കേരള പ്രവാസി ക്ഷേമനിധിയില്‍ ചേരുവാനുള്ള ഉയര്‍ന്ന പ്രായപരിധി എടുത്തു കളയുക: നവയുഗം

Published on 06 June, 2022
കേരള പ്രവാസി ക്ഷേമനിധിയില്‍ ചേരുവാനുള്ള ഉയര്‍ന്ന പ്രായപരിധി എടുത്തു കളയുക: നവയുഗം

ദമ്മാം: കേരള സര്‍ക്കാര്‍ നടപ്പിലാക്കി വരുന്ന കേരള പ്രവാസി ക്ഷേമനിധിയില്‍ ചേരുവാനുള്ള പ്രവാസികളുടെ ഉയര്‍ന്ന പ്രായപരിധി എടുത്തു കളയണമെന്ന് നവയുഗം ദമ്മാം മേഖല സമ്മേളനം ഔപചാരികപ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

നിലവില്‍ 60 വയസ്സാണ് കേരള പ്രവാസി ക്ഷേമനിധിയില്‍
 ചേരുവാനുള്ള ഉയര്‍ന്ന പ്രായപരിധി.  എന്നാല്‍ ഈ നിബന്ധന മൂലം ലക്ഷക്കണക്കിന് പ്രവാസികള്‍ക്ക് ക്ഷേമനിധിയില്‍ ചേരുവാനുള്ള അവസരം നഷ്ടമായതായി കാണുന്നു. പ്രവാസി ക്ഷേമനിധി 2006 മുതല്‍ നിലവില്‍ വന്നെങ്കിലും, ശരിയായ പ്രചാരണങ്ങളുടെ അഭാവത്തില്‍, സ്വദേശിവല്‍ക്കരണവുമായി ബന്ധപ്പെട്ട് തുടങ്ങിയ ഗള്‍ഫ് പ്രതിസന്ധിഘട്ടത്തില്‍ മാത്രമാണ് ഇതിനെപ്പറ്റി ശരിയായ അവബോധം പ്രവാസികള്‍ക്കിടയില്‍ വ്യാപകമായി ഉണ്ടായത്. എന്നാല്‍ അപ്പോഴേയ്ക്കും പലരും 60 വയസ്സ് പിന്നിട്ടതിനാല്‍, ക്ഷേമനിധിയില്‍ അംഗങ്ങള്‍ ആകാന്‍ കഴിഞ്ഞില്ല. കേരള പ്രവാസി ക്ഷേമനിധിയില്‍ ് ചേര്‍ന്ന് മിനിമം അഞ്ചു വര്‍ഷം ക്ഷേമനിധിവിഹിതം അടച്ചവര്‍ക്ക്, അറുപതു വയസ്സ് മുതലാണ് പെന്‍ഷന്‍ ലഭിയ്ക്കുന്നത്. അത് അങ്ങനെ തന്നെ നിലനിര്‍ത്തണം. എന്നാല്‍ അതോടൊപ്പം അറുപത് വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍ക്കും ക്ഷേമനിധിയില്‍ ചേര്‍ന്ന്, തുടര്‍ച്ചയായി അഞ്ചു വര്‍ഷം ക്ഷേമനിധിവിഹിതം അടച്ചതിനു ശേഷം മാത്രം പെന്‍ഷന്‍ ലഭ്യമാകുന്ന വിധത്തില്‍ സംവിധാനം ഉണ്ടാക്കുകയും ചെയ്യണം. അതോടൊപ്പം, സാമ്പത്തികമായി കഴിയുന്നവര്‍ക്ക് ഒറ്റതവണയായി അഞ്ചു വര്‍ഷത്തെ മുഴുവന്‍ തുകയും അടയ്ക്കാനുള്ള സംവിധാനവും സജ്ജമാക്കണം.

കേരള പ്രവാസി ക്ഷേമനിധിയില്‍  ചേരുവാനുള്ള ഉയര്‍ന്ന പ്രായപരിധി എടുത്തു കളയുന്നപക്ഷം നാലുലക്ഷത്തോളം വിദേശമലയാളികള്‍ക്ക് ക്ഷേമനിധി അംഗത്വം ലഭിയ്ക്കും. അതിനാല്‍, പ്രവാസി പുനഃരധിവാസത്തിന്റെ ഭാഗമായി, ഈ വിഷയത്തില്‍ കേരള സര്ക്കാറും പ്രവാസി വകുപ്പും അടിയന്തിരമായി ഇടപെട്ട്, എല്ലാ വിദേശമലയാളികള്‍ക്കും പ്രവാസി ക്ഷേമനിധിയില്‍
 അംഗത്വം എടുക്കാനുള്ള അവസരം നല്‍കാനായി, ഉയര്‍ന്ന പ്രായപരിധി നിബന്ധന എടുത്തു കളയണമെന്ന് നവയുഗം ദമ്മാം മേഖല സമ്മേളനം പാസ്സാക്കിയ ഔദ്യോഗിക പ്രമേയത്തില്‍ ആവശ്യപ്പെട്ടു.

 
ദമ്മാം ബദര്‍ അല്‍റാബി ഹാളില്‍ നടന്ന ദമ്മാം മേഖല സമ്മേളനം നവയുഗം ജനറല്‍ സെക്രട്ടറി എം എ വാഹിദ് കാര്യറ ഉത്ഘാടനം ചെയ്തു. ഗോപകുമാര്‍ അമ്പലപ്പുഴ, തമ്പാന്‍ നടരാജന്‍, സൗമ്യ വിജയ് എന്നിവര്‍ അടങ്ങിയ പ്രസീഡിയം  സമ്മേളനനടപടികള്‍ നിയന്ത്രിച്ചു. ഷീബ സാജന്‍ അനുശോചന പ്രമേയവും, അല്‍മാസ് രക്തസാക്ഷി പ്രമേയവും അവതരിപ്പിച്ചു.

 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക