മീറ്റ് ആൻഡ് ഗ്രീറ്റ് താരമായി ഫൊക്കാന പ്രസിഡണ്ട് സ്ഥാനാർഥി  ഡോ. ബാബു സ്റ്റീഫൻ

ബിജു ചെമ്മാട്  Published on 11 June, 2022
മീറ്റ് ആൻഡ് ഗ്രീറ്റ്   താരമായി ഫൊക്കാന പ്രസിഡണ്ട് സ്ഥാനാർഥി  ഡോ. ബാബു സ്റ്റീഫൻ

ചിക്കോഗോ : ഫൊക്കാന പ്രസിഡണ്ട് സ്ഥാനത്തേക്ക് മത്സരിക്കുന്ന ഡോ. ബാബു സ്റ്റീഫന്റെ ജയസാധ്യത വർധിച്ചു വരുന്നു.  ഫൊക്കാനയിലെ എല്ലാ അംഗസംഘടനയിലെയും ഡെലിഗേറ്റുമാരെ നേരിൽ കണ്ട് പിന്തുണ തേടിയ ഡോ. ബാബു സ്റ്റീഫന് അഭൂതപൂർവമായ പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം ചിക്കാഗോയിൽ നടന്ന മീറ്റ് ആൻഡ് ഗ്രീറ്റ് പരിപാടിയിൽ ചിക്കാഗോയിലെ ആറു സംഘടനകളിലെ പ്രതിനിധികളും ഉന്നത നേതാക്കന്മാരും പങ്കെടുത്തു അദ്ദേഹത്തിന് ഉറച്ച പിന്തുണ പ്രഖ്യാപിച്ചു. 

ഫൊക്കാനയിൽ വ്യക്തി താൽപ്പര്യങ്ങൾ സംരക്ഷിക്കാനായി ആരും പ്രസിഡണ്ട് ആകേണ്ടതില്ലെന്ന് അഭിപ്രായപ്പെട്ട ചിക്കാഗോയിലെ വിവിധ സംഘടനകളിലെ നേതാക്കൾ, ജോർജി വർഗീസ്- സജിമോൻ ആന്റണി എന്നിവരുടെ നേതൃത്വത്തിൽ ഫൊക്കാന ഇപ്പോൾ കൈവരിച്ചിരിക്കുന്ന നേട്ടം തുടർന്നുകൊണ്ടുപോകാൻ ഡോ. ബാബു സ്റ്റീഫന്റെ നേതൃത്വത്തിനു മാത്രമേ കഴിയുകയുള്ളൂവെന്നും അതിനാൽ അദ്ദേഹത്തിന്റെ വിജയം സുനിശ്ചിതമാക്കാൻ ചിക്കാഗോയിലെ എല്ലാ അംഗ സംഘടനകളിലെയും പ്രതിനിധികളുടെ ഉറച്ച പിന്തുണയുണ്ടാകുമെന്നും നേതാക്കൾ പ്രഖ്യാപിച്ചു. 

എന്നും കേസും നൂലാമാലകളുമായി പ്രവർത്തനം നിർജ്ജീവമായിപ്പോയിരുന്ന ഫൊക്കാനയെ കോവിഡ് മഹാമാരിമൂലമുണ്ടായ ഏറെ പ്രതികൂലമായ സാഹചര്യങ്ങളെപ്പോലും അതിജീവിച്ച് വളരെ കെട്ടുറപ്പുള്ള സംഘടനയാക്കി മാറ്റാൻ ജോർജി വർഗീസിന്റെ നേതൃത്വത്തിലുള്ള ടീമിനു കഴിഞ്ഞു. ഫൊക്കാനയെ തകർച്ചയിൽ നിന്നും തളർച്ചയിൽ നിന്നും ഉഗ്ര പ്രതാപത്തോടെ പഴയ പ്രൗഢിയിലേക്ക് മടക്കികൊണ്ടുവരാൻ ഇപ്പോഴത്തെ ഭരണ സമിതിക്കു കഴിഞ്ഞു. ഇനിയനങ്ങോട്ട് ഫൊക്കാനയെ മറ്റൊരു തലത്തിലേക്കു നയിക്കാൻ ഡോ ബാബു സ്റ്റീഫന്റെ നേതൃത്വത്തിനു മാത്രമേ കഴിയു. മറിച്ചാണ് സംഭവിക്കുന്നതെങ്കിൽ വീണ്ടും തകർച്ചയുടെ കൂടാരം കയറുന്നത് കാണാൻ ഏറെ കാത്തിരിക്കേണ്ടി വരില്ല എന്നും നേതാക്കൾ ചൂണ്ടിക്കാട്ടി. 

ഫൊക്കാനയെ അന്തരാഷ്ട്രനിലവാരത്തിലുള്ള ഒരു സംഘടനയാക്കി മാറ്റാൻ ഡോ.ബാബു സ്റ്റീഫനിലെ നേതൃപാടവത്തിനും അദ്ദേഹത്തിന്റെ രാഷ്ട്രീയ സ്വാധീനങ്ങൾക്കും കഴിയും. ഒരു തെരഞ്ഞെടുപ്പും കൺവെൻഷനായും കഴിഞ്ഞാൽ അടുത്ത തെരെഞ്ഞടുപ്പിനെക്കുറിച്ചും കൺവെൻഷനെക്കുറിച്ചും മാത്രം ചിന്തിക്കുന്ന കാലം കഴിഞ്ഞു. പ്രവർത്തനങ്ങളുടെ പെരുമഴ കാഴ്ച വയ്ക്കുന്ന തെരഞ്ഞെടുപ്പ് പ്രകടന പത്രികയാണ് ഡോ. ബാബു സ്റ്റീഫൻ വിഭാവനം ചെയ്തിരിക്കുന്നത്. അദ്ദേഹത്തിന്റെ കരങ്ങൾക്ക് ശക്തി പകരാൻ എല്ലാ ചിക്കാഗോക്കാരും ഒറ്റക്കെട്ടായി അദ്ദേഹത്തിനു പിന്നിലുണ്ടെന്നും നേതാക്കൾ പറഞ്ഞു. ഡോ. ബാബു സ്റ്റീഫനു പുറമെ ട്രഷറർ സ്ഥാനാർത്ഥി ബിജു ജോൺ കൊട്ടരക്കരയും ചിക്കാഗോയിൽ നിന്നുള്ള സ്ഥാനാർത്ഥികളായ ജോർജ് പണിക്കർ ( അഡിഷണൽ അസോസിയേറ്റ് ട്രഷറർ) ഡോ. ബ്രിജിത്ത് ജോർജ് ( വിമൻസ് ഫോറം ചെയർ പേഴ്സൺ), ടോമി അമ്പേനാട്ട് (ട്രസ്റ്റി ബോർഡ് മെമ്പർ) എന്നിവരും മീറ്റ് ആൻഡ് ഗ്രീറ്റ് പരിപാടിയിൽ ചിക്കാഗോയിലേ അംഗസംഘടനാ നേതാക്കളെയും ഡെലിഗേറ്റുമാരെയും അഭിസംബോധന ചെയ്തു.

ചിക്കാഗോ മലയാളി അസോസിയേഷൻ (സി.എം.എ ) ജോഷി വള്ളിക്കുളം, സെക്രെട്ടറി ലീല ജോസഫ്, ഇല്ലിനോയി മലയാളി അസോസിയേഷൻ (ഐ.എം.എ ) പ്രസിഡണ്ട് ഷിബു കുളങ്ങര, സെക്രെട്ടറി സുനിന ചാക്കോ,  മിഡ് വെസ്റ്റ് മലയാളി അസോസിയേഷൻ പ്രസിഡണ്ട് ജോൺ പട്ടാപതി, മുൻ പ്രസിഡണ്ട്  പോൾസൺ കുളങ്ങര , കേരള അസോസിയേഷൻ പ്രസിഡണ്ട് ആന്റോ കവലക്കൽ, കേരളൈറ്റ് അസോസിയേഷൻ മുൻ പ്രസിഡണ്ട് ബിജി എടാട്ട്, യുണൈറ്റഡ് മലയാളി അസോസിഷൻ പ്രസിഡണ്ട് സൈമൺ പള്ളിക്കത്തോട്ടിൽ, ഫൊക്കാന എക്സിക്യൂട്ടീവ് വൈസ് പ്രസിഡണ്ട് ജെയ്‌ബു മാത്യു കുളങ്ങര, നാഷണൽ കമ്മിറ്റി അംഗങ്ങളായ സതീശൻ നായർ, ജോർജ് പണിക്കർ, അഖിൽ മോഹൻ (യൂത്ത്), ഫൊക്കാന ടെക്നിക്കൽ കമ്മിറ്റി കോർഡിനേറ്ററും മുൻ അഡിഷണൽ അസോസിയേറ്റ് ട്രഷററുമായ പ്രവീൺ തോമസ്,  മുൻ നാഷണൽ കമ്മിറ്റി അംഗങ്ങളായ ഷാനി, ഷൈബു കിഴക്കേക്കുറ്റ് തുടങ്ങിയ  ആറ് അസോസിയഷനുകളിലെ ഭാരവാഹികളും ഡെലിഗേറ്റുമാരുമാണ്  ഡോ ബാബു സ്റ്റീഫന് പിന്തുണ പ്രഖ്യാപിച്ചത്.  ഫൊക്കാനയെ വരും വർഷങ്ങളിൽ പുതിയ ഭാവത്തിലേക്കും ദിശയിലേക്കും മാറ്റാൻ ഡോ ബാബു സ്റ്റീഫന്റെ നേതൃത്വത്തിന് കഴിയുമെന്നും അസോസിയേഷനുകളുടെ യോഗം ഏകക്ണ്‌ഠേന തീരുമാനം കൈക്കൊണ്ടു. എല്ലാ അസോസിയേഷൻ പ്രസിഡണ്ടുമാർ,  സെക്രട്ടറിമാർ , ഡെലിഗേറ്റുമാർ അടക്കം  നാൽപ്പതിലധികം പ്രതിനിധികൾ  പങ്കെടുത്ത യോഗമാണ്  ഡോ ബാബു സ്റ്റീഫന്റെ ടീമിന് പൂർണ പിന്തുണ പ്രഖ്യാപിച്ചത്.  

ഫൊക്കാനയെ ജോർജി വർഗീസിന്റെ നേതൃ പുതിയൊരു ദിശയിലേക്ക് ഉയർത്തിയ ജോർജി വർഗീസിന്റെ പ്രവർത്തനങ്ങളെ അഭിനന്ദിച്ച യോഗം, ഡോ ബാബു സ്റ്റീഫന്റെ നേതൃത്വത്തിൽ ഫൊക്കാനയെ കൂടുതൽ ഉയരങ്ങളിലേക്ക് കൊണ്ടുപോകുമെന്നും, അതിനായി അദ്ദേഹത്തിന്റെ ടീം അംഗങ്ങളെ ഫൊക്കാന നേതൃത്വത്തിലേക്ക് ഉയർത്തികൊണ്ടുവരേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്നും  ഓരോ ഫൊക്കാന അംഗങ്ങളുടെയും കടമയാണെന്നും യോഗം അഭിപ്രായപ്പെട്ടു.

ഫൊക്കാനയെ ഒരു വ്യത്യസ്തമായ തലത്തിലേക്ക് നയിക്കാൻ ചില പദ്ധതികൾ ആവിഷ്ക്കരിച്ചുകൊണ്ടാണ് തെരെഞ്ഞെടുപ്പിൽ മത്സരിക്കുന്നതെന്ന് ഡോ. ബാബു സ്റ്റീഫൻ തനിക്കു ലഭിച്ച സ്വീകരണത്തിന് മറുപടിയായി പറഞ്ഞു.  ഈ പദ്ധതികൾ നടപ്പിലാക്കാനുള്ള  മാർഗവും  ഇച്ഛാശക്തിയും തനിക്കുണ്ട്. അതേസമയം,  ഫൊക്കാന പ്രസിഡണ്ട് ആകുക എന്നത് തന്റെ ജന്മാഭിലാക്ഷമല്ലെന്നും പ്രസിഡണ്ട് ആയി തെരെഞ്ഞെടുക്കപ്പെടാതെ വന്നാൽ ജനതിപത്യമായ രീതിയിൽ തിരഞ്ഞെടുക്കപ്പെട്ട പ്രസിഡണ്ടിനോ കമ്മിറ്റിക്കോ എതിരെ ഒരിക്കലും കേസിനു പോകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഫൊക്കാനയുടെ ഫണ്ട് പബ്ലിക്ക് ഫണ്ട് ആണ്.അത് കോടതിയിൽ അനാവശ്യ വ്യവഹാരങ്ങൾക്കയി ചെലവാക്കാനുള്ളതല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഓരോ തവണയും  തെരെഞ്ഞെടുപ്പിൽ  പരാജയപ്പടുമ്പോൾ  ഫൊക്കാനയ്‌ക്കെതിരെ കേസുകൊടുത്ത് അതിന്റെ വിധി വരും മുൻപ് അടുത്ത തെരഞ്ഞെടുപ്പിനെ നേരിടുകയും പരാജയപ്പെടുകയും ചെയ്യുമ്പോൾ വീണ്ടും കേസിനു പോകുക, ആ കേസും കോടതിയിൽ നിലനിൽക്കെ, വീണ്ടും തെരഞ്ഞടുപ്പിൽ മത്സരിക്കുക.- ഇതൊന്നും പ്രസ്ഥാനത്തിന് ഗുണകരമായ കാര്യമല്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ജനോപകാരപ്രദമായ കാര്യങ്ങൾക്ക് ചെലവഴിക്കേണ്ട പണമാണ് ഇത്തരക്കാരുടെ അധികാര പ്രഹസനങ്ങൾ മൂലം പാഴായി പോകുന്നതെന്നു പറഞ്ഞ അദ്ദേഹം താൻ പ്രസിഡണ്ട് ആയാൽ ഇത്തരം ശല്യക്കാരായ വ്യവഹാരികളെ എന്നന്നേക്കുമായി ഫൊക്കാനയിൽ നിന്ന് അകറ്റി നിർത്താനും ആ പ്രവണത ഇല്ലാതാക്കാനും ശ്രമിക്കുമെന്നും ഉറപ്പു നൽകി. 

Fan of Thara 2022-06-11 17:04:58
Where is my Thara?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക