സ്പെല്ലിങ് ബീയിൽ വീണ്ടും ഇന്ത്യൻ അമേരിക്കൻ വിജയം; ഹരിണി ലോഗൻ കിരീടം ചൂടി

Published on 03 June, 2022
സ്പെല്ലിങ് ബീയിൽ  വീണ്ടും ഇന്ത്യൻ അമേരിക്കൻ വിജയം; ഹരിണി ലോഗൻ  കിരീടം ചൂടി

ഇന്ത്യാക്കാർ സ്പെല്ലിങ് ബീ ചാമ്പ്യൻ പട്ടം തിരിച്ചു പിടിച്ചു. ഒട്ടേറെ വർഷങ്ങൾക്ക് ശേഷം ഒരു ആഫ്രിക്കൻ അമേരിക്കൻ ബാലികയാണ് കഴിഞ്ഞ വര്ഷം വിജയിച്ചത്. 

സ്‌ക്രിപ്‌സ് നാഷണൽ സ്പെല്ലിങ് ബീ പുനരാംഭിച്ചപ്പോൾ ഹരിണി ലോഗൻ എന്ന 14കാരി ആദ്യ വിജയം കണ്ടു. കോവിഡ് മൂലം നിർത്തി വച്ചിരുന്ന മത്സരങ്ങൾ വീണ്ടും തുടങ്ങിയപ്പോൾ കടുകട്ടിയായ ഒരു സ്പെൽ-ഓഫിലൂടെയാണ് ടെക്സസിലെ സാൻ അന്തോണിയോ നിവാസിയായ ഇന്ത്യൻ അമേരിക്കൻ വിജയം കൊയ്തത്. 

അവസാന റൗണ്ടിൽ എത്തിയ ഹരിണിയും ഡെൻവറിൽ നിന്നുള്ള  വിക്രം രാജുവും 13, 18 റൗണ്ടുകളിൽ വാക്കുകളുടെ അർദ്ധം തിരിയാതെ കുഴങ്ങിയപ്പോഴാണ് 93 വർഷങ്ങളിലും ഉണ്ടാവാത്ത സ്പെൽ-ഓഫ് പരീക്ഷിച്ചത്. 90 സെക്കൻഡിൽ കഴിയുന്നത്ര വാക്കുകൾ കൃത്യമായി പറയുക. ഹരിണി 26ൽ 21 വാക്കുകളും വിക്രം രാജു 19ൽ 15 വാക്കുകളും കൃത്യമായി പറഞ്ഞു. 

സ്‌ക്രിപ്‌സ് കപ്പ് ട്രോഫിയും 50,000 ഡോളറിന്റെ  ചെക്കും ഏറ്റുവാങ്ങിയ ഹരിണി പറഞ്ഞു:എല്ലാം ഒരു സ്വപ്നം പോലെ തോന്നുന്നു. ഇതെന്റെ നാലാമത്തെ ബീയാണ്. എന്റെ ആഹ്‌ളാദം അടക്കാൻ കഴിയുന്നില്ല."

സാൻ അന്തോണിയോയിലെ മോൺസറി സ്കൂളിൽ എട്ടാം ഗ്രേഡ് വിദ്യാർത്ഥിനിയായ ഹരിണി 2018ൽ 323 ആം സ്ഥാനത്തിന് 'ടൈ' ആയിരുന്നു. 2019 ൽ മുപ്പതാം സ്ഥാനത്തിനും 2021ൽ 31 ആം സ്ഥാനത്തിനും. 

ഒട്ടേറെ വായിക്കുന്ന ഹരിണിക്കു പ്രിയ എഴുത്തുകാരൻ റോഷ്നി ചോക്ഷിയാണ്. ശാസ്ത്രമാണ് പഠിക്കുന്ന വിഷയം. പിയാനോ വായിക്കും. 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക