അക്വാമാന്‍ 2വില്‍ നിന്നും ആംബര്‍ ഹേഡ് പുറത്ത്?

Published on 15 June, 2022
അക്വാമാന്‍ 2വില്‍ നിന്നും ആംബര്‍ ഹേഡ് പുറത്ത്?

മാനനഷ്ടക്കേസില്‍ കോടതിയില്‍ പരാജയം നേരിട്ടതിന് പിന്നാലെ സിനിമാ കരിയറിലും തിരിച്ചടി നേരിട്ട് നടി ആംബര്‍ ഹേഡ്.

ഡി.സിയുടെ ബിഗ് ബജറ്റ് ചിത്രമായ അക്വാമാന്‍ ആന്‍ഡ് ദ ലോസ്റ്റ് കിങ്ഡത്തില്‍ നിന്നും താരത്തെ പുറത്താക്കിയതായി ജസ്റ്റ് ജാര്‍ഡ് റിപ്പോര്‍ട്ട് ചെയ്തു. ആംബര്‍ അഭിനയിക്കേണ്ടിയിരുന്ന കഥാപാത്രം മറ്റൊരു താരത്തെ വെച്ച്‌ റീ ഷൂട്ട് ചെയ്യുമെന്നും ജസ്റ്റ് ജാര്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നു.

അതെ സമയം ആംബറിന്‍റെ വേഷം പൂര്‍ണമായും വെട്ടികളഞ്ഞിട്ടില്ലെന്നും ചെറിയ വേഷത്തില്‍ അക്വാമാനില്‍ കണ്ടേക്കുമെന്നും ഡി.സിയുമായി അടുത്ത കേന്ദ്രങ്ങളെ ഉദ്ധരിച്ച്‌ ജസ്റ്റ് ജാര്‍ഡ് പിന്നീട് റിപ്പോര്‍ട്ട് ചെയ്തു. അതെ സമയം പുറത്തുവന്ന റിപ്പോര്‍ട്ടുകളില്‍ ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ പുറത്തുവന്നിട്ടില്ല.

ആംബറിനെ അക്വാമാന്‍ 2ല്‍ നിന്നും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഡെപ്പിന്‍റെ ആരാധകര്‍ ഓണ്‍ലൈനില്‍ ഭീമ ഹര്‍ജി നല്‍കിയിരുന്നു. രണ്ട് മില്യണ്‍ ആളുകളാണ് ഹരജിയില്‍ ഒപ്പുവെച്ചത്. ചേഞ്ച് ഡോട്ട് ഒ.ആര്‍.ജി എന്ന വെബ്സൈറ്റ് വഴിയാണ് ഒപ്പു ശേഖരണം നടന്നത്.

ആംബര്‍ ഹേഡുമായുള്ള കേസിന്‍റെ പശ്ചാത്തലത്തില്‍ പൈറേറ്റ്സ് ഓഫ് ദ കരീബിയന്‍ എന്ന ചിത്രത്തിന്‍റെ അഞ്ചാം ഭാഗത്തില്‍ നിന്നും ജോണി ഡെപ്പിനെ ഡിസ്നി ഒഴിവാക്കിയിരുന്നു. ഈ സാഹചര്യം നിലനില്‍ക്കേയാണ് ആംബര്‍ ഹേഡിനെ അക്വാമാന്‍ തുടര്‍ഭാഗങ്ങളില്‍ നിന്ന് നീക്കണമെന്നാവശ്യപ്പെട്ടു ഭീമ ഹര്‍ജി ഫയല്‍ ചെയ്തത്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക