ട്രാൻസ്‌ ജെൻഡർ: മാനവികതയുടെ വെള്ളിവെളിച്ചം (തോമസ് കളത്തൂർ)

Published on 13 June, 2022
ട്രാൻസ്‌ ജെൻഡർ:  മാനവികതയുടെ വെള്ളിവെളിച്ചം (തോമസ് കളത്തൂർ)

വർണവിവേചനത്തിൽ നിന്നും  മത സ്പർദ്ധകളിൽ  നിന്നും മനുക്ഷ്യ വർഗ്ഗത്തെ രക്ഷിക്കാൻ ദൈവങ്ങളും മഹാ മാനുഷരും പരിശ്രമിച്ചു കൊണ്ടിരിക്കുന്നു.      സ്വാർത്ഥലാഭത്തിനു വേണ്ടി ദൈവത്തിന്റെ പേര് പറഞ്ഞു പിശാചുക്കൾ മനുഷ്യരെ വിഭജിച്ചെടുക്കാൻ അക്ഷീണ പരിശ്രമം ചെയ്തു കൊണ്ടിരിക്കുന്നു. അവർ തന്നെ, "പാപം" എന്നതിന്റെ നിർവചനവും വ്യാഖ്യാനവും കൽപ്പിക്കുന്നു.  പൂർവോത്തര പാപങ്ങൾ,  പുനഃനിർമ്മാണം ചെയ്ത ചെയ്ത പാപങ്ങൾ ഒക്കെ ആരോപിച്ചു, ശബ്ദമില്ലാത്തവരേയും  മാനസികമോ ശാരീരികമോ ആയ വൈകല്യത്തിൽ വിഷമിക്കുന്നവരെയും  നിരാശ്രയരേയും  പുറന്തള്ളുകയും പാർശ്വവത്കരിക്കുകയും ചെയ്തുകൊണ്ട്, ഭൂമിയിൽ നരകം സൃഷ്ടിക്കുന്നു.  

ഒരു മനുക്ഷ്യനും, മറ്റൊരാളുടെ അതേ രൂപത്തിലും ചിന്തയിലും കാഴ്ചപ്പാടിലും പ്രവർത്തികളിലും പ്രതിശ്ചായ ആവാൻ സാധിക്കില്ലല്ലോ.  ഇരട്ടകുട്ടികളായി ജനിച്ചവർക്ക് വരെ സ്വഭാവത്തിലും കഴിവുകളിലും അഭിരൂചികളിലും വ്യത്യസ്തതകൾ കാണും.  "അസ്ഥിത്വം  ബഹുമുഖ അസമത്വമാണ്", എന്ന സിദ്ധാന്തം മറക്കാനാവില്ല.  ചിലപ്പോൾ അംഗവൈകല്യങ്ങൾ, വ്യത്യസ്‌ഥമായ  വൈജ്ഞാനീകനില, ഇവയൊക്കെ, ഇടപെടലുകളിലും പ്രവർത്തനങ്ങളിലും മറ്റുള്ളവരുമായി വിഭിന്നമായി രിക്കും.  അതെല്ലാം അവരുടെയോ, മാതാപിതാക്കളുടെയോ കുറ്റമായി കണക്കിടാൻ പാടില്ലാ.  എല്ലാ മതങ്ങളും അന്യോന്യം സ്നേഹിക്കാനും കരുതാനും ചേർത്ത് നിർത്താനും ആണ് പഠിപ്പിക്കുന്നത്,  പഠിപ്പിക്കേണ്ടത്.  മനുക്ഷ്യരുടെ ഇടയിൽ മാത്രം നിലനിൽക്കുന്ന 'മതങ്ങൾക്ക്', മനുക്ഷ്യത്വം ഇല്ലെങ്കിൽ പിന്നെ  എന്ത് പ്രസക്തിയാണുള്ളത്, ഈ ഭൂവിൽ?
 
ഈ ലേഖനം എഴുതാൻ എന്നെ ഉത്തേജിപ്പിച്ചത് രണ്ടു സഭാ സാരഥികളുടെ പ്രസ്താവനകളാണ്,   മാർപാപ്പാ ഫ്രാൻസിസിന്റെയും  മാർ തിയോഡോഷ്യസ് മെത്രാപോലിത്തയുടെയും.  ഭിന്നലിംഗർ അഥവാ ദ്വിലിംഗർ (ട്രാൻസ്‌ജന്റേഴ്‌സ്)  നമ്മുടെ സഹോദരങ്ങളാണെന്നും അവരെ നമ്മോടു ചേർത്ത് നിർത്തി സ്നേഹം പങ്കിടണമെന്നും  അഭ്യർത്ഥിക്കുന്നതായിരുന്നു  ആ പ്രഭാഷണങ്ങൾ.  ["സ്നേഹം സ്പർദ്ധിക്കുന്നില്ല, നിഗളിക്കുന്നില്ല, അയോഗ്യമായി  നടക്കുന്നില്ല."   "വിശ്വാസം പ്രത്യാശ സ്നേഹം,  ഇവയിൽ  വലിയതോ സ്നേഹം തന്നെ".    "സ്നേഹമാണഖിലസാരമൂഴിയിൽ".   ഈ മഹത് വചനങ്ങളെ ഖണ്ണിയ്ക്കാനാർക്കാനാവുക.] 

ഈ ബഹുമാന്യ മതാദ്ധ്യക്ഷന്മാരുടെ ഹൃദയ വിശാലതയും  സംശുദ്ധമായ ദൈവ സ്നേഹവും  'പര-അപര ബന്ധവും' ശ്ലാഘനീയം തന്നെ.  പ്രണാമം.  ധാർമ്മീകതയിൽ  ഊന്നിയ സത്യാന്വേഷണങ്ങൾ, അന്ധ വിശ്വാസങ്ങളിൽ നിന്നും തെറ്റിദ്ധാരണകളിൽ നിന്നും മനുക്ഷ്യരെ വെളിച്ചത്തിലേയ്ക്കു നടത്തും.  

ഇനി, 'ട്രാൻസ്‌ ജെൻഡേർസ് '   എന്ന വിഷയത്തിന്റെ  ശാസ്ത്രീയ തലങ്ങളിലേക്ക് കൂടി ഒന്ന് കണ്ണോടിക്കാം.  ബയോളോജിക്കൽ സെക്സും (ജൈവ ലൈംഗീകതയും) ജെൻഡർ ഐഡന്റിറ്റിയും (ലിംഗ വ്യക്തിത്വവും) വ്യത്യസ്തമാണ്  എങ്കിലും കൂടി കലർന്ന് നിൽക്കുന്നു.   'ബയോളജിക്കൽ സെക്സ്', മനുക്ഷ്യ ശരീരത്തിന്റെ ശരീര ശാസ്ത്ര സംബന്ധമായ സവിശേഷതകളെ സമർത്ഥിക്കുന്നു. എന്നാൽ 'ജെൻഡർ ഐഡന്റിറ്റി', ഒരു വ്യക്തിയുടെ, 'സ്ത്രീ' അല്ലെങ്കിൽ 'പുരുഷൻ' എന്ന ബോധത്തെ  സൂചിപ്പിക്കുന്നു.  ഈ  ബോധം, ‘ആണോ, പെണ്ണോ’, അല്ലെങ്കിൽ ‘ഇതിനിടയിൽ എവിടെയെങ്കിലുമോ’, ആയെന്നും വരാം.  ഈ രണ്ടു (ആൺ, പെൺ)  ലിംഗാവസ്ഥകളിലും തങ്ങളെ കാണാൻ കഴിയാത്തവർക്ക്,  തങ്ങൾ ആണോ പെണ്ണോ (മെയിൽ ഫീമെയിൽ വ്യത്യസ്തത)  എന്ന ആന്തരീക ബോധം  ഉണ്ടാവില്ലാ,  അതിനോടനുബന്ധമായ  സ്വഭാവ രീതികളും  പ്രകടമാക്കില്ല.  ലിംഗ വ്യക്തിത്വങ്ങളുടെ  വ്യത്യസ്ഥതകളെ  സമൂഹം നിർമ്മിച്ചെടുത്തിരിക്കുന്നു.    പ്രധാനമായും ഏഴു ലിംഗ ഭേദങ്ങളെ പലരും ആവിഷ്കരിക്കുന്നു.

കോശ വിഭജനത്തിലും, പാരമ്പര്യ സ്വഭാവാദി പ്രത്യേകതകളുടെ സംക്രമണത്തിലും പ്രധാന പങ്കു വഹിക്കുന്ന  കോശകേന്ദ്രത്തിൽ,  ജോഡികളായി ഉണ്ടാകുന്ന വസ്തുവാണല്ലോ "ക്രോമസോമുകൾ".     ഇവയുടെ കൂടി ചേരലുകളാണ് ബയോളജിക്കൽ സെക്സിനു രൂപം നൽകുക.  രണ്ട് "എക്സ്" ക്രോമോസോമുകൾ ചേർന്നാൽ, ശാരീരികമായി ഒരു സ്ത്രീ ജന്മം സംഭവിക്കുന്നു. അതുപോലെ ഒരു   "എക്സ് " ക്രോമോസോമും ഒരു "വൈ"ക്രോമോസോമും ആണ് കൂടി ചേരുന്നതെങ്കിൽ ഒരു ആൺ കുട്ടി ആയിരിക്കും ജനിക്കുക.    രണ്ട് 
വ്യക്തിത്വങ്ങളുടെ സവിശേഷതകൾ  വ്യത്യസ്തങ്ങളായി സമൂഹം ഏറ്റെടുക്കുന്നു.    അതോടെ ശാരീരിക വ്യത്യാസങ്ങളിൽ (ബയോളജിക്കൽ  സെക്സിൽ) നിന്നും, ലിംഗ വ്യക്തിത്വത്തിൽ (ജൻഡർ ഐഡന്റിറ്റി)യി ലേക്കു കടക്കുക ആയി. എന്നാൽ ഈ പ്രക്രീയയിൽ ഒരു നിശ്ചിതമായ സ്ഥാനം നിർണ്ണയിക്കാൻ ആവില്ല.    കാരണം, പലരുടെ കാര്യത്തിലും, പരിവർത്തനം ദ്രവീകൃതവും തുടർന്ന് കൊണ്ടേ ഇരിക്കുന്നതുമാണ്. ചില ജീനുകളിൽ സംഭവിക്കുന്ന ക്രോമോസോമുകളുടെ അസ്വാഭാവികത്വം  ( നഷ്ടമായതോ അധികമായതോ ആയ ലിംഗ ഹോര്മോൺ), ഭിന്നലിംഗ  (ട്രാൻസ് ജെൻഡേഴ്‌സ്)ന്റെ ജനനത്തിനു കാരണമാവും.  ഇതുപോലുള്ള ജനന ങ്ങൾ, ഏതു ഭവനത്തിലും, ആരുടെയും മക്കളോ കൊച്ചുമക്കളോ ആയി ഭവിക്കാം.  ജീവിച്ചിരിക്കുന്നവരിലോ  ആ കുഞ്ഞുങ്ങളിലോ കുറ്റാരോപണം നടത്തുന്നത് ബുദ്ധി ശൂന്യതയാണ്.    
സാധാരണമായതു അല്ലെങ്കിൽ  എന്റേത് മാത്രം നിലവാരമുള്ളതു എന്ന ചിന്ത അപലനീയമാണ്.  

ചില ശരീരാവസ്ഥകൾ (മെഡിക്കൽ കണ്ടീഷൻ) കാരണമായി,  ജനനത്തിൽ ലഭിക്കുന്ന ക്രോമോസോമുകളുടെ ജനിതക ശാസ്ത്രം   ( എക്സ്+എക്സ് =സ്ത്രീ ;  എക്സ്+വൈ=പുരുഷൻ ) പ്രവർത്തിക്കാതെ വരുന്നു. അതിനെ  "ആന്ഡ്രജൻ ഇൻസെൻസിവിറ്റി സിൻഡ്രം (സംവേദന ക്ഷമതാ നഷ്ടം) എന്ന രോഗമായി പറയപ്പെടുന്നു.
ജന്മത്തെ സംബന്ധിച്ചിടത്തോളം,  മനുക്ഷ്യരുടെ അറിവോ സമ്മതമോ ഇല്ലാതെ ശരീരത്തിൽ വ്യത്യസ്തതകൾ വന്നു ഭവിക്കുന്നതിൽ, ആർക്കും ആരെയും കുറ്റപ്പെടുത്താൻ ആവില്ല.  സൃഷ്ടിയിൽ കാലികമായും സ്ഥാലീകമായും അപൂർവ്വതകൾ സംഭവിക്കുന്നു.  കാലക്രമത്തിൽ മറ്റൊന്നായി മാറി എന്നും വരാം.  ഈ മാറ്റം അഥവാ 'ട്രാൻസ്‌ഫോം' അംഗീകരിച്ചേ പറ്റൂ. കാരണം, സൃഷ്ടിക്ക്  ഉത്തരവാദി, സൃഷ്ടിക്കപ്പെട്ടതല്ലാ.    അത് സൃഷ്ടാവിന്റെ പദ്ധതിയിൽ പെട്ടതാണ്.

ഒരു ജന്മം! ഭൂമിയിൽ ജീവിക്കാൻ ലഭിച്ച ഒരു അവസരമാണ്.  മറ്റുള്ള ജന്മങ്ങളുമായി തുലനം ചെയ്യുകയോ, മറ്റുള്ളതിൽ കുറ്റങ്ങൾ  ആരോപിക്കാൻ ശ്രമിക്കുകയോ ചെയ്യുന്നത്  അനുചിതമല്ല.  പ്രകൃതി അഥവാ ഈശ്വര നിന്ദ ആയി കാണുന്നു.  കാഴ്ച്ചയോ കേൾവിയോ ഇല്ലാതെയോ, അംഗഭംഗത്തോടെയോ ജനിച്ചാലും,  ജീവിതം നാം എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതാണ് പ്രാധാന്യം അർഹിക്കുന്നത്. നമുക്ക് ലഭിക്കുന്ന ചെറിയ ആയുർ ദൈർഘ്യത്തിൽ ഭൂമിക്കും ജീവജാലങ്ങൾക്കും സന്തോഷവും സമാധാനവും നല്കി സംതൃപ്തരാവുക.  രൂപാന്തരീകരണം  ശരീരത്തെക്കാൾ മനസ്സിനാണ്  ആവശ്യം.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക