തൃക്കാക്കര നല്‍കുന്ന പാഠങ്ങള്‍ -പിണറായിക്കായിരിക്കും വലിയ നഷ്ടം 

Published on 04 June, 2022
തൃക്കാക്കര നല്‍കുന്ന പാഠങ്ങള്‍ -പിണറായിക്കായിരിക്കും വലിയ നഷ്ടം 

വിജയം എത്ര ക്ഷണികമാണ്.തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് അതൊരിക്കല്‍ കൂടി തെളിയിച്ചു .പൊതു ജീവിതത്തില്‍ അഗ്നിവിശുദ്ധി പാലിച്ച പി ടി തോമസ്‌ എം എല്‍ എ യ്ക്കുള്ള ആദരവ് ആയി വ്യഖ്യാനിച്ചാലും അദ്ദേഹത്തിന്‍റെ ഭാര്യ ഉമ തോമസിന് ലഭിച്ച  ഇരുപത്തയ്യായിരത്തിലേറെ വോട്ടിന്റെ ലീഡില്‍  ലഭിച്ച വിജയം സംസ്ഥാന രാഷ്ട്രീയം എത്ര പെട്ടെന്ന് മാറി മറിയുന്നു എന്നതിന്റെ സൂചനയാണ് പൊതുവേ ഒരു യു ഡി എഫ് മണ്ടലമാണ് തൃക്കാക്കര എങ്കിലും ചിന്തിക്കുന്ന കേരളത്തിന്‍റെ ഒരു പരിച്ചെദമാണ് തൃക്കാക്കര എന്നതിനാല്‍ ഈ ജനവിധിക്കു  വലിയ പ്രസക്തിയുണ്ട് .രണ്ടാം പിണറായി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തില്‍ സാധാരണ ജനത നല്‍കിയ ശക്തമായ മുന്നറിയിപ്പാണ് ഈ ജനവിധി .സര്‍ക്കാരിന്‍റെ എല്ലാ സൌകര്യങ്ങളും -മുഖ്യമന്ത്രിയും മന്ത്രിമാരും എം എല്‍ എ മാരും ഉള്‍പടെ എല്‍ ഡി എഫിന്റെ സമസ്ത സന്നാഹങ്ങളും പിടിമുറുക്കിയ ഈ ഉപതെരഞ്ഞടുപ്പില്‍ ജാതി മത വര്‍ഗീയ വികാരങ്ങളും അധമമായ രാഷ്ട്രീയ തേജോവധങ്ങളുംഹീനമായ മധ്യകാല ദുരാചാരങ്ങളുടെ വാഴ്ത്തലുകളും കണ്ടു .പക്ഷെ അതെല്ലാം മറികടന്നു സാധാരണ വോട്ടര്‍ സര്‍ക്കാരിനെ സെഞ്ചുറി അടിക്കാന്‍ അനുവദിച്ചില്ല .

ഇടതുപക്ഷം തങ്ങളുടെ വോട്ട് നിലനിര്‍ത്തുകയും ലീഡ് വര്‍ദ്ധിപ്പിക്കുകയും ചെയ്തിട്ടും ആകെ പോള്‍ ചെയ്ത വോട്ടില്‍ 53 ശതമാനത്തില്‍ ഏറെ നേടി ജനവികാരം സര്‍ക്കാരിന് എതിരെയാണെന്ന് ഉമ തോമസിന്റെ വിജയം അടിവരയിട്ടു .തൃക്കാക്കരയിലെ പ്രബല സമുദായക്കാരനാണ് സ്ഥാനാര്‍ഥി ജോ ജോസഫ്‌ എങ്കിലും കെ വി തോമസ്‌ പോലെയുള്ള നിറം മാറുന്ന നേതാക്കളുടെ പിന്തുണയുണ്ടായിട്ടും  സഭാ സ്ഥാനാര്‍ഥി എന്നാ ഓമനപ്പേര്  ഉണ്ടായിട്ടും ഡോക്ടറെ തൃക്കാക്കര കൈവിട്ടു .മുഖ്യമന്ത്രി തന്നെ തമ്പടിച്ചു നടത്തിയ പ്രചാരണത്തില്‍ ഉമ തോമസിനെ പോലെയുള്ള ഒരു സാധാരണ വീട്ടമ്മ കടപുഴകി വീഴേണ്ടതായിരുന്നു.

 

കോണ്ഗ്രസ്സിന്റെ മണ്ടലമാണ് തൃക്കാക്കര എന്നത് വാസ്തവമാണെങ്കിലും അതൊരു ഉറച്ച സീറ്റ്‌ അല്ല.കേന്ദ്രത്തിലും കേരളത്തിലും അധികാരത്തില്‍ ഇല്ലാത്ത പാര്‍ട്ടിയുടെ നേതൃത്വത്തില്‍ നടത്തിയ പോരാട്ടം ഒരു ചൂതുകളി പോലെയായിരുന്നു നിയമസഭാതെരഞ്ഞെടുപ്പിലെ പരാജയത്തില്‍ നിന്നും ഇപ്പോഴും കര കയറാത്ത കോണ്‍ഗ്രസിന്‌ കെ സുധാകരന്റെയും വി ഡി സതീശന്റെയും നേതൃത്വം  നല്‍കിയ ഊര്‍ജം  മാത്രമായിരുന്നു തെല്ലാശ്വാസം .പക്ഷെ അത്ര പെട്ടെന്ന് വഴങ്ങുന്ന ,അവരുടെ വ്യക്തിപ്രഭ ക്ക് വലിയ സ്വാധീനമുള്ള മണ്ടലമല്ല ഇത് .

പക്ഷെ യു ഡി എഫ് ഏറ്റെടുത്ത കെ റെയില്‍ പ്രക്ഷോഭം ഒരു പരിധി വരെ കോണ്‍ഗ്രസ്‌ സ്ഥാനാര്‍ത്ഥിയെ പിന്തുണച്ചു..സി പി എം അനുഭാവികളുടെ വോട്ട് ചിതറാന്‍ ഇതിടയാക്കി .പത്തു ബൂത്തില്‍ മാത്രമാണ് സി പി എമ്മിന് ലിഡ് കിട്ടിയത് എന്നോര്‍ക്കണം.ട്വന്റി ട്വന്റി മത്സരരംഗത്ത് ഇല്ലാതിരുന്നതും ഉമ തോമസിന് അനുകൂലമായി .പതിമൂവായിരത്തിലേറെ വോട്ടുകളാണ് അവര്‍ കഴിഞ്ഞ തവണ നേടിയത് .പക്ഷെ വികസനരാഷ്ട്രീയത്തിന്റെ ആ വോട്ടുകള്‍ മുഴുവന്‍ ഉമക്ക് ലഭിക്കുക അസാധ്യം ആയിരുന്നു .

അതിജീവിതയുടെ കേസില്‍ ഉണ്ടായ മലക്കം മറിച്ചിലുകളും ഇവിടെ സര്‍ക്കാരിന് ബാധ്യതയായി .ഭരണത്തില്‍ ബാഹ്യ ശക്തികളുടെ സ്വാധീനം തുറന്നു  കാട്ടുന്നതായിരുന്നു ഈ കേസിലെ അവരുടെ നടപടികള്‍ .ഇന്നും സര്‍ക്കാര്‍ ഇവിടെ പ്രതി ക്കൂട്ടിലാണ് ...സിനിമാക്കാരുടെ ഒരു കേന്ദ്രം കൂടിയാണ് തൃക്കാക്കര .

ഉപതെരഞ്ഞെടുപ്പില്‍  ജോ ജോസെഫിനെ വ്യാജ അശ്ലീല വീഡിയോ വഴി തേജോ വധം ചെയ്യാനും ശ്രമമുണ്ടായി .സി പി എം വോട്ടുകള്‍ ഭദ്രമാക്കാന്‍ അത് സഹായിച്ചിരിക്കാം ,പക്ഷെ സാധ്യത കുറവാണ് കെറെയില്‍ കല്ലിടിന്റെ പേരില്‍ നിശബ്ബ്ദരായ പാര്‍ട്ടി  പ്രവര്‍ത്തകര്‍ക്ക് കിട്ടിയ പിടിവള്ളിയായിരുന്നു ഈ ഉപതെരഞ്ഞെടുപ്പ് .അവര്‍ അത് നന്നായി വിനിയോഗിക്കുകയും ചെയ്തു .

എന്തായാലും ഈ ഉപതെരഞ്ഞെടുപ്പ് ഫലം ഇടതു സര്‍ക്കാരിനെ ഏറെ ബാധിക്കും .ഭരണത്തില്‍ വന്ഭൂരിപക്ഷമുണ്ട് എങ്കിലും ജനവികാരം എതിരാണ് എന്ന തോന്നല്‍ സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങളെ ബാധിക്കും .ശബരിമല പോലെ  കെ റെയിലില്‍ നിന്ന് പിന്നോട്ട് മാറണോ പദ്ധതിക്ക് ബദല്‍ തേടാനോ ശ്രമം ഉണ്ടാകും .സാമ്പത്തികമായി പ്രതിസന്ധിയിലേക്ക് കൂപ് കുത്തുന്ന സര്‍ക്കാരിനു പുതിയ വികസന പദ്ധതികള്‍ എളുപ്പമാവില്ല .

ഇതിലെല്ലാം ഉപരി വലിയ വീഴ്ച നേരിട്ടത് മുഖ്യമന്ത്രിപിണറായി വിജയനാണ് .അദ്ദേഹത്തിന്‍റെ അനിഷേധ്യതയും അപ്രമാധിത്വവും ആണിവിടെ ചോദ്യം ചെയ്യപ്പെട്ടത് ..ലാവ്ലിന് ശേഷം പിണറായി നേരിടുന്ന വലിയ വെല്ലുവിളിയാകും ഇത് .ഇപ്പോള്‍ തന്നെ കെ റെയില്‍ കേരളത്തിലെ നന്ദി ഗ്രാമം എന്ന പ്രചാരണം ഇനി കുടുതല്‍ ശക്തിയാര്‍ജ്ജിക്കും .ജനവികാരം എതിരായാല്‍ എന്താകുമെന്നു ശബരിമല പ്രശ്നത്തില്‍ പാര്‍ട്ടി വലിയ വിലകൊടുത്തു പഠിച്ചതാണല്ലോ!

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക