റോ വേഴ്സസ് വേഡ് ; ( ആമി ലക്ഷ്മി)

ആമി ലക്ഷ്മി Published on 04 June, 2022
റോ വേഴ്സസ് വേഡ് ; ( ആമി ലക്ഷ്മി)


അമേരിക്കയില്‍ കുടിയേറിപ്പാര്‍ത്ത ഇന്ത്യക്കാരെ ഞെട്ടിപ്പിച്ചൊരു സംഭവമാണ് 2015ലെ, ഇന്ത്യന്‍ വംശജയായ പൂര്‍വി പട്ടേലിന്റെ കേസ്. ഇന്ത്യാന (Indiana) എന്ന സ്റ്റേറ്റില്‍ 2013ല്‍ നടന്നൊരു സംഭവത്തെക്കുറിച്ചാണ് ഞാനിവിടെ  പരാമര്‍ശിക്കുന്നത്. ഗര്‍ഭഛിദ്രത്തിന് വേണ്ടി മരുന്ന് കഴിച്ച പട്ടേലിന്, അമിതമായ ബ്ലീഡിങ്ങിനെത്തുടര്‍ന്നു ഹോസ്പിറ്റലില്‍ പോകേണ്ടിവരികയും. തുടര്‍ന്നുള്ള അന്വേഷണത്തില്‍ ഭ്രൂണം പുറത്തു വരുമ്പോള്‍ അതിനു ജീവനുണ്ടായിരുന്നുവെന്നും, ഇരുപത്തിനാലു ആഴ്ച വളര്‍ച്ചയുള്ള ഭ്രൂണത്തിനെ പട്ടേല്‍ ചവറ്റുകൊട്ടയില്‍ എറിഞ്ഞു കളയുകയുമാണ് ഉണ്ടായതെന്ന് തെളിഞ്ഞു. ഇന്ത്യാനയിലെ നിയമപ്രകാരം ഭ്രൂണഹത്യക്ക് പ്രേരിപ്പിക്കുന്ന മരുന്നുകള്‍ കഴിക്കുന്നത് വിരുദ്ധമാണെന്നും കോടതി വാദിച്ചു. ശേഷം, 2015ല്‍  പട്ടേലിനെ കോടതി ഇരുപതു കൊല്ലത്തെ തടവുശിക്ഷക്ക് വിധിക്കുകയുമുണ്ടായി. ഈ വിധിക്കെതിരെ പട്ടേല്‍ കൊടുത്ത അപ്പീലിനെത്തുടര്‍ന്നു 2016-ല്‍ ഇന്ത്യാന കോര്‍ട്ട് അവളെ വെറുതെ വിടുകയുമുണ്ടായിയെങ്കിലും, ഈ സംഭവം പലതുകൊണ്ടും ശ്രദ്ധേയമായൊരു കേസ് ആയിരുന്നു, പ്രത്യേകിച്ച് ഇന്ത്യക്കാര്‍ക്കിടയില്‍. 


എന്തുകൊണ്ടാണ് ഈ വിഷയത്തിന് ഇത്രമാത്രം പ്രാധാന്യമെന്ന് നമ്മള്‍ ചിന്തിക്കുമ്പോള്‍, അമേരിക്കയില്‍ ഒരു സ്ത്രീക്ക് സ്വന്തം ശരീരത്തിനുമേലുള്ള സ്വാതന്ത്ര്യം എത്രമാത്രം രാഷ്ട്രീയവല്‍ക്കരിക്കപ്പെട്ടിട്ടുണ്ട് എന്ന് നമ്മള്‍ മനസ്സിലാക്കണം. എല്ലാ തിരഞ്ഞെടുപ്പ് സമയത്തും ഇവിടെ വളരെയധികം ചര്‍ച്ച ചെയ്യപ്പെടുന്ന ഒരു വിഷയമാണ് അബോര്‍ഷന്‍ റൈറ്റ്‌സ് (Abortion Rights). എക്കാലവും, ഓരോ സ്ഥാനാര്‍ത്ഥികളും അവരുടെ പൊളിറ്റിക്കല്‍ അജണ്ടയില്‍ ഏറ്റവും മുന്‍പന്തിയില്‍ കൊണ്ടുവരുന്നൊരു വിഷയമാണിത്. യാഥാസ്ഥികരായ അമേരിക്കക്കാര്‍ അബോര്‍ഷനെതിരെയും, പുരോഗമനവാദികള്‍ അബോര്‍ഷനെ അംഗീകരിച്ചും വാദിക്കുന്നു. ജീവനുടലെടുത്താല്‍ മുതല്‍,  വളര്‍ച്ചയെത്തിയ ഒരു ശിശുവിനെപോലെ  ഭ്രൂണത്തിനും വിലയുണ്ടെന്നും അതുകൊണ്ട് അബോര്‍ഷന്‍ തെറ്റാണെന്നും യാഥാസ്ഥിതികര്‍ വാദിക്കുന്നു (Pro Life). എന്നാല്‍ പുരോഗമനവാദികളാകട്ടെ ഇക്കാര്യത്തില്‍ പരിപൂര്‍ണ്ണ തീരുമാനം എടുക്കേണ്ടത് സ്ത്രീകളുടെ അവകാശമാണെന്നും പ്രത്യാഖ്യാനിക്കുന്നു (Pro Choice).  വര്‍ഷങ്ങളോളം പഴക്കമുള്ള ഈ വിഷയത്തിന്റെ ചരിത്രത്തിലേക്ക് നമുക്കൊന്ന് എത്തി നോക്കാം.

റോ വേഴ്‌സസ്  വേഡിനു   മുന്നേ (Before Roe vs. Wade)


പത്തൊമ്പാതാം നൂറ്റാണ്ടിന്റെ അവസാനം വരെ അമേരിക്കയില്‍ അബോര്‍ഷന്‍ നിയമവിരുദ്ധമായിരുന്നില്ല എന്ന് ചരിത്രം പറയുന്നു. പക്ഷേ, 1873-ല്‍ അമേരിക്കന്‍ മെഡിക്കല്‍ അസോസിയേഷന്റെയും (AMA) അമേരിക്കയിലേക്ക് കുടിയേറിപ്പാര്‍ത്ത  ചില കടുത്ത മതവിശ്വാസികളുടെയും എതിര്‍പ്പുകള്‍ക്ക് ശേഷമാണ് അബോര്‍ഷന്‍ നിയമവിരുദ്ധമായത്. ഇതിനെത്തുടര്‍ന്ന്, ഒരു സ്ത്രീ ഗര്‍ഭം ധരിച്ചാല്‍, ഒരു ഘട്ടത്തിലും അബോര്‍ഷന്‍ പാടില്ല എന്ന്  കാത്തോലിക് ചര്‍ച്ചും കോണ്‍ഗ്രസ്സ് പാസ്സാക്കിയ, കോംസ്റ്റോക്ക് (The Comstock Law) നിയമവുമനുസരിച്ചു, ഗര്‍ഭഛിദ്രം മാത്രമല്ല, ഗര്‍ഭനിരോധന പ്രതിവിധികളും നിയമവിരുദ്ധമായി.  അങ്ങനെ 1873 മുതല്‍ 1973 വരെ, അമേരിക്കയിലെ മിക്ക സ്റ്റേറ്റുകളിലും അബോര്‍ഷന്‍ നിയമവിരുദ്ധമായിരുന്നു ഈ കാലഘട്ടത്തില്‍,  അബോര്‍ഷനുവേണ്ടി സ്ത്രീകള്‍ കൈവരിച്ച വഴികള്‍ പലതും ക്രൂരവും അവരുടെ ജീവനുതന്നെ ഹാനികരവുമായിരുന്നു. ബാക് ആലി (Back Alley) അബോര്‍ഷന്‍സ് എന്ന പേരില്‍ അറിയപ്പെട്ടിരുന്ന, ഈ പ്രക്രിയകള്‍ അനേകം സ്ത്രീകളുടെ ജീവനൊടുക്കിയ ഞെട്ടിക്കുന്ന സംഭവങ്ങളായിരുന്നു. വീടിനുള്ളില്‍ ആരുമറിയാതെ പ്രത്യേകിച്ചു വൈദ്യസഹായമൊന്നുമില്ലാതെയായിരുന്നു യാണ് പലരും അബോര്‍ഷന്‍ നടത്തിയിരുന്നത്. ഇതില്‍ ഏറ്റവും ക്രൂരമായത് കോട്ട് ഹാങ്ങറിന്റെ (Coat hanger) മുനകൊണ്ടോ തൂവലിന്റെ കൂര്‍ത്ത മുനകൊണ്ടോ ഗര്‍ഭപാത്രത്തെ കുത്തി  മുറിവേല്പിച്ചു ഭ്രൂണത്തെ  പുറത്തെടുക്കുക എന്ന  സംബ്രദായമായിരുന്നു. പച്ചമരുന്നുകള്‍ (Herbal medicine) ഉപയോഗിച്ചും ഗര്‍ഭം കലക്കിക്കളയുക അന്ന് സാധാരണമായിരുന്നു.


റോ വേഴ്സസ് വേഡ് (Roe vs. Wade)


ജനുവരി 22, 1973-ല്‍ യുണൈറ്റഡ് സ്റ്റേറ്റ്‌സ് സുപ്രീം കോര്‍ട്ട് എടുത്ത ചരിത്രപ്രധാനമായ ഒരു തീരുമാനമാണ്, അമേരിക്കയിലുടനീളം ഗര്‍ഭഛിദ്രം നിയമവിരുദ്ധമല്ല എന്നത്. അമേരിക്കന്‍ ഭരണഘടനയുടെ പതിനാലാമതു (14th Amendment) ഭേദഗതിപ്രകാരം സ്ത്രീകളുടെ വ്യക്തിപരമായ (Privacy act) കാര്യങ്ങളെ ചോദ്യം ചെയ്യരുതെന്ന് കോടതി വ്യക്തമാക്കി. റോ വേഴ്സസ് വേഡ് (Roe vs. Wade) എന്ന പേരില്‍ അറിയപ്പെടുന്ന ഈ നിയമത്തിന് അമേരിക്കയുടെ ചരിത്രത്തില്‍, പ്രത്യേകിച്ച് സ്ത്രീസ്വാതന്ത്ര്യമേഖലയില്‍ അതുല്യമായൊരു സ്ഥാനമുണ്ട്. 


1968-ല്‍ ടെക്‌സസില്‍ നടന്ന ഒരു സംഭവമാണ് റോ വേഴ്‌സസ് വേഡിന്റെ അടിസ്ഥാനം. ഇരുപത്തൊന്നാമത്തെ വയസ്സില്‍ ഗര്‍ഭിണിയായ നോര്‍മ മക്കോര്‍വി (Norma McCorvey) എന്നൊരു സ്ത്രീ അബോര്‍ഷനുവേണ്ടി ശ്രമിച്ചപ്പോള്‍ നേരിടേണ്ടിവന്ന പ്രശ്‌നങ്ങളാണ് ഇതിന്റെ പശ്ചാത്തലം. അബോര്‍ഷനുവേണ്ടി കോടതിയെ സമീപിച്ച മക്കോര്‍വി, ജെയിന്‍ റോ (Jane Roe) എന്ന പേരിലാണ് കോടതിയില്‍ അറിയപ്പെട്ടിരുന്നത്. അവള്‍ക്കെതിരെ വാദിച്ചിരുന്ന ഡിസ്ട്രിക്ട് ആറ്റോര്‍ണി, ഹെന്റി വേഡ് (Henry Wade) ആയിരുന്നു. അതുകൊണ്ടാണ് ചരിത്രപ്രധാനമായ ഈ കേസ്  റോ വേഴ്സ്സസ് വേഡ് എന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങിയത്. മൂന്ന് കൊല്ലം നീണ്ടുനിന്ന ഈ കേസ്, അവസാനം സുപ്രീം കോര്‍ട്ടില്‍ എത്തുകയും അമേരിക്കന്‍ ഭരണഘടനയുടെ പതിനാലാമത്തെ ഭദഗതി (14th Amendment, Right to Privacy) അനുസരിച്ചു, കേസ് മക്കോര്‍വിക്ക്  അനുകൂലമായി പ്രഖ്യാപിക്കുകയും ചെയ്തു. മിസ് മക്കോര്‍വിക്ക് ഈ നിയമം നടപ്പിലാക്കുന്നത് വരെ കാത്തിരിക്കാന്‍ കഴിഞ്ഞില്ല എന്ന് പറയേണ്ടതില്ലല്ലോ. അബോര്‍ഷന് സാധിക്കാതെ മക്കോര്‍വി പ്രസവിക്കുകയും കുട്ടിയെ വേറൊരാള്‍ ദത്തെടുക്കുകയും ചെയ്തു.
ഈ സംഭവത്തിന് അമേരിക്കയില്‍ വളരെയധികം പ്രസക്തിയുണ്ടെന്നുള്ളത് നമ്മള്‍ അറിഞ്ഞിരിക്കണം.

ഈ അടുത്ത കാലത്തു, മുന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് നിയമിച്ച എമി കോണ്‍വെ ബാരെറ്റ് (Amy Convey Barett) എന്ന ജഡ്ജിന്റെ വരവോടെ, സുപ്രീകോര്‍ട്ടില്‍ യാഥാസ്ഥിതികരുടെ എണ്ണം ആറും, പുരോഗമനവാദികളുടെ എണ്ണം മൂന്നുമായി മാറിയപ്പോള്‍, സുപ്രീം കോര്‍ട്ടില്‍ അസംതുലിതമായൊരു അന്തരീക്ഷമാണ് ഇപ്പോള്‍ എന്ന് വേണം പറയാന്‍. അങ്ങനെ ജഡ്ജുമാര്‍ക്കിടയില്‍ വീണ്ടും അബോര്‍ഷനെതിരെ നിയമം കൊണ്ടുവരുവാന്‍ നീക്കമുണ്ടെന്നുള്ള സൂചന ഈയ്യിടെ പുറത്തു വരികയുണ്ടായി.  സുപ്രീം കോര്‍ട്ട് ജഡ്ജിയായ സാമുവല്‍ അലിറ്റോവിന്റെ (Samuel Alito) നേതൃത്വത്തില്‍, റോ വേഴ്‌സസ് വേഡ് നിയമം അട്ടിമറിക്കാനുള്ള പ്രമേയത്തിന് ഭൂരിപക്ഷത്തോടെ വോട്ട് ലഭിച്ചിട്ടുണ്ട് എന്നതിന്റെ ഒരു  രേഖ, പൊളിറ്റിക്കോ എന്ന പത്രം ചോര്‍ത്തിയെടുത്തു് പ്രസിദ്ധീകരിക്കുകയും, അതിനെത്തുടര്‍ന്ന് രാജ്യമെമ്പാടും പ്രക്ഷോപണങ്ങള്‍ ആളിപ്പടരുകയും ഉണ്ടായി. ഇത് സംഭവിക്കുകയാണെങ്കില്‍, രാജ്യത്തെ ഇരുപത്താറോളം സംസ്ഥാനങ്ങളില്‍ അബോര്‍ഷന്‍ നിരോധിക്കപ്പെടും. ഏകദേശം മുപ്പത്തിയാറു മില്യണ്‍ സ്ത്രീകളുടെ വ്യക്തി സ്വാതന്ത്ര്യം വീണ്ടും അടിച്ചമര്‍ത്തപ്പെടുമെന്നതിന് യാതൊരു സംശയവുമില്ല. വീണ്ടും അവര്‍ ബാക്ക് ആലി അബോര്‍ഷനിലേക്ക്  തിരിച്ചു നടക്കില്ലെന്ന് ആര്‍ക്കും ഉറപ്പു പറയാന്‍ സാധ്യമല്ല. ഈ നിയമം പാസ്സാക്കുകയാണെങ്കില്‍, അബോര്‍ഷന്റെ കാര്യത്തില്‍  കേന്ദ്രഗവണ്‍മെന്റിന്റെ സംരക്ഷണം സ്ത്രീകള്‍ക്ക് ലഭിക്കില്ല എന്നത് ദുഃഖകരമായ ഒരു യാഥാര്‍ഥ്യം കൂടിയാണ്.


പ്രവാസി ഇന്ത്യക്കാരെ സംബന്ധിച്ചിടത്തോളം, അമേരിക്കയിലെ പല സ്റ്റേറ്റുകളിലും നിയമങ്ങള്‍ വ്യത്യസ്തമാണെന്നുള്ളത് നമ്മള്‍ അറിഞ്ഞിരിക്കേണ്ട മറ്റൊരു പ്രധാനപ്പെട്ടൊരു കാര്യമാണ്. മുകളില്‍ പറഞ്ഞ പൂര്‍വി പട്ടേലിന്റെ കേസ് ന്യൂയോര്‍ക്കിലോ, ഞാന്‍ താമസിക്കുന്ന ഇല്ലിനോയിലോ സംഭവിച്ചിരുന്നതെങ്കില്‍ അതൊരു പ്രശ്‌നമാകുമായിരുന്നില്ല. ഓരോ സ്റ്റേറ്റിലെയും നിയമങ്ങള്‍ വ്യത്യസ്തമായതുകൊണ്ട്, അതിനെക്കുറിച്ചെല്ലാം കുറച്ചെങ്കിലും ഒരു പൊതുധാരണ വളര്‍ത്തിയെടുക്കാനും നമുക്ക്ക ഴിയണമെന്നതിനോടൊപ്പം,  ഭയം കൂടാതെ പെണ്‍കുട്ടികള്‍ക്ക് അച്ഛനമ്മമാരോട് കാര്യങ്ങള്‍ തുറന്നു സംസാരിക്കാനുള്ള ബന്ധം പുലര്‍ത്തേണ്ടതും അത്യാവശ്യമാണ്. 'നമ്മള്‍ ഇന്ത്യക്കാര്‍ക്ക്, ഇതൊന്നും വരില്ല, ഇതെല്ലം അഴിഞ്ഞാടി നടക്കുന്ന വെള്ളക്കാര്‍ക്കും കറുത്തവര്‍ക്കും മാത്രമേ സംഭവിക്കൂ'' എന്ന ധാരണ പുലര്‍ത്തുന്നത് തെറ്റാണെന്നുള്ളതിന്റെ സൂചന കൂടിയാണ് പൂര്‍വി പട്ടേല്‍ കേസ്. 


ആമി ലക്ഷ്മി

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക