Image

മറിയാമ്മ പിള്ള നഗർ: ഫൊക്കാന കൺവെൻഷൻ വേദിക്കു പേര് നൽകി   

ഫ്രാൻസിസ് തടത്തിൽ  Published on 06 June, 2022
മറിയാമ്മ പിള്ള നഗർ: ഫൊക്കാന കൺവെൻഷൻ വേദിക്കു പേര് നൽകി   

ചിക്കാഗോ : അന്തരിച്ച ഫൊക്കാന മുൻ പ്രസിഡണ്ട് മറിയാമ്മ പിള്ളയോടുള്ള ആദരസൂചകമായി ഫൊക്കാന ഡിസ്‌നി അന്താരാഷ്ട്ര കൺവെൻഷൻ വേദിക്ക് "മറിയാമ്മ പിള്ള നഗർ" എന്ന് നാമകരണം ചെയ്യാൻ തീരുമാനിച്ചു. കഴിഞ്ഞ ദിവസം ചേർന്ന ഫൊക്കാന എക്സിക്യൂട്ടീവ് കമ്മിറ്റി യോഗമാണ്  ജൂലൈ 7 മുതൽ 10 വരെ ഒർലാഡോയിലെ ഡിസ്‌നി വേൾഡിലെ ഹിൽട്ടൺ ഡബിൾ ട്രീ ഹോട്ടലിൽ നടക്കുന്ന അമേരിക്കൻ മലയാളികളുടെ ഏറ്റവും വലിയ സംഘടനയായ ഫൊക്കാനയുടെ 19 മത് ദേശീയ ത്രിദിന കൺവെൻഷന്റെ മുഖ്യവേദിക്ക്  "മറിയാമ്മ പിള്ള നഗർ" എന്ന് നാമകരണം ചെയ്യാൻ  തീരുമാനിച്ചത്.

 നാൽപ്പത് വർഷം പിന്നിടുന്ന നേർത്ത് അമേരിക്കയിലെ മലയാളി സംഘടനകളുടെ സംഘടനയായ ഫൊക്കാനയുടെ ആദ്യ വനിതാ പ്രസിഡന്റായിരുന്നു കഴിഞ്ഞയാഴ്ച്ച അന്തരിച്ച മറിയാമ്മ പിള്ള. ഏതു പ്രതിസന്ധി ഘട്ടത്തിലും ഫൊക്കാനക്കൊപ്പം നിന്നിട്ടുള്ള, ഫൊക്കാനയെ അത്രമേൽ സ്നേഹിച്ച മറിയാമ്മ പിള്ള കുടുംബസമേതം ഇക്കുറിയും ഫൊക്കാന കൺവെൻഷനിൽ പങ്കെടുക്കാനായി കാലേക്കൂട്ടി രെജിസ്റ്റർ ചെയ്തിരിക്കുമ്പോഴാണ് ആകസ്മികമായി മരണം അവരെ കവർന്നെടുത്തത്. അർബുദരോഗ ചികിത്സയിലായിരിക്കുമ്പോഴും തളരാത്ത മനസുമായി ഫൊക്കാനയിലെ പ്രവർത്തനങ്ങൾക്ക് നേരിട്ടും അല്ലാതെയും നേതൃത്വം നൽകി വരികയായിരുന്ന മറിയാമ്മ പിള്ളയുടെ ആരോഗ്യ നില വളരെ പെട്ടെന്നു വഷളാവുകയും തുടർന്ന് മരണത്തെ പുൽകുകയുമായിരുന്നു. 


ഫൊക്കാനയുടെ മുൻ പ്രസിഡണ്ടും നിലവിൽ ട്രസ്റ്റി ബോർഡ് മെമ്പർ, തെരെഞ്ഞെടുപ്പ് കമ്മിറ്റി അംഗം, എത്തിക്സ് കമ്മിറ്റി ചെയർപേഴ്സൺ തുടങ്ങിയ പദവികൾ വഹിച്ചിരുന്ന മറിയാമ്മ പിള്ള ഫൊക്കാന നേരിട്ട എല്ലാ പ്രതിസന്ധികളെയും തരണം ചെയ്യാൻ എന്നും ഒപ്പം നിന്നിട്ടുള്ള വ്യക്തിയാണ്. ഇല്ലിനോയി മലയാളി അസോസിയേഷൻ പ്രസിഡണ്ട് എന്ന ചിക്കാഗോയിലെ ഏറ്റവും വലിയ സംഘടനയുടെ മുൻ പ്രസിഡന്റുകൂടിയാരുന്നു അവർ. മികച്ച സംഘാടകയെന്നതിലുപരി അനേകരുടെ കണ്ണീരൊപ്പിയ ഒരു വലിയ കാരുണ്യ പ്രവർത്തക കൂടിയായിരുന്നു അവർ. ചിക്കാഗോയിലെ സമീപ പ്രദേശങ്ങളിലുമായി ജാതി-മത-ഭേദമന്യേ ദേശ-ഭാഷാന്തരമില്ലാതെ അനേകായിരങ്ങൾക്ക് തൊഴിൽ നേടിക്കൊടുക്കുവാനും  സഹായിച്ചിട്ടുള്ള ചിക്കാഗോക്കാർ ചേച്ചിയെന്നും അമേരിക്കൻ മലയാളികൾ ഫൊക്കാനയുടെ ഉരുക്കുവനിതയെന്നും വിളിപ്പേരിട്ടിരുന്ന മറിയാമ്മ പിള്ളയ്ക്ക് നൽകുന്ന ഉചിതമായ ആദരവായിരിക്കും കൺവെൻഷൻ മുഖ്യവേദിക്ക് "മറിയാമ്മ പിള്ള നഗർ " എന്ന പേര് നൽകണമെന്ന് എക്സിക്യൂട്ടീവ് കമ്മിറ്റി യോഗം ഐകകണ്ടേനേ തീരുമാനിക്കുകയായിരുന്നുവെന്ന് പ്രസിഡണ്ട് ജോർജി വർഗീസ്, സെക്രട്ടറി സജിമോൻ ആന്റണി, ട്രഷർ സണ്ണി മറ്റമന എന്നിവർ അറിയിച്ചു.

 കൺവെൻഷനുള്ള ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ പുരോഗമിച്ചുകൊണ്ടിരിക്കവെയായിരുന്നു എല്ലാവരെയും ദുഖത്തിലാഴ്ത്തിക്കൊണ്ട് മറിയാമ്മ പിള്ളയുടെ ദേഹവിയോഗം. എല്ലാ കൺവെൻഷൻ വേദികളിലും സജീവമായി പ്രവർത്തിച്ചിരുന്ന മറിയാമ്മ പിള്ളയുടെ പുഞ്ചിക്കുന്ന മുഖം ഇത്തവണ നേരിട്ടു ദൃശ്യമാവുകയില്ലെങ്കിലും അവരുടെ മായാത്ത സ്വപ്നങ്ങൾ ഉണർത്തുന്ന പൂർണകായ ചിത്രങ്ങൾ കൺവെൻഷൻ വേദികളിൽ നിറഞ്ഞു നിൽക്കുമെന്നും ഭാരവാഹികൾ അറിയിച്ചു. മറിയാമ്മ പിള്ളയുടെ അഭാവത്തിൽ അവരുടെ ജീവിത പങ്കാളി ചന്ദ്രൻ പിള്ളയും മകൾ റോഷ്നിയും കൺവെൻഷനിൽ തീർച്ചയായും പങ്കെടുക്കുമെന്ന് സംഘാടകരെ അറിയിച്ചിട്ടുണ്ട്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക