Image

'അളിയാ! ഞാനും എം.എല്‍.എ ആയി' (രാജു മൈലപ്രാ)

Published on 13 June, 2022
'അളിയാ! ഞാനും എം.എല്‍.എ ആയി' (രാജു മൈലപ്രാ)

പാതിരാത്രിക്ക് പതിവില്ലാത്തൊരു ഫോണ്‍കോള്‍. 'അളിയനറിഞ്ഞാരുന്നോ? എന്നെ എം.എല്‍.എ ആയി തെരഞ്ഞെടുത്തു' 

'എന്നാടാ, ചാണ്ടിക്കുഞ്ഞേ നീയീപറയുന്നത്? നീ എം.എല്‍.എ ആയെന്നോ- എടാ നട്ടപ്പാതിരായ്ക്ക് വെള്ളമടിച്ചേച്ച് ബാക്കിയുള്ളവരെ ശല്യപ്പെടുത്താതെ കിടന്നുറങ്ങാന്‍ നോക്ക്!'

'അളിയാ, സത്യമാ ഞാനീപ്പറയുന്നത്. എന്നെ ലോക കേരള സഭയിലേക്ക് തെരഞ്ഞെടുത്തു- ഞാനിപ്പം എം.എല്‍.എയാ'

'എന്താടാ ചാണ്ടിക്കുഞ്ഞേ ഈ ലോക കേരള സഭ'
'സത്യം പറഞ്ഞാല്‍ അതേപ്പറ്റി കൂടുതലൊന്നും എനിക്കറിയില്ല. രണ്ടുമൂന്നു ദിവസം കേരള സര്‍ക്കാരിന്റെ ചെലവില്‍ ഫൈവ് സ്റ്റാര്‍  താമസം, സുഖ ഭക്ഷണം, യാത്രചിലവ് ഇതെല്ലാം അങ്ങ് നടക്കും-'

'ഇതു കേട്ടാല്‍ തോന്നുമല്ലോ നീ ഇവിടെ അമേരിക്കയില്‍ പട്ടിണി കിടക്കുകയായിരുന്നെന്ന്-'

'അളിയനതു കള. കണ്ട അണ്ടനും അടകോടനുമൊന്നുമല്ല പോകുന്നത്. - കൂടുതലു പേരും ഡോക്‌ടേഴ്‌സാ- ലക്കിനാ ആ കൂട്ടത്തില്‍ എന്റെ പേര് വന്നത്-'

ചാണ്ടിക്കുഞ്ഞിന്റെ അഭിമാനം ആകാശത്തോളം ഉയരുന്നത് എനിക്ക് മനസില്‍ കാണാമായിരുന്നു. 

'എടാ ചാണ്ടി! ലിസ്റ്റ് ഞാനും കണ്ടു. ഈ ലിസ്റ്റിലുള്ള ഡോക്‌ടേഴ്‌സൊന്നും യഥാര്‍ത്ഥത്തില്‍ മെഡിക്കല്‍ ഡോക്‌ടേഴ്‌സല്ല. അഞ്ഞൂറ് ഡോളര്‍ കൊടുത്താല്‍ ഏത് ആപ്പയ്ക്കും ഊപ്പയ്ക്കും ഉസ്ബക്കിസ്ഥാനില്‍ നിന്നും ഡോക്ടറേറ്റ് തപാല്‍ മാര്‍ഗ്ഗം കിട്ടും. അത് നമ്മുടെ പേരിന് മുന്നില്‍ വെറുതെ എഴുതിച്ചേര്‍ക്കാം. പിന്നെ വല്ലവന്മാരും നമ്മളേക്കേറി 'ഡോക്ടറേ' എന്നു വിളിക്കുമ്പം കേള്‍ക്കാനൊരു സുഖമുണ്ട്. ഇവറ്റകളുടെ ശല്യംകൊണ്ട് യഥാര്‍ത്ഥ ഡോക്ടര്‍മാരൊക്കെ പേരിനൊപ്പം എം.ഡി എന്ന് ചേര്‍ക്കാറുണ്ട്-'

എന്റെ വിശദീകരണം ചാണ്ടിക്ക് അത്ര ഇഷ്ടപ്പെട്ടില്ല എന്നു തോന്നുന്നു. 

'അത് എന്ത് കുന്തമെങ്കിലുമാകട്ടെ! ഞങ്ങള്‍ അവിടെ ചെന്ന് അമേരിക്കന്‍ മലയാളികളുടെ നീറുന്ന പ്രശ്‌നങ്ങള്‍ ലോകസഭയില്‍ അവതരിപ്പിച്ച് അതിനു പരിഹാരം കണ്ടെത്തും'. ചാണ്ടിക്കുഞ്ഞിലെ പൊതുപ്രവര്‍ത്തകന്‍ സടകുടഞ്ഞെഴുന്നേറ്റു. 

'ഇവിടെ അമേരിക്കന്‍ മലയാളികള്‍ക്ക് എന്തുവാടാ ഇത്ര നീറുന്ന പ്രശ്‌നങ്ങള്‍. വല്ലവന്റേം ആസനത്തില്‍ ആരെങ്കിലും മുളകരച്ച് തേച്ചോ?'

സത്യത്തില്‍ എനിക്ക് ദേഷ്യം വന്നു. അമേരിക്കന്‍ മലയാളികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനാണെന്നു പറഞ്ഞ് കുറെ സംഘടനാ നേതാക്കന്മാര്‍ മന്ത്രിമാരുടെ ഓഫീസുകള്‍ കയറി ഇറങ്ങുന്നുണ്ട്. എന്നിട്ട് മന്ത്രിയോടൊപ്പം ഒരു ഫോട്ടോയും, വാര്‍ത്തയും- ഇതിനൊക്കെ എവിടുന്ന് സമയം കിട്ടുന്നു എന്നു ഞാന്‍ ചിലപ്പോള്‍ ആലോചിച്ചിട്ടുണ്ട്. 

'അളിയാ! ചാണ്ടി! ഞാനൊരു കാര്യം തുറന്നു പറയുന്നതുകൊണ്ട് നിനക്ക് വിഷമം തോന്നരുത്.'
'എന്തായാലും കുഴപ്പമില്ല,  അളിയന്‍ പറ'
'എടാ- കേരളത്തില്‍ ഇപ്പോള്‍ കറുത്ത മാസ്‌കും, കറുത്ത വസ്ത്രവും നിരോധിച്ചിരിക്കുകയാ. കറുത്ത ഷൂസ്, പാന്റ്, കറുത്ത കണ്ണട ഇതൊന്നും ധരിച്ചുകൊണ്ട് നീ കേരളാ ലോകസഭയില്‍ പോകരുത്- പോലീസ് തടയും.'

'ആനയ്ക്ക് കറുത്ത നിറമായതുകൊണ്ട് എഴുന്നള്ളിപ്പ് പോലും നിര്‍ത്തിവച്ചിരിക്കുകയാണ്'

'അത് എന്തിനാ -ഞാനൊന്നും അറിഞ്ഞില്ലല്ലോ!'
'എടാ, ചാണ്ടി, മോനേ! നമ്മുടെ മുഖ്യന് എതിരായി ആ സ്വര്‍ണ്ണകുമാരി എന്തോ പറഞ്ഞു- അന്നു മുതല്‍ അദ്ദേഹം പോകുന്ന സ്ഥലത്തൊക്കെ യൂത്തന്മാര്‍ കരിങ്കൊടി കാണിക്കുകയാണ്. - അതിനൊരു തടയിടാനാണ് ഇത്തരമൊരു 'എഴുതാത്ത നിയമം' നടപ്പിലാക്കുന്നത്.'

'ഒന്ന് ചുമ്മാതിരി അളിയാ! വെറുതെ വിരട്ടാതെ!'
ചാണ്ടിയുടെ മറുപടിയില്‍ ഒരു പതറിച്ച.

'പിന്നെ ഒരു കാര്യംകൂടി- നീ പ്രത്യേകിച്ച് സൂക്ഷിക്കണം. അമേരിക്കയില്‍ വന്നതുകൊണ്ട് മാത്രം നമ്മളു വെളുത്ത സായിപ്പന്മാരൊന്നുമായില്ലല്ലോ! നിന്റെയൊരു ലുക്ക് വെച്ച് നോക്കുമ്പം പോലീസ് നിന്നെ തടയാനാണ് സാധ്യത- കറുത്ത നിറമുള്ള മന്ത്രിമാര്‍ക്ക് പോലും പ്രവേശനമില്ല-യെന്നാണ് പറഞ്ഞുകേള്‍ക്കുന്നത്.

ഏതായാലും നിങ്ങള് തപാല്‍ ഡോക്ടര്‍മാരെല്ലാം കൂടിച്ചെന്ന് അമേരിക്കന്‍ മലയാളികളുടെ നീറുന്ന പ്രശ്‌നങ്ങള്‍ക്ക് ഒരു പരിഹാരം കണ്ടിട്ട് വാ-
'ഹാവ് എ സെയ്ഫ് ജേര്‍ണി' 

 

 

Join WhatsApp News
US Pravasi 2022-06-13 04:47:23
ഇപ്പോൾ കേരളത്തിൽ അരങ്ങേറിക്കൊണ്ടിരിക്കുന്ന, തികച്ചും ജനാതിപത്യ വിരുദ്ധമായ സർക്കാർ പ്രവർത്തികളെ അപലപിക്കുന്ന ഒരു പ്രമേയം ഇവിടെ നിന്നും പോകുന്ന പ്രതിനിധികൾ ലോക കേരളാ അസെംബ്ലിയില് അവതരിപ്പിക്കണം. കറുത്ത മാസ്ക് ധരിച്ചു അവരുടെ പ്രധിഷേധം സർക്കാരിനെ അറിയിക്കണം.
Suspicious 2022-06-13 11:02:25
അമേരിക്കൻ മലയാളികളെ പ്രതിനിധികരിക്കാൻ ഇവരെ ആരാണ് തിരഞ്ഞെടുത്തത് എന്നറിയുവാൻ താൽപ്പര്യമുണ്ട്. ഏതു മാനദണ്ഡമാണ് ഇവരെ യോഗ്യയരായി പ്രഖ്യാപിക്കുവാൻ സ്വീകരിച്ചത്? തിരിഞ്ഞും മറിഞ്ഞും ചിലർ എല്ലായിടത്തും നുഴഞ്ഞു കയറുന്നത് കാണാം. ഇതിൽ എന്തോ ദുരൂഹത ഉണ്ട്. കാലം തെളിയിക്കും. തീർച്ച.
Sudhir Panikkaveetil 2022-06-13 12:30:26
suspicious ആരാണെന്നറിയില്ല. പക്ഷെ അദ്ദേഹം പറഞ്ഞത് ശരിയാണ്. ഇവിടെ പ്രസക്തിയുള്ളത് കൊണ്ട് ഒരു കാര്യം ആവർത്തിക്കയാണ്. നാലും മൂന്നും ഏഴു വായനക്കാരുള്ള ഒരു സമൂഹം അപകടകാരിയാണ്. പുതുതായി കേരളം സർക്കാർ നിയമിച്ച എം എൽ എ മാരെക്കുറിച്ച് മൊത്തം അമേരിക്കൻ മലയാളികളിൽ തൊണ്ണൂറു ശതമാനത്തിനുപോലും അറിവുണ്ടാവാൻ വഴിയില്ലെന്ന് ഞാൻ കരുതുന്നു. എന്ത് ചെയ്താലും ആരും അറിയില്ലെന്ന ധൈര്യം പലരെയും അംബാസഡര്മാരും, എം എൽ എ മാരും , രക്ഷകരും, സമുദായനേതാക്കളും ആക്കും. ജനം വായിക്കുകയും പ്രതികരിക്കുകയും ചെയ്‌താൽ ഇത്തരം കോമാളിത്തരങ്ങൾക്ക് ഒരു അറുതി വരും. പിന്നെ സ്വന്തം കാര്യം നോക്കി ജീവിക്കുന്ന അമേരിക്കൻ മലയാളിക്ക് അതൊന്നും ശ്രദ്ധിക്കാൻ നേരമില്ലെന്ന വാസ്തവവുമുണ്ട്. അപ്പോൾ പിന്നെ കുറച്ച് പേര് അവരുടെ മാനസികോല്ലാസത്തിനു എന്തെങ്കിലും ചെയ്തോട്ടെ എന്ന് കരുതുക. അമേരിക്കൻ മലയാളികളുടെ അഭിമാനമായ എഴുത്തുകാരൻ ശ്രീ മൈലാപ്ര എഴുതിയതുകൊണ്ടു കുറേപേർ വായിച്ച്. അല്ലെങ്കിൽ ആരറിയാൻ? പ്രതികരിക്കുന്നവർ സ്വന്തം പേര് വച്ച് എഴുതിയാൽ നല്ലത്.
Shameless 2022-06-13 13:34:41
അമേരിക്കയിൽ വരുന്ന രാഷ്ട്രീയ നേതാക്കൻമ്മാരെ എയർപോർട്ടിൽ പോയി മാലയിട്ടു സ്വീകരിക്കുന്നതിനും, പിന്നെ കൊണ്ടുനടന്നു "വേണ്ട ഒത്താശകൾ" ചെയ്തു കൊടുക്കുന്നവർക്കുമുള്ള ഒരു പ്രത്യേപകാരം. അതിൽ നാണിക്കാനൊന്നുമില്ല. ആലു കിളിർത്തലും ഇവറ്റകൾക്ക് അതൊരു തണലാണല്ലോ.
Mr Pranchy 2022-06-13 22:41:21
We, Pranchies will do anything to attend this gathering
Saiphy antony 2022-06-14 02:52:36
👍👍🙏🏻
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക