പരിസ്ഥിതി വാരാചരണ സമാപന സമ്മേളനം ഇന്ത്യന്‍ അംബാസിഡര്‍ ഉദ്ഘാടനം ചെയ്തു

Published on 10 June, 2022
 പരിസ്ഥിതി വാരാചരണ സമാപന സമ്മേളനം ഇന്ത്യന്‍ അംബാസിഡര്‍ ഉദ്ഘാടനം ചെയ്തു

 

കുവൈത്ത് സിറ്റി : ഇന്ത്യന്‍ എംബസ്സി ഓഡിറ്റോറിയത്തില്‍ പരിസ്ഥിതി വാരാചരണത്തിന്റെ സമാപന സമ്മേളനം ഇന്ത്യന്‍ അംബാസിഡര്‍ സിബി ജോര്‍ജ് ഉദ്ഘാടനം ചെയ്തു.


കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കുന്നതില്‍ ഇന്ത്യ സര്‍ക്കാര്‍ നിരവധി പദ്ധതികളാണ് നടപ്പിലാക്കുന്നതെന്നും ദേശീയ ആക്ഷന്‍ പ്ലാനും സംസ്ഥാന ആക്ഷന്‍ പ്ലാനും കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രതികൂല പ്രത്യാഘാതങ്ങള്‍ക്ക് ഇരയാകാന്‍ സാധ്യതയുള്ള മേഖലകളെ പിന്തുണയ്ക്കുന്നതിനായി ഏര്‍പ്പെടുത്തിയ ദേശീയ അഡാപ്‌റ്റേഷന്‍ ഫണ്ടും ഇതിന് ഉദാഹരണങ്ങളാനെന്ന് അംബാസിഡര്‍ പറഞ്ഞു.

രാജ്യത്തെ വനവിസ്തൃതി വര്‍ധിക്കുന്നതും സിംഹങ്ങള്‍, കടുവകള്‍, പുള്ളിപ്പുലികള്‍, ആനകള്‍, കാണ്ടാമൃഗങ്ങള്‍ തുടങ്ങിയവയുടെ എണ്ണം കാടുകളില്‍ വര്‍ധിച്ചുവരുന്നതും ഏറെ അഭിമാനകരമാണ്.ഭൂമിയെ രക്ഷിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി 40 ദശലക്ഷം ടണ്‍ കാര്‍ബണ്‍ ഡൈ ഓക്‌സൈഡിന്റെ കുറവാണ് ഈ കാലയളവില്‍ ഇന്ത്യ നടപ്പിലാക്കിയത്. രാജ്യത്ത് വിതരണം ചെയ്യുന്ന പെട്രോളില്‍ 10% എത്തനോള്‍ കലര്‍ത്തിയാണ് വില്‍പ്പന നടത്തുന്നത്.

കഴിഞ്ഞ ദിവസം പ്രധാനമന്ത്രി തുടക്കംകുറിച്ച ലൈഫ് സ്‌റ്റൈല്‍ ഫോര്‍ ദി എന്‍വയോണ്‍മെന്റിനെ (ലൈഫ്) പരിസ്ഥിതി സംരക്ഷണത്തിലെ ഏറ്റവും പുതിയ കാല്‍വെപ്പാണെന്ന് സിബി ജോര്‍ജ്ജ് പറഞ്ഞു. കഴിഞ്ഞ ഒരാഴ്ചയില്‍ നടന്ന ഓണ്‍ലൈന്‍ ക്വിസ്, പെയിന്റിംഗ്, ഡ്രോയിംഗ് മത്സരങ്ങള്‍ തുടങ്ങിയ വിവിധ പരിപാടികളിലെ വിജയികളെ അംബാസഡര്‍ അനുമോദിച്ചു.


ലോകം അഭിമുഖീകരിക്കുന്ന ഏറ്റവും നിര്‍ണായകമായ പ്രശ്‌നങ്ങളിലൊന്നായ കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള അവബോധം സൃഷ്ടിക്കുന്നതിനും കാലാവസ്ഥാ പ്രവര്‍ത്തനത്തിനുള്ള ഇന്ത്യയുടെ സംഭാവനയെ ആഘോഷിക്കുന്നതിനുമായിരുന്നു ഒരാഴ്ച നീണ്ടുനിന്ന പരിപാടി സംഘടിപ്പിച്ചത്.

ചടങ്ങില്‍ വിവിധ രാജ്യങ്ങളിലെ അംബാസഡര്‍മാര്‍ ഉള്‍പ്പെടെ നിരവധി പ്രമുഖര്‍ പങ്കെടുത്തു. ഭരതനാട്യം, കുച്ചിപ്പുടി, കാവടി ചിന്ദു, സെമി ക്ലാസിക്കല്‍ തുടങ്ങിയ വര്‍ണ്ണാഭമായ കലാ പ്രകടനങ്ങള്‍ പരിപാടിക്ക് വര്‍ണ്ണാഭമായ മാറ്റുകൂട്ടി. ജൂണ്‍ അഞ്ച് എംബസി അങ്കണത്തില്‍ മരം നട്ടു പിടിപ്പിച്ചാണ് വാരാചരണത്തിന് തുടക്കംകുറിച്ചത്. പരിപാടിയുടെ ഭാഗമായി ഔഷധ സസ്യങ്ങളുടെ പ്രദര്‍ശനവും സംഘടിപ്പിച്ചിരുന്നു.

സലിം കോട്ടയില്‍

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക