ജോലി ഒഴിവുകളില്‍ നിശ്ചിതശതമാനം പ്രവാസലോകത്ത് മരണമടഞ്ഞ പാവപ്പെട്ട പ്രവാസികളുടെ ആശ്രിതര്‍ക്ക് നല്‍കുക : നവയുഗം.

Published on 13 June, 2022
ജോലി ഒഴിവുകളില്‍ നിശ്ചിതശതമാനം പ്രവാസലോകത്ത് മരണമടഞ്ഞ പാവപ്പെട്ട പ്രവാസികളുടെ ആശ്രിതര്‍ക്ക് നല്‍കുക : നവയുഗം.

അല്‍ഹസ്സ:  പ്രവാസികള്‍ക്കായി പ്രവര്‍ത്തിയ്ക്കുന്ന നോര്‍ക്ക, പ്രവാസി ക്ഷേമനിധി മുതലായ സ്ഥാപനങ്ങളില്‍ ഒഴിവ് വരുന്ന തൊഴില്‍ അവസരങ്ങളില്‍ ഒരു നിശ്ചിതശതമാനം, പ്രവാസലോകത്തു മരണപ്പെടുന്ന നിര്‍ദ്ധനരായ പ്രവാസികളുടെ ആശ്രിതര്‍ക്ക് നല്‍കണമെന്ന് നവയുഗം സാംസ്‌കാരിക വേദി അല്‍ഹസ്സ മേഖല സമ്മേളനം ഔദ്യോഗികപ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

നവയുഗം അല്‍ഹസ്സ മേഖല സമ്മേളനം എം.എ.വാഹിദ് ഉത്ഘാടനം ചെയ്യുന്നു .

നാട്ടിലെ കുടുംബത്തിന്റെ ഭാരം മുഴുവന്‍ ചുമക്കുന്നവരാണ് ഭൂരിഭാഗം പ്രവാസികളും. പലപ്പോഴും ഒരു പ്രവാസിയുടെ മരണം ഒരു കുടുംബത്തിന്റെ മൊത്തം സാമ്പത്തിക തകര്‍ച്ചയ്ക്ക് കാരണമാകാറുണ്ട്. അങ്ങനെയുള്ള കുടുംബത്തിലെ ഒരാള്‍ക്ക് ജോലി കിട്ടിയാല്‍ കുടുംബം രക്ഷപ്പെടും. അതിനാല്‍ അതിനുള്ള അവസരം സൃഷ്ടിയ്ക്കുക എന്നത് സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണ്. എല്ലാ ജില്ലകളിലും ഉള്ള നോര്‍ക്ക, പ്രവാസി ക്ഷേമനിധി ഓഫിസുകളില്‍ ഉണ്ടാകുന്ന തൊഴില്‍ ഒഴുവുകളില്‍ ഇത്തരം അര്‍ഹരായ പ്രവാസി ആശ്രിതര്‍ക്ക് മുന്‍ഗണന നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാകണം എന്ന്  സമ്മേളനം അംഗീകരിച്ച പ്രമേയം  ആവശ്യപ്പെട്ടു.

 

അല്‍ഹസ്സ ഷുഖൈഖ് ആഡിറ്റോറിയത്തില്‍ സനീഷ് നഗറില്‍ നടന്ന മേഖല സമ്മേളനം നവയുഗം ജനറല്‍ സെക്രട്ടറി എം.എ.വാഹിദ് കാര്യറ ഉത്ഘാടനം ചെയ്തു.  ഉണ്ണി മാധവം, ഷമില്‍, സിയാദ് പള്ളിമുക്ക് എന്നിവര്‍ അടങ്ങിയ പ്രിസീഡിയമാണ്  യോഗനടപടികള്‍ നിര്‍വഹിച്ചത്.  അന്‍സാരി, സുബ്രമണ്യന്‍, ഷിബു താഹിര്‍ എന്നിവര്‍ ഉള്‍പ്പെടുന്ന സ്റ്റിയറിങ് കമ്മിറ്റി സമ്മേളനനടപടികള്‍  നിയന്ത്രിച്ചു.

ലത്തീഫ് മൈനാഗപ്പള്ളി അനുശോചന പ്രമേയവും, അന്‍സാരി രക്തസാക്ഷി പ്രമേയവും അവതരിപ്പിച്ചു.  മേഖല സെക്രട്ടറി സുശീല്‍ കുമാര്‍ സംഘടന റിപ്പോര്‍ട്ട് അവതരിപ്പിച്ചു.  വിവിധ യൂണിറ്റുകളെ പ്രതിനിധീകരിച്ചു ജലീല്‍, സുനില്‍, ശ്രീകുമാര്‍, ഷിഹാബ് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

നവയുഗം കേന്ദ്രനേതാക്കളായ സനു മOത്തില്‍, ശരണ്യ ഷിബു, ഗോപകുമാര്‍, തമ്പാന്‍ നടരാജന്‍, പദ്മനാഭന്‍ മണികുട്ടന്‍, സജീഷ് പട്ടാഴി എന്നിവര്‍ അഭിവാദ്യപ്രസംഗങ്ങള്‍ നടത്തി.

ഇരുപത്തേഴു അംഗങ്ങള്‍ അടങ്ങിയ പുതിയ നവയുഗം അല്‍ഹസ്സ മേഖല കമ്മിറ്റിയെ സമ്മേളനം തെരെഞ്ഞെടുത്തു.

സമ്മേളനത്തിന് മുരളി സ്വാഗതവും, ഉണ്ണി മാധവം നന്ദിയും പറഞ്ഞു.

 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക