Image

'ലോക്ക്ഡ് ഇന്‍' - ത്രില്ലടിപ്പിക്കുന്ന ഒരു അമേരിക്കന്‍ മലയാള ചലച്ചിത്രം 

Published on 14 June, 2022
'ലോക്ക്ഡ് ഇന്‍' - ത്രില്ലടിപ്പിക്കുന്ന ഒരു അമേരിക്കന്‍ മലയാള ചലച്ചിത്രം 

സര്‍ഗ്ഗധനരായ ഒരു കൂട്ടം അമേരിക്കന്‍ മലയാളികള്‍ ഒത്തുചേര്‍ന്നപ്പോള്‍ പിറവിയെടുത്ത ഒരു ത്രില്ലിംഗ് മലയാള സിനിമയാണ്   'ലോക്ക്ഡ് ഇന്‍ ' . മാറുന്ന മലയാള സിനിമയുടെ തുടി താളങ്ങള്‍ക്കു ഒപ്പം സഞ്ചരിച്ചു വ്യത്യസ്തമായ ആഖ്യായന ശൈലിയിലൂടെ അമേരിക്കയില്‍ നടന്ന ഒരു സംഭവത്തില്‍ നിന്നും പ്രേരണ ഉള്‍ക്കൊണ്ടു ഇതള്‍ വിരിയുന്ന ഒരു റൊമാന്റിക്  ത്രില്ലെര്‍  സിനിമയാണ് 'ലോക്ക്ഡ് ഇന്‍ ' . കെട്ടിലും മട്ടിലും ഒരു ഹോളിവുഡ് ചത്രത്തോടു കിട പിടിക്കുന്ന ഈ  ചിത്രം കഥയെഴുതി സംവിധാനം ചെയ്യുന്നത് അമേരിക്കന്‍  മലയാളികള്‍ക്ക് ഒരു ഗായകന്‍ എന്ന നിലയില്‍  ചിരപരിചിതനായ കലാകാരന്‍ ശ്രീ ശബരിനാഥ് ആണ്. മൂന്നു ഹൃസ്വ ചിത്രങ്ങളും, ഏഴോളം പ്രൊഫൊഷണല്‍ നാടകങ്ങളും സംവിധാനം ചെയ്തതിനു ശേഷമാണ് 90 മിനിട്ടു ദൈര്‍ഖ്യം ഉള്ള ഈ ത്രില്ലെര്‍ ഫീച്ചര്‍ ഫിലിമിലേക്കുള്ള ശബരിയുടെ ചുവടു മാറ്റം.  വൈകാരികമായ തടങ്കലുകളില്‍ അകപ്പെട്ടുപോകുന്ന  മനുഷ്യ മനസുകളുടെ കഥ പറയുന്ന 'ലോക്ക്ഡ് ഇന്‍ ' ഒരു മര്‍ഡര്‍ മിസ്റ്ററി കൂടിയാണ്. പ്രേക്ഷകരെ ആദ്യാവസാനം ഉദ്വേഗത്തിന്റെ  മുള്‍മുനയില്‍ നിറുത്തുന്ന ചിത്രം തന്റെ  മികച്ച തിരക്കഥയില്‍ ശബരി മെനഞ്ഞെടുത്തിരിക്കുന്നു .

  മലയാളത്തിന്റെ വാനമ്പാടി ശ്രീമതി കെ എസ് ചിത്ര പാടിയ  ' മുകിലേ 'എന്ന ഗാനം ചിത്രത്തിന്റെ ഹൈലൈറ്റ് ആണ് . യൂട്യൂബില്‍ ഒരു തരംഗമായി മാറിയ ഗാനം സൈന മ്യൂസിക്  റിലീസ് ചെയ്തത് ഏഴു ദിവസങ്ങള്‍ക്കു മുന്‍പാണ്.  ഈ ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ  ഇരുപത്തിഅയ്യായിരത്തില്‍പരം പ്രേക്ഷകര്‍ ആണ് ഈ ഗാനം ഏറ്റെടുത്തത്.  സൈന മ്യൂസിക് ടോപ് ഹിറ്റ് ചാര്‍ട്ടില്‍ ഒന്നാമതായി  ഇടം പിടിച്ച ഈ ഗാനം വൈറല്‍ ആകുന്നതിന്റെ സൂചനയാണത്. അതീവ ശ്രവണ സുഖം പകരുന്ന  ഗാനത്തിന് മനോഹരമായ ഈണം പകര്‍ന്നിരിക്കുന്നത് ശബരിനാഥ് ആണ്. വരികള്‍ സിജു തുറവൂര്‍. ഒരു ഇടവേളയ്ക്കു ശേഷം വീണ്ടും കെ എസ്  ചിത്രയുടെ മാധുര്യമേറിയ  ആലാപനം  ഈ മെലഡി ഗാനത്തിലൂടെ ശ്രോതാക്കള്‍ക്ക് അനുഭവവേദ്യമാകുന്നു. 'മരയ്ക്കാര്‍ അറബി കടലിന്റെ സിംഹം'  പോലുള്ള വന്‍കിട സിനിമയ്ക്കൊക്കെ സംഗീതം മിക്‌സ് ചെയ്ത ഖത്തറിലെ R V  സ്‌റുഡിയോസിലെ ശ്രീ  രഞ്ജിത് വിശ്വനാഥന്‍ ആണ് ഗാനം മിക്‌സ് ചെയ്തിരിക്കുന്നത്. 


 സാങ്കേതികമായി ഏറെ മുന്‍പില്‍ നില്‍ക്കുന്ന ചിത്രത്തില്‍ ഹോളിവുഡ് ആക്ടര്‍ ആയ ജോയല്‍ റാറ്റ്‌നെറോടോപ്പം അമേരിക്കന്‍ മലയാളികള്‍ ആയ കലാകാരന്മാരും കലാകാരികളുമാണ് തിരശീലയില്‍ അണിനിരക്കുന്നത്. ഷാജി എഡ്വേഡ്, സവിത റാവു, ഹന്നാ അരീച്ചിറ, ആല്‍ബിന്‍ ആന്റോ, സണ്ണി കല്ലൂപ്പാറ, ഹരിലാല്‍ നായര്‍, രാജേഷ്  കാവുള്ളി, എല്‍ദോ സ്‌കറിയ, ജയാ അജിത്, കോശി ഉമ്മന്‍, പ്രകാശ് മേനോന്‍, ഷാജി എണ്ണശേരില്‍, ജോയ്‌സണ്‍ മണവാളന്‍, കിരണ്‍ പിള്ള,  ജോസ് കുരിയന്‍ എന്നിവരാണ് പ്രധാന അഭിനേതാക്കള്‍.

 മനോഹരമായ ഫ്രയിമുകള്‍ കൊണ്ട് ഇന്ദ്രജാലം കാട്ടുന്ന ശ്രീ ജോണ്‍ മാര്‍ട്ടിന്‍ ആണ് സിനിമക്ക് വേണ്ടി ക്യാമറ ചലിപ്പിച്ചിരിക്കുന്നത്. ഒരു റൊമാന്റിക് ത്രില്ലെര്‍ സിനിമയ്ക്ക് വേണ്ട മൂട് നിലനിറുത്തിക്കൊണ്ടു തന്നെ  കാവ്യാത്മകവും എന്നാല്‍ ഉദ്വേഗം ജനിപ്പിക്കുന്നതുമായ ജോണിന്റെ ഫ്രെയിമുകള്‍ സിനിമയെ കൂടുതല്‍ ആസ്വാദ്യകരമാക്കുന്നു.  അസ്സോസിയേറ്റ് ക്യാമറാമാന്‍ ആയി ശ്രീപ്രവീണും, അസ്സോസിയേറ്റ് ഡയറക്ടര്‍ ആയി ജെയ്‌സണ്‍ പൗലോസ് ചാക്കോയും പ്രവര്‍ത്തിക്കുന്നു . ടിനു തോമസ്  എഡിറ്റിംഗും, രാഗേഷ് നാരായണന്‍ കളറിങ്ങും, ബിനൂപ്  സഹദേവന്‍ സൗണ്ട് ഡിസൈനിങ്ങും, നിഥിന്‍ നന്ദകുമാര്‍ V F X ഉം ചെയ്യുന്നു  . സുധാകരന്‍ പിള്ളയാണ് കലാ സംവിധാനം. സഹായി റെജി വര്‍ഗീസ് . സുമേഷ് ആനന്ദ് സൂര്യയാണ് പശ്ചാത്തല സംഗീതം. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ആയി ശ്രീ ഹരിലാല്‍ നായരും, പ്രൊജക്റ്റ് ഡിസൈനര്‍ ആയി ശ്രീ അജിത് എബ്രഹാമും പ്രവര്‍ത്തിക്കുന്നു. അഖില്‍ കൃഷ്ണയാണ് മീഡിയ കോര്‍ഡിനേറ്റര്‍ ,   P R O  ജാഫര്‍ ഓമശ്ശേരി. സുമേഷ്, അഖില്‍ വിജയന്‍, സാഗര്‍ എന്നിവരാണ് പോസ്റ്റര്‍ ഡിസൈനിങ്ങും ടൈറ്റില്‍സും.    'ലോക്ക്ഡ് ഇന്‍'  ഉടന്‍ തന്നെ അമേരിക്കയിലെ തിയേറ്ററുകളിലും തുടര്‍ന്ന് O T T പ്ലാറ്റുഫോമുകളിലും ആയി വേള്‍ഡ് റിലീസും ഉണ്ടാകും.  For more regular updates please visit #Lockedin FB Page https://www.facebook.com/Locked-In-110742101645534/

 

'ലോക്ക്ഡ് ഇന്‍' - ത്രില്ലടിപ്പിക്കുന്ന ഒരു അമേരിക്കന്‍ മലയാള ചലച്ചിത്രം 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക