കേളി രാജ്യാന്തര കലാമേളയില്‍ ശിവാനി നന്പ്യാര്‍ രണ്ടാംവട്ടവും കലാതിലകം

Published on 07 June, 2022
 കേളി രാജ്യാന്തര കലാമേളയില്‍ ശിവാനി നന്പ്യാര്‍ രണ്ടാംവട്ടവും കലാതിലകം

 

സൂറിച്ച്: സ്വിറ്റസര്‍ലന്‍ഡിലെ പ്രമുഖ സാംസ്‌കാരിക സംഘടനയായ കേളി ജൂണ്‍ 4, 5 തീയതികളില്‍ നടന്ന രാജ്യാന്തര കലാമേളയില്‍ മുന്നൂറോളം മത്സരാര്‍ഥികളെ പിന്തള്ളി സ്വിറ്റ്‌സര്‍ലന്‍ഡില്‍ നിന്നുമുള്ള ശിവാനി നന്പ്യാര്‍ കലാതിക പട്ടം നേടി. ഇത് രണ്ടാം വട്ടമാണ് ശിവാനി നന്പ്യാര്‍ കലാതിലക പട്ടം കരസ്ഥമാക്കുന്നത്.


പങ്കെടുത്ത നാലിനങ്ങളില്‍ മൂന്നിലും ഒന്നാംസ്ഥാനവും ഒരു രണ്ടാം സ്ഥാനവും നേടിയാണ് ശിവാനി കലാതിലകം ചൂടിയത്.

മോഹിനിയാട്ടം, ഫാന്‍സി ഡ്രസ്, ഫോള്‍ക് ഡാന്‍സ് എന്നിവയില്‍ ഒന്നാം സ്ഥാനവും ഭരതനാട്യത്തില്‍ രണ്ടാം സ്ഥാനവും നേടിയാണ് ശിവാനി നന്പ്യാര്‍ ഇത്തവണ കലാതിലകം ചൂടിയത്.

സ്വിറ്റ്‌സര്‍ലന്‍ഡിലെ സൂറിച്ചില്‍ താമസിക്കുന്ന സേതുനാഥ് നന്പ്യാര്‍ മൃദുല സേതുനാഥ് ദന്പതിമാരുടെ മൂത്ത പുത്രിയാണ് ശിവാനി. ശിവാനിയെ കൂടാതെ ഒരു സഹോദരനും കൂടി ദന്പതിമാര്‍ക്കുണ്ട്.


കേരളത്തില്‍ കണ്ണൂരാണ് സ്വദേശം. സ്വിറ്റ്‌സര്‍ലന്‍ഡിലെ അറിയപ്പെടുന്ന ഡാന്‍സ് ടീച്ചറായ റോസ് മേരി ബഞ്ചമിന്റെ ശിക്ഷണത്തിലാണ് ശിവാനി കലാതിലകപട്ടം കരസ്ഥമാക്കിയത്. കഴിഞ്ഞ ഏഴു വര്‍ഷങ്ങളായി നൃത്തം അഭ്യസിക്കുന്ന ശിവാനി തുടര്‍ച്ചയായ നാല് വര്‍ഷങ്ങളിലും കലാമേളയില്‍ പങ്കെടുത്തിരുന്നു. സീനിയര്‍ വിഭാഗത്തിലെ മത്സരാഥികളെ പിന്തള്ളിയാണ് ജൂനിയര്‍ വിഭാഗത്തില്‍ നിന്നും ശിവാനി കലാമേളയിലെ കലാതിലക പട്ടം നേടി താരമായത്. 2019ലെ പതിനഞ്ചാമത് കേളി കലാമേളയിലും ശിവാനി ആയിരുന്നു കലാതിലകം. രണ്ടുവട്ടം കലാതിലകമാകുന്ന അപൂര്‍വ നേട്ടമാണ് ശിവാനി ഇതിലൂടെ കരസ്ഥമാക്കിയത്.

ജേക്കബ് മാളിയേക്കല്‍

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക