ഓറിയോ പ്രസവിച്ച ഭീകരരാത്രി : സൂസൻ പാലാത്ര

Published on 15 June, 2022
ഓറിയോ പ്രസവിച്ച ഭീകരരാത്രി : സൂസൻ പാലാത്ര

അന്ന് പതിവിലും വളരെ  നേരത്തെ ഞാൻ ഉറങ്ങാൻ കിടന്നു. ശരീരത്തിന് പതിവില്ലാത്ത ഒരു ക്ഷീണം . സാധാരണ പ്രാർത്ഥനയും എഴുത്തും വായനയും  ഒക്കെ കഴിഞ്ഞ് ഉറങ്ങുമ്പോൾ  2.00 am എങ്കിലും ആകും. 
എന്നാൽ രാത്രി 9.30 ആയപ്പോൾ ഉറക്കത്തിൽനിന്ന് ചാടിയെണീറ്റു. ഛർദ്ദി. അടുപ്പിച്ച് മൂന്നുപ്രാവശ്യം ഛർദ്ദിച്ചു. ഛർദ്ദിയ്ക്കുള്ള ഡൊമസ്റ്റാളിനൊപ്പം ബി.പി. യുടെ ടാബ് ലെറ്റു കൂടി കഴിച്ചു. 
രാത്രി ഇൻസുലിൻ ഇഞ്ചക്ഷൻ എടുക്കുന്നതിനാൽ ഭർത്താവ് പെട്ടെന്ന് ഗാഢനിദ്രയിലാകും. ഞാൻ മരുന്നെടുത്തിട്ടും ഒരു പ്രയോജനവും കിട്ടിയില്ല, ഛർദ്ദിയോടു ഛർദ്ദി. തലകറക്കവും  അനുഭവപ്പെടുന്നു.  
അടുക്കളയിൽ പോയി വെള്ളമെടുത്ത് മടങ്ങിവരുമ്പോൾ കോർട്ടുയാർഡിൽ ചെറിയൊരനക്കം. പട്ടിക്കുട്ടിയെ രാത്രിയിൽ അവിടെയാണ് കിടത്താറ്. പകൽ മുറ്റത്തെ പട്ടിക്കൂട്ടിലും സിറ്റൗട്ടിലുമായി മാറിമാറി അവൾ കിടക്കും. ലാസോ ആപ്സോ ഇനമാണ്. അവളുടെ പേര് ഓറിയോ.
ശരീരം വയ്യെങ്കിലും കോർട്ടുയാർഡിൽ നോക്കി. ഓറിയോയുടെ മുമ്പിൽ ഒരു കറുത്ത എലിക്കുഞ്ഞ്. കാലിൽനിന്ന് ചെരുപ്പുവലിച്ചൂരി തല്ലാൻ ആഗ്രഹിച്ചെങ്കിലും ഒരു ജീവിയെ കൊല്ലാനുള്ള കെല്പില്ലാതെ പിന്തിരിഞ്ഞു.  അതിനെ എടുത്തു പുറത്തെറിയാൻ ശ്രമിച്ചപ്പോൾ ഓറിയോ മുരണ്ടുകൊണ്ട് അക്രമാസക്തയായി. അപ്പോഴാണ് ഓർമ്മ വന്നത്. ദൈവമേ, ഓറിയോ ഗർഭിണിയാണല്ലോ. അതു പ്രസവിച്ചോ? അടുക്കാൻ അവൾ സമ്മതിക്കുന്നില്ല, ഡോക്ടർ പറഞ്ഞ കണക്കിൻ പ്രകാരം 10 ദിവസം കൂടിയുണ്ട്. 
രണ്ടുവയസ്സ് ഉണ്ടെങ്കിലും എൻ്റെ ഓറിയോസുന്ദരി തീരെ സൈസില്ല, കുഞ്ഞാണ്. അതിനാൽ ഞാൻ അതിൻ്റെ വയറിന്മേൽ തൊട്ട് പ്രാർത്ഥിയ്ക്കുമായിരുന്നു;   ദൈവമേ രണ്ടു കുഞ്ഞേ കാണാവൊള്ളേ, നോർമൽ ഡെലിവറിയാക്കണേന്ന്. 
എനിക്കു മനസ്സിലായി, ഓറിയോ  പ്രസവിയ്ക്കുകയാണ്. അവൾ വീണ്ടും കസേരക്കീഴിൽ നുഴഞ്ഞു കയറി. അടുത്ത കുട്ടിയെ പ്രസവിയ്ക്കാൻ. ഞാൻ ടൊയ്ലറ്റിലേക്കോടി അടുത്ത ഛർദ്ദിയ്ക്കായി. ഛർദിച്ചു മടങ്ങി വന്നു. ഓറിയോ രണ്ടാമത്തെ കുഞ്ഞിനെ പ്രസവിച്ചു; എന്തൊരു കഴിവും ബുദ്ധിയുമാണവൾക്ക്. അവൾ ഒരേസമയം ഡോക്ടറും, മിഡ് വൈഫും സ്നേഹമുള്ള ഒരമ്മയുമായി. കുഞ്ഞിൻ്റെ പൊക്കിൾത്തണ്ട് അവൾ കടിച്ചുമുറിച്ച് കുഞ്ഞിനെ അവളുടെ കീഴേക്കിട്ടു, നക്കിക്കുളിപ്പിച്ചു തോർത്തി വൃത്തിയാക്കി. എൻ്റെ ഛർദ്ദിയും അവളുടെ പ്രസവവും അനുസ്യൂതം തുടർന്നു. രാത്രിമഴയും തകർത്തു പെയ്തു.  രാത്രി 10 മണി മുതൽ വെളുപ്പിനെ 4 വരെ അവൾ പ്രസവിച്ചു. 5 കുഞ്ഞുങ്ങളെ ഞാനെണ്ണി. അമ്മയുടെയും മക്കളുടെയും വീഡിയോ പിടിച്ച് മക്കൾക്ക് വാട്സാപ്പിലയച്ചു.  മക്കൾ നല്ല ഉറക്കത്തിലായതിനാൽ പിറ്റേന്ന് പകലാണ് കണ്ടത്.  അവളുടെ പ്രസവം തീർന്നപ്പോഴേക്കും ഞങ്ങൾ രണ്ടും അവശനിലയിലായി. 
ഓട്സ് വെള്ളം നീട്ടി അല്പം ഉപ്പും പഞ്ചസാരയും ചേർത്ത് കാച്ചിയെടുത്തു; ഞങ്ങൾക്ക് രണ്ടു പേർക്കുമായി.  അവൾ തുള്ളിപോലും കഴിച്ചില്ല. അങ്ങോട്ടു നോക്കിയേയില്ല.  ഞാൻ ഒരു കപ്പു കഴിച്ചു. 
ടിഷ്യു പേപ്പർ വലിച്ചു കീറിയ നിലയിലും കസേര കുഷ്യൻ മാന്തിക്കീറാൻ ശ്രമിച്ച നിലയിലും, ഗർഭിണിയായതിനാൽ രാത്രിയിൽ കഴിക്കാൻ കൊടുത്ത ചിക്കൻ കാലുകൾ ചിതറിക്കിടക്കുന്ന അവസ്ഥ ഒക്കെ പിന്നീട് കണ്ടെത്തി. പെയ്ൻ സഹിക്കാതെ വന്നപ്പോൾ പാവം ചെയ്തതാകാം.
വെളുപ്പിനെ നാലുമണി മുതൽ ഞാനും അവളും ക്ഷീണിച്ച് മയങ്ങി, മയങ്ങി  ഉറങ്ങാൻ തുടങ്ങി. 
അതിരാവിലെ ഉണർന്നെണീക്കുന്ന ശീലമുള്ള ഭർത്താവ് വന്ന് തള്ളേം കുഞ്ഞുങ്ങളേം കണ്ടു. എന്നെ ഉണർത്തി. തള്ളെ ഇളം ചൂടുവെള്ളത്തിൽ കുളിപ്പിയ്ക്കാൻ ആജ്ഞാപിച്ചിട്ട് പ്രഭാതസവാരിയ്ക്കുപോയി. 
ഞാനും ഓറിയോയും വീണ്ടും കിടന്നുറങ്ങി. നേരം നന്നേ പുലർന്നു. രാത്രി മുഴുവൻ ഛർദ്ദിച്ചിട്ടും എനിക്ക് വെള്ളം ചൂടാക്കാനും അവളെ ഡോഗ് ഷാമ്പൂ തേച്ച് നന്നായി കുളിപ്പിച്ച്  തോർത്താനും ആരോഗ്യം കിട്ടി.  ഇനി കുട്ടികളെ തുടച്ചെടുക്കാം, എന്നു കരുതി ചെല്ലുമ്പോൾ, ദൈവമേ എട്ടു കുട്ടികൾ. രണ്ടു പെണ്ണും, ആറ് ആണും. കുട്ടികളെ ഒക്കെ എത്ര നന്നായി അവൾ തുടച്ചെടുത്തിരിയ്ക്കുന്നു. അറപ്പില്ലാതെ കുഞ്ഞുങ്ങളെ ഓരോരുത്തരെയായി വാരിയെടുത്തോമനിച്ചു. മക്കൾ വീഡിയോ കണ്ടിട്ട് പറഞ്ഞു; നല്ല ക്യൂട്ട് കുഞ്ഞുങ്ങൾ... 

ഓറിയോ പ്രസവിച്ച ഭീകരരാത്രി : സൂസൻ പാലാത്ര
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക