മധുവിൽ നിന്നും ചന്ദ്രനിലേക്കുള്ള ദൂരം, അഥവാ ആൾക്കൂട്ടക്കൊലപാതകം ഒരു തുടർക്കഥ (ദുർഗ മനോജ്)

Published on 13 June, 2022
മധുവിൽ നിന്നും ചന്ദ്രനിലേക്കുള്ള ദൂരം, അഥവാ ആൾക്കൂട്ടക്കൊലപാതകം ഒരു തുടർക്കഥ (ദുർഗ മനോജ്)

ഇതു രണ്ടാം അധ്യായമാണ്. ആദ്യത്തെ അധ്യായത്തിൽ നമ്മൾ കണ്ടതൊരു പാലക്കാട്ടുകാരനെ ആണെങ്കിൽ ഇത്തവണ തലസ്ഥാന ജില്ലയിലൂടെയാണു കഥ തുടരുന്നത്. ഒറ്റ വാചകത്തിൽ കഥ/സംഭവം ഇങ്ങനെ പറയാം, "ചോദിക്കാനും പറയാനും പണവും പ്രതാപവും അധികാരവും ഇല്ലാത്തവനെ മോഷ്ടാവ് എന്നാരോപിച്ചു തല്ലിക്കൊല്ലുക."
വിശപ്പും ദാരിദ്ര്യവും കുറ്റകരമായ തെറ്റുകൾ ആകുന്നതെങ്ങനെയെന്നു മധുവിൻ്റേയും ചന്ദ്രൻ്റേയും കൊലപാതകങ്ങൾ നമ്മളോടു സംസാരിക്കും.
മധുവിൻ്റെ കാര്യത്തിൽ സാക്ഷി കൂറുമാറിയും സാക്ഷികളെ പ്രതികൾ സ്വാധീനിക്കുന്നു എന്ന മധുവിൻ്റെ സഹോദരിയുടെ പരാതിയും, ഹാജരാകാതിരുന്ന പബ്ലിക് പ്രോസിക്യൂട്ടറും, പ്രോസിക്യൂട്ടറെ മാറ്റി നിയമിക്കലും ചില ഓളങ്ങൾ അന്തിച്ചർച്ചാവേളയിൽ സൃഷ്ടിച്ചില്ലെന്നു പറയുന്നില്ല, മഹാനടൻ്റെ സഹായവാഗ്ദാനങ്ങൾ നമുക്കു രോമാഞ്ചമുണ്ടാക്കാൻ തക്കവിധം ഉള്ളതായിരുന്നുവെന്നതും വിസ്മരിക്കുന്നില്ല, എന്നിട്ടും വീണ്ടും അത്തരത്തിൽ ഒരാൾ കൂടി കൊല്ലപ്പെടുമ്പോൾ ഒരു സംശയം, നമ്മുടെ സാംസ്ക്കാരിക പുരോഗതി വെറും സോപ്പു കുമിളയോ?


മധുവിൽ നിന്നും ചന്ദ്രനിലേക്ക് എത്തുമ്പോൾ ചെറിയ മാറ്റങ്ങൾ ഉണ്ട്. അതു സ്വാഭാവികമാണല്ലോ. ഒരു മനുഷ്യനെപ്പോലെ മറ്റൊരാളില്ലാത്ത പോലെ കൊലപാതക പരിസരത്തിൻ്റേയും പ്രതികളുടേയും സത്ത ഒന്നാണെങ്കിലും ഭൗതിക പരിസരത്തിൽ വ്യത്യാസമുണ്ട്. ചന്ദ്രനെ ഒരു വീട്ടിൽ നിന്നും പാത്രങ്ങൾ മോഷ്ടിച്ചു എന്ന് ആരോപിച്ചു ചിലർ തടഞ്ഞുവച്ചു മർദ്ദിച്ചു. ആന്തരികാവയവങ്ങൾക്കു ക്ഷതമേറ്റ അയാളെ മർദ്ദിച്ചവർ എന്തായാലും മെഡിക്കൽ കോളേജിൽ കൊണ്ടു പോകുമെന്നു ചിന്തിക്കാൻ പറ്റില്ല. പക്ഷേ, കെട്ടിയിട്ട നിലയിൽ തീർത്തും അവശനായി കണ്ടെത്തിയ അയാളെ ബന്ധുക്കളെ വിളിച്ചു വരുത്തി പോലീസ് നടന്നതൊന്നും ആരോടും പറയാതെ മിണ്ടാതെ ഉരിയാടാതെ വീട്ടിൽ പോയ്ക്കോളാൻ പറഞ്ഞു. തെറ്റിദ്ധരിക്കരുത്, അത് പോലീസിൻ്റെ ഹൃദയവിശാലത ഒന്നു കൊണ്ടു മാത്രമാണ്. പോലീസ് കേസെടുക്കാതെ വിട്ടില്ലേ? മഹാഭാഗ്യം! 


ഏതായാലും പോലീസ് നിരുപാധികം വിട്ടയച്ച ചന്ദ്രൻ്റെ വയറ്റിൽ ഏറ്റ ക്ഷതത്തിൻ്റെ തീവ്രതയിൽ അയാൾ നടക്കാൻ വയ്യാതെ വേച്ചു പോകുന്നതു കണ്ട് വീട്ടുകാർ വിഷമിച്ചു എന്നതു സത്യം. പക്ഷേ, ഞങ്ങളൊന്നും ചെയ്തിട്ടില്ല എന്ന പോലീസിൻ്റെ ഭാഷ്യം അവർ സ്വീകരിച്ചു വീട്ടിലേക്കു കൂട്ടി. മാത്രവുമല്ല വയറുവേദന ഉണ്ടെന്നു പറഞ്ഞ ചന്ദ്രൻ കള്ള വയറുവേദന അഭിനയിക്കുകയാണെന്നു കൂടി പോലീസ് പറഞ്ഞാൽ പാവത്തൂങ്ങൾ പിന്നെ അവിശ്വസിക്കണോ? (കാരണം വൈദ്യ പരിശോധനാ റിപ്പോർട്ട് പോലീസിൻ്റെ കൈവശം ഉണ്ട്). ഏതായാലും ശരീരത്തിനേൽക്കുന്ന ക്ഷതങ്ങൾക്കു കള്ളമില്ലല്ലോ. വൈകി കിട്ടിയ വൈദ്യ സഹായവും സർജറിയും ഗുണം ചെയ്തില്ല. അയാൾ മരിച്ചു. മധു വിശന്നപ്പോൾ കട്ടു എന്നതാണ് കുറ്റം. ചന്ദ്രൻ പാത്രങ്ങൾ മോഷ്ടിച്ചു എന്നത് ഒരു ആരോപണം മാത്രവും. അഥവാ മോഷ്ടിച്ചു എന്നു കരുതിയാലും ദാരിദ്ര്യം എന്ന സത്യം അയാളുടെ പ്രവർത്തിയുടെ പിന്നിലുണ്ട്. കളവിനു പക്ഷേ, നമ്മുടെ നീതിന്യായ വ്യവസ്ഥയിൽ ചവിട്ടിക്കൊല്ലാൻ വ്യവസ്ഥയുണ്ടോ? ഇന്നലെ ഉത്തരേന്ത്യയിൽ ബലാൽസംഗം ചെയ്തുവെന്നാരോപിച്ച രണ്ടുപേരെ ജനക്കൂട്ടം തീയിട്ടു. ഒരാൾ വെന്തുമരിച്ചു. ഒരാൾ പാതിവെന്തു കിടപ്പുണ്ട്. നമ്മുടെ രാജ്യത്ത് ഒരു ഭരണഘടനയുണ്ട്. നീതിയും ന്യായവും നടത്താൻ വ്യവസ്ഥകൾ ഉണ്ട്. അതിനു വേണ്ട യോഗ്യതയുള്ള അധികാരികൾ ഉണ്ട്. എന്നിട്ടും, എന്നിട്ടുമെന്തേ ആൾക്കൂട്ടക്കൊല? ഇതിപ്പോൾ ഉത്തരേന്ത്യയിലെ ഒരു കുഗ്രാമത്തിലല്ല മറിച്ചു സാക്ഷര കേരളത്തിൻ്റെ വിരിമാറിലാണു നടക്കുന്നത്. ലജ്ജിക്കാം നമുക്ക്.
സാംസ്ക്കാരിക കേരളത്തിൻ്റെ മാനത്തിനു മുകളിൽ ആത്മനിന്ദയുടെ ഒരു ചെറു ചിന്ത പോലും ചന്ദ്രൻ്റെ മരണം കൊണ്ടുണ്ടാകും എന്നു മാത്രം ധരിക്കരുത്.


ഇതു രണ്ടാം അധ്യായം മാത്രമാണ്. മധുവിൻ്റെ സഹോദരിയെപ്പോലെ ചന്ദ്രൻ്റെ വീട്ടുകാരും ഇനി വല്ലപ്പോഴും അനീതിയ്ക്കെതിരെ ചെറുതായി ശബ്ദിക്കാൻ ശ്രമിക്കും.
ശബ്ദമില്ലാത്തവർക്കെന്തു ശബ്ദം!


മനുഷ്യരിൽ മനുഷ്യത്വം ഇല്ലാതാവുകയും പകയും ക്ഷിപ്രകോപവും സംശയവും നുരയുകയും ചെയ്യുമ്പോൾ ഇനി ഒരു മൂന്നാം അധ്യായം ഉണ്ടാകും. സംഭവിക്കില്ല എന്നുറപ്പിച്ചു പറയാൻ ന്യായങ്ങളൊന്നുമില്ല ഇന്നെൻ്റെ മുന്നിൽ.
മധുവിൽ നിന്നും ചന്ദ്രനിലേക്ക്, ചന്ദ്രനിൽ നിന്നും ആരിലേക്ക്....?       

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക