നവയുഗം തുണച്ചു; ജോലിസ്ഥലത്ത് ദുരിതത്തിലായ ഹൈദരാബാദ് സ്വദേശിനി നാടണഞ്ഞു.

Published on 09 June, 2022
 നവയുഗം തുണച്ചു; ജോലിസ്ഥലത്ത് ദുരിതത്തിലായ ഹൈദരാബാദ് സ്വദേശിനി നാടണഞ്ഞു.

ദമ്മാം:  ജോലിസ്ഥലത്തെ മോശം സാഹചര്യങ്ങള്‍ മൂലം ദുരിതത്തിലായ ഹൈദരാബാദ് സ്വദേശിനി നവയുഗം സാംസ്‌ക്കാരികവേദി ജീവകാരുണ്യവിഭാഗത്തിന്റെ സഹായത്തോടെ നിയമനടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേയ്ക്ക് മടങ്ങി.

 ഹൈദരാബാദ് സ്വദേശിനിയായ ഷേഖ് നസിം എന്ന യുവതിയാണ് ദുരിതജീവിതത്തില്‍ നിന്നും രക്ഷപ്പെട്ട്   നാട്ടിലേയ്ക്ക് മടങ്ങിയത്.  ബ്യൂട്ടീഷ്യന്‍  ജോലിക്കെന്ന്  പറഞ്ഞു, ഒരു ഏജന്റ് സൗദിയിലേക്ക് കൊണ്ട് വന്ന  നസീമിന് ദമ്മാമിലെ ഒരു  വീട്ടിലെ ജോലിക്കാരിയുടെ പണിയാണ് ലഭിച്ചത്. വളരെ വലിയൊരു തുകയാണ് വിസയ്ക്കായി ഏജന്‍സി നസീമിന്റെ കൈയ്യില്‍ നിന്നും വാങ്ങിയിരുന്നത്.
വളരെ ദുരിതപൂര്‍ണ്ണമായ സാഹചര്യങ്ങളാണ് ജോലിസ്ഥലത്ത് അവര്‍ നേരിട്ടത്. ആ വലിയ വീട്ടിലെ ജോലി മുഴുവന്‍ അവര്‍ ഒറ്റയ്ക്ക് ചെയ്യേണ്ടി വന്നു. സമയക്രമമില്ലാത്ത തുടര്‍ച്ചയായ ജോലിയും, വിശ്രമം മതിയായി ലഭിയ്ക്കാത്തതും അവരുടെ ആരോഗ്യത്തെ ബാധിച്ചു. കെമിക്കല്‍ കലര്‍ന്ന  ക്ലീനിങ്  സാധനങ്ങളുടെ അമിതഉപയോഗത്താല്‍  കാലും, കൈയും  വ്രണങ്ങള്‍ ഉണ്ടായി, അവ പൊട്ടി ആകെ ആരോഗ്യപ്രശ്‌നമായി.  വീട്ടുകാരോട് പരാതി പറഞ്ഞിട്ടും യാതൊരു ഫലവും ഉണ്ടായില്ല.

ഒടുവില്‍ സഹികെട്ട്  സ്പോണ്‍സറിന്റെ വീട് വിട്ട് ഇറങ്ങിയ നസിം  ദമ്മാം ഇന്ത്യന്‍ എംബസ്സി പാസ്സ്‌പോര്‍ട്ട് സേവാ കേന്ദ്രത്തില്‍ എത്തി പരാതി പറഞ്ഞു. അവിടെ ഉള്ളവര്‍ നവയുഗം വൈസ് പ്രസിഡന്റും,  ജീവകാരുണ്യപ്രവര്‍ത്തകയായ  മഞ്ജു മണിക്കുട്ടനെ വിവരം അറിയിച്ചു. ഉടനെ സ്ഥലത്തെത്തിയ  മഞ്ജു നസീമിനോട് സംസാരിച്ചു കാര്യങ്ങള്‍ മനസ്സിലാക്കി.  തുടര്‍ന്ന് നവയുഗം ജീവകാരുണ്യപ്രവര്‍ത്തകര്‍ വിവരം സൗദി പോലീസില്‍ അറിയിക്കുകയും, പോലീസ് സ്റ്റേഷനില്‍ നസീമിനെ ഹാജരാക്കുകയും ചെയ്തു. പോലീസ് കേസ് ഫയല്‍ ചെയ്ത ശേഷം, നസീമിനെ ജാമ്യത്തില്‍ മഞ്ജുവിന്റെ കൂടെ അയച്ചു. തുടര്‍ന്ന് രണ്ടു മാസക്കാലത്തോളം നസീമ മഞ്ജുവിന്റെയും, നവയുഗം കുടുംബവേദി സെക്രെട്ടറി ശരണ്യ ഷിബുവിന്റെയും വീടുകളിലാണ് താമസിച്ചത്.

നവയുഗം ജീവകാരുണ്യപ്രവര്‍ത്തകര്‍ നസീമിനെ കൊണ്ടുവന്ന നാട്ടിലെ ട്രാവല്‍ ഏജന്‍സിയുമായി  ബന്ധപ്പെട്ടു ചര്‍ച്ചകള്‍ നടത്തി. ഏജന്‍സിയ്‌ക്കെതിരെ നിയമപരമായ നടപടികളിലേക്ക് നീങ്ങുമെന്ന നവയുഗം പ്രവര്‍ത്തകരുടെ ശക്തമായ മുന്നറിയിപ്പിനെത്തുടര്‍ന്ന്, ഏജന്‍സി നസീമിന്റെ സ്‌പോണ്‍സറുടെ കൈയ്യില്‍ നിന്നും വാങ്ങിയ വിസയുടെ പൈസ തിരിച്ചു കൊടുക്കാനും, എക്സിറ്റ് അടിച്ചു  നാട്ടില്‍ എത്തിക്കാനും  വേണ്ട ചിലവുകള്‍  എടുക്കുവാനും  തയ്യാറായി.
ഏജന്‍സിയ്ക്ക് നല്‍കിയ പൈസ തിരികെ കിട്ടിയ സ്പോണ്‍സര്‍ ഫൈനല്‍ എക്സിറ്റ് അടിച്ചു നല്‍കി. മഞ്ജുവിന്റെ അഭ്യര്‍ത്ഥന മാനിച്ച്, ഹൈദരാബാദ് അസ്സോസിയേഷന്‍ നസീമിന്റെ വിമാനടിക്കറ്റ് സ്പോണ്‍സര്‍ ചെയ്തു. അസ്സോസിയേഷന്‍ ഭാരവാഹി മിര്‍സ ബൈഗ് ടിക്കറ്റ് നസീമിന് കൈമാറി.

അങ്ങനെ നിയമനടപടികള്‍ പൂര്‍ത്തിയായപ്പോള്‍, സഹായിച്ചവര്‍ക്കൊക്കെ നന്ദി പറഞ്ഞു നസീം നാട്ടിലേയ്ക്ക് പറന്നു. നവയുഗം തുണച്ചു; ജോലിസ്ഥലത്ത് ദുരിതത്തിലായ ഹൈദരാബാദ് സ്വദേശിനി നാടണഞ്ഞു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക