മലയാളം മിഷന്‍ പ്രവാസി വിദ്യാര്‍ത്ഥികള്‍ക്കായി സാഹിത്യമത്സരം ജൂണ്‍ 10 ന്

Published on 07 June, 2022
 മലയാളം മിഷന്‍ പ്രവാസി വിദ്യാര്‍ത്ഥികള്‍ക്കായി സാഹിത്യമത്സരം ജൂണ്‍ 10 ന്

 

ലണ്ടന്‍: 2022 ജൂണ്‍ 17,18 തീയതികളില്‍ തിരുവനന്തപുരത്തു നടക്കുന്ന ലോകകേരള സഭയോടനുബന്ധിച്ച് പ്രവാസ സാഹിത്യ രംഗത്തെപുതിയ പ്രതിഭകളെ കണ്ടെത്താന്‍ ലോകകേരളസഭ പ്രവാസ സാഹിത്യ മത്സരം ഒരുക്കുന്നു.

മലയാളം മിഷന്‍ഒരുക്കുന്ന ഈ മത്സരത്തില്‍ ചെറുകഥ, കവിത, ലേഖനം എന്നിവയില്‍ സബ് ജൂനിയര്‍ (വയസ് 8-12), ജൂനിയര്‍(വയസ് 13-18), സീനിയര്‍ (വയസ് 19 മുതല്‍) വിഭാഗങ്ങളിലായി പ്രവാസി വിദ്യാര്‍ത്ഥികള്‍ക്ക് മത്സരിക്കാം. രചനകള്‍ 2022 ജൂണ്‍ 10-ന് മുമ്പ് lksmm2022@gmail.com എന്ന വിലാസത്തിലേക്ക് പ്രായം തെളിയിക്കുന്നസാക്ഷ്യപത്രത്തിനൊപ്പം വിദ്യാര്‍ത്ഥിയാണെന്ന് തെളിയിക്കുന്ന സ്വയം സാക്ഷ്യപെടുത്തിയ കത്തും രചനയ്‌ക്കൊപ്പം അയക്കേണ്ടതാണ്.

ചെറുകഥ, കവിത മത്സരങ്ങള്‍ക്ക് വിഷയ നിബന്ധനയില്ല. എന്നാല്‍ ലേഖന മത്സരത്തിന് വിഷയം നല്‍കിയിട്ടുണ്ട്. 'കോവിഡാനന്തര പ്രവാസ ജീവിതം' എന്ന വിഷയത്തില്‍ അഞ്ചു പുറത്തില്‍ കവിയാത്ത ലേഖനമാണ്മത്സരത്തിന് അയക്കേണ്ടത്. മലയാള സാഹിത്യ ലോകത്തെ പ്രമുഖ എഴുത്തുകാരടങ്ങുന്ന ജൂറി ആയിരിക്കും വിധിനിര്‍ണ്ണയിക്കുക.


വിജയികള്‍ക്ക് പ്രശസ്തി പത്രം ആലേഖനം ചെയ്ത ഫലകവും ആകര്‍ഷകമായ അക്ഷരസമ്മാനപ്പെട്ടിയും പങ്കെടുക്കുന്ന എല്ലാവര്‍ക്കും ഓണ്‍ലൈന്‍ സര്‍ട്ടിഫിക്കറ്റും നല്‍കുന്നതാണ്.

മൂന്നാമത് ലോകകേരളസഭ സമ്മേളനത്തിന്റെ ഭാഗമായി പ്രവാസി വിദ്യാര്‍ഥികള്‍ക്കായി മലയാളം മിഷന്‍സംഘടിപ്പിക്കുന്ന പ്രവാസി സാഹിത്യ മത്സരത്തിന്റെ പ്രചാരണത്തിനായി കേരള സാഹിത്യ അക്കാദമി അവാര്‍ഡ്‌ജേതാവ് കൂടിയായ പ്രശസ്ത നോവലിസ്റ്റ് ബെന്യാമിന്‍ വീഡിയോയിലൂടെ നടത്തിയ ആശംസ ഇതിനോടകംഏറെ ശ്രദ്ധേയമായി.

യുകെയില്‍ നിന്നും പരമാവധി വിദ്യാര്‍ഥികള്‍ പങ്കെടുത്ത് ഈ സാഹിത്യമത്സരം വിജയിപ്പിക്കണമെന്ന് മലയാളംമിഷന്‍ യുകെ ചാപ്റ്റര്‍ പ്രസിഡന്റ് സി എ ജോസഫ്, സെക്രട്ടറി ഏബ്രഹാം കുര്യന്‍ എന്നിവരും അഭ്യര്‍ത്ഥിച്ചു.

സുജു ജോസഫ്‌

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക