Image

വ്യാജന്മാരെ ഒതുക്കാന്‍ 'ഓപ്പറേഷന്‍ ശുഭയാത്ര'യുമായി നോര്‍ക്ക

Published on 07 June, 2022
 വ്യാജന്മാരെ ഒതുക്കാന്‍ 'ഓപ്പറേഷന്‍ ശുഭയാത്ര'യുമായി നോര്‍ക്ക

 

ദുബായ്: തൊഴില്‍ തട്ടിപ്പും വ്യാജ റിക്രൂട്ട്‌മെന്റും തടയാന്‍ 'ഓപറേഷന്‍ ശുഭയാത്ര' എന്ന പേരില്‍ പദ്ധതി നടപ്പാക്കുമെന്ന് നോര്‍ക്ക റസിഡന്റ്‌സ് വൈസ് ചെയര്‍മാന്‍ പി. ശ്രീരാമകൃഷ്ണന്‍. ലോക കേരള സഭ, ലോക മാധ്യമ സഭ എന്നിവക്ക് മുന്നോടിയായി ദുബായിലെ ഇന്ത്യന്‍ മാധ്യമ കൂട്ടായ്മയായ ഇന്ത്യന്‍ മീഡീയ ഫ്രാറ്റേണിറ്റി ഓണ്‍ലൈനില്‍ സംഘടിപ്പിച്ച മുഖാമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.


ഗള്‍ഫ് രാജ്യങ്ങളില്‍ ജോലി തേടുന്നവരുടെ പേടി സ്വപ്നമായ റിക്രൂട്ട്‌മെന്റ് തട്ടിപ്പു തടയുന്നതിനായി പോലീസുമായി സഹകരിച്ച് ഓപറേഷന്‍ ശുഭയാത്ര എന്ന പദ്ധതി നടപ്പിലാക്കും. ഇതിന്റെ ആദ്യ യോഗം ജൂണ്‍ 14 നു മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേരും. വ്യാജന്മാരുടെ കാര്യത്തില്‍ പരാതി ലഭിക്കാത്തതിനാലാണ് പലതിലും നടപടിയെടുക്കാന്‍ കഴിയാത്തത്.

റിസര്‍വ് ബാങ്കിന്റെ ഇടപെടല്‍ മൂലം പ്രവാസി ചിട്ടി നിലച്ച അവസ്ഥയിലാണ്. ഇതില്‍ പണം അടച്ച ആര്‍ക്കും തുക നഷ്ടമാവില്ല. എല്ലാവര്‍ക്കും തുക തിരികെ ലഭിക്കാന്‍ കെഎസ്എഫ്ഇ നടപടിയെടുക്കുമെന്നു ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. വിവിധ രാജ്യങ്ങളില്‍ താമസിക്കുന്ന മലയാളികളുടെ തൊഴില്‍ വൈദഗ്ദ്യം ഉപയോഗപ്പെടുത്താന്‍ ഗ്ലോബല്‍ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം രൂപവത്കരിക്കും. ഇതുവഴി സാങ്കേതിക വൈഗ്ദ്യമുള്ളവരെ കണ്ടെത്താനും അവര്‍ക്ക് ജോലി നല്‍കാനും കഴിയും. വിദേശ കാര്യ മന്ത്രാലയത്തിന്റെ സഹായത്തോടെ, നോര്‍ക്കയുടെ നേതൃത്വത്തില്‍, നാഷനല്‍ മൈഗ്രേഷന്‍ കോണ്‍ഫറന്‍സ് നടത്തും. പ്രവാസി ക്ഷേമ വിഷയങ്ങളില്‍ കൂടുതല്‍ വ്യക്തത വരുത്താന്‍ ഈ കോണ്‍ഫറന്‍സ് സഹായിക്കും.


ലേബര്‍ ക്യാന്പുകളിലെ പ്രവാസികള്‍ക്കായി പരിരക്ഷ പദ്ധതികളുണ്ട്. ചികിത്സ, ഇന്‍ഷ്വറന്‍സ്, വീടുകള്‍ക്ക് ഇന്‍ഷ്വറന്‍സ്, കുട്ടികള്‍ക്ക് വിദ്യാഭ്യാസ സഹായം തുടങ്ങിയവ നല്‍കുന്നു. നാട്ടില്‍ മടങ്ങിയെത്തുന്ന പ്രവാസികള്‍ക്കായി പ്രവാസി ഭദ്രത പദ്ധതിയിലൂടെ കഴിഞ്ഞ വര്‍ഷം 5010 പുതുസംരംഭങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. വിദേശത്തു നിന്നും മടങ്ങിയ വനിതകള്‍ക്കായി മൂന്നു ശതമാനം പലിശ നിരക്കില്‍ 15 ശതമാനം മൂലധന സബ്‌സിഡിയോടെയുള്ള വനിതാ മിത്രം പദ്ധതിയും നടപ്പിലാക്കുന്നുണ്ട്. ലോക കേരള സഭയില്‍ പങ്കെടുക്കാന്‍ നിരവധിയാളുകള്‍ അപേക്ഷിക്കുന്നുണ്ട്. സഭയുടെ പ്രാധാന്യമാണ് ഇതില്‍ നിന്ന് വ്യക്തമാകുന്നത്. കഴിഞ്ഞ വര്‍ഷം ബഹിഷ്‌കരിച്ച പ്രതിപക്ഷം ഇക്കുറി സഹകരിക്കുമെന്നാണ് പ്രതീക്ഷയെന്നും ശ്രീരാമകൃഷ്ണന്‍ കൂട്ടിചേര്‍ത്തു.

അനില്‍ സി. ഇടിക്കുള

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക