്കിയെടുക്കുന്ന ഒരു പരിപൂർണ്ണ ആവാസ വ്യവസ്ഥയുമാണെന്നു തിരിച്ചറിഞ്ഞു, നാമെത്രപേർ ഭൂമിയോട് ശ്രദ്ധയോടെ ഇടപെടുന്നുണ്ടെന്ന്, 'നാനി'യെന്ന പരിസ്ഥിതി ചിത്രത്തിലൂടെ, ഈയിടെ പ്രഖ്യാപിച്ച കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളിൽ മൂന്നെണ്ണം നേടിയ ഡോ. പ്രമീള ചോദിക്കുന്നു. 
ഒരു പൂ വിരിയുന്നത് നിയതി അതിനു നൽകിയ കാലം ചെടിയിൽ ജീവനോടെ നിലനിന്നുകൊണ്ട് അതിനു ചുറ്റും സൗരഭ്യം പരത്താനാണ്. ഒരു മാമ്പഴം തിന്നാൻ മനുഷ്യന് ധാർമ്മികമായ അവകാശം ലഭിക്കുന്നത്, അതിനകത്തുള്ള കുരു പാകി പുതിയൊരു മാവിന് ഇവിടെ വളരാൻ അവസരമൊരുക്കുമ്പോൾ മാത്രമാണെന്നതാണ് നമ്മുടെ സംസ്കൃതി. ഡോ. പ്രമീളയുടെ വിശ്വാസമാണിത്. 


"മഴക്കാടുകളുടെ സൂക്ഷ്‌മമായ പ്രകൃതം നാം നിഷ്‌ഠൂരമായി അവഗണിച്ചു. ഫലമോ? സർവ വിനാശകരമായ കാലാവസ്ഥാ  വ്യതിയാനവും, ആഗോളതാപനവും! ആമസോണും, മധ്യആഫ്രിക്കൻ വനങ്ങളും കത്തിയെരിയുന്നു! ഹാ, കഷ്ടം, കേരളത്തിൽ വാർഷികങ്ങൾ എത്തുന്ന പ്രളയം! മനുഷ്യൻ തൻ്റെ മേൽക്കോയ്മ പ്രകൃതിയോടും അതിൽ സഹവസിക്കുന്ന ഇതര ജീവജാലങ്ങളോടും എന്നു കാണിക്കുവാൻ തുടങ്ങിയോ, അന്നു മുതൽ ഈ ഭൂമിയുടെ സന്തുലിതാവസ്ഥ അപകടത്തിലാണ്," ഡോ. പ്രമീള വ്യാകുലപ്പെട്ടു.  
സഹസ്ഥിതി താളം തെറ്റിച്ചുകൊണ്ടുള്ള മനുഷ്യൻ്റെ കടന്നാക്രമണം അവരെ ഏറെ അസ്വസ്ഥയാക്കുന്നുണ്ട്. അതിശയോക്തിയില്ലാതെ പറയാം, ഡോ. പ്രമീളക്ക് പ്രകൃതിയുമായുള്ളത് രക്തബന്ധമാണ്! അവർ പറയുന്നതും പ്രവർത്തിക്കുന്നതും ശ്രദ്ധിച്ചാൽ വളരെ വ്യക്തമാകുന്നതാണ് ഈ ബാന്ധവം. എന്തിനേറെ, കാറ്റിൽ ഞെട്ടിയറ്റു ഒരു പൂ താഴെ വീഴുന്നതു പോലും അവരെ വേദനിപ്പിച്ചു.  
"ഹാ, പുഷ്പമേ, അധികതുംഗപദത്തിലെത്ര
ശോഭിച്ചിരുന്നിതൊരു രാജ്ഞികണക്കയേ! നീ
ശ്രീ ഭൂവിലസ്ഥിര-അസംശയം-ഇന്നു നിൻ്റെ-
യാഭൂതിയെങ്ങു പുനരിങ്ങു കിടപ്പിതോർത്താൽ..." 
ഈ വരികൾ മലയാള ഭാഷയിലെ പ്രഥമ സിംബോളിക് കവിതയാണെന്നോ, ഈ ഖണ്ഡകാവ്യം രചിച്ചത് മഹാകവി കുമാരനാശാനാണെന്നോ അറിയാതിരുന്ന കുട്ടിക്കാലത്തു പോലും, ഡോ. പ്രമീള പതിത പുഷ്പങ്ങളെ നോക്കി ഏറെ വിലപിച്ചു. അവ പെറുക്കിയെടുത്തു വേർപ്പെട്ട ഞെട്ടികളിൽ തന്നെ ചേർത്തുവെച്ചു. 
"ഞാൻ ശുഭയിൽ എന്നെ കണ്ടു," ഡോ. പ്രമീളയുടെ കണ്ണുകളിൽ ആയിരം പൂത്തിരി ഒരുമിച്ചു കത്തുന്ന തിളക്കം! "ഒന്നാം വർഷം ഡിഗ്രിക്കു പഠിക്കാനുണ്ടായിരുന്നു, 'ശുഭ'. രബീന്ദ്രനാഥ ടാഗോറിൻ്റെ പ്രസിദ്ധമായ കഥ." 


"ഒരു അരുവിയും, ഒട്ടനവധി വൃക്ഷങ്ങളും, മുളകൊണ്ടു വേലി കെട്ടിയ ഒരു വളപ്പും, അതിലൊരു വീടും. അമ്മയില്ലാത്ത ശുഭ അവളുടെ കണ്ണുകൾ നിറയുമ്പോഴെല്ലാം ഭൂമിയുടെ മാറിൽ കമിഴ്ന്നു കിടന്നു തൻ്റെ ദുഃഖങ്ങൾ അമ്മയോട് പറയാതെ പറയുമായിരുന്നു," ശുഭയുടെ കഥ പറയുവാൻ ടാഗോർ സൃഷ്ടിച്ച ബംഗാളിലെ നാട്ടിടവഴികളിലൂടെ ഡോ. പ്രമീള നടന്നു നീങ്ങി. 
"ശുഭക്കു സംസാരശേഷിയില്ല. അവളുടെ ഏറ്റവും അടുത്ത കൂട്ടുകാരികൾ രണ്ടു പശുക്കളായിരുന്നു -- സർബസിയും പാംഗുലിയും. വാക്കുകൾ ഉച്ചരിക്കാൻ കഴിവില്ലാത്ത ഈ രണ്ടു ഗോക്കളും, ശുഭയും, എന്നാൽ മൂകമായി എല്ലാ വിശേഷങ്ങളും പങ്കുവെച്ചു." 
വീട്ടു ജോലികൾക്കിടയിൽ വീണുകിട്ടുന്ന വിലയേറിയ നിമിഷങ്ങൾ ശുഭ ഈ കൂട്ടുകാരികളോടൊപ്പം ചിലവിട്ടു. അവളുടെ കാലൊച്ച കേൾക്കാൻ, വാത്സല്യത്തോടെയുള്ള തലോടൽ ഏൽക്കാൻ, സർബസിയും പാംഗുലിയും തൊഴുത്തിൽ കാത്തു നിൽക്കുമായിരുന്നു. 
"എന്നും ശുഭ എനിയ് ക്കു പ്രചോദനം," ഡോ. പ്രമീള കൂട്ടിച്ചേർ‍ത്തു. "ഗാന്ധിജിയിൽ നിന്നും ടാഗോർ ഉൾക്കൊണ്ട പ്രകൃതി സ്നേഹത്തിൻ്റെ പ്രതിരൂപമാണ് ശുഭ." 
ശുഭയുടെ ചാന്ദിപ്പൂരിലെ ഗ്രാമത്തിൻ്റെ ശരിപ്പകർപ്പാണ് ഡോ. പ്രമീളക്ക് തെക്കൻ തൃശ്ശൂരിലെ കല്ലൂർ. രണ്ടു ചെറു കുന്നുകൾക്കിടയിൽ നെൽവയലുകളോടു ചേർന്നുള്ള വിശാലമായ പുരയിടത്തിലെ മരങ്ങളും, ചെടികളും, പുല്ലും പൂവും, അണ്ണാനും, തുമ്പിയും, പൂമ്പാറ്റയും, പക്ഷികളും ചേർന്നത് പ്രമീളയുടെ ഉൾനാടൻ ആവാസ വ്യവസ്ഥ. 
"പുഴയേയും, പച്ചപ്പിനേയും, പശുക്കളേയും സ്നേഹിച്ച ശുഭയെപ്പോലെ ഞാനും തൊടിയിലെ മണ്ണിൽ പതിഞ്ഞു കിടന്നിട്ടുണ്ട്, ഭൂമിയോട് സംവദിക്കാൻ. ധരിത്രിയുടെ ആധികൾ ചോദിച്ചറിയാൻ," ഡോ. പ്രമീള ഉള്ളു തുറന്നു. 


"ഓരോ സമാഗമത്തിലും ഭൂമാതാവിൻ്റെ വിങ്ങിപ്പൊട്ടലുകൾ എനിയ്ക്കു നേരിട്ട് അനുഭവപ്പെട്ടു. തൻ്റെ ബോധത്തെയും,  ഹൃദയത്തെയും പ്രതിനിധാനം ചെയ്യുന്ന ജൈവസമൂഹവും, പരിസ്ഥിതിയും തമ്മിലുള്ള ബന്ധം ദുർബ്ബലമായിക്കൊണ്ടിരിക്കുന്നുവെന്ന് ഭൂമി എന്നോടു മന്ത്രിച്ചുകൊണ്ടിരുന്നു..." 
പരിസ്ഥിതി ലോല പ്രദേശങ്ങളിലും, ഭൂമിയുടെ അതീവ ലോല മേഖലകളിലും ദൂരക്കാഴ്ച്ചയില്ലാത്ത മനുഷ്യൻ്റെ സ്വാർത്ഥനിഷ്‌ഠത ഏകശാസനം നടത്തുന്നു. ഈ ഭൂമി തൻ്റെ മാത്രമാണെന്ന് അവൻ അഹങ്കരിക്കുന്നു! പ്രമീള പൃഥ്വിവിൻ്റെ നൊമ്പരങ്ങൾ ആരാഞ്ഞറിയാറുണ്ട്. 
"അടുത്ത ദിവസം സ്കൂളിലെത്തിയാൽ ഞാൻ വിദ്യാർത്ഥികളെ വിളിച്ച് കൂടുതൽ, കൂടുതൽ വൃക്ഷത്തൈകൾ നടാൻ ഓർമ്മപ്പെടുത്തും. മരം ഒരു വരമാണെന്ന് ആവർത്തിക്കും," എറണാകുളം ജില്ലയിലെ പാറക്കടവ് NSS ഹയർസെക്കണ്ടറി സ്കൂൾ സംസ്കൃതം അധ്യാപികയുടെ വാക്കുകളിൽ ഭൂമിയോടുള്ള അവരുടെ പ്രതിബദ്ധത അസന്ദിഗ്‌ദ്ധമായി പ്രതിധ്വനിച്ചു. 
വൃക്ഷങ്ങളുടെ പാരിസ്ഥിതിക പ്രാധാന്യം ഓരോ പൗരനും കുട്ടിക്കാലം മുതലേ തിരിച്ചറിയണമെന്ന് ഡോ. പ്രമീള ഊന്നിപ്പറയുന്നു. 
"ഒരു മാസം ശരാശരി നൂറു പുതിയ തൈകളെങ്കിലും എൻ്റെ കുട്ടികൾ നടുന്നുണ്ട്. മുന്നെ നട്ടതിൻ്റെ വളർച്ച ഫോട്ടോകൾ എടുത്ത് എന്നെ ഇടക്കിടെ അവർ അറിയിച്ചുകൊണ്ടിരിക്കുന്നു. അത് അവർക്കൊരു ജോലിയായി തോന്നുന്നേയില്ല. അവർ അത് ആസ്വദിക്കുകയാണ്. പതിനെട്ടു വർഷം മുന്നെ ഈ വിദ്യാലയത്തിൽ അദ്ധ്യാപികയായി ചേർന്നതു മുതൽ ഈ പദ്ധതിയുമായി ഞാൻ മുന്നോട്ടു പോകുന്നു," തൻ്റെ കർമ്മ പരിപാടികളിലൊന്നിനെക്കുറിച്ച് ഡോ. പ്രമീള വിവരിച്ചു. 
2018-ലെ പ്രളയത്തിൽ കേരളം കണ്ടതിൽ ഏറ്റവും വലിയ രക്ഷാപ്രവർത്തനങ്ങളിലൊന്നിന് വേദിയായതും 1937-ൽ പ്രവർത്തനം ആരംഭിച്ച പാറക്കടവ് NSS വിദ്യാലയമാണ്. 
"പ്രളയ ജലത്താൽ ചുറ്റപ്പെട്ടു, ഒരുമാസത്തിലേറെ കാലം ഒറ്റപ്പെട്ടുകിടന്ന ഈ ഉൾനാടൻ പ്രദേശത്തെ ഏക അഭയ കേന്ദ്രം ഈ സ്കൂളായിരുന്നു. മൂവ്വായിരത്തിൽപരം മനുഷ്യർക്ക് അവലംബം. ആറ് ഹെലികോപ്റ്ററുകളാണ് ഭക്ഷണവും, മറ്റു അവശ്യ സാധനങ്ങളും എത്തിക്കാൻ പതിവായി ഓപ്പറേറ്റ് ചെയ്തുകൊണ്ടിരുന്നത്," പ്രമീള വിശദീകരിച്ചു. 


സ്വന്തം കുഞ്ഞുങ്ങളായ ബാലഭാസ്കറിനേയും ശിവഭാസ്കറിനേയും അവരുടെ അച്ഛനെ ഏൽപ്പിച്ച്, ബൃഹത്തായ ഈ സുരക്ഷാ ദൗത്യത്തിൻ്റെ അമരത്തിരുന്നവരിൽ ഒരാളും പ്രകൃതിയുടെ പര്യായമായ പ്രമീള തന്നെയായിരുന്നു. 
സംസ്കൃത സാഹിത്യത്തിൽ മാസ്റ്റർ ഡിഗ്രിയും, 'മനുഷ്യനും പരിസ്ഥിതിയും അർത്ഥശാസ്ത്രത്തിൽ' എന്ന വിഷയത്തിൽ PhD-യുമുള്ള ഡോ. പ്രമീളയുടെ കവിതകളും മറ്റു ലേഖനങ്ങളും കുറച്ചു പേരുടെയെങ്കിലും പ്രകൃതി സംസ്കാരം ഉയർത്താൻ സഹായകരമായിട്ടുണ്ടെങ്കിൽ അത് നിറം പകർന്നത് തൻ്റെ സ്വപ്നങ്ങൾക്കാണെന്ന് ഡോ. പ്രമീള കരുതുന്നു. 
'മനം നിറയെ മരം വേണം, മരം നൽകും മഴ വേണം...' എന്നു തുടങ്ങുന്ന ഡോ. പ്രമീളയുടെ കവിത പ്രകൃതി സ്നേഹികളുടെയിടയിൽ ദേശീയ ഗാനമാണ്. വരികളും സംഗീതവും നൽകി പല ചലച്ചിത്ര സംരംഭങ്ങളുമായി പ്രമീള സഹകരിച്ചിട്ടുണ്ടെങ്കിലും, അവർ ഒടുവിൽ കഥയും, സംഭാഷണവും, ഗാനവുമെഴുതിയ 'നാനി' അവരെ കൂടുതൽ പ്രശസ്തയാക്കി. സിങ്ക് സൗണ്ട് രീതിയിൽ ചിത്രീകരിച്ച ഈ പരിസ്ഥിതി ചിത്രം ഇതിനകം തന്നെ നിരവധി അന്താരാഷ്‌ട്ര ചലച്ചിത്രോത്സവങ്ങളിൽ പ്രദർശിപ്പിക്കപ്പെട്ടു. 
മനുഷ്യൻ തൻ്റെ അത്യാർത്തി പൂരണത്തിനായി വെട്ടിവീഴ്ത്തിയ ഒരു ഇളം മരത്തിൻ്റെ ആത്മാവ് അമ്മു എന്ന ഒരു ബാലികയുടെ രൂപത്തിലെത്തി തൻ്റെ നൊമ്പരങ്ങൾ കരുണയറ്റ ഈ ലോകത്തെ അറിയിക്കുന്നതാണ് പ്രമീള രചിച്ച 'നാനി'യുടെ പ്രമേയം. ക്രൂരനായ മനുഷ്യൻ പിഴുതെറിഞ്ഞ ആ കൊച്ചു വൃക്ഷത്തിൻ്റെ പുനർജനിയാണ്, ആമസോൺ മഴമരങ്ങൾ കത്തിച്ചാമ്പലാവുന്നതു ദൃശ്യമാധ്യമങ്ങളിൽ കണ്ടു തേങ്ങിക്കരഞ്ഞ അമ്മുവെങ്കിൽ, ആ കേന്ദ്ര കഥാപാത്രം തന്നെയാണ് ഈ കഥയെഴുതിയ ഡോ. പ്രമീളയെന്ന് പ്രേക്ഷകർക്ക് തിരിച്ചറിയാൻ പ്രയാസമുണ്ടാകില്ല.  


കേരളത്തിൽ അങ്ങോളമിങ്ങോളം നടത്തിവരാറുള്ള കാർഷിക പ്രദർശനങ്ങളുടെയും, മഴോത്സവങ്ങളുടെയും, മഴയോർമകളുടെയും, നിളാ സംസ്കൃതി സംരക്ഷണത്തിൻ്റെയും, മാലിന്യ വിമുക്ത നദി ബോധവൽക്കരണ പ്രസ്ഥാനങ്ങളുടെയും സജീവ പ്രവർത്തക കൂടിയാണ് ഡോ. പ്രമീള. 
പൂക്കൾ ഏറിയും കുറഞ്ഞുമിരുന്ന വസന്തങ്ങളും, പുഴകൾ നിറഞ്ഞും നിറായാതെയും ഒഴുകിയ കാലവർഷങ്ങളും കുറെ കടന്നുപോയി. അനുഭവങ്ങളാണ് പരിവർത്തനങ്ങൾക്കു പ്രേരകം. ഡോ. പ്രമീളയുടെ ശബ്ദത്തിലിപ്പോൾ ധൈര്യത്തോടൊപ്പം ധൈഷണികതയുമുണ്ട്. കൊയ്ത്തു കഴിഞ്ഞ പാടവരമ്പത്ത് ഏന്തിവലിച്ചു നടക്കുന്ന കൊറ്റികളെ വെടിവെച്ചു കൊല്ലുന്നതിൽ ഹരംകൊണ്ട അഭിനവ വേടന്മാരെ, ഈ ഭൂമിയുടെ അവകാശികൾ നിരുപദ്രവകാരികളായ ആ 'ക്രൌഞ്ചപ്പക്ഷികൾ' കൂടിയാണെന്ന് പ്രമീള ബോധ്യപ്പെടുത്തി. എന്നാൽ, ഒരു ഏക്റ്റിവിസ്റ്റിനെപ്പോലെ പ്രമീള ഒന്നും ആക്രോശിച്ചില്ല, സ്നേഹം നിറഞ്ഞ അപേക്ഷകൾ മാത്രം മുന്നോട്ടു വച്ചു. എല്ലാ കാടന്മാർക്കും കവികളായി മാനസാന്തരം വന്നില്ലെങ്കിലും, പ്രമീളയുടെ 'മാ നിഷാദ' അര്‍ത്ഥന പിന്നീടു കണ്ടത് എയർ ഗണ്ണും രാക്ഷസീയതയും ഉപേക്ഷിച്ചു പ്രകൃതി സംരക്ഷണത്തിനിറങ്ങുന്ന നിരവധി ചുറുചുറുക്കുള്ള ചെറുപ്പക്കാരെയാണ്! 
പ്രമീളയും, ഭർത്താവ് നന്ദകുമാറും ജനിച്ചത് ഒരേ നാളിൽ. ഞങ്ങൾ പരിചയപ്പെട്ടയിടയ്ക്ക് ഡോ. പ്രമീള ഈ ലേഖകനോടൊരു ജന്മദിന സമ്മാനം ആവശ്യപ്പെട്ടിരുന്നു. എൻ്റെ മക്കൾ പോലും എന്നോടിങ്ങനെയൊന്ന് അതുവരെ ആവശ്യപ്പെട്ടില്ലായിരുന്നതിനാൽ, ഡോ. പ്രമീളയുടെ അഭ്യർത്ഥനയിൽ എനിക്കെന്തോ വിസ്മയം തോന്നി. എന്താണ് വേണ്ടതെന്ന് ചോദിച്ചപ്പോൾ, ഡോ. പ്രമീള അപേക്ഷിച്ചു, "ഞങ്ങൾക്കുവേണ്ടി ഒരു തൈ നടുമോ?" 
തൃശ്ശൂർ നഗരത്തിൽ വലിയൊരു കോൺക്രീറ്റു കെട്ടിടത്തിൻ്റെ ചെറിയൊരു ഭാഗത്തു മാത്രം താമസിക്കുന്ന എനിയ്ക്ക്, സ്വന്തമായി മണ്ണുള്ളത് ഗുരുവായൂരിലാണ്. താമസിയാതെ ഞാനവിടെപ്പോയി ഒരു മാവിൻ തൈ നട്ടു. അതിന് പ്രകൃതിയുടെ പര്യായമായി നിഘണ്ടുവിൽ ചേർക്കേണ്ടതാണെന്ന് എനിയ്ക്ക് പലപ്പോഴും തോന്നിയിട്ടുള്ള, 'പ്രമീള' എന്നു പേരിട്ടു. 
ആ മാവിൻ തൈയ്യിൽ കിളിർത്ത മൃദുവായ പുതിയ ഇലകളെ ആത്മസംതൃപ്തിയോടെ അടുത്തിടെ ഒരു നാൾ നോക്കി നിൽക്കേ, പെട്ടെന്നെത്തിയ ഇളങ്കാറ്റിൻ്റെ ഈണത്തിൽ എവിടെയോ സുഗതകുമാരി ടീച്ചറുടെ ചേലുള്ള വരികൾ തങ്ങിനിന്നു: 
ഒരു തൈ നടാം നമുക്കമ്മയ്ക്കു വേണ്ടി,
ഒരു തൈ നടാം കൊച്ചുമക്കൾക്കു വേണ്ടി,
ഒരു തൈ നടാം നൂറു കിളികൾക്കു വേണ്ടി,
ഒരു തൈ നടാം നല്ല നാളേയ്ക്കു വേണ്ടി... 
നമ്മുടെ പരിസ്ഥിതിയെ നമുക്ക് കാത്തുരക്ഷിക്കാം. ഈ മണ്ണിൽ ഇനിയും പ്രളയങ്ങൾ സംഭവിക്കാതിരിക്കട്ടെ, ഉരുൾ പൊട്ടാതിരിക്കട്ടെ, മേഘവിസ്ഫോടനങ്ങൾ ഉണ്ടാകാതിരിക്കട്ടെ. പ്രകൃതിയും, പരിസ്ഥിതിയുമാണ് ആത്യന്തിക യാഥാർത്ഥ്യം! 

Read more: https://emalayalee.com/writer/162

Join WhatsApp News
Sudhir Panikkaveetil 2022-06-03 02:00:47
ദുഷ്ടനായ മനുഷ്യൻ ബോൺസായ് മരങ്ങളെ ഉണ്ടാക്കി അവന്റെ ലിവിങ് റൂം അലങ്കരിച്ച് മരങ്ങളെ നശിപ്പിക്കുന്നു. പിന്നെ ചിലർ സ്വവർഗ്ഗരതിയിൽ ഏർപ്പെട്ടു മനുഷ്യകുലം മുടിക്കാൻ നോക്കുന്നു. കലികാല വൈഭവം. ലേഖനം നന്നായിരുന്നു. ഡോക്ടർ പ്രമീളദേവിക്ക് അഭിനന്ദനങ്ങൾ.
Jesus 2022-06-03 02:52:25
you cannot stop it bro. It will be continued. it is proportional to the population. Those who take the sword will be perished by the sword. Gov. Andrew Cuomo's youngest daughter Michaela Kennedy-Cuomo came out as bisexual Friday. In an Instagram post, the 23-year-old Brown University graduate opened up about her sexuality in honor of Pride Month. She shared two images of herself, one posing a "gay for you" baseball cap and another featuring the rainbow Pride and pansexual flags in the background. Her caption reads in part "Today I stand in my queer identity with pride, and in memory of those who came before me... I stand with a helping hand outreached to those finding their way." "I love, support and couldn't have more pride in Michaela," Gov. Andrew Cuomo said.
രതികുഞ്ഞമ്മ 2022-06-03 02:56:10
ഫലം കായ്ക്കാത്ത മരങ്ങൾ എല്ലാം വെട്ടി തീയിലിടണം . ഐ മീൻ 'സ്വവർഗ്ഗരതിക്ക് യുപയോഗിക്കുന്ന മരങ്ങൾ .
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക